
സമയം നാലരമണിയാവുന്നു.സുമലത വാച്ചിലേക്ക് വീണ്ടും അക്ഷമയോടെ നോക്കി.ഇന്നെന്തോ തിരക്കു നന്നേ കുറവു,അല്ലെങ്കില്‍ നിന്നു തിരിയാന്‍ പറ്റാത്ത വിധം പണിയുണ്ടാവും.ഈശ്വരാ ഇന്നെങ്കിലും നേരത്തേ ഇറങ്ങാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍.പോയി രാഘവന്‍ സാറിനോടു ചോദിച്ചാലോ.വികലാംഗയായതുകോണ്ടാവം തന്നോടു അദ്ദേഹം പൊതുവേ സൌമ്യമായെ പെരുമാറാറുള്ളൂ.പാളയം മാര്‍ക്കറ്റില്‍ നിന്ന് ചിലത് വാങ്ങണമെന്നു കരുതിയിട്ട് കുറേയായി.പണിയും തീരെക്കുറവ്, അദ്ദേഹം സമ്മതിയ്ക്കുമായിരിയ്ക്കും.
സെക്രട്ടറിയേറ്റ് ബില്‍ടിങ്ങിന്റെ പടികളിറങ്ങി പോരുമ്പോള്‍ സുമ രാഘവന്‍ സാറിനെക്കുറിച്ചോര്‍ക്കുകയായിരുന്നു.വലിയ കൈക്കൂലിപ്രീയനെന്ന് ഓഫീസില്‍ പലരും പറഞ്ഞിട്ടുള്ള ഗൌരവക്കാരനായ ആ മനുഷ്യന്‍ തന്നോടു മാത്രം വലിയ സ്നേത്തോടയേ പെരുമാറിയിരുന്നുള്ളു.വലിയ കണ്ണട ധരിച്ച ആ മെലിഞ്ഞമനുഷ്യനില്‍ അയാളുടെ ഗൌരവമൊഴിച്ച് പറയത്തക്ക കുറ്റമൊന്നും സുമ കണ്ടില്ല.സെക്രട്ടറിയേറ്റിണ്റ്റെ തെക്കേ ഗേറ്റിനോടു ചേര്‍ന്നു നില്‍ക്കുന്ന ആല്‍മരത്തിന്റെ തൂങ്ങിക്കിടക്കുന്ന ഭീമന്‍ വേരുകള്‍ക്കിടയിലൂടെ അവള്‍ കുട നിവര്‍ത്തി നടന്നു.

വെയില്‍ താണിരിയ്ക്കുന്നു.വൈകുന്നേരമായതോടെ സെക്രട്ടറിയേറ്റും പരിസരവും ശബ്ദമുഖരിതമായിത്തുടങ്ങിയിരിയ്ക്കുന്നു.റോഡു ക്രോസ്സു ചെയ്യുമ്പോള്‍ ചിന്തകള്‍ സുമയെ മൂടിയിരുന്നു. ഈ വയ്യാത്ത വലതു കാലും വച്ച് ഏന്തി വലിഞ്ഞ് ബസില്‍ക്കയറുന്നതേ വലിയ പ്രയാസം.രണ്ടു നില ബസു കിട്ടിയില്ലെങ്കില്‍ ഓവര്‍ ബ്രിഡ്ജിന്റെയവിടെയിറങ്ങി വീണ്ടും റെയില്‍വേ സ്റ്റേഷന്‍ വരെ നടക്കണം.ബിന്ദുവും സ്മിതയും ഇപ്പോള്‍ സ്കൂളില്‍ നിന്ന് വന്നിട്ടുണ്ടാവും,അവളോര്‍ത്തു.എല്ലാ അമ്മമാരെയും പോല്‍ പെണ്മക്കളുടെ ഓര്‍മ്മ അവളെ അസ്വസ്ഥയാക്കി.ബിന്ദു ഇപ്പോള്‍ പത്താം ക്ളാസ്സില്‍ പഠിയ്ക്കുന്നു,ഇളയവള്‍ എട്ടാം ക്ളാസ്സിലും.നഗരത്തിലെ വലിയ സ്കൂളുകളില്‍ വിട്ടു പഠിപ്പിയ്ക്കാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല.വാടകയും കുട്ടികളുടെ പഠിത്തവും കൂടി മോഹനേട്ടന്റേയും തന്റേയും വരുമാനത്തില്‍ ഒതുങ്ങില്ല.മാത്രവുമല്ല അദ്ദേഹത്തിണ്റ്റെ ശാന്തിയും നെയ്യാറ്റിന്‍കരയിലാണു.പിന്നെ തന്റെ മാത്രം അസൌകര്യം കണ്ടില്ലെന്നു നടിച്ചാല്‍ മതിയല്ലോ.സ്വദേശം കോട്ടയം ജില്ലയില്‍,ഭര്‍ത്താവിന്റെ വീട് പാലക്കാടും ഇന്നിപ്പോള്‍ തീര്‍ത്തും ഒരു തിരുവനന്തപുരത്തുകാരി.സത്യത്തില്‍ തനിയ്ക്ക് എന്താണസൌകര്യം.വികലാംഗയായതിനാല്‍ ബസിലും പിന്നെ ട്രെയിന്റെ സീസണ്‍ റ്റിക്കറ്റെടുക്കുന്നതിലുമൊക്കെ തനിയ്ക്കു പരിഗണന ലഭിയ്ക്കുന്നു.എന്തിനേറെപ്പറയുന്നു..ഈ ജോലി പോലും ഈ വയ്യാത്ത കാലിണ്റ്റെ സമ്മാനമല്ലേ?,അതിലെ കറുത്ത ഭലിതമോര്‍ത്ത് അവള്‍ ചിരിയ്ക്കാന്‍ ശ്രമിച്ചു.ആ ഞാന്‍ പരാതി പറയാന്‍ പാടില്ല അവള്‍ അറിയാതെ ചിരിച്ചുപോയി.
രമ ഇന്നു വന്നിട്ടില്ല.അവളുണ്ടായിരുന്നുവെങ്കില്‍ ഒരു കൂട്ടായേനെ..പാളയം മാര്‍ക്കറ്റില്‍ പോകാനും മ്യൂസിയത്തിലെ ചാരു ബഞ്ചുകളിലിരിയ്ക്കാനും പിന്നെ പബ്ലിക് ലൈബ്രറി എന്നു വേണ്ട എല്ലായിടത്തും ആദ്യമായിട്ട് പോകുന്നത് അവള്‍ നിര്‍ബ്ബന്ധിച്ചിട്ടാണ്.അവളില്ലായിരുന്നുവെങ്കില്‍ ഈ നഗരം തനിയ്ക്ക് ഒരു പക്ഷേ ദുസ്സഹമായനുഭവപ്പെട്ടേനെ.ഈ നഗരത്തിന്റ്റെ സ്വാന്തനം ഒരു പക്ഷേ ഞാന്‍ കാണാണ്ടു പോവുമായിരുന്നു.ഈ കാലും വച്ച് ഏന്തി വലിഞ്ഞ് മാര്‍ക്കറ്റ് വരെ പോകാനും വയ്യ.വിഷമിച്ചു നില്‍ക്കുന്നതിലത്ഥമില്ല,ഇനി ഒരോട്ടോ വിളിയ്ക്കുക തന്നെ.
ഓട്ടോയിലിരിയ്ക്കുമ്പോള് അവള്‍ വീണ്ടും ചിന്തകളുടെ പിടിയിലകപ്പെട്ടു.കുട്ടികള്‍ക്ക് പ്രായമായി വരുന്നു.അവര്‍ക്ക് തുണയായി വീട്ടില്‍ ആരുമുണ്ടാവില്ല.അവര്‍ സ്കൂളില്‍ നിന്ന് വരുമ്പോഴേയ്ക്ക് മോഹനേട്ടന്‍ അടുത്തുള്ള ക്ഷേത്രത്തിലേക്കു പോയിട്ടുണ്ടാവും,പിന്നെ എട്ടു മണിയായിട്ടേ വരികയുള്ളൂ.മോഹനേട്ടന്റെ അമ്മയോട് ഇവിടെ വന്നു നില്‍ക്കാന്‍ പല തവണ പറഞ്ഞു.എന്തോ അവര്‍ക്കതില്‍ വല്യ താത്പര്യമില്ല.ശുശ്രൂഷിയ്ക്കാനും ചോദിയ്ക്കുന്നതെന്തും സാധിപ്പിച്ച് കൊടുക്കാനുള്ള വാങ്ങ് ഞങ്ങള്‍ക്കില്ലാത്തതു കൊണ്ടായിരിയ്ക്കാം.ഒടുവില്‍ ഷുഗറും പ്രഷറും കാരണം വയ്യാതിരിയ്ക്കുന്ന സ്വന്തം അമ്മയെ ഇടയ്ക്കിടയ്ക്ക് വീട്ടില്‍ കൊണ്ട് നിര്‍ത്തും.പാവം അമ്മ.ആണ്ടിലെ മുന്നൂറ്ററുപത്തഞ്ചു ദിവസവും അമ്മ മോളുടെയടുത്താണെന്നു പറഞ്ഞ് നാത്തൂന്‍ കഴിഞ തവണ പരാതി പറഞ്ഞതോടെ അതു വേണ്ടെന്ന് മോഹനേട്ടന്‍ തന്നെയാണു പറഞ്ഞത്.ഓഫീസില്‍ പണിയധികമായപ്പോള്‍ വീട്ടില്‍ ചെല്ലുന്നത് വീണ്ടും താമസിയ്ക്കാന്‍ തുടങ്ങി.ഒടുവില്‍ വീണ്ടും അനിയന്റെ കാലുപിടിച്ച് അമ്മയെ വീട്ടില്‍ കൊണ്ടു നിര്‍ത്തിയിട്ടുണ്ട്.അടുത്തയാഴ്ച്ച അമ്മ പോയിക്കഴിഞ്ഞാല്‍ എന്തു ചെയ്യുമെന്നോര്‍ത്തപ്പോള്‍ സുമയ്ക്ക് തല കറങ്ങുന്നതു പോലെ തോന്നി.പത്രത്തിലും ടി.വി യിലുമൊക്കെ വായിക്കുന്നതു കേട്ടാല്‍ പുരുഷനായിപ്പിറന്നവനെ മുഴുവന്‍ ഒരമ്മ പേടിയ്ക്കേണ്ടിയിരിയ്ക്കുന്നു എന്നു തോന്നും.തന്റെ ആധി കാണുമ്പോള്‍ മറുപടി പറയാനില്ലാതെ അദ്ദേഹം എഴുന്നേറ്റു പോകും.കുട്ടികളെക്കുറിച്ച് വേവലാതി അധികമാകുമ്പോള്‍ അവള്‍ അറിയാതെ ശ്രീ പതമനാഭനെ വിളിയ്ക്കും.ആഴ്ച്ചയിലൊരിയ്ക്കലെങ്കിലും ശ്രീ പത്മനാഭ ക്ഷേത്രത്തിലും പഴവങ്ങാടിയിലും ആറ്റുകാലുമൊക്കെ പോകും.അവര്‍ക്കായി പൂജയും വഴിപാടുമൊക്കെ കഴിയ്ക്കും.ഒരമ്മയുടെ സ്ഥിരം പ്രാര്‍ത്ഥനകള്‍ തന്നെ.നന്നായിട്ട് വിദ്യാഭ്യാസം ചെയ്യിയ്ക്കാന്‍ കഴിയണേ...നല്ല വിവാഹബന്ധമുണ്ടാവണേ........അതങ്ങനെ പോകും.
അനിയന്റെയൊപ്പമാണെങ്കില് വയ്യാത്ത അമ്മയ്ക്ക് പണിയൊഴിഞ്ഞ നേരമുണ്ടാവില്ല.തന്റെയൊപ്പമാണെങ്കില്‍ ഞാന്‍ രാവിലെ വെപ്രാളപ്പെട്ട് പോരുന്നതിനു മുന്‍പ് തന്നെ സകലതും തീര്‍ത്തു വയ്ക്കും.മൂത്തവളും തന്നെ സഹായിക്കാനുണ്ടാവും.അമ്മ വെറുതേ വീട്ടിലിരുന്നാല്‍ മതി.ഇന്ന് അമ്മയുള്ളതു കൊണ്ടാണ് മാര്‍ക്കറ്റില്‍ പോയിട്ട് പോകാമെന്നു വിചാരിച്ചത്.അല്ലെങ്കില്‍ കിട്ടിയ സമയം കൊണ്ട് റെയില്‍വേ സ്റ്റേഷനിലേക്ക് പരക്കം പാഞ്ഞിട്ടുണ്ടാവും.ട്രെയിന്‍ ലേറ്റായാല്‍ വീട്ടിലെത്തുമ്പോള്‍ വീണ്ടും ഒരു പാടു ലേറ്റാവും.തന്റെ പ്രയാസങ്ങള്‍ ആരറിയാന്‍...അവളോര്‍ത്തു.ടെന്‍ഷന്‍ അധികമായപ്പോള്‍ രമയാണ് സഹായ ഹസ്തവുമായി വന്നത്.അവളാണ് ഈ തണല്‍ മരങ്ങളുടെ കീഴിലൂടെ നടക്കാന്‍ നിര്‍ബന്ധിച്ചത്.ഇവിടെ വരുന്ന എല്ലാവരേയും സംരക്ഷിയ്ക്കുന്ന അനന്തനില്‍ വിശ്വാസം അര്‍പ്പിച്ച് തന്നെത്തന്നെ കണ്ടെത്താന്‍ നിര്‍ബ്ബന്ധിച്ചത്.വിക്ടോറിയന്‍ തിരുവതാംകൂര്‍ ആര്‍ട്ടിടെക്ച്റുകളിലെ കവിത തിരയാന്‍ പഠിപ്പിച്ചത്.എത്ര തിരക്കിലും ഒരു നിമിഷം കണ്ണടച്ചാല്‍ പരക്കുന്ന ശാന്തതയെ അറിയാന്‍ പഠിപ്പിച്ചത്.....പതുക്കെ താനും നഗരത്തിലെ ഓരോ തെരുവീഥികളിലും തന്നെത്തന്നെ തിരയാനാരംഭിച്ചു.യാത്രയിലെ വിരസത അകറ്റാനും വഴി കാണിച്ചു തന്നത് അവളാണു.സ്റ്റേറ്റ് ലൈബ്രറിയില്‍ തന്നെക്കൊണ്ട് മെംബര്‍ഷിപ്പെടുപ്പിച്ചു.യാത്രയിലും അല്ലാതെയും പുസ്തകങ്ങളെ അവള്‍ തന്റെ പ്രീയപ്പെട്ട കൂട്ടുകാരിയാക്കി മാറ്റി.വേവലാതികളില്‍ തന്നെത്തന്നെ മറക്കാതെ ചുറ്റിനുമുള്ള കാഴ്ച്ചകളിലേക്ക് മുഖം തിരിയ്ക്കാന്‍ അവള്‍ ഉപദേശിച്ചു.സഹയാത്രക്കാരോട് കൂട്ടു കൂടാനും അവരുടെ പ്രശ്നങ്ങള്‍ക്ക് ചെവികൊടുക്കാനുമൊക്കെ തുടങ്ങിയതോടെ നഗരം കൂടുതല്‍ മനോഹരമായനുഭവപ്പെട്ടു.ട്രെയിന്‍ യാത്ര ആസ്വാദ്യകരമായനുഭവപ്പെട്ടു.സ്ഥിരം യാത്രക്കാരില്‍ ആണും പെണ്ണുമുള്‍പ്പടെ നല്ല കൂട്ടുകാര്‍ നിരവധി.
ഓട്ടോ മാര്‍ക്കറ്റിന്റെ സൈഡിലേയ്ക്ക് തിരിയാന്‍ തുടങ്ങുന്നു.അവള്‍ വാച്ചിലേക്കു നോക്കി.നാലരയാവുന്നതേയുള്ളു.ട്രെയിന്‍ വരാന്‍ ആറുമണിയെങ്കിലുമാവും.അമ്മയുള്ളതു കൊണ്ട് പതുക്കെ ട്രെയിനിനു തന്നെ പോകാം.ചില ദിവസങ്ങളില്‍ രാഘവന്‍ സാറിന്റെ കാരുണ്യം കൊണ്ട് നേരത്തേ പോകാനൊക്കുമ്പോള്‍ തമ്പാനൂര്‍ ചെന്നിട്ട് ബസിനാണു പോകാറ്.എന്തായാലും സമയമുണ്ട്,മ്യൂസിയം വരെ പോയാലോ.ആ വഴിയ്ക്കൊക്കെ പോയിട്ട് മാസമൊന്നാവുന്നു.രമയൂള്ളപ്പോള്‍ മൃഗശാലയ്ക്കൂള്ളിലെ മുളങ്കാടുകളാല്‍ സമൃദ്ധമായ തടാകക്കരയില്‍ പോയിരിയ്ക്കും.പുറമേ ആഹ്ലാദ വതിയാണെങ്കിലും കുടിയാനായ ഭര്‍ത്താവിന്റെ പേരില്‍ ഒരായിരം പ്രശ്നങ്ങള്‍ രമയ്ക്കുണ്ട്.അവള്‍ തന്നോട് മാത്രം അതൊക്കെ പറയും.ഇന്നിനി മ്യൂസിയത്തിലെ ഏതെങ്കിലും തണല്‍ മരങ്ങളുടെ ചുവട്ടില്‍ കുറേനേരമിരിയ്ക്കാം.പിന്നെ ഒരഞ്ചരയോടെ അവിടുന്ന് ബസു കയറാം.പോണ വഴിയ്ക്ക് മാര്‍ക്കറ്റിലും കയറി പോകാം.അവള്‍ ഓട്ടോക്കാരനോട് മ്യൂസിയത്തില്‍ പോയാല്‍ മതിയെന്നു പറഞ്ഞു.
മ്യൂസിയത്തിലെ വൃത്താകൃതിയിലുള്ള റോഡിലൂടെ നടക്കുമ്പോള്‍ വൈകുന്നേരത്തെ തിരക്കേറി വരുന്നതവളറിഞ്ഞു.വഴിയിലെ ചെമ്പകമരത്തിന്റെ ചുവട്ടിലെത്തിയപ്പോള്‍ അവള്‍ നിന്നു.വെളുത്ത ചെമ്പകപ്പൂക്കള്‍ അവിടമാകെ ചിതറിക്കിടക്കുന്നു.അവിടെയിരിയ്ക്കുമ്പോള്‍ കയ്യിലെ വെളുത്ത ചെമ്പകപ്പൂവില്‍ അവള്‍ സാകൂതം നോക്കി.ഓര്‍മ്മകള്‍ അവളെ തൊടിയിലെ വലിയ ചെമ്പകച്ചോട്ടിലേക്കു കൂട്ടിക്കൊണ്ടു പോയി.കുട്ടിയായിരിയ്ക്കുമ്പോള്‍ മുതല്‍ ആ മരം വീട്ടു മുറ്റത്തുണ്ട്.മുറ്റത്തു തന്നെയുള്ള പശുത്തൊഴുത്തിന്റെ സൈഡില്‍ ആ വലിയ നാട്ടു മാവിനും അരികത്തായി കടും ചുവപ്പുള്ള പൂക്കള്‍ പൊഴിയ്ക്കുന്ന ചെമ്പകമരം.ആ പൂക്കളുടെ വശ്യ സുഗന്ധത്തോടൊപ്പം മനസ്സിലെ ഒളിപ്പിച്ചു വച്ച ചെമ്പകച്ചുവടുകള്‍ പൂ പൊഴിയ്ക്കുന്നതവളറിഞ്ഞു.കാലു വയ്യാത്ത തന്നെ ഒരുപാടിഷ്ടമാണെന്ന് പറഞ്ഞ അധകൃതനോട് താന്‍ മുഖം കൊടുക്കാതെ നടന്നു.തന്റെ ജന്മം തന്നെ അച്ഛനമ്മമാര്‍ക്ക് ഒരു വേദനയാണെന്നവള്‍ക്കറിയാമായിരുന്നു.വീണ്ടും ഒരു വേദന അവര്‍ക്ക് കൊടുക്കേണ്ടന്ന് മനസ്സു പറഞ്ഞപ്പോള്‍ അന്നു തനിയ്ക്കതിനു കഴിഞ്ഞു.എങ്കിലും തന്റെ മനസ്സിലെ ഋതുഭേദങ്ങളുടെ വേലിയേറ്റം മുറ്റത്തെ ചെമ്പകമരം മാത്രം കണ്ടു.ഇന്നിപ്പോള്‍ ആ ചെമ്പകമത്തിന്റെയരികിലുള്ള പത്തു സെന്റു ഭൂമിയില്‍ ഒരു വീടിനുള്ള ഫൌണ്ടേഷന്‍ കെട്ടിയിട്ടിട്ട് നാലു വര്‍ഷമാകുന്നു.അവിടെ ചെറുതെങ്കിലും ഒരു വീടു കെട്ടിയിരുന്നെങ്കില്‍ മോഹനേട്ടനേയും മക്കളേയും നാട്ടിലേക്കയയ്ക്കാമായിരുന്നു.മോഹനേട്ടന് നാട്ടിലെ ഏതെങ്കിലുമൊരമ്പലത്തില്‍ ശാന്തി ഏര്‍പ്പാടാക്കി കൊടുക്കാന്‍ അനിയനോടു പറയാം.
അപ്പനപ്പൂപ്പന്മാരുടെ കാലത്തെ പ്രതാപമൊന്നും ഇപ്പോഴില്ല.ബാക്കിയായത് പണ്ടേ കൈവശമുണ്ടായിരുന്ന മുന്നാലേക്കര്‍ കാടു പിടിച്ച് ഭൂമി മാത്രമാണ്.അതിലെ റബ്ബറിന്റേയും മറ്റും ആനുകൂല്യമെടുത്ത് അനുജനും കുടുംബവും കഴിയുന്നു.ആ ഭൂമിയുടെ പേരില്‍ ജന്മിമാരെന്ന ആക്ഷേപം ധാരാളം കേട്ടിട്ടുണ്ട്.അച്ഛനോട് ചുറ്റുവട്ടത്തുള്ളവര്‍ക്കൊന്നും വലിയ പ്രതിപത്തിയുണ്ടായിരുന്നില്ല.മാമ്പഴക്കാലമായാല്‍ മാങ്ങ പെറുക്കാന്‍ വരുന്ന കുട്ടികളെ അച്ഛന്‍ വഴക്ക് പറഞ്ഞ് ഓടിയ്ക്കുമായിരുന്നു.പുരയിടത്തില്‍ റബ്ബറിന്‍ ചൂള്ളി പെറുക്കാന്‍ വരുന്നവര്‍ക്കും അച്ഛനെ ഭയമായിരുന്നു.എന്നാല്‍ അമ്മ അങ്ങനെയായിരുന്നില്ല.അമ്മയ്ക്ക് കൂട്ട് അയല്‍പ്പക്കത്തെ അധകൃതതരായ സ്തീകള്‍ തന്നെയായിരുന്നു.കാലം കണക്കു ചോദിയ്ക്കുന്നതാവാം,അയല്‍പ്പക്കത്തെ താണ ജാതിയില്‍പ്പെട്ട കുട്ടികള്‍ ഡോക്ടറും എഞ്ചിനീയറുമൊക്കെയായി.തങ്ങള്‍ പണ്ടത്തെ അധകൃതരേക്കാളും താണ നിലയിലായി.ഈ മുടന്തിന്റെ ആനുകൂല്യമില്ലായിരുന്നുവെങ്കില്‍ തനിയ്ക്കീ ജോലിയും ലഭിയ്ക്കില്ലായിരുന്നു.അതുകൊണ്ടാവം അമ്മയെപ്പോലെ ഭാഗ്യവതികളല്ല നിങ്ങളെന്നു ബിന്ദുവിനോടും സ്മിതയോടും കളിയായി പറയാറുണ്ട്.സ്വന്തം ഭാവിയെക്കരുതി നന്നായി പഠിയ്ക്കണമെന്ന ഒരമ്മയുടെ സ്ഥിരം പല്ലവിയും കൂടെയുണ്ടാവും.തന്റെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുന്ന ഒരു കുടുംബം ദൈവം തനിയ്ക്കു തന്നു.അവള്‍ നന്ദിയോടെ അതെന്നും സ്മരിയ്ക്കാറുണ്ട്.പെണ്‍കുട്ടികളാണു, കാര്യമായ കരുതി വയ്ക്കലിനൊന്നും സാധിച്ചിട്ടില്ല.മോഹനേട്ടന് പൈല്‍സിന്റെ ഓപ്പറേഷന്‍ നടത്താന്‍ ബാങ്കില്‍ നിന്ന് നല്ലൊരു തുക പിന്‍ വലിച്ചു.അദ്ധേഹത്തിന്റേയും തന്റേയും പേരില്‍ നാട്ടില്‍ കിടക്കുന്ന കുറച്ചു വസ്തു വകകള്‍ മാത്രമാണ് ഇപ്പോഴത്തെ ആകെയുള്ള സമ്പാദ്യം .അവള്‍ കയ്യിലിരുന്ന ചെമ്പകപ്പൂവില്‍ ഒരിയ്ക്കല്‍ക്കൂടി തലോടി.നേര്‍ത്ത കാറ്റില്‍ അവളുടെ മേല്‍ ചെമ്പകം ഒരു പൂ കൂടി പൊഴിച്ചു.പക്ഷേ വഴിയേ നടന്നു പോയ ഒരു ചെറുപ്പക്കാരന്‍ അതിനെ നിര്‍ദ്ദയം ചവിട്ടിയെരിച്ച് നടന്നു നീങ്ങി.അവള്‍ വ്യസനത്തോടെ ആ പൂവിനെ നോക്കി......സുമ പതിയെ കണ്ണുകളടച്ചു..തനിയ്ക്കു ചുറ്റുമുള്ള ശാന്തതയിലെ ഒരു ബിന്ദുവായ്ത്തീരാന്‍ അവള്‍ വീണ്ടും ശ്രമമാരംഭിച്ചു.
എപ്പോഴോ ബാഗില്‍ കിടന്ന മൊബൈല്‍ ഒച്ചയുണ്ടാക്കാന്‍ തുടങ്ങി.മോഹനേട്ടനാണ്,എന്താണാവോ ഈ നേരത്ത്.അമ്പലത്തില്‍ പോയില്ലെന്നുണ്ടോ?.അവള്‍ പരിഭ്രമത്തോടെ ഫോണ്‍ അറ്റന്റു ചെയ്തു.പുള്ളി അമ്പലത്തിനടുത്തെവിടെ നിന്നോ ആണത്രേ വിളിയ്ക്കുന്നത്.അമ്മ ഉച്ചയോടെ വീട്ടില്‍ നിന്ന് മടങ്ങിയത്രേ.നാത്തൂന്‍ ബാത്ത്‌റൂമില്‍ ഉരുണ്ടുവീണിട്ട് അനുജന്‍ വന്നു കൂട്ടിക്കൊണ്ടു പോയതാണത്രേ.അവള്‍ക്കു തല പെരുത്തു...അപ്പോള്‍ കുട്ടികള്‍?.ഇളയ മകള്‍ വീട്ടിലുണ്ട്,അയാള്‍ പോരും വരേയും മൂത്തവള്‍ സ്കൂള്‍ വിട്ട് വന്നിടില്ലത്രേ."നീ ഓഫീസില്‍ നിന്ന് നേരത്തേ ഇറങ്ങാന്‍ നോക്ക്...ചിലപ്പോല്‍ സ്കൂള്‍ വിടാന്‍ താമസിച്ചിട്ടുണ്ടാവും.ഞാന്‍ അയലത്തു
വിളിച്ചിട്ട് അവര്‍ എടുക്കുന്നില്ല.ഞാന്‍ ഇവിടുത്തെ പണികള്‍ ആരെയെങ്കിലും ഏല്‍പ്പിയ്ക്കുവാന്‍ പറ്റുവോന്നു നോക്കട്ടെ....".മോഹനേട്ടന്റെ ശബ്ദം അവളുടെ ബോധമണ്ഡലത്തിലെവിടെയോ ഒരു വെള്ളിടിയായി വെട്ടി.'ന്റെ..ആറ്റുകാലമ്മേ..എന്റെ മോള്‍' ഒരു ഗദ്ഗദം അവളുടെ തൊണ്ടയിലെത്തി മുറിഞ്ഞുപോയി."ഹലോ...ഹലോ...",ഫോണില്‍ നിന്നുയരുന്ന ശബ്ദം അവള്‍ കേട്ടില്ല.യാന്ത്രികമായി അവള്‍ മൊബൈല്‍ ഓഫാക്കി,ഇരുന്നിടത്തു നിന്നും പിടഞ്ഞെഴുന്നേറ്റു.'ചിലപ്പോള്‍ സ്കൂളു വിടാന്‍ താമസിച്ചതാവാം...എന്നാലും എണ്റ്റെ മോള്‍'അവള്‍ എത്ര ശ്രമിച്ചിട്ടും വിങ്ങിപ്പോയി.വേഗത്തില്‍ പിടഞ്ഞെഴുന്നേറ്റു പോകുമ്പോള്‍ ചെമ്പകപ്പൂക്കള്‍ അവളുടെ വയ്യാത്ത കാലിണ്റ്റെയടിയില്‍പ്പേട്ട് ഞെരിഞ്ഞമര്‍ന്നു.ഏന്തി വലിഞ്ഞുള്ള അവളുടെ ഓട്ടത്തില്‍ മുടന്തന്‍ കാല്‍ പാറയില്‍ത്താട്ടി ചോരയൊഴുകിയതും അവളറിഞ്ഞില്ല.ചുണ്ടുകള്‍ വിറകൊണ്ട് പിറു പിറുക്കുന്നതും അവളറിഞ്ഞില്ല...ബസ് സ്റ്റോപ്പിനെ ലക്ഷ്യമാക്കി ഭ്രാന്തിയേപ്പോലെ അവള്‍ ഏന്തി വലിഞ്ഞോടി....
അവള്‍ പോയ വഴിയിലേക്ക് സംഭ്രമത്തോടെ കണ്ണു പായിച്ചു നിന്ന ചെമ്പകമരത്തിണ്റ്റെ ചുണ്ടില്‍ നിന്ന് പ്രാര്‍ത്ഥനാ മന്ത്രമുയര്‍ന്നു...അവള്‍ കാഴ്ച്ചയില്‍ നിന്നു മറഞ്ഞിരുന്നു.
30 comments:
ബൂലോകരേ...കഴിഞ്ഞ തവണ കോമടിയായിരുന്നുവെങ്കില്‍ ഇത്തവണ ഒരു ചെറുകഥയാണ് പോസ്റ്റു ചെയ്യുന്നത്.സുമലതയെന്ന് സ്ത്രീ കഥാപാത്രത്തെ ഇന്നത്തെ കേരളീയ സമൂഹത്തിന് എളുപ്പം തിരിച്ചറിഞ്ഞേക്കാനാവുമെന്ന് വിശ്വസിയ്ക്കുന്നു...സുമലതയെ എത്രത്തോളം ഭലവത്തായി അവതരിപ്പിയ്ക്കുവാന്‍ കഴിഞ്ഞുവെന്ന് നിങ്ങള്‍ പറയേണ്ടിയിരിയ്ക്കുന്നു...സ്നേഹപൂര്‍വ്വം...
കഥ ഇഷ്ടമായി. എല്ലാവര്‍ക്കും തണല്‍ ആകുന്ന സുമ. അല്പം തണലില്‍ ഇരിക്കാന്‍ പോലും നേരമില്ലാത്ത പാവം. ഒരു സാധാരണസ്ത്രീജന്മത്തിന്റെ ജീവിതപുസ്തകത്തില്‍ നിന്ന് ഒരു ഏട്.
സു :-)തിരുവനന്തപുരത്തെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ മനസ്സിലൂടൊരു യാത്ര...പിന്നെ ഒരമ്മയുടെ ഉത്കണ്ഠകള്‍...അതു അടുത്തു നിന്ന് കണ്ടിട്ടുള്ളതു കൊണ്ട് എഴുതാന്‍ വിഷമം തോന്നിയില്ല...നന്ദി.
അരവി, നന്നായി. ഇഷ്ടപ്പെട്ടു.
അനന്തപുരിയിലേക്ക് വീണ്ടും വീണ്ടും കൂട്ടികൊണ്ട് പോകുവാണല്ലോ. നല്ല പോസ്റ്റ്, കഥാപാത്രത്തിന്റെയൊപ്പം സഞ്ചരിക്കുന്ന ഒരു പ്രതീതി സമ്മാനിച്ചതിന് നന്ദി.പിന്നെ, തിരുവന്തപുരത്തിന്റെ തണല്‍ മരങ്ങളില്‍ കോടാലി വീണു തുടങ്ങിയിരിക്കുന്നു, റോഡു വികസനമെന്നപേരില്‍. അരവി ഓര്‍ക്കാന്‍ ശ്രമിക്കുന്ന ആ ചെമ്പകമരം ഇന്നു അവിടുണ്ടെന്നു തോന്നുന്നില്ല.
പെണ്‍കുട്ടിയാണെന്ന് പറഞ്ഞ് ഇത്ര പേടിക്കുന്നതെന്തിനാ?പെണ്ണിനെ കണ്ണാടികൂട്ടില്‍ വയ്ക്കുന്ന ചില്ല് പാത്രം പോലെ വളര്‍ത്തുന്ന ഈ അമ്മമാര്‍ തന്നെയാ അവരുടെ നാശത്തിന് കാരണം..ഈ അമ്മയുടെ പെണ്‍കുഞ്ഞിനെ കയറിപിടിക്കാന്‍ ആരെങ്കിലും വന്നാല്‍ അത് പേടിച്ച് മുയല്‍കുഞ്ഞിനെ പോലെ നില്‍ക്കുകയേയുള്ളു..
അനന്തപുരിയുടെ മാസ്മരികത എനിക്കിഷ്ടമായി..മേല്പറഞ്ഞതൊഴികെ..
പെണ്ണായി പിറന്നത് കൊണ്ട് തന്നെ.
-പാര്‍വതി.
പാര്‍വ്വതിച്ചേച്ചിയോട് യോജിയ്ക്കുന്നു.പക്ഷേ കേരളത്തിന്റെ ഇപ്പോഴത്തെ സാമൂഹികമായ അവസ്ഥയില്‍ തങ്ങളുടെ പെണ്മക്കളെക്കൂറിച്ചോര്‍ത്ത് പേടിയ്ക്കുന്ന നിരവധി അമ്മമാര്‍ ഇപ്പോഴും നമ്മുടെ ചുറ്റുവട്ടത്തു തന്നെയുണ്ട്.ഇവരൊക്കെ ഒരല്പം ധൈര്യം കൂടിക്കൊടുത്ത് സ്വന്തം പെണ്മക്കളെ വളര്‍ത്തിയിരുന്നുവെങ്കിലെന്ന് ഞാനും ആലോചിയ്ക്കാറുണ്ട്.പക്ഷേ എനിയ്ക്കറിയാവുന്ന സുമലത പെണ്മക്കളെക്കുറിച്ച് ഇപ്പോഴും അമിതമായിട്ടുത്കണ്ഠപ്പെടുന്നു....ആ അമിത ഉത്കണ്ഠ ഞാന്‍ അതേപടി അവതരിപ്പിച്ചുവെന്നേയുള്ളൂ...ഇന്നും കേരളീയ സമൂഹത്തില്‍ ഏറിയ പങ്കും പെണ്ണ് അച്ഛനമ്മമാരുടെ നെഞ്ചില്‍ ഒരു ഭാരം തന്നെയാണു.അതു മാറ്റേണ്ടത് വിദ്യാഭ്യാസം ചെയ്തിട്ടുള്ള ഇന്നത്തെ തലമുറ തന്നെയാണെന്ന് ഓര്‍മ്മിപ്പിച്ചു കൊള്ളട്ടെ...
അരവീ..എന്റെ അപ്പന്‍ എനിക്ക് തന്നിട്ട് പോയതില്‍ ഞാനേറ്റവും വിലമതിക്കുന്നത് എന്റെ ആത്മവിശ്വാസമാണ്.
“വല്ലഭന് പുല്ലും കല്ലും ആയുധം” എന്ന് പുള്ളിയുടെ തിരുത്തിയെഴുത്ത്..പെണ്ണായത് കൊണ്ട് എനിക്ക് തന്ന ഉപദേശം ഒന്ന് മാത്രമാണ്.
“ഏത് ഇരുട്ടിലും കാല്‍ നിലത്തുറപ്പിച്ച് നില്‍ക്കുക..“
“മനസ്സിനുറപ്പുണ്ടെങ്കില്‍ കല്ലിനേക്കാള്‍ നല്ല ആയുധമൊന്നും ഇല്ല”
“സങ്കടത്തിന് മുന്‍പ് ദേഷ്യം വരുത്തി ശീലിക്കുക”
ഞങ്ങളുടെ ഇടയില്‍ ഒത്തിരി കാലവര്‍ഷ കുത്തൊഴുക്കുകളുടായാലും ഇത് ഇന്നും എന്റെ മനസ്സില്‍ നില്‍ക്കുന്നു.
-പാര്‍വതി.
പാര്‍വതി പറഞ്ഞത് വളരെ ശരി. എനിക്ക് തോന്നുന്നത്പെണ്‍കുട്ടികള്‍ അത്യാവശ്യം കരാട്ടെ ഒക്കെ പഠിച്ചിരിക്കുന്നത് നല്ലതാണെന്നാണ്.അത് ആത്മവിശ്വാസം വളര്‍ത്താന്‍ സഹായിക്കും. ഏറ്റവും വലിയ ശക്തിയും അതു തന്നെ. ഇതിലെ കഥാപാത്രം ആവശ്യമില്ലാതെ ഒത്തിരി ഉത്കണ്ഠപ്പെടുന്നുണ്ട്. തനിക്ക് കാലു വയ്യല്ലൊ എന്ന ചിന്ത കൂടെക്കൂടെ വരുന്നുമുണ്ട്. സാഹചര്യം ആയിരിക്കും, കുറ്റപ്പെടുത്താന്‍ പറ്റില്ല. എല്ലാം ശരിയാവും എന്നു പറഞ്ഞേക്കു.:)
ഹഹഹ....ബിന്ദൂട്ടിയേ, ബിന്ദൂട്ടി കരാട്ടേ പഠിക്കണതാലോചിച്ചിട്ട് ചോറു ഉണ്ടോണ്ടിരുന്ന എന്റെ കൊരക്ക് കേറി..
ഔ....അ.. ഷും!!!! (കരാട്ടെയാണേ)
കരാട്ടെ ,കുങ്ങ്ഫൂ പോലുള്ള മാര്‍ഷ്യല്‍ ആര്‍ട്സ് കൊണ്ട് കിട്ടുന്നത് കായബലവും അടവുകളും മാത്രമല്ല,ഏത് സാഹചാര്യത്തിലും മനസ്സിനെ നിയന്ത്രിക്കാനും സൂഷ്മചലനങ്ങളെ അറിയാനുമുള്ള കഴിവൊക്കെ കൂടിയാണ്.
അതൊക്കെ വളരെ ആവശ്യമാണ് എന്നാണ് എന്റെയും വാദം,പെണ്ണിന് മാത്രമല്ല ആണിനും.
-പാര്‍വതി.
അതിഗംഭീരം എന്ന് തന്നെ പറയുന്നു.
പടങ്ങള്‍ കണ്ടിട്ട് എനിക്ക് ഇങ്ങ് ഇരിക്കാന്‍ വയ്യായേ...
പാര്‍വതിയുടെ കമന്റ്... വളരെ നന്ന്.
അതിഗംഭീരം എന്ന് തന്നെ പറയുന്നു.
പടങ്ങള്‍ കണ്ടിട്ട് എനിക്ക് ഇങ്ങ് ഇരിക്കാന്‍ വയ്യായേ...
പാര്‍വതിയുടെ കമന്റ്... വളരെ നന്ന്.
അമേരിക്കയില് എല്ല്ലാവര്‍ക്കും എത്ര തോക്ക് വേണോലും കൈവശം വെക്കാം ലൈസന്‍സ് ഉണ്ടെങ്കില്‍.എന്റെ കൈയിലും ഉണ്ട് രണ്ടണ്ണം :)
പക്ഷെ അവരു ഡേറ്റാ എടുത്തു നോക്കിയപ്പൊ, അവരു പറയുന്നത്, ഈ തോക്ക് കൈവശം വെച്ചിട്ടുള്ളവരില്‍ തന്നെ ഇതുപോലുള്ള അത്യാവശ്യ സന്തര്‍ഭങ്ങളില്‍ ഉപയോഗിക്കുന്നത് അല്ലെങ്കില്‍ ജീവന്‍ രക്ഷിക്കാന്‍ അതുപയോഗിച്ചവര്‍ വെറും 2% താഴെയാണത്രെ.
തോക്കോ പിച്ചാത്തിയോ ആയി പുറകില്‍ നിന്ന് വരുന്ന കള്ളന്റെ അടുത്ത് കരാട്ടെ കൊണ്ട് അധികം കാര്യമില്ലാന്ന് എനിക്ക് തോന്നണു. പണ്ട് എന്നെ ഇതുപോലെ അപ്പന്‍ ഒരു സൂത്രത്തിന് കൊണ്ട് ചേര്‍ത്തപ്പൊ, അതു കഴിഞ്ഞ് വീട്ടി വന്നപ്പൊ ഒരു വടിയുമായി ചുമ്മാ പ്രാക്റ്റീസ് ചെയ്തപ്പൊ , ആ...ലെഫ്റ്റ് സൈഡിലല്ല അപ്പാ..ആദ്യം റൈറ്റ് സൈഡില്‍ ആണ് അടിക്കേണ്ടേ എന്ന് പറഞ്ഞതോടു കൂടി നിന്നുപോയി ആ പരിശീലനം :) ഹിഹിഹി
ഇതൊന്നും പഠിക്കാത്ത എന്റെ അനിയത്തിക്ക് എന്നേക്കാളും മനോധൈര്യം ഉണ്ടെന്ന് എനിക്ക് തോന്നണു. കള്ളന്‍ വന്നാല്‍, ദേ കള്ളന്‍ എന്ന് വിളിച്ചുകൂവാനെങ്കിലും...എനിക്ക് ശബ്ദമേ വെളിയില്‍ വരാറില്ല..എന്റെ പേടിച്ചരണ്ട മുഖം കണ്ട് കള്ളന് സഹതാപമോ ഭയമോ തോന്നി എന്നെ വെറുതെ വിട്ടാലായി :-)
അല്ല, കരാട്ടെ പഠിക്കണ നല്ലതാണ് കേട്ടൊ. അല്ലാന്നല്ല. നല്ല കോണ്‍സ്റ്റ്രേഷന്‍ കിട്ടും.
അരവീ, തിരുവന്തപുരം കഥയ്ക്ക് വീണ്ടും നന്ദി.
ഓടോ:
നാട്ടില്‍ പണ്ട് ഒരു അതിര്‍ത്തി തര്‍ക്കത്തിന് നെഞ്ചും വിരിച്ചു നിന്ന കരാട്ടെ ബ്ലാക്ക് ബെല്‍റ്റ് സെക്കണ്ട് ഡാന്‍ ആരുന്ന ചേട്ടനെ ഒറ്റക്കുത്തിന് കൊന്നതും അനിയന്‍ ഓടിരക്ഷപെട്ടതും ഓര്‍ത്തു പോയി.
അടി നടക്കുമ്പോള്‍ കരാട്ടേ ഉപയോഗിക്കുന്നത് ഞാന്‍ ഏതായാലും കണ്ടിട്ടില്ല :)
അപ്പോള്‍ എല്ലാരും കേട്ടല്ലൊ, ഇഞ്ചിപ്പെണ്ണിന്റെ കയ്യില്‍ ഒന്നല്ല, രണ്ട് തോക്കാണുള്ളത്. (രഹസ്യമായിട്ട് ചോദിക്കുവാട്ടൊ... ഉപയോഗിക്കാനറിയാമോ? )
യ്യോ... ഇഞ്ചിയേച്ചിക്ക് തോക്കൊക്കെയുണ്ടോ...
ഇനി വിമര്‍ശിക്കുമ്പോള്‍ സൂക്ഷിക്കണമല്ലോ.
ഇഞ്ചിയേച്ചിയേ, നമ്മള്‍ ഒരു ടീമാണേയ്യ്...
കഥ ഇഷ്ടപ്പെട്ടു അരവീ. :)
ഇഞ്ചീ, തോക്ക് ടോയ്സറസീന്നു മേടിച്ചതാ?
ആദീ, പേടിക്കണ്ട, അതു ചുമ്മാ ഇലവന്തൂര്‍ ഗുരുക്കളെ വിരട്ടാന്‍ വേണ്ടി വച്ച ഒരു ഉണ്ടയില്ലാ വെടിയാണെന്നാ തോന്നുന്നത് :)
ഹിഹിഹി..ഒരെണ്ണം ഞാന്‍ ഓറിഗണിലേക്കും, ഒരെണ്ണാം ന്യൂജ്യേര്‍സിയിലേക്കും തിരിച്ചു വെച്ചിട്ടുണ്ട്.. :-) ഹിഹിഹി...
ആര്‍പ്പിക്കുട്ട്യേ, ലിയോ ടോയ്സിന്റെ തോക്കാ..
ബിന്ദൂട്ടിയേ, പിന്നെ അല്ലാണ്ട്, കാനഡാക്കാര്‍ക്ക് തോക്ക് നിഷിദ്ധമായത് കൊണ്ട് ബിന്ദൂട്ടിനെ വേണൊങ്കി കാണിക്കാ, പക്ഷെ തോടിപ്പിക്കൂല്ല. :-)
അരവിശിവാ, നന്നായിരിക്കുന്നു.
കോമഡിയും സീരിയസ് കഥകളും ഒരേ ബ്ലോഗില്‍ എഴുതുന്നത് ഭാവിയില്‍, വായനക്കാരില്‍ കണ്‍ഫ്യൂഷനുണ്ടാക്കും.
ഇപ്പോള്‍ പലരും (ഞാനും) ചെയ്യുന്നതുപോലെ ഒരു ബ്ലോഗുകൂടി തുടങ്ങി കോമഡിയും സീരിയസ് കഥകളും വെവ്വേറെ എഴുതുന്നത് നന്നായിരിക്കും.
:)
കമന്റിട്ട എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു....
ഗൌരവമേറിയ ഒരു വിഷയം ചര്‍ച്ചയ്ക്കിട്ടു കൊടുത്ത പാര്‍വ്വതിച്ചേച്ചിയ്ക്ക് വീണ്ടും നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു.പക്ഷേ നിങ്ങള്‍ വിട്ടു പോയ ചിലതുകൂടി കുറിയ്ക്കട്ടെ.
വിവാഹം കഴിപ്പിച്ച് വിടാന്‍ വേണ്ടി മാത്രമാണ് ഒരു പെണ്‍കുട്ടി ജനിയ്ക്കുന്നതെന്ന് നമുക്കു തോന്നുന്ന തരത്തിലുള്ള സാമൂഹിക സ്ഥിതി കേരളത്തിന് ഇപ്പോഴും അന്യമല്ല.അതു മാറാത്തിടത്തോളം സ്ത്രീകളുടെ നഷ്ടപ്പെട്ട അന്തസത്ത തിരികെക്കിട്ടുമെന്നു തോന്നുന്നില്ല.സഹോദരിമാരേ,സ്ത്രീധനം എന്നത് നിങ്ങള്‍ക്കോരോരുത്തര്‍ക്കും സമൂഹം കല്‍പ്പിച്ചു നല്‍കുന്ന വിലയാണ്.സ്ത്രീധന സമ്പ്രദായം മാറിയാല്‍ മാത്രമേ പെണ്മക്കള്‍ അച്ഛനമ്മമാരുടെ മനസ്സില്‍ കുളിര്‍മ്മയാകൂ,അല്ലാത്തിടത്തോളം നിങ്ങള്‍ ഒരു ചെറു ഭാരമായിത്തന്നെ നിലനില്‍ക്കും.സ്ത്രീധനം വാങ്ങാതെ എന്നെ കെട്ടാന്‍ വരുന്നവനേ ഞാന്‍ കഴുത്ത് കാണിച്ചു കൊടുക്കൂ എന്ന് കേരളത്തിലെ 100 പെണ്‍കുട്ടികള്‍ പറഞ്ഞാല്‍ മതി,ആ വിപ്ലവകരമായ സാമൂഹിക മാറ്റം സംഭവിയ്ക്കാന്‍.
അടൂര്‍ ഗോപാലകൃഷ്ണന്റെ നിരീക്ഷണം പോലെ കേരളത്തില്‍ സ്ത്രീകള്‍ മുന്‍പന്തിയില്‍ വന്നിട്ട് നിശബ്ദമായൊരു വിപ്ലവം നടക്കുന്നുണ്ട്.താന്‍ ആര്‍ക്കും ഭാരമല്ലെന്ന് പാര്‍വ്വതിച്ചേച്ചിയെപ്പോലെ ആര്‍ജ്ജവത്തോടെ പറയാന്‍ പെണ്‍കുട്ടികള്‍ മുന്‍പോട്ടു വരട്ടെ.ഉന്നത വിദ്യാഭ്യാസം ചെയ്യുന്ന പല പെണ്‍കുട്ടികളും ഒരു ജോലി സമ്പാദിയ്ക്കുന്നതിനേക്കാള്‍ ആ ഡിഗ്രി ഉയര്‍ന്നൊരു വിവാഹബന്ധത്തിനുള്ള ചവിട്ടു പടിയായി മാത്രം ഉപയോഗിയ്ക്കുന്നത് കണ്ടിട്ടുണ്ട്.നിങ്ങള്‍ തന്നെ അതു മാറ്റുവാന്‍ ശ്രമിയ്ക്കുക.
അടുത്ത തലമുറയിലെങ്കിലും സുമലതയെപ്പോലുള്ള അമ്മമാര്‍ കേരളത്തിലില്ലാതിരിയ്ക്കട്ടെ...ലൈഗിക അപവാദങ്ങളും പീഢനങ്ങളും പൊയ്പ്പോകട്ടെ..കേരളം ശുദ്ധമാകട്ടെ...
ബിന്ദു :-)
ഇഞ്ഞിപ്പെണ്ണ് :-)
വിശാലം ഗുരുക്കളേ :-)
ആദിത്യേട്ടാ :-)
R.P :-)
പാപ്പാന്‍ :-)
ദിവാ :-)കോമടിയിലും,ചെറുകഥയിലും,സംഗീതത്തിലും,ഓര്‍മ്മക്കുറിപ്പിലുമെല്ലാമുള്ള പൊതു ഘടകം തിരുവനന്തപുരമാണ്.അതുകൊണ്ടാണ് ഞാന്‍ ഒരു ബ്ലോഗില്‍ത്തന്നെ എല്ലാം പോസ്റ്റു ചെയ്തത്.കുറഞ്ഞപക്ഷം കോമടിയെങ്കിലും തിരുവന്തോരം കോമടിയെന്നൊരു പുതിയ ബ്ലോഗിലാക്കാന്‍ ശ്രമിയ്ക്കാം.ചൂണ്ടിക്കാണിച്ചതിനു വളരെ നന്ദി....
ആയ്യൊ എന്റെ ഒരു അഭിപ്രായം പറയട്ടെ, ഒരു അന്‍പതിനായിരം ബ്ലൊഗിനേക്കാളും നല്ലത് ഒരൊറ്റ ബ്ലോഗാണ്. ബ്ലോഗര്‍ ബീറ്റാ വരുമ്പോള്‍ (ഞാന്‍ ബീറ്റായിലോട്ട് ആയി, നിങ്ങളോ?) വിഭാഗം തിരിച്ച് പോസ്റ്റുകള്‍ ഇടാം. സോ, യൂ സീ അന്‍പത് ബ്ലോഗ് വേണ്ടാ അന്നേരം :-) വെറുതെ പറഞ്ഞൂന്നേയുള്ളൂട്ടൊ.
qw_er_ty
കഥ നന്നായിട്ടുണ്ട്.
നമ്മുടെ നാട്ടിലെ ഒരു സാധാരണ വീട്ടമ്മയുടെ തിരക്കും, ആധികളും നന്നായി വിവരിച്ചിരിക്കുന്നു. സുമലതയേയും കുടുംബത്തേയും ദൈവം തുണയ്ക്കട്ടെ.
അരവി,
നല്ല കഥ. നഗരത്തിന്റെ കിതപ്പും മനുഷ്യമനസ്സിന്റെ വ്യാകുലതയും ചേരുംപടി ചേര്‍ത്ത രചന. ആരൊക്കെ എത്ര വീരസ്യം പറഞ്ഞാലും ഒരു സാധാരണ അമ്മയ്ക്ക് പ്രായമായി വരുന്ന പെണ്മക്കളുടെ വീട്ടിലെ ഒറ്റപ്പെട്ട പകലുകളും രാത്രികളും പേടിസ്വപ്നം തന്നെയാണ്.
ഇഞിപ്പെണ്ണേ :-)എല്ലാം ഒരേ ബ്ലോഗില്‍ ഉള്‍ക്കൊള്ളിയ്ക്കാന്‍ തന്നെയാണ് എനിയ്ക്കും താത്പര്യം.ബീറ്റ ബ്ലോഗറായി നോക്കട്ടെ....
ശാലിനി :-)നന്ദി...ശാലിനി പറഞ്ഞതുപോലെ"സുമലതയേയും കുടുംബത്തേയും ദൈവം തുണയ്ക്കട്ടെ....."
ചമ്പക്കാടന് :-) "ആരൊക്കെ എത്ര വീരസ്യം പറഞ്ഞാലും ഒരു സാധാരണ അമ്മയ്ക്ക് പ്രായമായി വരുന്ന പെണ്മക്കളുടെ വീട്ടിലെ ഒറ്റപ്പെട്ട പകലുകളും രാത്രികളും പേടിസ്വപ്നം തന്നെയാണ്."വളരെ സത്യസന്ധമായ ഈ നിരീക്ഷണത്തിനും സുമലതയുടെ ആധികള്‍ ഗൌരവത്തോടെ വിലയിരിത്തിയതിനും നന്ദി...
സ്നേഹപൂര്‍വ്വം....
ആത്മകഥേ.. :-)കഥയെ സൂക്ഷമമായി വിലയിരുത്തിയതിനു നന്ദി പറയുന്നു...
ആത്കഥയുടെ പുതിയ അദ്ധ്യായങ്ങള്‍ എഴുതിച്ചേര്‍ത്തുവല്ലേ..പിന്നീട് വായിച്ചിട്ട് കമന്റാം...
അരവിശിവ : വളരെ നന്നായിരിക്കുന്നു
ഒരമ്മയുടെയും ഉദ്യോഗസ്ഥയുടെയും വിഗലാംഗയുടെയുടെയും വ്യത്യസ്ത വ്യക്തിത്വങ്ങള്‍ കഥക്ക് പുതുജീവനേകി.
ഇനിയുമിനിയുമെഴുതാന്‍ ആശംസകള്‍.
അരവിശിവ..,
ഇത്തിരി വൈകിയാണ് വായിച്ചത്. കണ്ടില്ല എന്നു പറയുന്നില്ല. കഥയുടെ പേര് കണ്ടപ്പോള്‍ കഥയാണ് എന്നു തോന്നിയില്ല. ക്ഷമിക്കണം.
ഒരു പാട് അമ്മ നൊമ്പരങ്ങള്‍ക്കിടയില്‍ സുമയും അല്ലേ..
ഇത് ഇന്നിന്‍റെ കഥ തന്നെയാണ്. ഉപരിപ്ലവമായി കഥയെ കാണാതെ കഥാകാരന്‍ ആഗ്രഹിക്കുന്നത് അടുത്ത കഥയില്‍ എങ്ങിനെ മെച്ചമാക്കാം എന്നും മനസ്സിലുള്ളത് മുഴുവനും കമ്മ്യൂണിക്കേറ്റായൊ എന്നുമാണ്. കഥ വായനക്കാരനിലേക്ക് കടന്നു കയറിയിരിക്കുന്നു ഒരു വായനാ തടസ്സവും കൂടാതെ. കഥയിലെ ചില ബിംബങ്ങള്‍ (വികലംഗയായ അമ്മ - എല്ലാ പെണ്‍കുട്ടികളുള്ള അമ്മമാരും വികലാംഗമാരായി പോകുന്ന ഒരു സമൂഹം നമുക്കു മുമ്പില്‍ വളര്‍ന്നു വരുന്നു)നന്നായിട്ടുണ്ട്.
കഥയിലെ പോരായ്മ: കഥ വെളിച്ചം നല്‍കേണ്ടതായിരിക്കണം ന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരു പ്രതീക്ഷ.. അത് കഥ തരുന്നില്ല. അവസാന വരികളില്‍ കഥ അവസാനിപ്പിക്കാന്‍ കഥാകാരന്‍ തിടുക്കം കൂട്ടി എന്നു തോന്നി.(വായനക്കാരന്‍റെ അഭിപ്രായമാണ്)
മഴത്തുള്ളി :-)കഥ വായിച്ചതിനും മനോഹരമായി വിലയിരുത്തിയതിനും വീണ്ടും നന്ദി പറയുന്നു.തിരുവനന്തപുരത്തെ തെരുവോരങ്ങളില്‍ നിന്ന് ഞാന്‍ കണ്ടെത്തിയ കഥാ പാത്രങ്ങള്‍ക്ക് ജീവനേകാനും അതിന് നിങ്ങളെപ്പോലുള്ള സഹൃദയരുടെ അഭിനന്ദനത്തിന് പാത്രമാകാനും ശ്രീ പദ്മനാഭന്‍ ഇനിയും ഇട വരുത്തട്ടെ എന്ന് ഞാന്‍ ആഗ്രഹിയ്ക്കുകയാണ്....
ഞാന്‍ ഇരിങ്ങല്‍ :-)ആത്മകഥയെപ്പോലെ താങ്കളും കഥയെ അതി സൂക്ഷ്മമായി വിലയിരുത്തിയിരിയ്ക്കുന്നു.ഞാന്‍ കാണാതെ പോയ പലതും ചൂണ്ടിക്കാണിച്ചു തരികയും ചെയ്തു.ആദ്യമായി നന്ദി രേഖപ്പെടുത്തിക്കൊള്ളട്ടെ.സുമയെന്ന കഥാപാത്രത്തിന്റെ വികാര വിചാരങ്ങള്‍ വളരെ സ്വാഭാവികമായെന്നിലേക്ക് വന്നുവെന്നു പറയാം.വ്യത്യസ്ത വ്യക്തിത്വങ്ങള്‍ മനപൂര്‍വ്വം ഉള്‍ക്കൊള്ളിച്ചതായിരുന്നില്ല.
കഥയിലെ പോരായ്മ ചൂണ്ടിക്കാണിച്ചതിനും നന്ദി. സുമയുടെ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്ന ശ്രീ പദ്മനാഭന്‍ ഈ പ്രശ്നത്തിലും അവള്‍ക്ക് തുണയായിട്ടുണ്ടാവുമെന്നു കഥാകൃത്തെന്ന നിലയില്‍ ഞാന്‍ വിശ്വസിയ്ക്കുന്നു.പക്ഷേ അതു വായനക്കാരോട് പറയുന്നതില്‍ ഞാന്‍ പരാജയപ്പെട്ടിരിയ്ക്കാം.പിന്നെ ഒരല്‍പ്പം അസസ്ഥത വായനക്കാരില്‍ അവശേഷിപ്പിയ്ക്കണം എന്ന് കരുതിയിരുന്നു.അതുകൊണ്ടാണ് അങ്ങനെയൊരു അന്ത്യം കഥയ്ക്കു വന്നത്.
അടുത്ത കഥയില്‍ ഈ പോരായ്മകളെല്ലാം മറി കടക്കാമെന്നു വിശ്വസിയ്ക്കുന്നു.
സ്നേഹപൂര്‍വ്വം...
Post a Comment