
സംഭവം നടക്കുന്നത് 1998-ലാണു.ഞാനന്ന് ആര്‍ട്സില്‍ പ്രീഡിഗ്രിയ്ക്കു പഠിയ്ക്കുന്നു.പാളയത്തെ യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ താമസം.ഒരു വൈകുന്നേരം പതിവുപോലെ നടക്കാനിറങ്ങി(ചില പരദൂഷണക്കാര് ഇതിനെ വായിനോട്ടമെന്നു പറഞ്ഞുപരത്തുന്നതെന്തിനാണെന്നിപ്പോഴുമറിയില്ല! കൊശവന്മാര്!).ഹോസ്റ്റലില്‍ നിന്നിറങ്ങുമ്പോള്‍ ആകെ 30 രൂപയുണ്ടാവും കയ്യില്‍. മനോഹരമായ സായന്തനം,പാളയത്തെ തെരുവുകള്‍ മഞ്ഞയും ചുവപ്പും ഇടകലര്‍ന്ന പെയിന്റടിച്ചതുപോലെയായി.ആങ്ങനെ കാഴ്ച്ചകള്‍ കണ്ടു മാര്‍ക്കറ്റും യൂണിവേഴ്സിറ്റി് കോളേജും കടന്നു സെക്രട്ടറിയേറ്റ് നട വരെയെത്തി.ഇന്നത്തേക്കുള്ളതായില്ലേന്നു ആരോ പറഞ്ഞതുപോലെ തോന്നി.അതുകോണ്ട് യാത്ര അവസാനിപ്പിച്ച് തിരികെ നടക്കാന്‍ തുടങ്ങി.അപ്പോഴേയ്ക്കും ഇരുട്ടു വീണു തുടങ്ങിയിരുന്നു.തിരിച്ച് ഞാന്‍ ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തിന്റെ എതിര്‍വശത്തുള്ള പാളയം സെന്റ് ജോസഫ് പള്ളിയുടെ അടുത്തെത്തിക്കാണും.അതാ തൊട്ടപ്പുറത്തുള്ള പെട്രോള്‍ പമ്പിനോടു ചേര്‍ന്നോരു സൊയമ്പന്‍ ഹോട്ടല്‍.ശെടാ ! ഞാനിതിങ്ങോട്ടു പോരുമ്പോള്‍ കണ്ടില്ലല്ലോ എന്നായി ഞാന്‍.ഹോസ്റ്റലില്‍ പോയാല്‍ ഫുഡ്ഡുണ്ടാവും,എന്നാലും വല്ലപ്പോഴുമൊക്കെ പുറത്തു നിന്നു കഴിച്ചില്ലെങ്കില്‍ പിന്നെന്തോന്നു ജീവിതം എന്നാരൊ പറഞ്ഞതു പോലെ തോന്നി.യോദ്ധയില്‍ ഫിലിപ്സിന്റെ മിക്സി കണ്ടിട്ട് ജഗതി "ഹായ്...ഫൈലിപ്സ്" എന്നു പറഞ്ഞതുപോലെ "ഹായ് ഹോട്ടല്‍" എന്നു പറഞ്ഞു ഞാനുള്ളില്‍ക്കയറി.സെറ്റപ്പൊക്കെ ഓക്കെ,കുഴപ്പമില്ല.
ആരാമായിട്ട് ഇരുന്നു.കുറച്ചു കഴിഞ്ഞപ്പോള്‍ വെയിറ്റര്‍ വന്നു.എന്തു വേണമെന്നായി,ആഹാ വിട്ടുകൊടുക്കാന്‍ പറ്റില്ലല്ലോ എന്തുണ്ടെന്നായി ഞാന്‍.ചപ്പാത്തി,പൊറോട്ട...ലിസ്റ്റിങ്ങനെ നീളുകയാണു.ഓക്കെ ചപ്പാത്തി ഉറപ്പിച്ചു,കറി?.അയാള്‍ എന്തൊക്കെയൊ പറഞ്ഞു,കൂട്ടത്തില്‍ "മട്ടന്‍" എന്നൊരു വാക്കു കേട്ടു.ങേ.. ഇതു നമ്മുടെ ആടല്ലേ സാധനം.അതിനു മുന്‍പ് മട്ടന്‍ കഴിച്ചിട്ടില്ല,ഒരു കൈ നോക്കിയാലോ?.മാത്രവുമല്ല ഇതു നമ്മുടെ ചിക്കന്റെ സഹോദരനല്ലേ.ആലോചനയ്ക്കിടയില്‍ ഞാനെപ്പൊഴോ "മട്ടന്‍-കറി" എന്നു പറയുകയും അയാള്‍ ഇമ്പ്രസായിട്ട് ആയി സ്ഥലം വിടുകയും ചെയ്തു.ആലോചന തുടരുകയാണു.പെട്ടന്നൊരു ശങ്ക,ഈശ്വരാ കാശു കൂടുതലാകുമൊ?.വിയറ്റ്നാം കോളനിയില്‍ കെ.പി.എ.സി ലളിതയുടെ വീട്ടില്‍ വാടകയ്ക്കു താമസിയ്ക്കാന്‍ ചെന്ന മോഹന്‍ലാലിനേയും ഇന്നസെന്റിനേയും പെണ്ണുകാണാന്‍ വന്നവരാണെന്നു തെറ്റിദ്ധരിക്കുന്ന ഒരു സീനുണ്ട്.ഡൌട്ടടിച്ച മോഹന്‍ലാല്‍ ഇന്നസെണ്റ്റിനോട് തന്റെ സംശയം പറയുമ്പോള്‍ ഇന്നസെന്റ് മോഹന്‍ലാലിനോട് "ഏയ് അതാവന് വഴിയില്ല സ്വാമീ"-യെന്നു ഉറപ്പിച്ചു പറയുകയും പിന്നെ മോഹന്‍ലാലിനെ വീണ്ടും നോക്കിയിട്ട് സംശയത്തോടെ "ഏയ്യ്യ്.............ഇനി അങ്ങനെ വല്ലതുമാണോ സ്വാമി?" എന്നു ചോദിയ്ക്കും പോലെ ഞാന്‍ എന്നോടു തന്നെ ഈ ചോദ്യം ചോദിച്ചു കൊണ്ടിരുന്നു.ഏയ്യ്...ഈ ചിക്കനും മട്ടണുമൊക്കെ ഒരേ എനത്തില്‍പ്പേട്ട ഐറ്റംസ് അല്ലേ.ചിക്കന്‍ കറിയുടെ അത്രയൊക്കയേ ആവുകയുള്ളൂ..അല്ലേ?..ആണോ?. ശ്ശോ...ഒള്ള മനസ്സമാധാനം പോയിക്കിട്ടിയല്ലോ.
ആങ്ങനെയിരിയ്ക്കെ മട്ടനും ചപ്പാത്തിയും കൊണ്ടു വച്ചു.ടാര്‍ ചുവന്നകളറിലായാലെങ്ങനെയിരിയ്ക്കുമോ അതേ മാതിരി എന്തോ ഒന്നു പാത്രത്തില്‍ കൊണ്ടുവച്ചിരിയ്ക്കുന്നു.മുകള്‍പ്പരപ്പില്‍ രണ്ടു മൂന്നു എല്ലും മുട്ടവും കാണാം.പാവം..പട്ടിണി കിടന്നു ചത്ത ആടാണെന്നു തോന്നുന്നു.എണ്ണ കറിയുടെ മുകളിലൂടെ ഒഴുകി നടക്കുന്നു.അത്രയും എണ്ണ ഉണ്ടെങ്കില്‍ ഒരു മാസം തേച്ചു കുളിയ്ക്കാം.പക്ഷേ ഉള്ളില്‍ക്കിടന്നു ഒരു സന്ദേഹമിങ്ങനെ കളിയ്ക്കുന്നതു കാരണം അതിലേക്കു തുറിച്ചു നോക്കിയിരിയ്ക്കാനല്ലാതെ കഴിയ്ക്കാന്‍ കഴിഞ്ഞില്ല.ഇനിയിപ്പോള്‍ മട്ടണെത്രയാണെന്നു ചോദിയ്ക്കനൊരു മടി,അടി കിട്ടുമെന്നു പേടിച്ചിട്ടൊന്നുമല്ല(ഏയ്യ്...).നനഞ്ഞു ഇനി കൂളിച്ചു കയറുക തന്നെ.പതിയെ കഴിച്ചു തുടങ്ങി.ഓരോ ചപ്പാത്തിയെടുക്കുമ്പോഴും ഞാന്‍ വെയിറ്ററേയും കാശു വാങ്ങാനിരിയ്ക്കുന്ന ആളിനെയും ഒന്നു നോക്കും.അവരും എന്നെ നോക്കാന്‍ തുടങ്ങിയപ്പോല്‍ ഗത്യന്തരമില്ലാതെ ഞാന്‍ പ്രയാസപ്പെട്ട് ഓരോ വളിച്ച ചിരി പാസാക്കാന്‍ തുടങ്ങി.കാശു കൂടുതലായാല്‍ അതു പ്രയോജനപ്പെട്ടാലോ.പക്ഷേ ഉള്ളിലെ ശുഭാപ്തി വിശ്വാസക്കാരന്‍ വിടാന്‍ ഭാവമില്ല,"ഏയ്യ്....ചിക്കനും മട്ടണുമൊക്കെ ഒരെ....".
അങ്ങനെ സംഭവം ക്ളൈമാക്സിനോടടുക്കുകയാണു.വെയിറ്റര്‍ ബില്‍ കൊണ്ടു വച്ചു.വിറയ്ക്കുന്ന കൈകളോടെ അതെടുത്തു.എന്നെയങ്ങു കോല്ലെന്റെ മാതാവെ!!!40 രൂപ.സൈഡിലെങ്ങാനും ജന്നലുണ്ടായിരുന്നെങ്കില്‍ ആ നിമിഷം ഞാനതു വഴി ചാടിയേനെ,അവിടെ അതുമില്ല.ഒരു വിധം ശക്തി സംഭരിച്ച് മസിലൊക്കെ പിടിച്ച് ഞാന്‍ കൈ കഴുകാന്‍ പോയി.പിന്നെ കൌണ്ടറില്‍ ചെന്നു പത്തുവയസ്സുകാരന്റെ നിഷ്കളങ്കതയോടെ ഉടുപ്പിന്റെ പോക്കറ്റില്‍ കയ്യിട്ടു 30 രൂപയെടുത്ത് അവര്‍ കാണ്‍കെ എണ്ണി.ങേ...ബാക്കിയെവിടെപ്പോയി..?.പുരികം ചുളിച്ച് ബാക്കി പത്തു രൂപയ്ക്ക് വീണ്ടും പോക്കറ്റില്‍ കയ്യിട്ടു.എന്ത്..ഉടുപ്പിണ്റ്റെ പോക്കറ്റിലില്ലേ?ഓ...പാന്റിന്റെ പോക്കറ്റിലായിരിയ്ക്കും. എന്റെ ചേഷ്ടകള്‍ സശ്രദ്ധം വാച്ചു ചെയ്തുകൊണ്ടിരിയ്ക്കുന്ന റിസപ്ഷനിലെ പുള്ളി കാണ്‍കെ പാണ്റ്റിണ്റ്റെ വലത്തേ പോക്കറ്റില്‍ കയ്യിട്ടു,അതും ശൂന്യം.പൈസയെടുത്ത് എവിടെയാ വച്ചതെന്ന് ഒരു ബോധവുമില്ലല്ലോ എന്നു സ്വയം വഴക്കുപറഞ്ഞ് ഞാന്‍ ഇടത്തേപ്പോക്കറ്റില്‍ കയ്യിട്ടു.അത്ഭുതം....അവിടെയുമില്ല....അസംഭവ്യം...ഓ പാന്റു മാറിയതാവും.ഞാന്‍ നാടകീയമായ് അങ്ങോര്‍ക്കു നേരെ തിരിഞ്ഞു."അയ്യോ ചേട്ടാ,പാന്റു മാറിയെന്നാ തോന്നുന്നേ.പത്തു രൂപയുടെ കുറവുണ്ടല്ലോ..ന്ദാപ്പോ ചെയ്യുക?".അതിനിടയില്‍ നല്ല 'ആരോഗ്യമുള്ള' വെയിറ്റര്‍ ചേട്ടനും ‘ന്ദാപ്പോ ചെയ്യുകാന്ന് കാട്ടിത്തരാം’ എന്ന മട്ടില്‍ അടുത്തു കൂടി.അടിയുടെ മണം കിട്ടിയപ്പോള്‍ ഞാന്‍ വീരം ഉപേക്ഷിച്ച് വേഗം കരുണം എടുത്തണിഞ്ഞു.പോക്കറ്റില്‍ കിടന്ന ഹോസ്റ്റലിണ്റ്റെ I.D കാര്‍ഡ് ഞാന്‍ പൂറത്തെടുത്തു(ഇതെടുക്കാന്‍ തോന്നിയ നിമിഷത്തെ ഞാന്‍ മനസ്സാ നമിച്ചു).മീശമാധവന് സിനിമയില്‍ സലിം കുമാര്‍ ദിലീപിനോട് "കണ്ടാല്‍ ഒരു ലുക്കില്ലന്നേയുള്ളു,ഞാനും ഒരു വക്കീലാണു"-എന്നു പറഞ്ഞതുപോലെ ഞാന്‍ ഒരു പരുങ്ങലോടെ എണ്റ്റെ I.D കാര്‍ഡെടുത്ത് കാണിച്ചു.അബദ്ധം പറ്റിയതാണെന്നും കാശ് പത്തു മിനിട്ടിനുള്ളില്‍ കൊണ്ടുത്തരാമെന്നും പറഞ്ഞപ്പോള്‍ ജീവിതത്തിലാദ്യമായി അനന്ത പദ്മനാഭനെ ഞാനവിടെ നേരില്‍ക്കണ്ടു.കാഷ്യര്‍ ഒന്നു പുഞ്ചിരിയ്ക്കുക മാത്രം ചെയ്തു. കാശു തന്നില്ലെങ്കിലും സാരമില്ലെന്നു അയാള്‍ പറഞ്ഞപ്പോള്‍ വിശ്വാസം വരാതെ, വെട്ടാന്‍ പോകുന്ന പോത്തിനോടുള്ള വേദമോതലല്ലേ ഇതെന്ന മട്ടില്‍ ഞാനയാളെ നോക്കി.ഒന്നും സംഭവിച്ചില്ല..നല്ല മനുഷ്യര്‍ എന്നു മനസ്സില്‍ പറഞ്ഞ് ഞാനവിടെ നിന്നു മടങ്ങി.അന്നു രാത്രി തന്നെ ആ കാശ് തിരികെക്കൊടുക്കുകയും ചെയ്തു.അന്നു രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഞാന്‍ എന്നോടു തന്നെ പറഞ്ഞു,ഒരബദ്ധമൊക്കെ ആര്‍ക്കും പറ്റും.ഇല്ലെങ്കില്‍ പിന്നെ ജീവിതത്തിലെന്താ ഒരു രസം അല്ലേ?.മാത്രവുമല്ല മട്ടന്‍കറിയുടെ വില അറിയാന്‍ വയ്യാത്തതു കൊണ്ടല്ലേ അങ്ങനെ സംഭവിച്ചത്,വളരെ സ്വാഭാവികം.ജനിച്ചു വീണാലുടനെയെല്ലാരും മട്ടന്‍ കറിയുടെ വിലയും പഠിച്ചോണ്ടാണോ വരുന്നത്....ഞാനെന്നെത്തന്നെ ആശ്വസിപ്പിയ്ക്കുകയാണു.എന്നാലും എവിടെയോ ആരോ ഇരുന്ന് ചിരിയ്ക്കുന്നത് പോലെ.‘പറ്റാനുള്ളതൊക്കെ പറ്റിയില്ലെ ഇനിക്കിടന്നുറങ്ങിക്കൂടെ?‘ ആരോ ചോദിച്ചപോലെ..എന്തായാലും ഉറങ്ങുക തന്നെ....കഥയവിടെ തീര്‍ന്നെന്നും ഇനിയൊരബദ്ധം അരവിന്ദിനു പറ്റില്ലെന്നും നിങ്ങളെപ്പോലെ തന്നെ ഞാനും കരുതി.പക്ഷേ എല്ലാം വെറുതയായിരുന്നു.രണ്ടുമൂന്നു മാസങ്ങള്‍ക്കു ശേഷം ആ രണ്ടാം ഭാഗം അരങ്ങേറുക തന്നെ ചെയ്തു.
അന്നു വെറുതേ നടക്കാനിറങ്ങിയതായിരുന്നില്ല.ഭക്ഷണം കഴിയ്ക്കാന്‍ തന്നെ ഇറങ്ങിയതായിരുന്നു.മുന്പത്തേക്കാള് ഭേദം.കയ്യില്‍ 50 രൂപയുണ്ട്.ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തിന്റെ തൊട്ടു പിറകില്‍ നീളന്‍ ബ്രിഡ്ജിന്റെ എതിര്‍വശത്തായി കേരളാ യൂണിവേഴ്സിറ്റി ക്യാമ്പസിനോടു ചേര്‍ന്നു നില്ക്കുന്ന M.L.A ഹോസ്റ്റലില്‍ വൈകിട്ടു നല്ല കഞ്ഞിയും പയറും കിട്ടും.വളരെ രുചികരമായ ഭക്ഷണമായതിനാല്‍ എമ്മല്ലെമാരെക്കൂടാതെ നിരവധി പേര് പുറത്തു നിന്നും ഭക്ഷണം കഴിയ്ക്കാന്‍ വരാറുണ്ടായിരുന്നു.ഹോസ്റ്റലിലെ സ്ഥിരം ഫുഡ്ഡില്‍ നിന്നൊരു മാറ്റമായിക്കോട്ടെ എന്നു വിചാരിച്ചിട്ടാണു ഞാന്‍ ഇടയ്ക്കിടയ്ക്ക് അവിടെ പോകുന്നത്.അകത്ത് എമ്മല്ലേമാര്‍ക്കു വേണ്ടി ചുറ്റിനും തടി കൊണ്ട് മറച്ച ക്യബിനുകളുണ്ട്.(ജനപ്രതിനിധികള്‍ തട്ടിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ലെന്നു മറ്റാരും അറിയാതിരിയ്ക്കാനാണോ ഈ സെറ്റപ്പ്?ആര്‍ക്കറിയാം).സാധാരണക്കാര്‍ക്ക് ഒരു സാദാ റെസ്റ്റോറന്റിന്റെ സെറ്റപ്പും റെഡിയാക്കി വച്ചിട്ടുണ്ട്.സമയം അപ്പോള്‍ ഏഴരയായിട്ടുണ്ടാവും.ഞാന്‍ ഒഴിഞ്ഞൊരു ടേബിളിണ്റ്റെ മുന്പില് സ്ഥാനം പിടിച്ചു.കുറച്ചു കഴിഞ്ഞപ്പോള്‍ കഥയിലെ പ്രധാന കഥാപാത്രം(വെയിറ്റര്‍) രംഗപ്രവേശം ചെയ്തു.മുന്‍പത്തെയത്ര വരികയില്ലെങ്കിലും ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇയ്യാളും മോശമല്ലെന്നു സൂചിപ്പിച്ചു കൊള്ളട്ടെ.പതിവുപോലെ കഞ്ഞിയും പയറും പറയാനൊരുങ്ങിയ നാവില്‍ അബദ്ധസരസ്വതി കടന്നു കൂടി."അല്ലാ...എന്തൊക്കെയുണ്ട് കഴിയ്ക്കാന്‍?".പറഞ്ഞു കഴിഞ്ഞപ്പോഴാണ് അതു വേണ്ടിയിരുന്നില്ല എന്നു തോന്നിയത്.'ഓ..എന്നെക്കൊണ്ട് സകല ഐറ്റത്തിന്റേയും പേരു പറയിച്ചിട്ട് ഒടുക്കം എന്നാ ശരി കഞ്ഞിയും പയറും പോരട്ടേ എന്നു പറയാനല്ലേ ചെക്കാ,ഞാനിതെത്ര കണ്ടതാ..' എന്ന മട്ടില്‍ വല്യ താത്പര്യം കാട്ടാതെ അയാള്‍ ഒന്നൊന്നായി പറയാന്‍ തുടങ്ങി.ചപ്പാത്തി,പൊറോട്ടാ,ചിക്കന്‍,മട്ടന്‍.....'ങ്ഹാ..മട്ടന്‍ അതവിടെ നില്ക്കട്ടെ...അതു കഴിച്ചാല്‍ അലര്‍ജിയുണ്ടാവും'(ഞാന്‍ മനസ്സില്‍പ്പറഞ്ഞു)."ചിക്കന്‍"..അതു കൊള്ളാല്ലോ.പഞ്ചാബീ ഹൌസില്‍ ഹരിശ്രീ അശോകന് "സോണിയാ...പോരട്ടേ" എന്നു പറയുമ്പോലെ ഞാന്‍ ചപ്പാത്തിയും ചിക്കനും ഓര്‍ഡര്‍ ചെയ്തു.ചിക്കന്‍ കറിയുണ്ട്,ചിക്കന്‍ പൊരിച്ചതുണ്ട് ഇതിലേതു വേണമെന്നായി.രണ്ടാമത്തേതാണു കേള്‍ക്കാന്‍ സുഖം,അതു പോരട്ടേന്നായി ഞാന്‍."വിചാരിച്ച പോലല്ലോ.യെവന് പുലിയാണു കേട്ടൊ" എന്ന മട്ടില്‍ അയാള്‍ സന്തോഷത്തോടെ അടുക്കളയിലേക്കു പോയി.50 രൂപയുടെ ഇളക്കമാണു.ഞാന്‍ ഡെസ്കില്‍ താളം കൊട്ടി വെയിറ്ററെ കാത്തിരുന്നു.കഴിഞ്ഞ അനുഭവത്തില്‍ നിന്ന് ചിക്കനും മട്ടനും ഒരേ ഗ്രൂപ്പില്‍ പെട്ടവരല്ലെന്നും മട്ടന്‍ ചിക്കനേക്കാള്‍ കൂടിയതാണെന്നും ഞാനെന്നെത്തന്നെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു.മാത്രവുമല്ല മട്ടന്‍ കറിയ്ക്ക് ഇപ്പറയണ മാതിരി ടേസ്റ്റൊന്നുമില്ലെന്നും(തന്നെ...തന്നെ!) കൂടാതെ ശരീരാരോഗ്യത്തെക്കരുതി ജീവനോടുള്ള ആടിനെക്കണ്ടാലും ഒഴിഞ്ഞുപോയ്ക്കോണമെന്നും ഞാന്‍ എന്നെത്തന്നെ ധരിപ്പിച്ചിരുന്നു.കഴിഞ്ഞ തവണ മട്ടന്‍ കറി കഴിച്ചപ്പോള്‍ 40 രൂപയേ ആയുള്ളൂ.മട്ടണേക്കാള്‍ വിലകുറഞ്ഞ ചിക്കനല്ലേ ഒര്‍ഡര്‍ ചെയ്തത്,അതു കൊണ്ട് പേടിയ്ക്കാനില്ല.
അതിനിടയില്‍ എനിയ്ക്കു പരിചയമുള്ള ഒരു രൂപം വാതില്‍ കടന്നു വന്നു.നല്ല നീളവും തടിയുമുള്ള കറുകറാന്നിരിയ്ക്കുന്ന ഒരു തൈക്കിളവന്.ഖദറും മുണ്ടും ധരിച്ച ആ കഷണ്ടിയെ ഞാനെവിടെയോ കണ്ടിട്ടൂണ്ട്.മാറ്ക്കറ്റിലെ ഈറച്ചിവെട്ടു കടയിലാണോ...?.ഏയ്യ്യ്യ്..അല്ല നാട്ടിലാണെന്നു തോന്നുന്നു.ആ... പിടികിട്ടി.നാട്ടിലെ(പന്തളം നിയോജക മണ്ടലം) ഇപ്പോഴത്തെ എം.എല്‍.എ.ഓ..ഇങ്ങോരിവിടെ പുട്ടടിച്ച് സുഖമായിട്ടങ്ങു കൂടിയിരിയ്ക്കുകയാണല്ലെ.എന്നെ കാണണ്ട.പറഞ്ഞു വരുമ്പോള്‍ അകന്നൊരു ബന്ധവുമുണ്ട്.നാട്ടുകാരനാണെന്നറിഞ്ഞാല്‍ ചിലപ്പോ ഇറങ്ങി ഓടിക്കളയും,സൂക്ഷിയ്ക്കണം.സ്വന്തം നിയോജക മണ്ടലത്തിലുള്ളവരെ കാണാണ്ട് ഒളിച്ചു താമസിയ്ക്കുന്നതിന്റെ ബദ്ധപ്പാട് ആ പാവത്തിനേ അറിയൂ.ഞാന്‍ കാരണം ആ പാവത്തിണ്റ്റെ ചപ്പാത്തിയും ചിക്കനും മുട്ടേണ്ട.ഞാന്‍ കാണാത്ത ഭാവത്തില്‍ വിദൂരതയിലേക്കു നോക്കി നിര്‍വ്വികാരനായിരുന്നുകൊടുത്തു.അങ്ങേരെന്നെ കടന്നു ഏതോ ക്യാബിനില്‍ കയറിയൊളിച്ചു.
ഞാനെന്റെ ചപ്പാത്തിയും ചിക്കനും പ്രതീക്ഷിച്ചിരിയ്ക്കുകയാണു.ചപ്പാത്തിയും ചിക്കന്‍ ഫ്രൈയ്യും,നല്ല കോമ്പിനേഷന്‍.ചപ്പാത്തിയും ചിക്കന്‍....ങേ..ചിക്കന്‍ ഫ്രൈ എന്നല്ലല്ലോ അങ്ങോരു പറഞ്ഞത്,പൊരിച്ച ചിക്കന്‍ എന്നല്ലേ.ഹോ!...ഈ വെയിറ്റര്‍മാരുടെ ഒരു കാര്യം... പൊരിച്ച ചിക്കന്‍ എന്നു പറഞ്ഞ് നിര്‍ത്തിപ്പൊരിച്ച കോഴിയെ മുന്പില് കൊണ്ടു വയ്ക്കാതിരുന്നാല്‍ മതിയായിരുന്നു..അതിലെ കോമടിയോര്‍ത്തു ഞാന്‍ കുലുങ്ങിച്ചിരിച്ചു.ചിരി അധിക നേരം നിന്നില്ല.എവിടെയോ ഒരപായ മണി മുഴങ്ങിയതു പോലെ.തള്ളേ...ഇനി അങ്ങനെങ്ങാനും സംഭവിയ്ക്കുമോടേ!!.എനിയ്ക്ക് ഇരുന്നിട്ട് ഇരിപ്പുറയ്ക്കുന്നില്ല.ചൂടു വെള്ളത്തില്‍ വീണ പൂച്ചയാണു,പച്ചവെള്ളം കണ്ടാലും ബോധം കെടും.കിലുക്കത്തില്‍ ജഗതി പറയുമ്പോലെ വെപ്രാളത്തില്‍ ഞാനെന്നൊടു തന്നെ ചോദിയ്ച്ചു,'ഈ ചിക്കനും മട്ടണുമൊക്കെ എണ്റ്റെ പൊക കണ്ടേ അടങ്ങുകയുള്ളോ..?'.പതുക്കെ വലിഞ്ഞാലോ?വേണ്ട വാതില്ക്കല് ഇരിയ്ക്കുന്ന കശ്മലന് ഞാന്‍ ഓര്‍ഡര്‍ ചെയ്യുന്നതു കണ്ടു കഴിഞ്ഞു.ഈശ്വരാ ജനപ്രതിനിധികളും ജനങ്ങളും ചേര്‍ന്ന് ജനായത്ത വ്യവസ്ഥയില്‍ത്തന്നെ എന്നെയെടുത്തീട്ട് പെരുമാറുമല്ലോ..ന്ദാപ്പോ ചെയ്യുക.ഒരു സെക്കന്റ് കഴിഞ്ഞു കാണും...എന്റെ മനസ്സിലെ പെരുമ്പറ മുഴക്കത്തിന്റെ ചുവടൊപ്പീച്ച് അതാ വെയിറ്റര്‍ കടന്നു വരുന്നു.എന്റമ്മോ...എന്താ അയാളുടെ കയ്യില്‍!!!!!.വലിയൊരു താലത്തില്‍ നല്ല ചുവന്ന നിറത്തില്‍ തലയില്ലാത്തൊരു കോഴി അടയിരിയ്ക്കുന്ന പോസില്‍ എന്റെ നേരേ വരുന്നു.വട്ടത്തിലരിഞ്ഞ ഉള്ളിയും മറ്റു കുറ്റിച്ചെടികളുമൊക്കെ കുത്തി തിരുകി നല്ല മണവാട്ടിയേപ്പോലെയൊരുക്കിയിട്ടുണ്ട്.കറി വച്ചോണ്ടിരിയ്ക്കുമ്പോള്‍ ഇറങ്ങിയോടിയ കോഴി എന്നു കിലുക്കത്തില്‍ ജഗതി പറഞ്ഞു കേട്ടിടുണ്ട്.അതാണോ ഇത്...എന്റെ ശ്രീ പത്മനാഭാ..അതു മുഴുമിപ്പിച്ചില്ല..അപ്പോഴേയ്ക്കും വെയിറ്റര്‍ സാധനം കൊണ്ടു വച്ചു കഴിഞ്ഞു.എനിയ്ക്കൊരുകാര്യം ഉറപ്പായി,കുറഞ്ഞത് 150 രൂപയ്ക്കുള്ള ഐറ്റമാണിത്.നിറം സിനിമയില്‍ കെളവന് കേണല്‍ അവസാന ശുക്രിയ പറയുമ്പോള്‍ കണ്ട്രോള് നഷ്ടപ്പെട്ട് ചാടിയിറങ്ങിയ കോവൈ സരളയെപ്പോലെ ഞാന്‍ എന്റെ സീറ്റില്‍ നിന്നു ചാടി ഇറങ്ങി. ‘ആഹാ...തിരുവന്തോരത്തെ വെയിറ്റര്‍മാരെല്ലാം കൂടി കരുതിക്കൂട്ടിയെറങ്ങിയിരിയ്ക്കുകയാണല്ലേ?’,ഞാനെന്നോടു തന്നെ പറഞു.കേണലെപ്പോലെ അന്തം വിട്ട് നില്ക്കുന്ന വെയിറ്ററോട് ഞാന്‍ ഒരുവിധം പറഞ്ഞൊപ്പിച്ചു, "എനിയ്ക്കിതു...വേണ്ട,ഞാനിതല്ല ഉദ്ധേശിച്ചത്"."എന്ത്....????ഇതല്ല ഉദ്ദേശിച്ചതോ?ഓര്‍ഡറ് ചെയ്ത പടി സാധനം കൊണ്ടു വന്നപ്പോള്‍ അതു വേണ്ടാന്നോ?ഇതിനിയാരു കഴിയ്ക്കാനാ.?".ഏറ്റവുമൊടുവില്‍, നന്ദനം സിനിമയില്‍ ജഗതിയുടെ വെപ്പുമുടി ഇന്നസെന്റ് ഊരി മാറ്റുമ്പോല്‍ "ഉപദ്രവിയ്ക്കരുത്...ഞാന്‍ പാലാരിവട്ടം ശശി.വയറ്റിപ്പിശപ്പാണു.." എന്നു പറഞ്ഞ് ഭരതനാട്യത്തിലെ വന്ദനം സ്റ്റെപ്പിട്ട് നിന്ന ജഗതിയെപ്പോലെ ഞാനും നിന്നു.ഒടുവില്‍ എന്നെ നോക്കി നില്‍ക്കെ അയാളുടെ ക്രോധം അടങ്ങി....തലയ്ക്കടിയേറ്റവനെപ്പോലെ നിര്‍വ്വികാരമായ മുഖത്തോടെ ഞാന്‍ പതിയെ തിരിച്ചു നടന്നു....
തിരിച്ചു നടക്കുമ്പോല്‍ നല്ല മഞ്ഞുണ്ടായിരുന്നു.ഇരുട്ടില്‍ ഞാനെന്നോടു തന്നെ പറഞ്ഞു.രണ്ടബദ്ധമൊക്കെ ആര്‍ക്കും പറ്റും...ചിക്കന്‍ പൊരിച്ചതെന്നു പറഞ്ഞപ്പോള്‍ വറുത്ത ഒന്നോ രണ്ടോ ചിക്കന്‍ കാലേ പ്രതീക്ഷിച്ചൂള്ളൂ.പിന്നാമ്പുറത്തൂടെപ്പോയ കോഴീനെ ഓടിച്ചിട്ട് പിടിച്ച് അതിനെ അടുപ്പിലിട്ട് ചുട്ട് എന്റെ മുന്പില് കൊണ്ടു വയ്ക്കുമെന്ന് ആരെങ്കിലും കരുതിയോ?.വെയിറ്ററാണത്രേ വെയിറ്റര്‍...ഇങ്ങനേമുണ്ടോ കണ്ണീച്ചോരയില്ലാത്ത മനുഷേന്മാര്(അങ്ങോര്‍ക്ക് കണ്ണീച്ചോരയുള്ളയുള്ളതു കൊണ്ടാണു ഞാന്‍ എറങ്ങി നടക്കുന്നതെന്ന സത്യം ദേഷ്യപ്പെടുന്നതിനിടയില്‍ ഞാന്‍ മറന്നു).....സാരമില്ല ഇതൊക്കെ മനുഷ്യജീവിതത്തില്‍ സാധാരണയാണെന്നേ.....പിന്നില്‍ ശ്രീ പത്മനാഭന് ആര്‍മ്മാദിച്ചൊന്നു ചിരിച്ചുവോ.....?ആര്‍ക്കറിയാം...
19 comments:
തിരുവനന്തപുരം കാല്പനികതയ്ക്കും കവിതയ്ക്കും മാത്രമല്ല മണ്ടത്തരങ്ങള്‍ക്കും അബദ്ധങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നുള്ള കാര്യം എന്റെ പുതിയ പോസ്റ്റില്ഊടെ ഞാന്‍ നിങ്ങളെ അറിയിയ്ക്കാന്‍ ആഗ്രഹിയ്ക്കുകയാണു.അരവിശിവ(മുന്‍പ് അരവി) എന്ന പേരു മാറ്റത്തിനു ശേഷമുള്ള ആദ്യത്തെ പോസ്റ്റാണീത്.അബദ്ധങ്ങള്‍(ഇന്നലെ ബ്ലോഗുലകത്തില്‍ വച്ചും പറ്റി ഒരു ടമകണ്ടന് അബദ്ധം) സര്‍വ്വ സാധാരണമായ എന്റെ ജീവിതത്തിലെ രണ്ടു വലിയ അബദ്ധങ്ങള്‍ ഇവിടെ വിവരിയ്ക്കുകയാണ്.വായിച്ചിട്ട് അഭിപ്രായം അറിയിക്കുമല്ലോ
ഹി ഹി കൊള്ളാം. സിനിമ ശ്രദ്ധിച്ചു കാണും അല്ലേ? ഓര്‍ഡര്‍ ചെയ്ത സാധനം മനഃസമാധാനത്തോടെ കഴിക്കാന്‍ പറ്റില്ല എന്നു വച്ചാല്‍ കഷ്ടാണേ.. :)
ഹ...ഹ...നന്നായിരിക്കുന്നു. സിനിമ ഒരു വീക്ക്നെസ്സാണല്ലേ.
വിലയറിയാതെ കഴിച്ചാലുള്ള പ്രശ്നങ്ങള്‍ കുറെ അനുഭവിച്ചിട്ടുണ്ട്.
ഹോ ബിന്ദൂ, ഇന്ന് മനഃപൊരുത്തദിനമാണല്ലോ. ബിന്ദുവിന്റെ കമന്റ് കാണാതെയാണ് ഞാനാ കമന്റെഴുതിയത്. ദേ അതുപോലൊക്കെത്തന്നെ :)
ഹഹഹഹ.സ്വാഗതം. ശ്രീജിത്തിനു ഗോമ്പറ്റീഷന് ആവാന്‍ നോക്കുവാണൊ?
മലയാള സിനിമാ പരിജ്ഞാനത്തിനു മുന്നില്‍ ഞാന്‍ തലകുനിക്കുന്നു. അടിപൊളി. എല്ല്ലാത്തിനും ഒരു സീന്‍ കയ്യിലുണ്ടല്ലൊ...
ഇങ്ങിനെ വേണം
..എനിക്കിഷ്ടായി...ഇനിയും എഴുതൂ....
നല്ല സരസമ്മ എഴുത്ത്...
ഫ്യൂഷന്‍ സംഗീതം എന്ന് കേട്ടിട്ടുണ്ട്. ഇതാ ഇപ്പോള്‍ ഫ്യൂഷന്‍ കോമടിയും. നന്നായിട്ടുണ്ട്, അരവി.
ഇനി മൂന്നാമതൊരു പറ്റ് പറ്റാതെ നോക്കണേ. ഹി ഹി ഹി.
എന്താ ടൈറ്റില്‍ വെയ്ക്കാത്തേ?
കൊള്ളാമല്ലോ അരവി.
യോദ്ധയില്‍ ഫിലിപ്സിന്റെ മിക്സി കണ്ടിട്ട് ജഗതി "ഹായ്...ഫൈലിപ്സ്" എന്നു പറഞ്ഞതുപോലെ..
ഇതേ പോലേ വേറൊന്നാ ഓര്‍മ്മ വരുന്നത് (അല്ലെങ്കില്‍ എന്നെപ്പോലുള്ളവര്‍ ഓര്‍ക്കുന്നത്) ഐ.വി.ശശിയുടെ ശ്രദ്ധ എന്ന ചിത്രത്തിലാണെന്ന് തോന്നുന്നു ജഗതി സ്മിര്‍ണോഫിന്റെ കുപ്പി കണ്ട് ‘ഹായ് സ്മൈര്‍ണോഫ്’ എന്നു പറയുന്നത് ;)
കോമടി സിനിമേ കാണൂ അല്ലെ? അതാ ഇങ്ങനെ ഒക്കെ പറ്റുന്നെ...എനിക്കും ഇങ്ങനെ കുറെ സംഭവങ്ങള്‍ പറ്റിയിട്ടുണ്ട്.അതിനു ശേഷം വളരെ ശ്രദ്ധിച്ചെ ഹോട്ടലിലുകളില്‍ കയറാറൊള്ളൂ.
അരവി, നന്നായിട്ട് എഴുതിയിട്ടുണ്ട്. ഉപമകളില്‍ സിനിമയുടെ അതിപ്രസരം ഒഴിവാക്കിയാല്‍, പെര്‍ഫെക്റ്റ്!
പൊരിച്ചകോഴിയുടെ മണം മൂക്കിലടിച്ചു. ഒരു നല്ല കഥപറയലുകാരനേ ഇത് ഇത്രമാത്രം അനായാസമായി മൂക്കിലടിപ്പിക്കാന് കഴിയു.
M.L.A ഹോസ്റ്റലിലെ വൈകിട്ടുള്ള കഞ്ഞിയും പയറും ഓര്‍മ്മ വന്നു. ചെറിയ പനിച്ചൂടുണ്ടെങ്കില് അവിടെ എത്തും ചുട്ട പപ്പടവും ചേര്‍ത്ത് ഇവനെ അകത്താക്ക്ക്കുവാന്.
പെരിങ്ങോടാ, മറ്റൊരു ജഗതി വാചകം ഓര്‍മ്മയില്‍; റിസപ്ഷനില്‍ കണ്ട പത്രം എടുത്ത് പുള്ളിക്കാരന് ഉറക്കെ വായിക്കുന്നു “ഐന്ത്യന് എക്സ്പ്രസ്”!
ബെസ്റ്റ് കണ്ണാ ബെസ്റ്റ് :)
ഇതിവടെയൊന്നും നിര്‍ത്തിക്കളയരുത് - ഇല്ലെങ്കില്‍ പിന്നെ ജീവിതത്തിലെന്താ ഒരു രസം അല്ലേ? ഇനി അടുത്ത പടിയായി മസ്ക്കറ്റില്‍ കയറണം, ആമ്പ്രോഷ്യയില് കയറണം, സ്വിസ് കഫെയും വിടരുത്, ഒയാസിസില്‍ ആഴ്ചേല് ആഴ്ചേല് പോണം. എല്ലാടത്തേം ക്യാഷര്‍മാരെ ഒക്കെ ഒന്നു പരിചയമായിക്കോട്ടെ.
പോസ്റ്റില്‍ കമന്റടിച്ചവര്ക്കൊക്കെ ഒരു പൊരിച്ച കോഴി ഫ്രീ...(കോഴിയോടുള്ള പൂതി അന്നത്തോടെ തീര്‍ന്നെന്നാ കരുതിയതെന്നു നിങ്ങള്‍ ഇപ്പോള്‍ മനസ്സില്‍ പറയുന്നുണ്ടാവും.)
താര :-)എന്റെ ആദ്യത്തെ കോമടി പോസ്റ്റിന്റെ പ്രതികരണം എന്തെന്നറിയാതെ ടെന്‍ഷനടിച്ചിരുന്ന എനിയ്ക്ക് താരയുടെ ഹഹഹ..കണ്ടപ്പോള്‍ ആശ്വാസമായി.എന്തായാലും ചീറ്റിപ്പോയില്ല എന്നറിയിച്ചതിനു..നന്ദി.
ബിന്ദു & വക്കാരീ :-)പ്രതികരണങ്ങള്‍ ഒരേ മാതിരിയായിരുന്നതു കൊണ്ട് ഇതാ കോമണ്‍ മറുപടി.
മലയാള സിനിമയിലെ കോമടി സിനിമകള്‍ ഒന്നും വിടാറില്ല.ജഗതിയും,ഇന്നസെന്റും,ജഗതീഷും,പപ്പുവും.സലീം കുമാറും എനിയ്ക്കു ദൈവ തുല്യര്‍.എന്റെ ഓരോ അബദ്ധങ്ങള്‍ക്കും പറ്റിയ അവരുടെ ഒരോ കോമടി സീന്‍ ഇപ്പോഴും സ്റ്റോക്കുണ്ട്.
ഇഞിപ്പെണ്ണ് :-) വക്കാരിയേയും ,നിങ്ങളേയുമൊക്കെക്കുറിച്ച് മാത്രുഭൂമിയിലെ ബ്ലോഗ് ആര്ട്ടിക്കീളില് വായിച്ചിട്ടുണ്ട്.നിങ്ങളുടെ കമന്റിനു അര്‍ഹനാണെന്നു തോന്നിയതു തന്നെ വലിയ കാര്യം..
സഹയാത്രികന് :-)ഫ്യൂഷന്‍ കോമടി!അതു പൊളിച്ചു.
സു :-)മൂന്നമത്തെ പറ്റോ???.സു എന്റെ പൊക കണ്ടേ അടങ്ങുവൊള്ളോ??.അതിനു ശേഷം മട്ടന്‍ മാത്രമല്ല ചിക്കനും കഴിച്ചാലും അലര്‍ജി കാരണം ദേഹം ചൊറിഞു തടിയ്ക്കും :-)
പെരിങ്ങോടര് :-)അപ്പോ എന്നെപ്പോലെ സിനിമയൊക്കെ ശ്രദ്ധിയ്ച്ചു കാണുമല്ലേ?‘ഹായ് സ്മൈര്‍ണോഫ്’ ക്ഷ പിടിച്ചു.
ഫാര്‍സി :-)നന്ദി...ഫാര്സിയുടെ അബ്ദ്ധങ്ങളും നമുക്കു കേള്‍ക്കാന്‍ കഴിയുമോ?
കുമാറേട്ടാ :-)ഞാന്‍ കാണിച്ച അബദ്ധം വിശാല ഹൃദയനായ ചേട്ടന് പൊറുത്തതിലും വന്നു കമന്റടിച്ചതിനും നന്ദി...“ഹായ് ഐന്ത്യന് എക്സ്പ്രസ്”! അതെനിയ്ക്കിഷ്ടായി...ജഗതിയേയും ഇന്നസെന്റിനേയും പോലെ രണ്ടു കുട്ടികളുണ്ടായാല്‍ ചിരിച്ച് ചിരിച്ച്....
ആദിത്യന് :-)മാര്‍ഷ്യല്‍ ആര്‍ട്സ് അറിയാവുന്ന സകല കാഷ്യര്മാരേക്കുറിച്ചും പരാമര്‍ശം ഉണ്ടല്ലോ??ആദിത്യേട്ടനും എന്റെ പൊക കണ്ടേ അടങ്ങുവൊള്ളോ....
അരവിശിവാ,
വളരെ ഇഷ്ടപ്പെട്ടു. ഇന്നലെ വായിച്ചെങ്കിലും കമന്റാന്‍ കഴിഞ്ഞില്ല.
അരവിന്ദന് എന്ന് പേരുള്ളവരെല്ലാം കലക്കുവാണല്ലോ...
ആശംസകള്‍ ! ഇനിയും എഴുതി തകര്‍ക്കുക...
ശെടാ, ഇന്നലെ ഞാനിതു കണ്ടില്ല്ല്ലോ..അരവി, നന്നായിരിക്കുന്നു. ഇതേ ഹോട്ടലുകളിലൊക്കെ കയറി നിരങ്ങിയിട്ടുള്ളതിനാല് കൂടുതല്‍ ആസ്വാദ്യമായി. ആദിത്യന് പറഞ്ഞതുപോലെ തന്നായിക്കോട്ടെ..കവടിയാറിലൊരു സന്തൂര്‍ ഒക്കെ തുടങ്ങിയിട്ടുണ്ട്..നല്ല തടിമിടുക്കുള്ള വെയ്റ്റര്‍മാരും..
നന്നായിട്ടൂണ്ട്!
ദിവാ :-)കമന്റിയതിനു നന്ദി...
“അരവിന്ദന് എന്ന് പേരുള്ളവരെല്ലാം കലക്കുവാണല്ലോ...“അരവിന്ദേട്ടനോടൊപ്പം എന്നെ കൂട്ടിയതുതന്നെ വലിയ കാര്യം...അത്രയ്ക്കൊന്നുമില്ല എന്നെനിയ്ക്കറിയാം..എങ്കിലും നന്ദി..
ചെണ്ടക്കാരന് :-)കവടിയാറിലൊരു സന്തൂര്‍ തുടങ്ങിയെന്നു പറഞ്ഞു തന്നതിനു നന്ദി...സ്വപ്നത്തില്‍പ്പോലും അതുവഴി പോകാതെ ശ്രദ്ധിച്ചോളാം. :-)
ആത്മകഥ :-)ആ തീറ്റക്കാരന് രസികന്റെ കഥ പൊളിച്ചു.ആ പുള്ളി സ്റ്റാര്‍ ഹോട്ടലില്‍ മാനേജര്‍ വരെയായെന്ന് കേട്ടപ്പോള്‍ ശരിയ്ക്കും രസിച്ചു.എന്നെങ്കിലും ഇത് സിനിമയാക്കിയാല്‍ പുള്ളിയുടെ രോള്‍ ജഗതിയ്ക്കു തന്നെ കൊടുക്കണം..ഒരൊന്നൊന്നര കഥാപാത്രം..
കലേഷേട്ട :-)ഞാന്‍ കോമടി ഒന്നു പരീക്ഷിച്ചുവെന്നേയുള്ളു..കോമടിയെഴുത്ത് വല്ലപ്പോഴുമാക്കി ചുരുക്കുകയാണു..എന്റെ തിരുവനന്തപുരം ബ്ലോഗിനു പരമാവധി വൈവിധ്യം പകരാണാണെന്റെ ശ്രമം.സംഗീതവും കഥകളുമൊക്കെ അതിന്റെ ഭാഗമാണു..ഒരു തവണ അതും പരീക്ഷിച്ചിട്ട് ഗുരുക്കന്മാരുടെ(അരവിന്ദന്,വിശാല്‍ജി,ശ്രീജിത്ത്) അനുഗ്രഹമുണ്ടെങ്കില്‍ വീണ്ടും കോമടി പരീക്ഷിയ്ക്കാമെന്നു കരുതുന്നു...
സ്നേഹപൂര്‍വ്വം....
അരവീ...
നന്നായിരിക്കുന്നു
:)
ഇന്നാണിത് കണ്ടത്. കൊള്ളാം..
Post a Comment