Tuesday, August 29, 2006

എന്റെ സ്നേഹ പ്രപഞ്ചം


എന്റെ സ്നേഹ പ്രപഞ്ചം

ഇടമുറിയാതെ പാടുന്നൊരാ ചുവരുകളും..
നിര നിരയായ്‌ പൊഴിയുന്നൊരാ പൂവുകളും..
മെല്ലവേ ചായുന്ന സ്നേഹമാം തണലും..
ശാന്തമായ്‌ പരക്കുന്ന സ്വഛതയും..

സരിഗമ പാടുന്ന ചുവരുകള്‍ കണ്ടനാള്‍
സ്വാതി തന്‍ കീര്‍ത്തനമായ് പെയ്തുഞാന്‍....

വിടചൊല്ലി വരുന്നേരം വഴിയിലെ മരമുത്തച്ഛന്‍
സ്വയം മറന്നൂ തന്റെ സാധക നിര്‍വൃതിയില്‍...

സ്നെഹത്തിന്‍ തണലേറ്റു നടന്നെത്തിയെന്‍
പ്രിയ കലാലയങ്കണത്തില്‍......

ചെങ്കല്ലിന്‍ ചുവപ്പിനാലെഴുതിയൊരു കാവ്യം പോല്‍
അറിവിന്റെ വിനീത ഗുരുനാഥന്‍.......

ഇടനാഴികകളില്‍,മരച്ചുവട്ടില്‍,പടവുകളില്‍ തിരഞ്ഞു ഞാനാ
സൗഹൃദ സല്ലാപങ്ങള്‍...പിന്നെയെന്നെയും..

പൂക്കള്‍ വീണ പരിചിതമാം വഴികള്‍....
ഇനി തിരിച്ചു പോക്കില്ലാത്ത ജീവിത വഴികള്‍....

മഞ്ഞിച്ച സായന്തന വെയിലില്‍ നാണിച്ചു നില്പൂ
പാളയത്തെ തെരുവുകള്‍....എന്‍‌റ്റെ സ്വപ്നവീധികള്‍.....

ഫൈനാര്‍ട്സ് വളപ്പിലെ കണിക്കൊന്ന ചിരിയാലെന്നെ വരവേറ്റു
നഷ്ടസൗഹ്രുദം പങ്കു വച്ചു.....

ലൈബ്രറിയിലെ തണുപ്പില്‍ ജാലകപ്പടിയില്‍ ഞനൊരക്ഷരമാകവേ
കാറ്റാടി മരമൊരു പഴയ കവിത ചൊല്ലി....

പിന്നെ ഞാനെത്തിയെന്‍ ഹോസ്റ്റല്‍ വളപ്പില്‍...
പഴമയുടെ,കവിതയുടെ സ്വര്‍ഗീയ വളപ്പില്‍....

പഴയ ബില്‍ടിങ്ങിലെ നീളന്‍ വരാന്തയില്‍ ഒരുമാത്ര
ഞാനൊരു കല്‍ പ്രതിമമാത്രമായ്.....

ടി.വി റൂമിലെ കനത്ത നിശബ്ദതയും.......
കൊന്ന മരത്തിന്റെ തണല്‍ വീണ പടവുകളും.....

ആരവങ്ങളൊടുങ്ങാത്ത ഹോസ്റ്റല്‍‍ മൈതാനവും....
ആ പടവുകളിലിരുന്നു...എപ്പൊഴോ മയങ്ങിപ്പോയി.

ഇടയ്ക്കു ഞാനൊരു സ്വപ്നമായ്‌ മാറി പോല്‍...
പ്രകൃതിയുടെ മടിയിലൊരു
തുഷാരമായി...വീണുടഞ്ഞു പോയി...

പിന്നെ ആദിയില്‍ ലയിച്ചുപോയ്‌ പോല്‍....

ഒടുവില്‍ ഞാനെന്റെ സാമ്രാജ്യമണഞ്ഞു
മുറിയിലെയിരുട്ടിലെനെന്നോര്‍മകള്‍ തിരഞ്ഞൂ.......

തുറന്നൂ ഞാനെന്‍ ജാലകം...കാഴ്ചകളുടെ കാവ്യജാലകം...
പിന്നെ കുശലം പറഞ്ഞു സതീര്‍ത്ഥ്യനാം മര മുത്തച്ഛ്ന്‍...

ഇരുളു പരക്കും മുന്‍പേ യാത്ര ചൊല്ലി...മ്യൂസിയം
വഴിയിലെന്‍ മിഴിനിറച്ചു...

ചെമ്പകച്ചോട്ടിലെ പുല്‍ക്കൊടി പുണര്‍ന്നെന്നെ...
പ്രണയം ചെമ്പക ഗന്ധമായ്‌...വിവശമായ്‌...

മുന്നിലെ വിളക്കുകള്‍ മിഴിചിമ്മി...
...മഞ്ഞും പൊഴിഞ്ഞെന്റെ മേലേ....

അനന്തന്‍‌റ്റെ പുരിയിലൊരു ബിന്ദുവായലിഞ്ഞുഞാന്‍
പിന്നില്‍ രാവും സാന്ദ്രമായി........

Monday, August 28, 2006

എന്റെ എല്ലാ മലയാളി സുഹ്രുത്തുക്കള്‍ക്കും സ്വാഗതം...എന്റെ എല്ലാ മലയാളി സുഹ്രുത്തുക്കള്‍ക്കും സ്വാഗതം...

ഇത് ഒരു ഓര്‍മക്കുറിപ്പാണു......അതിനുമപ്പുറം കഴിഞു പോയ മനോഹരമായൊരു കാലത്തിന്റെ കാല്പനികമായൊരു വിവരണമാണു......

ഞാന്‍ വിവരിക്കുന്നതു മുന്‍പു ആരൊക്കെയോ പറഞ്ഞതിന്റെ ബാക്കിയാവാം...പറയാന്‍ മറന്നു വച്ചതുമാവാം..

ഇനി എന്നെക്കുറിച്ച്.....ആലപ്പുഴ ജില്ലയില്‍ ജനനം.വ്യകതമായി പറഞ്ഞാല്‍ കായംകുളത്തിനടുത്തുള്ള നൂറനാട്...പത്താം ക്ലാസ്സ് വരെ ഗ്രാമത്തിലെ സ്കൂളില്‍ പഠനം...പിന്നെയാണു ഞാന്‍ പ്രീ ഡിഗ്രിക്കു പഠിക്കാന്‍ തിരുവനന്തപുരത്ത് വരുന്നത്.....ആര്‍ട്സ് കോളേജില്‍ പഠനവും യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ താമസവുമായി രണ്ടു കൊല്ലം...

ആ രണ്ടു കൊല്ലത്തിനിടയില്‍ ഞാന്‍ എന്റെ ജീവിതത്തിലെ ഏറ്റവും മനൊഹരങ്ങളായ കുറെ നിമിഷങ്ങല്‍ക്കു സാക്ഷിയായി.....സ്വാതി തിരുനാള്‍ സാംഗീത കോളേജും,ആര്‍ട്സ് കോളേജും,തമ്പാനൂരും,കിഴക്കേക്കോട്ടയും,പാളയത്തെ തെരുവുകളും,ഫൈന്‍ ആര്‍ട്സ് കോളേജും,ബ്രിട്ടീഷ് ലൈബ്രരിയും പിന്നെയെന്റെ മനോഹരമായ ഹോസ്റ്റലും,മ്യൂസിയവും,പൂക്കളാല്‍ ആ നഗരത്തെ അലങ്കരിക്കുന്ന തണല്‍ മരങ്ങളും ഒക്കെയായ് കാല്പനികതയുടേയും കവിതയുടേയും സുന്ദരമായൊരു ലോകം എന്റെ മുന്‍പില്‍ വിടരുകയായിരുന്നു....ഒരു സുഹ്രുത്തിനെപ്പോലെയായിരുന്നു എനിക്കാ നഗരം.....പിന്നീടെവിടെ നിന്നും ലഭിക്കാത്തൊരു സുരക്ഷിതത്വ ബോധവും സ്നേഹവും എനിക്കവന്‍ തന്നു...എന്റെ ഏകാന്തതകളില്‍ എന്നെ ശല്യപ്പെടുത്താതിരിക്കുവാന്‍ അവന്‍ പ്രത്യോകം ശ്രദ്ധിച്ചു.....പകരം എനിക്കു കൂട്ടിരിക്കുവാന്‍ തുടങ്ങി.... ബഹളങ്ങളുടേയും തിരക്കുകളുടേയും നടുവിലും ശാന്തതയുടേയും സ്വഛ്തയുടേയും മനോഹരമായൊരു ലോകം കാട്ടി തന്നു...രണ്ടു കൊല്ലം രണ്ടു നിമിഷം പോലെ അവസാനിച്ചു......

പിന്നീടു 6 കൊല്ലങ്ങള്‍ക്കു ശേഷം ഇവിടെ ബാംഗ്ലൂരില്‍ ഇരുന്നും ഞാന്‍ ഞാന്‍ നഷ്ടപ്പെട്ട എന്റെ ആ ലോകം തിരയുകയാണു.....ഇവിടെ ഒരു സോഫ്റ്വെയര്‍ എഞിനീയറായ് ജോലി ചെയ്യുമ്പോഴും ഓര്‍മകള്‍ തിരുവനന്തപുരത്തേക്കു കൂട്ടിക്കൊണ്ടു പോവുകയാണ്....ഞാന്‍ എന്നെത്തന്നെ കണ്ടെത്താന്‍ ശ്രമിക്കുകയാണ്....

നാളെ ഒരു കവിതയോടു കൂടി നമുക്കീ യാത്ര ആ‍രംഭിക്കാം....


അരവി