Tuesday, April 24, 2007

സത്രം..

“അച്ച്ഛാ… ഇതു ഞാനാ .. ബാലന്‍”…റിസീവറിന്റെ അങ്ങേത്തലയ്ക്കല്‍നിന്നുള്ള ശബ്ദം ആരുടേതെന്ന് തിരിച്ചറിയാനാവാതെ മേനോന്‍ കുഴങ്ങി…

“ബാലനോ….?ആരാണെന്നങ്ങോട്ടു പിടി കിട്ടുന്നില്ലല്ലോ?” മേനോന്‍ തന്റെ ഓര്‍മ്മപ്പിശകിനെ വീണ്ടും ശപിച്ചു.

“സത്രത്തിനു കണ്ടത് അച്ഛന്‍ മറന്നോ?”,മേനോന്റെ മുഖത്ത് പതുക്കെ ഒരു പുഞ്ചിരി പടര്‍ന്നു.

“നീയിവിടെയെത്തിയോ…?എവിടെയാണെന്ന് പറയ് ഞാന്‍ വരാം”, പിന്നില്‍ ചായയുമായി വന്ന ഭാര്യ മേനോന്റെ മുഖത്തേക്കാകാംക്ഷയോടെ നോക്കി.റിസീവര്‍ വച്ചിട്ട് മേനോന്‍ ആഹ്ലാദത്തോടെ ബാലന്റെ വരവറിയിച്ചു.

“അതേയോ…..?” അവരുടെ മുഖത്തും സന്തോഷം പടര്‍ന്നു. സ്വീകരണ മുറിയിലെ ബഹളത്തിന്റെ കാരണമറിയാന്‍ അടുക്കളയില്‍ നിന്ന് രേവതിയും കൂടി.മേനോന്‍ യാത്ര പറഞ്ഞിറങ്ങിയതിനു ശേഷം ലക്ഷ്മി മരുമോളോട് ബാലനെക്കുറിച്ച് വിശദീകരിച്ചു.

സുനാമിത്തിരകള്‍ മനുഷ്യജീവനെ പുല്ലുവില പോലും കല്‍പ്പിയ്ക്കാതെ അമ്മാനമാടിയ ദിവസം, 2004 ഡിസംബര്‍ 26.താനും ഭര്‍ത്താവും അന്നു ഹരിപ്പാട്ട് വച്ചു നടക്കുന്ന ഭാഗവത സത്രത്തിനു പങ്കെടുക്കാന്‍ തിരുവനന്തപുരത്തു നിന്നു പുറപ്പെട്ടു. ട്രെയിനില്‍ തിരുവനന്തപുരത്ത് നിന്ന് ഹരിപ്പാടു വരെയുള്ള യാത്ര ആയുസിലൊരിയ്ക്കലും മറക്കാന്‍ പറ്റാത്തവണ്ണം ഭീകരമായിരുന്നു.ദുരന്തത്തിന്റെ ഭീതിയും ദുരന്തവാര്‍ത്തകളുടെ ഭീകരതയും പേറിയുള്ള യാത്ര.അന്ന് ഹരിപ്പാട്ടു ചെന്നിറങ്ങുമ്പോള്‍ തിരിച്ചു പോന്നാല്‍ മതിയെന്നായിരുന്നു തനിയ്ക്ക്.തങ്ങള്‍ക്കറേഞ്ചു ചെയ്ത റൂമില്‍ ബാലനെക്കൂടാതെ മൂന്നാലുപേര്‍ വേറെയുമൂണ്ടായിരുന്നു.പക്ഷേ ബാലനോടടുത്തത്രയും ആരോടും അടുത്തില്ല.അഞ്ചരയടി പൊക്കവും മടക്കിക്കുത്തിയ കാവി മുണ്ടും കടും നീല ഷര്‍ട്ടുമാണ് ആദ്യം മനസ്സിലേക്കോടി വരുന്നത്. ഇല്ലാതിരുന്നതു കൊണ്ടാവാം അവന്‍ ചെരിപ്പുപയോഗിച്ച് താന്‍ കണ്ടിട്ടില്ല. പിറകില്‍ കൈകെട്ടി ആവേശത്തോടെ കാര്യം പറയുമ്പോള്‍ ഒരു തനി നാട്ടിന്‍പുറത്തുകാരന്റെ ചേഷ്ടകളെല്ലാം പുറത്തു വരും.തന്റെയറിവില്‍ അവന് മുപ്പത്തഞ്ചിനു മുകളില്‍ പ്രായമുണ്ടാവും.തൃശൂര്‍ ഭാഗത്തെവിടെയോ ആണ് വീട്.വിവാഹിതനാണെന്നും ഭാര്യയും കുട്ടികളുമായി പിണങ്ങിക്കഴിയുകയാണെന്നും ചേട്ടന്‍ പറഞ്ഞാണറിഞ്ഞത്.എന്തായാലും പോരും വരേയും അച്ഛനെന്നും അമ്മയെന്നും വിളിച്ച് തങ്ങളുടെ എല്ലാ കാര്യവും നോക്കാന്‍ അവനുണ്ടായിരുന്നു.സത്രത്തിലെ പ്രഭാഷണത്തിനും,സദ്യയ്ക്കുമെല്ലാം അവന്‍ പോയി സീറ്റു പിടിയ്ക്കും, എന്നുവേണ്ട ബാത്ത്‌റൂമില്‍ ചൂടു വെള്ളം തരപ്പെടുത്തി തരുന്നതില്‍ വരെ അവന്റെ ഉത്സാഹമുണ്ടായിരുന്നു.പത്തു ദിവസങ്ങള്‍ക്കു ശേഷം അവിടുന്ന് തിരിച്ചു പോരുമ്പോള്‍ അവനെ ഒരു മകനെപ്പോലെ താനും ഭര്‍ത്താവും സ്നേഹിച്ചു തുടങ്ങിയിരുന്നു.അനാഥനെപ്പോലെ അലഞ്ഞു തിരിഞ്ഞ് നടക്കാതെ തങ്ങളുടെയൊപ്പം പോരാന്‍ തങ്ങളാവതും നിര്‍ബ്ബന്ധിച്ചതാണ്.ആരെയോ കാണാനുണ്ടെന്നു പറഞവന്‍ ഒഴിഞ്ഞുമാറി.ഇന്നിപ്പോള്‍ രണ്ടു വര്‍ഷങ്ങള്‍‍ക്കു ശേഷമാണ് അവനെക്കുറിച്ചെന്തെങ്കിലും കേള്‍‍ക്കുന്നത്.

“അച്ഛനീപ്രായത്തിലീ വയ്യാ വേലിയൊക്കെ ചുമക്കേണ്ട വല്ല കാര്യവുമുണ്ടോ?ആരേയും വിശ്വസിയ്ക്കാന്‍ വയ്യാത്ത കാലമാ….ഏട്ടനിന്നാളും പത്രത്തിലെന്തോ വായിച്ചിട്ട് ഫോണ്‍ ചെയ്തായിരുന്നു…ഞാന്‍ പറഞ്ഞാല്‍ എല്ലാവരും പിണങ്ങും” പ്രതീക്ഷിച്ചപോലൊരു മറുപടിയും പറഞ്ഞ് രേവെതി അടുക്കളയിലേക്ക് പോയി.

മേനോനും ബാലനും ഉച്ചയൂണിന്റെ സമയത്തോടെയെത്തി..അവന്‍ നന്നേ മെലിഞ്ഞിരിയ്ക്കുന്നു.ആകെയൊരു ക്ഷീണം മുഖത്ത്, ലക്ഷ്മി വിലയിരുത്തി.അവന്‍ പഴയപോലെ തന്നെ അമ്മേയെന്ന് വിളിച്ച് അരികിലോടി വന്ന് വിശേഷങ്ങള്‍ ചോദിച്ചു. രേവതി വന്നപടിയേ ബാലനെ അടിമുടിയൊന്നു നോക്കി, അവളുടെ മുഖത്ത് തൃപ്തി കണ്ടില്ല.എങ്കിലും അതിഥിയോടുള്ള ആദരവുപോലെ അവള്‍ അവനെ നോക്കി ഒന്നു പുഞ്ചിരിച്ചു, പിന്നെ വേഗം രംഗത്തുനിന്നൊഴിഞ്ഞു.

തനിച്ചായപ്പോള്‍ മേനോന്‍ ബാലനോടു അവന്റെ കുടുംബത്തെക്കുറിച്ച് ചോദിച്ചു.. അവന്‍ മുഖം കുനിച്ചിരുന്നതേയുള്ളൂ.

“അവള്‍ ശരിയല്ലച്ചോ….അവള്‍ വേറൊരുരുത്തന്റെയൊപ്പം……ഒറ്റയടിയ്ക്ക് കൊല്ലാനൊരുങ്ങിയതാണച്ചോ…പിള്ളേരെയോര്‍ത്താ…” രണ്ടുകൊല്ലം മുന്‍പ് തന്റെ മുന്പിലിരുന്ന് അവന്‍ വികാരവിക്ഷോഭിതനായി പറഞ്ഞത് മേനോന്‍ മറന്നിട്ടില്ല. അപ്പോള്‍ താനൂഹിച്ചപോലെ അവന്റെ കുടുംബജീവിതത്തിലെ പ്രശ്നങ്ങള്‍ പൂര്‍ണ്ണമായൊഴിഞ്ഞിട്ടില്ല.കാര്യങ്ങളുടെ നിജസ്ഥിതിയെന്താണെന്ന് തനിയ്ക്കറിയില്ല,അവന്‍ പറഞ്ഞുള്ള അറിവേയുള്ളൂ.വേണ്ട, ഇനിയും ചോദിച്ച് അവനെ വിഷമിപ്പിയ്ക്കാന്‍ പോകേണ്ട.മേനോന്‍ പിന്നെയവനോട് അതേപ്പറ്റി ഒന്നും ചോദിച്ചില്ല. ഒന്നും ചോദിയ്ക്കരുതെന്ന് ലക്ഷ്മിയോടും പറഞ്ഞു.

ബാലനെ എവിടെ താമസിപ്പിയ്ക്കും? അവനെന്ത് പണി ശരിയാക്കിക്കൊടുക്കും?....മേനോന്‍ ആത്മസുഹൃത്തായ ഗോപിയെ വിളിച്ചാരാഞ്ഞു..ഗോപി അവന് ശാസ്തമംഗലത്തെ ചെറിയൊരു ഹോട്ടലില്‍ വെയിറ്ററുടെ പണി തരപ്പെടുത്തി കൊടുത്തു.അതിനോടു തന്നെ ചേര്‍ന്നൊരു മുറി താമസിയ്ക്കാനും ഏര്‍പ്പാടാക്കി.ഗോപി പറഞ്ഞതുകാരണം ആഴ്ച്ചയിലഞ്ചു ദിവസം മാത്രം പണിയെടുത്താല്‍ മതി.കുഴപ്പമില്ലാത്ത ശമ്പളവും.

ശനിയും ഞായറും പകല്‍ മുഴുവനും അവന്‍ വീട്ടില്‍ തന്നെയുണ്ടാവും.അല്ലാത്ത ദിവസങ്ങളില്‍ പണി നേരത്തേ കഴിഞ്ഞാല്‍ അവന്‍ വരും.പിന്നെ തന്റെ കൂടെ നടക്കാന്‍ കൂട്ടു വരും.വീട്ടില്‍ വന്നാലും അവന്‍ വെറുതേയിരിയ്ക്കില്ല, എന്തെങ്കിലുമൊക്കെ പണി ചെയ്ത് ലക്ഷ്മിയുടേയും രേവതിയുടേയും അധ്വാന ഭാരം കുറയ്ക്കും.രേവതി ആദ്യമൊന്നും അവനോട് കൂടുതലടുപ്പം കാട്ടിയില്ല.പതുക്കെപ്പതുക്കെ അവള്‍ അവനോടുള്ള പെരുമാറ്റത്തില്‍ അയവ് വരുത്തിത്തുടങ്ങി….

“മുഖം കണ്ടാലേ അറിയാം ആളത്ര ശരിയല്ലെന്ന്….എന്റെയൊരു തോന്നല്‍ വച്ച് ഒരു ക്രിമിനല്‍ ലുക്കാണയാള്‍ക്ക്….” രേവതി തന്നെയാണ്‍ ഒരിയ്ക്കലങ്ങനെ പറഞ്ഞതെന്ന് മേനോനോര്‍ത്തു…

ചെറുമകന്‍ വിഷ്ണുവിനും അവനോടലോഹ്യമൊന്നുമില്ല. അവന്‍ പതുക്കെ കുടുംബത്തിന്റെ ഒരു ഭാഗമായി തീരുന്നാത് മേനോനറിയുന്നുണ്ടായിരുന്നു.അയാളതില്‍ ഉള്ളുകൊണ്ട് സന്തോഷിച്ചു…ഒരു പക്ഷേ തന്നേക്കാളേറെ അവന്റെ സാമീപ്യം ഇഷ്ടപ്പെടുന്നത് ലക്ഷിയാണെന്നു തോന്നിയിട്ടുണ്ട്….ഇങ്ങനൊക്കെയാണെങ്കിലും ഗള്‍‌ഫിലുള്ള മകന്‍ ഇതില്‍ വലിയ തൃപ്തി കാട്ടിയില്ല.ബാലനെ എത്രയും പെട്ടെന്ന് പറഞ്ഞു വിടണമെന്നാണവന്റെ പക്ഷം…എന്തു വിശ്വസിച്ചാണ് ഒരു പരിചയവുമില്ലാത്തൊരാളെ വിളിച്ച് വീട്ടില്‍ കയറ്റുന്നതെന്നാണവന്റെ ചോദ്യം…മകന്റെ അനിഷ്ടം മേനോനെ അലട്ടുന്നുണ്ടായിരുന്നുവെങ്കിലും അയാള്‍ അതു സാരമാക്കിയില്ല.

മകന്റെ അനിഷ്ടത്തെക്കുറിച്ച് അയാള്‍ ഗോപിയോടും സൂചിപ്പിച്ചു.ഗോപിയുടെ മറുപടി പക്ഷേ അയാളെ വല്ലാതെ അസ്വസ്ഥനാക്കുകയാണുണ്ടായത്.

“അവനേതു തരക്കാരനോ ആകട്ടെ…പക്ഷേ അവനിപ്പോഴും ചെറുപ്പമാ…നിന്റെ മരുമകള്‍ക്കും…മകനെ കുറ്റം പറയാന്‍ പറ്റുമോ?”

അന്നു മുഴുവന്‍ അയാള്‍ ആലോചനയിലാണ്ടു….തന്റെ ഗൌരവം കണ്ടിട്ട് ലക്ഷ്മി കാര്യമെന്തെന്ന് ചോദിയ്ക്കുകയും ചെയ്തു.അയാള്‍ ഒന്നും പറഞ്ഞില്ല്.

ബാലനെപ്പറ്റി മുന്‍പ് താന്‍ കേള്‍ക്കാനിടയായ ചില കഥകള്‍ അയാളുടെ അസ്വസ്ഥതയുടെ ആഴം കൂട്ടി.സ്ത്രീവിഷയത്തില്‍ ആളൊരു വിരുതനാണെന്ന് തമാശമട്ടില്‍ അന്ന് റൂമിലിണ്ടായിരുന്ന ഓച്ചിറക്കാരനൊരു സ്വാമി പറഞ്ഞതോര്‍ക്കുന്നു.സത്രത്തിന്‍ വന്ന സ്ത്രീകളെക്കുറിച്ച് അവനെന്തോ കമന്റ് പറഞ്ഞതാണു കാര്യം.ബാലനെന്തൊക്കെയോ ചുറ്റിക്കളിയുണ്ടെന്ന് അയാള്‍ തമാശമട്ടില്‍ അവനെ കളിയാക്കിയിരുന്നു. താനന്നത് വെറുമൊരു തമാശയായി തള്ളി….ഇന്നിപ്പോള്‍ അതുകൂടിയോര്‍ത്തപ്പോള്‍ മനസ്സാകെ കലങ്ങി മറിഞ്ഞിരിയ്ക്കുന്നു.

“അച്ഛാ…അച്ഛനുറങ്ങുകയാണോ?” ബാലന്റെ സ്വരം അയാളെ ഓര്‍മ്മയില്‍ നിന്നുണര്‍ത്തി…

“ഊം….”അയാള്‍ വെറുതേ മൂളി….

“അമ്മയെവിടെ….?” അവന്‍ പതിവുപോലെ അടുക്കളയിലേക്കു പോയി…..മേനോന്‍ അസ്വസ്ഥതയോടെ കസേരയുടെ കൈവരിയില്‍ തെരുപ്പിടിച്ചു.

അവന്‍ വന്നാല്‍ അടുക്കളയില്‍ ലക്ഷ്മിയേയും രേവതിയേയും സഹായിയ്ക്കാന്‍ കൂടാറാണ് പതിവ്…പിന്നെ അകത്തു നിന്ന് പൊട്ടിച്ചിരിയും ഉച്ചത്തിലുള്ള സംസാരവും പതിവാണ്…ലക്ഷ്മി എപ്പോഴും ആ മുറിയിലുണ്ടാവണമെന്നില്ല…

ഭ്രാന്തു പിടിയ്ക്കുന്നതുപോലെ….മേനോന്‍ കസാരയില്‍ നിന്നെഴുന്നേറ്റു…മുറിയില്‍ പോയി ഡ്രെസ്സ് മാറി വെയിലത്തേക്കിറങ്ങി നടന്നു….ഒരു പക്ഷേ അവന് സഹോദരീ തുല്യമായ മനോഭാവമാവാം രേവതിയോട്.മ്യൂസിയത്തിലെ ചാരു ബഞ്ചിലിരിയ്ക്കുമ്പോള്‍ ഗോപിയോട് കടുത്ത ദേഷ്യം തോന്നി.ഇടയ്ക്ക് അവന്‍ പറഞ്ഞതാണു ശരിയെന്നും തോന്നി…..ഇനിയിതിങ്ങനെ വിട്ടാല്‍ പറ്റില്ല…അയാളുറച്ചു.

“ശനിയും ഞായറുമൊന്നും നീ വെറുതേ അവിടുന്നിവടെ വരെ ചാടി വരേണ്ട” എന്ന് സ്നേഹത്തോടെ അവനോടു പറഞ്ഞു നോക്കി….

“സാരമില്ലച്ഛാ…ഞാന്‍ വെറുതേയിരിയ്ക്കുകയല്ലേ..”ആ മറുപടിയില്‍ ആ മാര്‍ഗ്ഗവുമടഞ്ഞു.

“അടുക്കളയില്‍ നീയിനി പെണ്ണുങ്ങളെ സഹായിയ്ക്കാന്‍ പോകേണ്ട്…പുറം പണിയെന്തെങ്കിലും ചെയ്താല്‍ മതി…”സ്നേഹപൂര്‍വ്വമുള്ള ശാസനയും ഭലിച്ചില്ല.

തന്റെ നിയന്ത്രണം തനിയ്ക്കു നഷ്ടപ്പെട്ടേക്കുമോയെന്നയാള്‍ ഭയന്നു…..

വൈകീട്ട് മകന്റെ ഫോണുണ്ടായിരുന്നു. “അവനെ ഞാന്‍ പറഞ്ഞു വിടാം…”എന്ന അച്ഛന്റെ ശാന്തമായ മറുപടി അയാളെ തെല്ലൊന്നമ്പരപ്പിച്ചു….തനിയ്ക്കെങ്ങനെ അങ്ങനെ പറയാന്‍ കഴിഞ്ഞുവെന്ന് പിന്നീട് മേനോന്‍ വ്യസനത്തോടെയോര്‍ത്തു….

ശനിയാഴ്ച്ചത്തെ ഉച്ച മയക്കം കഴിഞ്ഞെഴുന്നേറ്റപ്പോള്‍ ലക്ഷ്മി ചായയുമായി വന്നു. രേവതിയെവിടെയെന്ന് മേനോനന്വോഷിയ്ക്കാതിരുന്നില്ല. അവള്‍ മാര്‍ക്കറ്റില്‍ പോയെന്ന മറുപടിയാണ് ലഭിച്ചത്.

ഇരുളു വീണു തുടങ്ങിയപ്പോഴാണ് മേനോന്‍ രേവതിയെക്കുറിച്ച് വീണ്ടുമാരാഞ്ഞത്…

“നിങ്ങള്‍ പേടിയ്ക്കാതിരി….ബാലനുമുണ്ട് കൂടെ….”

മേനോന്റെ തുറിച്ചു നോട്ടത്തിന്റെ അര്‍ത്ഥം മനസ്സിലാവാതെ അവര്‍ പരിഭ്രമിച്ചു.

“എന്താ നിങ്ങളിങ്ങനെ നോക്കുന്നെ….” ഭാര്യയുടെ കൈ തട്ടിമാറ്റി കയ്യിലിരുന്ന പത്രം വലിച്ചെറിഞ്ഞിട്ട് അയാള്‍ മുറ്റത്തേക്കിറങ്ങി…..

തന്റെ മുഖം വലിഞ്ഞു മുറുകുന്നതും ചുണ്ടുകള്‍ വിറയ്ക്കുന്നതും മേനോനറിയുന്നുണ്ടായിരുന്നു.ഇരുളിന്റെ കട്ടി കൂടി വരുന്നു….

പരിഭ്രമത്തോടെ അകന്നു മാറി നില്‍ക്കുന്ന ഭാര്യയെ തീര്‍ത്തും അവഗണിച്ച് അയാള്‍ റൂമില്‍പ്പോയി പാന്റും ഷര്‍ട്ടുമിട്ടു വന്നു. ഗേറ്റിന്റെ മുന്‍പിലെത്തിയതും വെളിയിലൊരോട്ടോ വന്നു നിന്നു. ആദ്യം ബാലന്‍ വലിയൊരു കവറുമായി ഫ്രണ്ട് സീറ്റില്‍ നിന്നിറങ്ങി…പിന്നില്‍ നിന്ന് രേവതിയും…അവള്‍ തന്നെ ഓട്ടോക്കാരനു കാശുകൊടുത്തു…ഓട്ടോക്കാരനോട് എന്തോ പറഞ്ഞ് മൂന്നു പേരും ചിരിയ്ക്കുന്നുമുണ്ടായിരുന്നു. മേനോന്‍ നിന്നിടത്തു നിന്നനങ്ങിയില്ല.

“അച്ഛനീ രാത്രിയിലിതെങ്ങോട്ടാ….?” അടുത്തു വന്നപ്പോള്‍ രേവതി സ്നേഹത്തോടെ ചോദിച്ചു…..

“അമ്മേ ബാലേട്ടന്റെ കയ്യില്‍ നിന്ന് ഈ സാധനമൊക്കെ ഒന്നു വാങ്ങി വയ്ക്ക്…” തനിയ്ക്കു ചുറ്റിനും നടക്കുന്നതിലൊന്നും അയാളുടെ ശ്രദ്ധ പതിഞ്ഞില്ല. അയാള്‍ പതിയെ തിരിച്ചു നടന്ന് വരാന്തയില്‍ കസേരയില്‍ തളര്‍ച്ചയോടെയിരുന്നു….

എത്ര നേരം ഇരുളിലേക്ക് നോക്കിയിരുന്നുവെന്നറിയില്ല.

“അച്ഛാ…അച്ഛന്റെ മുഖത്തെന്താ ഒരു ക്ഷീണം പോലെ…..” മേനോന്‍ ഞെട്ടലോടെ തല നിവര്‍ത്തി നോക്കി. മുന്നില്‍ ബാലന്‍….അവന്‍ പതിവുള്ള പോലെ കൈകളില്‍ സ്നേഹപൂര്‍വ്വം ചെറുതായി തലോടി….

മേനോന്‍ അവനെത്തന്നെ നോക്കി ഭാവഭേദമില്ലാതെ കുറേ നേരമിരുന്നു.

പിന്നെ ചുണ്ടുകളനക്കി.
“നീയിനിയിവിടെ വരരുത്……” ഉറച്ച ശബ്ദത്തിലങ്ങനെ പറയുമ്പോള്‍ മേനോന്റെ മുഖം തീര്‍ത്തും ശാന്തമായിരുന്നു.

അവന്‍ കുറേ നേരം മേനോന്റെ മുഖത്തെക്ക് അമ്പരപ്പോടെ നോക്കി….

“അച്ഛാ ഞാന്‍……..” അതു പറയുമ്പോള്‍ അവന്റെ വാക്കുകളിടറി…. പിന്നെ പിന്‍ തിരിഞ്ഞു നോക്കാതെ ഇരുളിലേക്കിറങ്ങി നടന്നു.

അവനുണ്ടാക്കിയ ശൂന്യതയിലേക്ക് മിഴിയൂന്നിയിരിയ്ക്കെ മേനോന്റെ മനസ്സില്‍ നിറഞ്ഞ വാത്സല്യമായിരുന്നു…അയാള്‍ നിറ കണ്ണുകള്‍ അമര്‍ത്തി തുടച്ചു…

“ബാലന്‍ പോയോ….?” അവനു ചായയുമായി വന്ന ഭാര്യയുടെ ചോദ്യം കേട്ടില്ലെന്നു നടിച്ച് അയാള്‍ തന്റെ മുറിയിലേക്കു നടന്നു. ക്ഷീണവും തളര്‍ച്ചയും കാരണം താന്‍ വീണേക്കുമോയെന്ന് അയാള്‍ ഭയന്നു……

ലക്ഷ്മി ചായക്കപ്പുമായി അവനെ വീണ്ടും വിളിയ്ക്കുന്നത് അയാള്‍ കേള്‍ക്കുന്നുണ്ടായിരുന്നു …അയാള്‍ തന്റെ റൂമിനെ ലക്‍ഷ്യമാക്കി വീണ്ടും നടന്നു……

Tuesday, November 07, 2006

‘സാച്ചുറേഷന്‍ പോയിന്റ്‘ (ചെറുകഥ)

‘നിലാവൊഴുകി വീണതുപോലുള്ളൊരു പ്രഭാതം....
മഞ്ഞ നിറമുള്ള പൂക്കള്‍ വഴിനീളെ പൊഴിഞ്ഞിരിയ്ക്കുന്നു...
തിരക്കുകുറഞ്ഞ റോഡിലൂടെ വാഹനങ്ങള്‍ മേഘ ശകലങ്ങള്‍ പോലെ ഒഴുകി നടക്കുന്നു...
നേര്‍ത്തൊരു നിശ്ശബ്ദത തന്റെ ഇന്ത്രിയങ്ങളിലും തണുപ്പു പടര്‍ത്തുന്നു...
എവിടെയോ കണ്ടു മറന്ന മണല്‍‌ത്തരികള്‍ നിഗൂഠമായൊരു ചിരിയാല്‍ തന്നെ നോക്കുന്നു...
വസന്തം പോലെ എവിടെയും സ്നേഹം..നിറവ്...
.സായാഹ്നസൂര്യനെ പിന്നിലൊളിപ്പിച്ച കറുത്ത മേഘത്തിന് മുന്‍പ് കണ്ടിട്ടില്ലാത്തൊരാത്മീയ തേജസ്...‘

വേണു കണ്ണുകള്‍ വലിച്ചു തുറന്നു...ബസ്‌ കിളിമാനൂരെത്തിയതേയുള്ളു... പലതവണ പാതിവഴിയില്‍ മുറിഞ്ഞുപോയ സ്വപ്നം....

തിരുവനന്തപുരത്തെത്താന്‍ ഇനിയുമുണ്ട്‌ ഒരു മണിയ്ക്കൂര്‍..കയറ്റവും ഇറക്കവും നിറഞ്ഞ റോഡ്‌ ....വണ്ടിയുടെ കുലുക്കം കാരണം ഇനിയുറങ്ങാനാവുമെന്നു തോന്നുന്നില്ല..

ഈ യാത്ര ഒഴിവാക്കാന്‍ പരമാവധി ശ്രമിച്ചതാണ്.ആധാരം രെജിസ്റ്റര്‍ ചെയ്യാന്‍ താന്‍ വന്നേ പറ്റൂന്ന് ചേച്ചി നിര്‍ബ്ബന്ധിച്ചപ്പോള്‍...അമ്മ പ്രത്യോകിച്ചൊന്നും പറഞ്ഞില്ല...പക്ഷേ എത്ര ശ്രമിച്ചാലും അമ്മയുടെ കണ്ണുകളില്‍ ആ നൊമ്പരം തെളിയും..അതു കാണാന്‍ വയ്യ...അയാള്‍ അസ്വസ്ഥതയോടെ പാതയോരത്തെ കാഴ്ച്ചകളിലേക്ക് കണ്ണു പതിയ്പ്പിയ്ക്കാന് ശ്രമിച്ചു...

ചിന്തകള്‍ ചെറുകഥാ ക്യാമ്പിന്റെ തിരക്കുകളിലേക്ക്‌ ലയിപ്പിയ്ക്കാനൊരു ശ്രമം നടത്തി.. പതിനൊന്നു മണിയ്ക്കേ തുടങ്ങുകയുള്ളൂവെന്നാണ് ശശി പറഞ്ഞത്‌.റൂമിലെത്തി പുസ്തകങ്ങളും പേപ്പറുമെടുക്കുക. പിന്നെ നന്ദന്‍ കോട്ടു നിന്ന് യൂണിവേഴ്സിറ്റി കോളേജിലേക്കൊരോട്ടോ വിളിയ്ക്കാം...ബസ്‌ സമയത്തിനെത്തിയാല്‍ മതിയായിരുന്നു..

തിരുവനന്തപുരത്തെത്തിയതും വേണു തന്റെ തിരക്കിട്ട ജീവിതത്തിലേക്കുളിയിട്ടു.... വീട്ടില്‍ പോകാന്‍ നേരത്തുപേക്ഷിച്ച മൊബൈല്‍,പിന്നെ പുസ്തകങ്ങള്‍. നന്ദന്‍‌കോട്ടെ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ഇവ മറക്കാതെടുത്തു.

വേണു ക്യാമ്പിന്റെ സജ്ജീകരണങ്ങളൊക്കെ നടന്നു കണ്ടു.ശശി എല്ലാം അറേഞ്ച്‌ ചെയ്തിരിയ്ക്കുന്നു... പതിവുപോലെ ചില വിശിഷ്ടാതിഥികള്‍ വരാന്‍ വൈകും..കുറേനേരം ശശിയുമായ് സംസാരിച്ചിരുന്നു. മരച്ചോട്ടിലെ കസേരക്കൂട്ടത്തില്‍ നിന്ന് പിന്നെ പോയത്‌ ഫിസിക്സ്‌ ഡിപ്പാര്‍ട്ടുമെന്റിലേക്ക്‌...പ്രതീക്ഷിച്ചതുപോലെ വിനു റെക്കോര്‍ഡു ബുക്കുകളുടെ നടുവില്‍.ആത്മ സുഹൃത്തിന്റെ സ്നേഹം നിറഞ്ഞ അന്വോഷണങ്ങള്‍,കുത്തലുകള്‍...

"സംസാരിച്ചു നില്‍ക്കാന്‍ നേരമില്ല... നമുക്കൊരു ചായ കുടിച്ചിട്ട്‌ വരാം"

"എന്തിനാടാ തിരക്കിട്ട്‌ നാട്ടില്‍‌പ്പോയത്‌.... കിളവനെ പിടിച്ച്‌ കെട്ടിയ്ക്കാന്‍ പ്ളാനുണ്ടോ?"

നടക്കുമ്പോള്‍ വിനു ചോദിച്ചു.

“........ഞാന്‍ പറഞ്ഞിരുന്നില്ലേ ചേച്ചി ആധാരമെഴുതാന്‍ നിര്‍ബന്ധിയ്ക്കുന്ന കാര്യം... എനിയ്ക്കു താത്പര്യമില്ലെന്ന് നിനക്കറിയാമല്ലോ..... "

"നാടുമായിട്ടുള്ള സകല ബന്ധവും ഉപേക്ഷിയ്ക്കുകയാണെന്ന് ഇപ്പോള്‍ തന്നെ അവര്‍‌ക്കൊരു തോന്നലുണ്ട്‌... അതുകൊണ്ട് ഞാന്‍ കൂടുതലെതിര്‍ക്കാന്‍ പോയില്ല.. "

വിനു ഗൌരവം വിടാതെ കേട്ടു.പിന്നെ പ്രതിവചിച്ചൂ.

"മുന്‍പ്‌ പറഞ്ഞതു തന്നയേ ഇപ്പോഴും പറയാനുള്ളു...ജനിച്ചു വളര്‍ന്നിടത്ത്‌ ഒരു തുണ്ടു ഭൂമി.. അതു വേണ്ടെന്നു വയ്ക്കേണ്ട.. "

വിവാഹം കഴിയ്ക്കാന്‍ താത്പര്യമില്ലെന്ന് താനന്നമ്മയോടു പറയുമ്പോള്‍ അമ്മയതത്ര കാര്യമാക്കിയിരുന്നില്ല... ചേച്ചിയുടെ പെണ്ണുകാണലിന് ചെറുക്കന്‍ വീട്ടില്‍ തന്നെ നില്‍ക്കണമെന്ന് താനൊരു നിബന്ധന വച്ചപ്പോള്‍ അതിന്റെ ഗൌരവമുള്‍ക്കൊള്ളാന്‍ അവര്‍ നിര്‍ബ്ബന്ധിതരാകുകയായിരുന്നു.....ആ ഭൂമിയിലേക്ക്‌ വീണ്ടും.... ഈ വീഥികളും അതിലിഴുകിച്ചേര്‍ന്ന തന്റെ ആത്മാവുമുപേക്ഷിച്ച് തിരസ്കരിച്ചൊഴിഞ്ഞ ഗതകാലത്തിലേക്ക്‌...വേണ്ട മറ്റാര്‍ക്കും അതു മനസ്സിലാവണമെന്നില്ല..

ക്യാന്റീനിലിരിയ്ക്കുമ്പോള്‍ സിദ്ധാര്‍ത്ഥന്‍ മുഖത്തൊട്ടിച്ചൊരു ചിരിയോടെ അഭിവാദ്യം ചെയ്തു കടന്നു പോയി.

"നിങ്ങള്‍ തമ്മില്‍ അത്ര രസത്തിലല്ലെന്നു കേട്ടു"

ആ ചോദ്യം അബദ്ധമായെന്നു തോന്നിപ്പിയ്ക്കും വിധം നിരൂപകരെക്കുറിച്ചൊരു പ്രസംഗം തന്നെ അവിടെയിരുന്നു കേള്‍‌ക്കേണ്ടി വന്നു.‘ ആസ്വദനത്തിനും ചട്ടക്കൂടുകള്‍ സൂക്ഷിയ്ക്കുന്നവര്‍... നല്ലതിനും ചീത്തയ്ക്കും വ്യക്തമായ നിര്‍വ്വചനങ്ങള്‍ ഉള്ളവര്‍‘...വിനോദിന് കാര്യമായൊന്നും മനസ്സിലായില്ല.

"മണ്ണാങ്കട്ട...എനിയ്ക്ക്‌ പണിയുണ്ട്‌.ഞാന്‍ പോകുന്നു" വിനു കസേരയില്‍ നിന്നെഴുന്നേറ്റു..

വേണു കുറ്റിത്താടിയില്‍ തലോടി ഒരു കുസൃതിച്ചിരിയോടെ അവിടെത്തന്നെയിരുന്നു..വിനോദ് ഷേവുചെയ്യാത്ത അവന്റെ മുഖത്തേക്ക് വീണ്ടും നോക്കി.കണ്ണുകളില്‍ ആ കുട്ടിത്തം ഇനിയും മാഞ്ഞിട്ടില്ല...ഇതേ കോളെജില്‍ ഒരേ ബഞ്ചിലിരുന്നു പഠിച്ചപ്പോള്‍ തുടങ്ങിയ സൌഹൃദം...തന്നെപ്പോലെ അവനും മുപ്പത്തേഴു തികയാന്‍ പോകുന്നു.കാഴ്ച്ചയില്‍ സുമുഖന്‍... കാന്തികാകര്‍ഷണമുള്ള കണ്ണുകളെന്ന് അവനെപ്പറ്റി ചില പെണ്‍കുട്ടികള്‍ പറഞ്ഞു കേട്ടിട്ടുണ്ട്‌. അടുത്ത കൂട്ടുകാരനായിട്ടും അവന്റെ മനസ്സ്‌ പലപ്പോഴും പിടികിട്ടുന്നില്ല. കോളേജു ജീവിതത്തിനുശേഷം ആറേഴു കൊല്ലം കഴിഞ്ഞാണ് അവനെ വീണ്ടും കണ്ടത്‌. വടക്കേയിന്റ്യയിലൊക്കെ ചില ജോലികളൊക്കെ നോക്കിയിട്ട്‌ അവനു പ്രീയപ്പെട്ട നഗരത്തിലേക്ക്‌ അവന്‍ തിരിച്ചു വന്നു. ആ വരവ് താന്‍ മുന്‍പ്‌ കാണാത്തൊരു ഭാവത്തിലായിരുന്നുവെന്നു മാത്രം.ആനുകാലികങ്ങളിലൊക്കെയെഴുതി അറിയപ്പെടുന്നൊരെഴുത്തുകാരനായെന്ന് അവന്‍ തന്നെ പറഞ്ഞുതരേണ്ടി വന്നു... അന്നുമുതലിന്നോളം സുഖവും ദുഖവും പരസ്പരമറിയുന്നു. എന്തുകൊണ്ടു വിവാഹം കഴിച്ചില്ല എന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ അവനിന്നേ വരെ താത്പര്യം കാട്ടിയിട്ടില്ല.അതിന്റെ പ്രസക്തി വളരെമുന്‍പേ നഷ്ടപ്പെട്ടുവെന്നു പറഞ്ഞവനൊഴിഞ്ഞുമാറും.ഒപ്പം കുസൃതി നിറഞ്ഞൊരു ചിരിയും.ആവശ്യത്തില്‍ കവിഞ്ഞുള്ള സ്നേഹവും കരുതലുമൊക്കെ അവനെ അലോസരപ്പെടുത്തുകയേയുള്ളുവെന്ന് പതുക്കെയാണ് താന്‍ മനസ്സിലാക്കിയത്. മറ്റുള്ളവരുടെ സ്നേഹം കൊച്ചുകുട്ടിയെപ്പോലെ കൊതിയ്ക്കുമ്പോഴും അവന്‍ പരാതിപറയാറുണ്ട്‌ "സ്നേഹിയ്ക്കാന്‍ നിങ്ങളൊക്കെയുള്ളതാണ് എന്റെ ഏറ്റവും വലിയ ദുഖം... നിങ്ങളുടെ സ്നേഹത്താല്‍ ഞാന്‍ ബന്ധിതനാണ്..". ഒക്കെ അറിഞ്ഞിരുന്നുകൊണ്ട്‌ താനൊരിയ്ക്കലും അവന്റെ ഉള്ളു ചികയാന്‍ ശ്രമിച്ചിട്ടില്ല.തമാശയും വഴക്കുപറച്ചിലും പിണക്കവുമായി എല്ലാ ദിവസവും കടന്നു പോകും.തന്റെ ഇളയ മകനു അവനെ വലിയ കാര്യമാണ്..വേണുവിന് തിരിച്ചും.. പിതൃവാത്സല്യം അതിന്റെ സകല ചാരുതയോടും കൂടി വിരിയിയ്ക്കാന്‍ തന്റെ മകന്റെ സാമീപ്യം തന്നെ ധാരാളം... വിനു നോട്ടം പിന്‍‌വലിച്ച്‌ ഇറങ്ങി നടന്നു. തന്റെ ചിന്തകള്‍ മുഴുവന്‍ അവനിപ്പോള്‍ വള്ളിപുള്ളിവിടാതെ പിടിച്ചെടുത്തു കാണും..നടക്കുമ്പോള്‍ വിനോദോര്‍ത്തു..

ചെറുകഥാ ക്യാമ്പ്‌ പ്രതീക്ഷിച്ചപോലെ ചെറിയ ചില കോലാഹലങ്ങള്‍ക്കൊടുവില്‍ കെട്ടടങ്ങി.വേണു ആകെ ക്ഷീണിതനായിരുന്നു... യാത്രാക്ഷീണം,പിന്നെ അമ്മയോടൊപ്പമിരുന്നു നേരം വെളുപ്പിച്ചതിന്റെ ഉറക്കക്ഷീണവും.അമ്മ നിര്‍ബ്ബന്ധിച്ചാണിന്നലെ തന്നെ വീടിനടുത്തുതന്നെയുള്ള ആറന്മുള ക്ഷേത്രത്തില്‍ കൊണ്ടുപോയത്.

"ജാതകം അമ്മ തന്നെയല്ലേ എന്നെ വായിച്ചു കേള്‍പ്പിച്ചത്‌... " വീട്ടിലേക്കുള്ള ഇടവഴി തിരിഞ്ഞപ്പോള്‍ വേണു വെറുതേ ചോദിച്ചു. അമ്മ പെട്ടന്ന് തിരിഞ്ഞു നിന്നു... "പിന്നെയുമെന്തിനാ അമ്മ വെറുതേ വിഷമിയ്ക്കുന്നത്‌.. "

തന്റെ നെഞ്ചില്‍ പടര്‍ന്ന കണ്ണീര്‍ അയാളെ അകം പുറം പൊള്ളിക്കുന്നതുപോലെ തോന്നി...

ഗ്ളാസ്സിലേക്ക്‌ മദ്യം പകരുകയായിരുന്ന പോളേട്ടന്‍ വേണു ചിന്തകളില്‍ അമര്‍ന്നു പോവുന്നത്‌ കാണുന്നുണ്ടായിരുന്നു. മാസത്തില്‍ ഒന്നോ രണ്ടോ തവണയേ ഈ ആഘോഷമുള്ളൂ,വിനു അരമണിയ്ക്കൂറിനുള്ളില്‍ എത്താമെന്നേറ്റിട്ടുണ്ട്‌.പിന്നെയും മൂന്നാലുപേര്‍,എല്ലാവരും അടുത്ത കൂട്ടുകാര്‍...എല്ലാവരുമുള്ളതു കൊണ്ട്‌ വേണുവും ഒപ്പം കൂടും,അല്ലെങ്കില്‍ അവന്‍ കഴിയ്ക്കില്ല. പതിവില്ലാത്ത ഈ മൌഢ്യം അവസാനിപ്പിച്ചേ മതിയാവൂ...

"നിന്നെ ആ തൂപ്പുകാരിപ്പെണ്ണ് വീണ്ടും തിരക്കി... "

തന്നെക്കണ്ടാല്‍ പരിഭ്രമത്തോടെ ഒഴിഞ്ഞു മാറുന്ന പാവം.
പോളേട്ടന്‍ വെറുതേ കോര്‍ക്കുകയാണ്.തന്റെ ആരാധികമാരുടെ ലിസ്റ്റുണ്ടാക്കി വിളമ്പുകയാണ് പുള്ളിയുടെ ഏറ്റവും വലിയ വിനോദം.വേണു ചിരിയോടെ മദ്യ ഗ്ളാസ്സ്‌ വാങ്ങി.

"പോളേട്ടാ... "

പോളേട്ടണ്റ്റെ മുഖത്തു ഗൌരവം നിറഞ്ഞു.ആ വിളി കേട്ടാലറിയാം,അവനെന്തോ കാര്യമായി പറയാനുണ്ട്‌.

"സാച്ചുറേഷന്‍ പോയിന്റിനെപ്പറ്റി ഞാന്‍ പറയാറില്ലെ.....അതിനെ ശരിവയ്ക്കും പോലെ ആ സ്വപ്നം ഞാനിന്നും കണ്ടു...ഏകദേശം മുഴുവനായി.. "

"എന്നിട്ട്‌... "പെരുകി വന്ന അസ്വസ്ഥത പോളേട്ടന്‍ ഒളിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്നുണ്ടായിരുന്നു.

"എന്നിട്ടെന്താ...അതിങ്ങടുത്തില്ലേ എന്നൊരു സംശയം... "

അയാള്‍ കയ്യോങ്ങി.ആ സ്വപ്നം അവന്റെ മരണത്തിണ്റ്റെ ഛായാ ചിത്രമാണെന്നവനുറച്ചു വിശ്വസിയ്ക്കുന്നു...വിനോദും തന്നോടീക്കാര്യം പറഞ്ഞിരുന്നു.താനെന്താണിപ്പോള്‍ ചെയ്യുക...വിനോദിനോട്‌ വരാന്‍ പറയാം..

“പ്രകൃതിയുടെ ഭാഗമാണെന്ന സത്യം തിരിച്ചറിയുന്നവന് പ്രകൃതി നല്‍കുന്ന സൂചന...”

ഫോണ്‍ ചെയ്യാനൊരുങ്ങുകയായിരുന്ന പോളേട്ടന്‍ തിരിച്ചു വന്നു.

“ജനനം ആഘോഷമാണെങ്കില് മരണവുമൊരാഘോഷമാണെന്നു ഞാന്‍ വിശ്വസിയ്ക്കുന്നു...മാറ്റം അനിവാര്യമായ ഈ പ്രപഞ്ചത്തില് ഒരവസ്ഥയില്‍ നിന്ന് മറ്റൊന്നിലേക്കുള്ളൊരു മാറ്റം...അത്രേയുള്ളൂ നിങ്ങള് ഭയക്കുന്ന ഈ മരണം..അതില്‍ കാല്‍‌പനികമായൊരു സൌന്ദര്യം കാണാന് കഴിയുന്നത് ഒരനുഗ്രഹമാണെന്നാണെനിയ്ക്കു തോന്നുന്നത്...”

അവനോടു തര്‍ക്കിച്ചുനില്‍ക്കാന്‍ തനിയ്ക്കാവുമെന്നു തോന്നുന്നില്ല...അവന്‍ പറയട്ടെ...പോളേട്ടന്‍ നിസ്സഹായതയോടെ നിന്നു.

“ഒരു പുരുഷായുസ്സ് മുഴുവന്‍ ഒന്നിനുവേണ്ടിയും കോമ്പ്രമൈസ് ചെയ്യാതെ എന്റേതായ രീതിയില്‍ ജീവിച്ചു...എന്റെയാത്മാവ് ശാന്തമാണിപ്പോള്‍...തീര്‍ത്തും ശാന്തം...അറിയാന്‍ പാടില്ലാത്തതെന്തോ അറിഞ്ഞതുപോലെ...”

അവന്‍ കുറേ നേരത്തേക്ക് നിശ്ശബ്ദനായി...

“മനുഷ്യനറിയുന്നതിലും കൂടുതല് സ്നേഹമറിയുക പ്രകൃതിയാണ്...അവര്‍ തരുന്നൊരു യാത്രയയപ്പോ കൂട്ടിക്കൊണ്ടുപോകലോ ആവണം ആ സ്വപ്നം...ഇനിയുള്ള ഓരോ നിമിഷവും ജീര്‍ണ്ണനത്തിന്റേതാവണം ...അങ്ങനെയൊരവസ്ഥയിലേക്കെന്നെ തള്ളിവിടാന്‍ എന്നെ ഏറെ സ്നേഹിയ്ക്കുന്ന ഈ നഗരവും ആഗ്രഹിയ്ക്കുന്നില്ലായിരിയ്ക്കാം ...”

“പരിചയമുള്ളൊരു മനശാസ്ത്രജ്ഞ്ഞനുണ്ട്...നിന്നെ അയാളെക്കാണിക്കാം..” പോളേട്ടന് പിണങ്ങി മുറിയില്‍ നിന്നിറങ്ങിപ്പോയി...

കുറേ കഴിഞ്ഞ് വിനോദുള്‍പ്പടെ അതിഥികളെല്ലാമെത്തി...വിനു എന്തെങ്കിലും ചോദിയ്ക്കുമെന്നു പ്രതീക്ഷിച്ചു.അവനൊന്നും ചോദിച്ചില്ല..പോളേട്ടനെപ്പോലെ അവനും തന്നില്‍ നിന്നൊരകലം സൂക്ഷിയ്ക്കുന്നെണ്ടെന്നവനു തോന്നി...ഉറങ്ങുമ്പോള്‍ രാവേറെയായിരുന്നു.

*****************************************************

രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ പതിവിലുമധികം ദാഹമനുഭവപ്പെട്ടു.സമയം ആറു മണി.പതിവുള്ളതല്ല,എങ്കിലും അയാള്‍ ഡ്രസ്സ്‌ മാറി ഒരു ചായ കുടിയ്ക്കാനിറങ്ങി. നല്ല തെളിവുള്ള പ്രഭാതം.ചെറുതായി മഞ്ഞുമുണ്ട്‌.ചായക്കടയില്‍ നിന്ന്‌ വാരാന്ത്യപ്പതിപ്പ്‌ ഓടിച്ചൊന്നു നോക്കി. വീട്ടില്‍ പത്രം വന്നു കാണുകയില്ല.പത്രം വായിച്ച്‌ കുറേ നേരമിരുന്നുവെന്ന്‌ പിന്നീടാണു മനസ്സിലായത്‌...

പിന്നെ വീട്ടിലേക്ക്‌ തിരിച്ചു നടന്നു.ഗേറ്റു തുറന്നപ്പോള്‍ അയലത്തെ സുലോചന ചേച്ചി ഓടി വന്നു.

"വേണു ഇവിടെത്തന്നെയുണ്ടായിരുന്നൊ?ശ്ശോ ഞാനവരെ പറഞ്ഞയയ്ക്കുകയും ചെയ്തല്ലോ.ദേ ഇപ്പോ ആ ജംക്ഷനിലെത്തിക്കാണും"

ഒന്നും മനസ്സിലാകാതെ നിന്ന വേണുവിനോട്‌ അവര്‍ പറഞ്ഞു.

"വേണുവിനെ അന്വേഷിച്ച്‌ ഒരു സ്ത്രീ വന്നിരുന്നു... വീടു പൂട്ടിയിട്ടിരിയ്ക്കുന്നത്‌ കണ്ടപ്പോള്‍ ഞാനാണവരോട്‌ വേണു എവിടെയോ പോയീന്ന്‌ പറഞ്ഞത്‌..എന്നിട്ടും അവര്‍ പത്തു പതിനഞ്ചു മിനിറ്റ്‌ കാത്തു നിന്നു.. "

അത്ഭുതത്തേക്കാള്‍ ഒരു തരം അസസ്വതയാണ് വേണുവിന് തോന്നിയത്‌..

മുപ്പത്തു വയസിനുമേല്‍ പ്രായമുണ്ടാവും..വെളുത്ത്‌ സാമാന്യം വണ്ണമുള്ള ഒരു സാരിക്കാരി... എവിടെ നിന്നാണെന്ന ചോദ്യത്തിന് അവരാദ്യം ഉത്തരം പറഞ്ഞില്ല..വീണ്ടും ചോദിച്ചപ്പോള്‍ പട്ടത്തു നിന്നെന്ന്‌ പറഞ്ഞ്‌ അവര്‍ വേഗം സ്ഥലം വിട്ടു.. സുലോചനച്ചേച്ചിയില്‍ നിന്ന്‌ വന്നയാളെക്കുറിച്ച്‌ അത്രയും വിവരം ലഭിച്ചു... ധൃതിയില്‍ ഡ്രെസ്സ്‌ചെയ്തിറങ്ങുമ്പോള്‍ അവര്‍ കൂട്ടിച്ചേര്‍ത്തു...ഉടുത്തിരുന്ന സാരിയുടെ നിറം കടും ചുവപ്പായിരുന്നു.

ഭൂതകാലത്തില്‍ നിന്നാരെങ്കിലും തന്നെ തേടി വന്നതാണോ.. താനാരെയും പ്രതീക്ഷിച്ചിട്ടില്ല..എങ്കിലും ആരെങ്കിലും വരാനുള്ള സാധ്യതയും തള്ളിക്കളയാവില്ല.. പടര്‍ന്നു കയറുന്ന അസ്വസ്ഥത അയാളെ ഈര്‍ഷ്യ പിടിപ്പിച്ചൂ. പോലീസ്‌ ക്യാമ്പും കടന്ന്‌ കുറേ ദൂരം നടന്നു നോക്കി.ആരെയും കാണാനില്ല.പട്ടത്തു നിന്നാണെന്നല്ലേ പറഞ്ഞത്‌..അവര്‍ തിരികെപ്പോയിട്ടുണ്ടാവും..

വഴിനീളെ പൂക്കള്‍ പൊഴിഞ്ഞു കിടക്കുന്നു.അയാള്‍ അതില്‍ ചവിട്ടാതെ നടന്നു. ഞായറാഴ്ച്ചയായതു കൊണ്ടാവാം നിരത്തുകള്‍ ഏറെക്കുറേ ശൂന്യം.വാഹനങ്ങളും നന്നേ കുറവ്‌...ഉള്ളവയാകട്ടെ ഒഴുകി നീങ്ങുന്നതു പോലെ..

എന്തോ ഓര്‍മ്മവന്നതുപോലെ അയാള്‍ പെട്ടന്നു നിന്നു...സിരകളിലരിച്ചു കയറുന്ന തണുപ്പില്‍ നിന്ന് വേണുവിന് രക്ഷപെടാനാവുമായിരുന്നില്ല.... പിന്നിട്ട വഴിയിലേക്ക്‌ അയാള്‍ ഒന്നു കൂടി നോക്കി.വഴിയിലുടനീളം മഞ്ഞ നിറമുള്ള പൂവുകള്‍.. നേര്‍ത്ത കാറ്റ്‌ മരച്ചില്ലകളീലുണ്ടാക്കുന്ന ശബ്ദം കാതുകള്‍ക്കു വ്യക്തമായി കേള്‍ക്കാം.

ഇനിയെന്തു ചെയ്യണമെന്നറിയാതെ അയാള്‍ ഒരുമാത്ര നിന്നു.രംഗ ബോധമില്ലാത്ത കോമാളിയെന്നു പറയുന്നതെത്ര ശരി.തന്നെ തേടി വന്നതാരാണെന്നറിയണം.. തൊട്ടടുത്തെത്തിയ മരണത്തിന്റെ കാല്‍പനികതയും കവിതയും തനിയ്ക്കാസ്വദിയ്ക്കാനാവുമെന്ന്‌ താനഹങ്കരിച്ചിരുന്നു.... ഉള്‍ക്കടല്‍ പോലെ ശാന്തമായിരുന്ന തന്റെ ആത്മാവിപ്പോള്‍ കടല്‍‌ക്ഷോഭത്തിലെ തിരകളെപ്പോലെയായിരിയ്ക്കുന്നു.

അയാള്‍ ഒരോട്ടോയ്ക്കു കൈ കാണിച്ചു.പട്ടത്ത്‌ ഓട്ടോയില്‍ ചെന്നിറങ്ങുമ്പോഴും ക്ഷണിപ്പെടാത്തൊരു സ്വപ്നത്തിലെത്തിപ്പെട്ടവനെപ്പോലെ അയാള്‍ പ്രതിഷേധിയ്ക്കുന്നുണ്ടായിരുന്നു.

എവിടെപ്പോയന്വോഷിയ്ക്കും....നിരത്തുകളില്‍ കുറെനേരമലഞ്ഞു. ഉള്‍‌റോഡുകളില്‍ ലക്ഷ്യമില്ലാതെ നടന്നു.....സമയം ഇഴഞ്ഞു നീങ്ങുന്നു.അതാരാണെന്നാറിയാന്‍ തനിയ്ക്ക്‌ കഴിയില്ലെന്നു വരുമോ.?..അയാള്‍ വെയിറ്റിങ്ങ്‌ ഷെഡ്ഡില്‍ തളര്‍ന്നിരുന്നു... ഇടയ്ക്ക്‌ വിഭ്രാന്തിയിലകപ്പെട്ടതുപോലെ ഞെട്ടിയെഴുന്നെറ്റ്‌ തന്റെ കൈത്തണ്ടയില്‍ നുള്ളി..ഉവ്വ്‌..വേദനിയ്ക്കുന്നുണ്ട്‌...

ആയിരിപ്പില്‍ മനസ്സു പതുക്കെ ശാന്തമാകുന്നത്‌ വേണുവറിഞ്ഞു... തന്നെ തേടി വന്ന ആര്‍‌ക്കോവേണ്ടി ഈ ദിവസത്തിന്റെ മനോഹാരിത നശിപ്പിയ്ക്കാന്‍ വയ്യ.

വിനോദിനും പോളേട്ടനുമൊപ്പം ഉച്ചഭക്ഷണം.പിന്നെ ഫോണില്‍ക്കൂടി അമ്മയുടെ സ്വരം....എല്ലാം അതിന്റെ ഓര്‍ഡറില്‍ നടക്കുന്നതില്‍ അയാള്‍ക്കു സന്തോഷം തോന്നി.

പിന്നെ രണ്ടുനില ബസിന് ഓവര്‍‌ബ്രിഡ്ജിന്റെയവിടെയിറങ്ങി കിഴക്കെക്കോട്ട ലക്‍ഷ്യമാക്കി നടന്നു..സമയം നാലുമണിയാവുന്നു.....ശ്രീപത്മനാഭന്റെ മുന്‍പില്‍ ഒരുവേള നിന്നു,രാജവീധികളില്‍ക്കൂടി വീണ്ടും നടന്നു.കാഴ്ച്ചയുടെ പരിധിയിലെങ്ങും സ്നേഹം മാത്രം... നിറവാര്‍ന്ന സ്നേഹം.സൂര്യപ്രകാശമേറ്റു തിളങ്ങുന്ന ഗാന്ധി പാര്‍ക്കിലെ മണല്‍ത്തരികളിലും കണ്ടു..തന്നില്‍ തന്നെ ലയിയ്ക്കുന്നൊരുത്സാഹം...ഉണര്‍വ്വ്...പിന്നെ കലവറയില്ലാത്ത സ്നേഹം...

സൌന്ദര്യമാസ്വദിച്ചുള്ള ഈ അലഞ്ഞു തിരിയല്‍ അവസാനിപ്പിയ്ക്കാം.... അയാള്‍ ബസില്‍ക്കയറി നഗരക്കാഴ്ച്ചകളിലേക്ക്‌ കണ്ണുടക്കി വീണ്ടുമിരുന്നു....... സായാഹ്നസൂര്യനെ പിന്നിലൊളിപ്പിച്ച്‌ ഒരാത്മീയാചാര്യന്റെ വിശുദ്ധിയും ശാന്തതയും സ്ഫുരിയ്ക്കുന്ന പുഞ്ചിരി... ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിന്റെ പിന്നില്‍ തന്നെക്കാത്തെന്ന പോലെ ആ കറുത്ത മേഘം...അയാള്‍ പുഞ്ചിരിയ്ക്കാന്‍ മറന്നില്ല.

....പൂര്‍ണ നിശബ്ദത...അയാള്‍ ചുറ്റിനും നോക്കി.തനിയ്ക്കിറങ്ങാനുള്ള സ്റ്റോപ്പ്‌ ആയിരിയ്ക്കുന്നു. ആകെച്ചുവന്ന നിരത്തിലൂടെ നടക്കുമ്പോള്‍ പലതവണ അയാള്‍ കയ്യില്‍ നുള്ളുവാനാഞ്ഞു.ആരോ അതു തടസ്സപ്പെടുത്തുന്നു.... ചെറിയൊരു മഴ പെയ്തു തോര്‍ന്നതിന്റെ അടയാളം ആ നടപ്പാതയിലുണ്ടെന്നയാള്‍ക്കു തോന്നി.....തനിയ്ക്കെവിടെയോ പിഴച്ചുവോ?..ചിന്തകളില്‍ വഴിതെറ്റി കനത്ത മുഖത്തോടെ അയാള്‍ വീണ്ടും നടന്നു...എവിടെയൊക്കെയോ പതുങ്ങിയിരുന്ന കുസൃതിയുടെ അടയാളങ്ങള്‍ അയാളുടെ ബോധമണ്ഡലത്തില്‍ സ്ഥാനം കിട്ടാതെ മടങ്ങി... മാറ്റം അനിവാര്യമായ ഈ പ്രപഞ്ചത്തില്‍ ഒരവസ്ഥയില്‍ നിന്ന് മറ്റൊന്നിലേക്കുള്ളൊരു മാറ്റം...അത്രേയുള്ളൂ നിങ്ങള് ഭയക്കുന്ന ഈ മരണം...തന്റെ ഊഴം പ്രതീക്ഷിച്ച് കാറ്റിനൊപ്പം ആ വാചകങ്ങളും അവിടൊക്കെ ഒഴുകി നടന്നു...

**********************************************

കുട്ടികള്‍ തനിച്ചേയുള്ളൂവെന്നു പറഞ്ഞ് സുലോചനച്ചേച്ചി യാത്രപറഞ്ഞിറങ്ങിയ വഴിയിലേക്ക് നോക്കി നില്‍ക്കെ അവളുടെ അസ്വസ്ഥത വര്‍ദ്ധിച്ചതേയുള്ളൂ.താന്‍ വന്നതിനു ശേഷം വെളിയില്‍ മഴ ചാറിയിരുന്നുവോ...നനവാര്‍ന്ന വരാന്തയില്‍ നോക്കി അവള്‍ അത്ഭുതം കൂറി...എത്ര ശ്രമിച്ചിട്ടും ഒരു മഴയുടെ ഓര്‍മ്മ അവള്‍ക്കു കണ്ടെത്താനായില്ല...

പുറത്തു സന്ധ്യയുടെ ചുവപ്പേറി വരുന്നു...കുറച്ചു കഴിയുമ്പോള്‍ ഇരുട്ടാവും...ദു:സ്സഹമായ ഈ കാത്തിരുപ്പ് തന്നെ വിഴുങ്ങുന്നതിനും മുന്‍പ് തനിയ്ക്കായിരുട്ടില്‍ ലയിയ്ക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് അവള്‍ വെറുതേയാശിച്ചു...

വരാന്തയിലെ തൂണില്‍ വീണ്ടും തല ചേര്‍ത്ത് പഴയൊരു പാട്ട് വീണ്ടും മൂളാന്‍ ശ്രമിക്കവേ പുറത്തെ നിറപ്പകര്‍ച്ചയേറി വന്നു....

****************************************************

Thursday, October 12, 2006

ചന്ദനവളയിട്ട കൈകള്‍.......(ചെറുകഥ)
ന്ദന വളയിട്ട കൈകൊണ്ടു നീ
മണിച്ചെമ്പകപ്പൂക്കളമെഴുതുമ്പോള്‍.....
പിറകിലൂടന്നു ഞാന്‍ മിണ്ടാതെ വന്നെത്തി
മഷിയെഴുതാത്ത നിന്‍ മിഴികള്‍ പൊത്തി.......

ടീവിയില്‍ നല്ലൊരു ലളിതഗാനം ഉച്ചത്തില്‍പ്പാടുന്നു.ശബ്ദം കേട്ടിട്ടാണ് നന്ദന്‍ മേനോന്‍ സ്വീകരണ മുറിയിലേക്കു വന്നത്‌.ടീ. വി കണ്ടുകൊണ്ടിരുന്ന ചെറുമകനെക്കാണാനില്ല.'വിഷ്ണുവിന്റെ ചെലനേരത്തെ ശീലങ്ങള്‍ കണുമ്പോള്‍...'ദേഷ്യപ്പെട്ട്‌ ടീ. വി ഓഫ്‌ ചെയ്യാന്‍ ഭാവിയ്ക്കുകയായിരുന്നു മേനോന്‍.ഇത്‌ ആദ്യത്തെ തവണയല്ല.ടീ. വി വച്ചിട്ട്‌ ഗ്രൌണ്ടില്‍ ക്രിക്കറ്റ് കളിയ്ക്കാന്‍ പോകുന്നത്‌ ഒരു സ്ഥിരം ഏര്‍പ്പാടാക്കിയിട്ടുണ്ട്‌.വാരാന്ത്യമായതുകൊണ്ട്‌ വിഷ്ണുവിന്റെ സ്കൂളവധിയാണ്.മേനോന്‍ ആ പാട്ട്‌ വീണ്ടും ശ്രദ്ധിച്ചു. നല്ല സംഗീതവും വരികളും,റേഡിയോവില്‍ പണ്ടു വരുമായിരുന്ന എം.ജി രാധാകൃഷ്ണന്റ്റേയും പെരുമ്പാവൂരിന്റേയുമൊക്കെ ഗാനങ്ങളെ ഓര്‍മ്മിപ്പിച്ചു.ടി. വി ഓഫാക്കാതെ അയാള്‍ സോഫയിലിരുന്ന് പാട്ടു ശ്രദ്ധിച്ചു.ആയിരിപ്പില്‍ മോട്ടോര്‍ ഓഫാക്കുന്ന കാര്യം എന്നതേയും പോലെ മറന്നിരുന്നു.

രുമകളുടെ ശകാരം കേട്ടുകൊണ്ടാണ് അയാള്‍ ചിന്തയില്‍ നിന്ന് മുക്തനായത്‌. പാട്ട്‌ എപ്പോഴോ തീര്‍ന്നിരുന്നു."അച്ഛനോട്‌ ഞാനിതെത്രാമത്തെ തവണയാ മോട്ടോര്‍ ഓഫാക്കാന്‍ മറക്കല്ലേ എന്നു പറയുന്നത്‌.അച്ഛനിവിടൊന്നുമല്ലേ?". മേനോന്‍ നിന്നു പരുങ്ങി.നോട്ടത്തിന്റെ കാഠിന്യം ഒട്ടു കുറയ്ക്കാതെ തന്നെ രേവതി അച്ഛനെ നേരിട്ടു. ഒടുവില്‍ എന്തൊക്കെയോ പിറുപിറുത്തു കൊണ്ട്‌ അവള്‍ പിന്‍‌വാങ്ങി.ദേഷ്യപ്പെട്ട്‌ ടീ.വി ഓഫാക്കി അയാള്‍ സോഫയിലേക്ക്‌ തളര്‍ന്നിരുന്നു.ഭാര്യ അടുക്കളയിലെവിടെയോ ആണ്. അയാള്‍ക്ക്‌ മനസ്സിലെവിടെയോ ഒരു ചെറു നീറ്റലനുഭവപ്പെട്ടു.ഒറ്റ മകനേയുള്ളു,അവനിപ്പോള്‍ ഗള്‍ഫില്‍ ജോലി നോക്കുന്നു. രേവതിയെ മരുമകളായി ഈ വീട്ടില്‍ കൊണ്ടു വന്നിട്ട്‌ പതിമ്മൂന്നു വര്‍ഷമാകുന്നു.സ്നേഹക്കുറവൊന്നുമില്ല,തന്റേയും ഭാര്യയുടേയും സകല കാര്യങ്ങളും അവള്‍ നോക്കും. പക്ഷേ പലപ്പോഴും പരുഷമായി സംസാരിയ്ക്കുക എന്നത്‌ അവളുടെ ഒരു കുഴപ്പമാണ്.എളുപ്പം ദേഷ്യം വരുകയും ചെയ്യും. അവളുടെ കയ്യില്‍ നിന്ന് ശകാരം ഇതാദ്യവുമല്ല.എന്നാലും......പ്രായത്തിന്റെയാവും എവിടെയെങ്കിലുമിരുന്നാല്‍ അവിടെത്തന്നെയിരുന്നുപോകും. വയസ്സ്‌ അറുപത്തിനാലാകുന്നു,ഓര്‍മ്മപ്പിശക്‌ കുറേശ്ശെയൂണ്ട്‌.ശാസിയ്ക്കുമ്പോള്‍ ശത്രുവിനോടെന്ന മട്ടിലാണവള്‍ സംസാരിയ്ക്കുക.എയര്‍ ഫോഴ്സിലായിരുന്നു,വിരമിച്ചിട്ട്‌ അധികമായില്ല. ഇന്നേ വരെ മറ്റുള്ളവര്‍ ബഹുമാനത്തോടെയേ സാംസാരിച്ചിട്ടുള്ളൂ. ചിട്ടയോടെ വളര്‍ത്തിയിരുന്നതുകൊണ്ട് മകന്‍ എതിര്‍‌ത്തൊന്നും പറഞ്ഞിരുന്നില്ല.രേവതിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.ചെറുപ്പം മുതലേ അവളല്‍പ്പം മുന്‍ശുണ്ഠിയാണെന്ന് അവളുടെ അച്ഛനുമമ്മയും തമാശ മട്ടില്‍ പെണ്ണു കാണുമ്പോഴേ സൂചിപ്പിച്ചിരുന്നു.പരാതി പറയാനോ തിരിഞ്ഞു നിന്ന് വഴക്കു കൂടാനോ മേനോന് താത്പര്യമില്ല.എല്ലാറ്റിനുമുപരി മകളെപ്പോലെ എല്ലാക്കാര്യവും നോക്കുന്ന അവളോട് മറ്റൊന്നും പറയാനുമാവുമായിരുന്നില്ല.അച്ഛാ...എന്ന് സ്നേഹത്തോടെ വിളിയ്ക്കുന്ന രേവതി തന്നെയാണോ ചിലപ്പോള്‍ ചെറിയ കാര്യങ്ങള്‍ക്കു പോലും കുറ്റപ്പെടുത്തുകയും ദേഷ്യപ്പെടുകയും ചെയ്യുന്നതെന്ന് മേനോന്‍ അത്ഭുതത്തോടെയോര്‍ക്കാറുണ്ട്.അതുകൊണ്ട് പരമാവധി അവളെ ശുണ്ഠിപിടിപ്പിയ്ക്കാതെ നോക്കുകയേ നിവൃത്തിയുള്ളൂ.ചെറുമകനേയും കൂട്ടി മുറ്റത്തെ ചെറിയ പൂന്തോട്ടം ഒന്നു ശരിയാക്കണമെന്നൊക്കെ വിചാരിച്ചതാണ്.ഇന്നിനി ഒന്നിനും കഴിയുമെന്നു തോന്നുന്നില്ല.മനസ്സു കെട്ടു പോയിരിയ്ക്കുന്നു.


മുറിയിലെത്തി പാന്റ്സും ഷര്‍ട്ടുമെടുത്തിടുമ്പോള്‍ റൂമിലേക്കാരും വരുന്നില്ലെന്ന് മേനോന്‍ ഉറപ്പു വരുത്തി.ലക്ഷ്മിയോടും രേവതിയോടും പറയാതെ രാവിലെ പലപ്പോഴും താന്‍ പുറത്തുപോകാറുള്ളതുകൊണ്ട് അവര്‍ പരിഭ്രമിയ്ക്കില്ലെന്ന് ഗേറ്റു കടക്കുമ്പോള്‍ മേനോന്‍ കണക്കു കൂട്ടി.പതിനൊന്നുമണിയായിട്ടുണ്ടാവും.രണ്ടുവശവും കോണ്‍ക്രീറ്റ് സൌധങ്ങള്‍ നിറഞ്ഞ ചെറിയ ഇടവഴിയിലൂടെ മേനോന്‍ വേഗത്തില്‍ നടന്നു.ക്ലബ്ബിലോ ലൈബ്രറിയിലോ മ്യൂസിയത്തിലോ ഒക്കെയായിട്ടുള്ള തന്റെ വാര്‍ദ്ധക്യത്തിന്റെ ആഘോഷത്തിന് അവര്‍ എതിരല്ല.എവിടെപ്പോയാലും ഉച്ചയ്ക്കുണ്ണാനെത്തുമെന്നവര്‍ക്കറിയാം.എന്നിട്ടൊരുച്ചയുറക്കം പതിവാണ്.പിന്നെ നല്ല പുസ്തകങ്ങളൊന്നും വീട്ടിലില്ലെങ്കില്‍ അച്ഛന്‍ വീണ്ടുമിറങ്ങുമെന്ന് മരുമകള്‍ക്കറിയാം.അതുകൊണ്ടാവാം ഇടയ്ക്കൊക്കെ പുസ്തകങ്ങള്‍ അവള്‍ കാശുകൊടുത്ത് വാങ്ങിക്കൊണ്ടു വരും.എന്തായാലും കൂടിപ്പോയാല്‍ ഒന്‍പതുമണി,അതില്‍ക്കൂടുതല്‍ ദേശാടനം പതിവില്ല.

വെള്ളയമ്പലത്തെ റോഡുകള്‍ ആറുവരിപ്പാതയാക്കിയതോടെ ഗതാകത സൌകര്യങ്ങള്‍ മെച്ചപ്പെട്ടു.എങ്കിലും തനിയ്ക്കു പ്രീയപ്പെട്ട ചില മരങ്ങള്‍ അവിടെ നിന്ന് അപ്രത്യക്ഷമായി.ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോള്‍ മേനോന്‍ അവയുടെ പഴയ സ്ഥാനം കണ്ടു പിടിയ്ക്കാനൊരു ശ്രമം നടത്തി.

ങ്ങോട്ടാണു പോവുക?.ബസ് സ്റ്റോപ്പില്‍ ആലോചനയോടെ നിന്നു.മ്യൂസിയം വരെ നടക്കാം.പിന്നെയെന്താണെന്നു വച്ചാല്‍ തീരുമാനിയ്ക്കാം.അയാള്‍ തണല്‍ മരങ്ങളുടെ ഇടയില്‍ക്കൂടി നടന്നു.കവടിയാറായപ്പോള്‍ മേനോന്‍ നിന്നു.നിശാഗന്ധിയില്‍ എന്തെങ്കിലും പരിപാടിയ്ക്കായി വന്നിട്ട് കുറച്ചു നാളായി.തന്റെ ആത്മസുഹ്രൂത്തായ ഗോപിയോടു ചോദിച്ചാല്‍ പരിപാടി വല്ലതുമുണ്ടോയെന്ന വിവരമറിയാം.ചലച്ചിത്രമേളയ്ക്കായിരുന്നു ഒടുവിലിവിടെ വന്നത്.പേരുപോലെ സന്ധ്യയ്ക്ക് മാത്രം വിരിയുന്ന ഒരു ഓപ്പണ്‍ ആഡിറ്റോറിയം.

രാവിലെ രണ്ടിഡ്ഡലി മാത്രം കഴിച്ചതാണ്.ചെറുതായി വിശക്കുന്നു.മ്യൂസിയത്തില്‍ കയറാതെ തൊട്ടപ്പുറത്തുള്ള നഗരസഭാ മന്ദിര വളപ്പിലേക്കു നടന്നു.അതിനുള്ളിലെ ഇന്റ്യന്‍ കോഫീ ഹൌസ് ആയിരുന്നു മേനോന്റെ ലക്ഷ്യം.കൈകഴുകിയിട്ടിരിയ്ക്കുമ്പോള്‍ തന്നെ കടന്നു പോയ സ്ത്രീയെ മേനോന്‍ ശ്രദ്ധിയ്ക്കാതിരുന്നില്ല.തിരിച്ചു വരുമ്പോഴാണ് മുഖം വ്യക്തമായത്.പരിചയം തോന്നിയത് വെറുതേയല്ല.മേനോനെ കണ്ടതോടെ വിശാലം ആഹ്ലാദത്തോടെ അടുത്തുള്ള സീറ്റില്‍ വന്നിരുന്നു.മേനോന്‍ ചെറിയൊരസസ്വസ്ഥതയോടെ കസേരയില്‍ ഒന്നിളകിയിരുന്നു.

“ഈ സമയത്ത് മേനോനെ ഞാനിവിടെ പ്രതീക്ഷിച്ചില്ല്യ.....ഞാനും കൂടിക്കോട്ടെ?”

“അതിനെന്താ....” മേനോന്‍ പ്രസന്നമായ ഭാവത്തോടെ പുഞ്ചിരിച്ചു.

“ഓര്‍ഡര്‍ ചെയ്തുവോ.....”ഇല്ലെന്നറിഞ്ഞപ്പോള്‍ അവര്‍ തന്നെ മുന്‍‌കയ്യെടുത്ത് രണ്ടു മസാല ദോശ ഓര്‍ഡര്‍ ചെയ്തു.മേനോന്‍ പ്രതിഷേധിച്ചില്ല.മസാല ദോശയോടു മുന്‍പുണ്ടായിരുന്ന പ്രീയം ഇപ്പോഴുമുണ്ടാവുമെന്നു വിശാലത്തിനു തോന്നിയിട്ടുണ്ടാവാം.കയ്യിലെ കറുത്ത ബാഗില്‍ നിന്ന് കാര്യമായെന്തോ തിരയുകയായിരുന്ന വിശാലത്തിനെ മേനോന്‍ അവരറിയാതെ വീണ്ടും നോക്കി.പഴയ പരിചയക്കാരിയെ രണ്ടാഴ്ച്ച മുന്‍പ് മ്യൂസിയത്തിലെ ഒരു തണുത്ത പ്രഭാതത്തില്‍ നിനച്ചിരിയ്ക്കാതെ കണ്ടുമുട്ടുകയായിരുന്നു.അതും നാല്‍പ്പത്തഞ്ചോളം വര്‍ഷങ്ങള്‍ക്കു ശേഷം.ആദ്യം തിരിച്ചറിഞ്ഞതും വിശാലമായിരുന്നു.പ്രഭാതത്തിലെ നേര്‍ത്ത മഞ്ഞിനുമൊളിപ്പിയ്ക്കാന്‍ കഴിയാത്തതെന്തോ ഒരല്പ നേരത്തിനു ശേഷം താനും കണ്ടു പിടിച്ചു.വെള്ളി രേഖ വീണ നീളം കുറഞ്ഞ ആ മുടികളും ആ വണ്ണവും ഒരല്‍പ്പം ബുദ്ധിമുട്ടിച്ചുവെങ്കിലും...ചിരിച്ചപ്പോള്‍ വളരെക്കാലമായി അടച്ചു പൂട്ടിയിരുന്ന മുറി തുറന്നതുപോലെ ഓര്‍മ്മകളും മലര്‍ക്കെത്തുറന്നു.കണ്ണുകളിലെ പ്രകാശം ഇരുള്‍വീണ മുറിയിലേക്ക് പ്രകാശമെന്നതുപോലെ പരന്നൊഴുകിയതും മറന്നിട്ടില്ല.അന്നും ഏറെ നേരം കാര്യം പറഞ്ഞത് വിശാലമായിരുന്നു.എന്തു ചെയ്യണമെന്നറിയാതെ താന്‍ വെറുതേ പുഞ്ചിരിച്ചു കൊണ്ടു നിന്നു.എങ്ങനെ തന്നെ തിരിച്ചറിഞ്ഞുവെന്ന് ചോദിയ്ക്കണമെന്നുണ്ടായിരുന്നു,പക്ഷേ ചോദിച്ചില്ല.അന്നത്തെ കൂടിക്കാഴ്ച്ചയ്ക്കു ശേഷം ഒരാഴ്ച്ചയോളം രാവിലത്തെ നടത്തം എന്തുകൊണ്ടോ ഒഴിവാക്കി.ലക്ഷ്മി അതില്‍ വലിയ കഥയൊന്നും കണ്ടില്ല.പക്ഷേ രേവതി അച്ഛനെന്തോ പറ്റിയെന്ന് ലക്ഷ്മിയോടു പറയുന്നതു കേട്ടു.നടത്തം വീണ്ടും പുനരാരംഭിച്ചപ്പോള്‍ വീണ്ടും രണ്ടു തവണ കണ്ടു,.ആ കൂടിക്കാഴ്ച്ചകള്‍ പക്ഷേ ചെറിയ കുശലം പറച്ചിലുകളിലൊതുങ്ങി.

വിശാലം ബാഗില്‍ നിന്ന് പേനയും ചെറിയൊരു നോട്ടുബുക്കുമെടുത്തപ്പോള്‍ നോട്ടം പിന്‍ വലിച്ച് മേനോന്‍ വെയിറ്ററെ തിരഞ്ഞു.അവര്‍ നോട്ടുബുക്കു വിടര്‍ത്തി എന്തോ ഗൌരവത്തോടെ നോക്കി.പിന്നെയത് മേനോന്റെ നേര്‍ക്കു നീട്ടി.അതില്‍ ഇന്‍‌ഗ്ലീഷിലെഴുതിയിരിയ്ക്കുന്ന അഡ്രസ്സ് മേനോന്‍ ശ്രദ്ധയോടെ വായിച്ചു. തൈയ്ക്കാട്ടുള്ള ഇസ്കോണിന്റെ* അഡ്രസ്സ്‌.

അയാള്‍ ചോദ്യ ഭാവത്തില്‍ അവരെ നോക്കി.

"എനിയ്ക്കവിടെ വരെ പോയിട്ടൊരു കാര്യമുണ്ടായിരുന്നു.മകന്‍ കുറച്ച്‌ ബുക്കുകള്‍ വാങ്ങാന്‍ പറഞ്ഞെല്‍പ്പിച്ചിരുന്നു. ഇതെവിടെയാണെന്നു മേനോനറിയുമോ?"

"അറിയും...ശ്രീമതി പറഞ്ഞിട്ട്‌ ഭഗവത്‌ ഗീതയുടെ മലയാള വിവര്‍ത്തനത്തിനം വാങ്ങാന്‍ ഒരിയ്ക്കല്‍ പ്പോയിട്ടുണ്ട്‌. "

തലപ്പാവ്‌ വച്ച വെയിറ്റര്‍ മസാല ദോശ കൊണ്ടു വച്ചു.

"ആശ്വാസമായി....ഞാനവിടെ ഇതിനു മുന്‍പ് പോയിട്ടില്ല.എന്റെയൊപ്പം അവിടെ വരെ വരാമോ?".വിശാലം പ്രതീക്ഷയോടെ മേനോനെ നോക്കി.

എന്തു മറുപടി പറയണമെന്നറിയാതെ മേനോന്‍ ഒരു നിമിഷം പരുങ്ങി.

"അതിനെന്താ....സന്തോഷമേയുള്ളൂ..."മേനോന്‍ തണ്റ്റെ പരിഭ്രമം ഒരു പുഞ്ചിരികൊണ്ടു മറച്ചു.

ക്ഷണം കഴിയ്ക്കുമ്പോള്‍ മേനോന്‍ വെറുതേ അസ്വസ്ഥമാകുന്ന മനസ്സിനെ നിയന്ത്രിയ്ക്കാനൊരു പാഴ്‌ശ്രമം നടത്തി.യൂണിവേഴ്സിറ്റി കോളെജില്‍ വിശാലം ഡിഗ്രിയ്ക്ക്‌ തന്റെയൊപ്പമായിരുന്നു.സ്ത്രീ പുരുഷ സൌഹൃദങ്ങള്‍ ഫാഷനല്ലായിരുന്ന ആ കാലത്‌ തനിയ്ക്കു പക്ഷേ പെണ്‍സൌഹൃദങ്ങള്‍ ധാരാളമുണ്ടായിരുന്നു.അതിലൊരാളായിരുന്നു വിശാലവും.പലപ്പോഴും അത്യാവശ്യത്തിനു പണം കടം തരുമായിരുന്നു ,നഗരത്തിലെ പ്രശസ്തനായ വക്കീലിന്റെ ഒരേയൊരു മകള്‍.ഒടുവില്‍ ക്ളാസ്സുകള്‍ അവസാനിയ്ക്കാറായപ്പോള്‍ അവളുടെ ആട്ടോഗ്രഫില്‍ താനൊരു കവിത കുറിച്ചിട്ടു.കൂട്ടുകാരെല്ലാം കൂടി അതു പിന്നെ ഒരു പ്രണയ കഥയായി കൊട്ടിഘോഷിച്ചു.പിന്നെ പഠനം പൂര്‍ത്തിയാക്കി പോകുന്നതു വരെ വിശാലം തന്നോടു മിണ്ടിയിട്ടില്ല.ഇടയ്ക്കെപ്പോഴോ തന്റെയുള്ളില്‍ ചില മോഹങ്ങളുദിച്ചുവെങ്കിലും വിശാലം പിന്നെ തന്നെ കാണാതെ ഒഴിഞ്ഞുമാറുമായിരുന്നു.പോരും വരേയും അവള്‍ തനിയ്ക്കു പിടി തന്നിട്ടില്ല.ഗോപിയ്ക്കുമാത്രമറിയാമിതൊക്കെ. രാവിലെ ടീ.വീയില്‍ ആ പാട്ടുകേട്ടപ്പോള്‍ താന്‍ അന്നത്തെ ആ കവിത ഓര്‍ത്തെടുക്കാന്‍ ശ്രമിയ്ക്കുകയായിരുന്നു.എത്ര ശ്രമിച്ചിട്ടും നാലു വരിയേ ഓര്‍മ്മ വന്നുള്ളൂ…അതു കാരണം മരുമോളുടെ ശകാരം രാവിലെ കണക്കിനു കിട്ടുകയും ചെയ്തു.മേനോനു ചിരിയ്ക്കാതിരിയ്ക്കാന്‍ കഴിഞ്ഞില്ല.കാലമേറെക്കടന്നു പോയിരിയ്ക്കുന്നു.ഗോപിയുടെ ഭാഷയില്‍ പറഞ്ഞാല്‍ കരമനയാറ്റില്‍ ധാരളം വെള്ളം പിന്നെയും ഒഴുപ്പോയിരിയ്ക്കുന്നു.


പാളയത്ത് യൂണിവേഴ്സിറ്റി ഹോസ്റ്റലിന്റെ മുന്‍പില്‍ നിന്ന് അവര്‍ തമ്പാനൂരേക്കുള്ള ഓര്‍ഡിനറി ബസില്‍ കയറി.മുന്നില്‍ സീറ്റുകള്‍ ധാരാളം കിടന്നിട്ടും രണ്ടുപേരും വെവ്വേറെ സീറ്റുകളിലിരുന്നു.ടിക്കറ്റിന് കാശു കൊടുത്തപ്പോള്‍ പിറകില്‍ നിന്നെടുത്തിട്ടുണ്ടെന്ന് കണ്ടക്ടര്‍ പറഞ്ഞു.മേനോന്‍ തന്റെ പ്രതിഷേധം ഒരു നോട്ടത്തിലൂടെ അറിയിച്ചു.വിശാലം പക്ഷേ അതു കണ്ട ഭാവം നടിച്ചില്ല.തമ്പാനൂരില്‍ നിന്ന് മേനോന്‍ തന്നെയാണ് ഒരു ഓട്ടോ വിളിച്ചത്.സംസാരിയ്ക്കാന്‍ ഒരു വിഷയമില്ലാത്തതുപോലെ അവര്‍ രണ്ടുപേരും ഇന്നു വരെ കാണാത്ത മട്ടില്‍ പുറത്തെ കാഴ്ച്ചകളിലേക്കു കണ്ണുനട്ടു.വിശാലത്തെപറ്റി ചോദിയ്ക്കാനൊരുങ്ങിയതാണ്.അപ്പോഴേക്കും ഓട്ടോ ഇസ്കോണിന്റെ മുറ്റത്തെത്തിയിരുന്നു.

വര്‍ പുസ്തകം വാങ്ങിയിട്ടു വരുന്നതു വരെ മേനോന്‍ പുറത്തു കാത്തു നിന്നു.ആ നില്‍പ്പ് മുക്കാല്‍മണിക്കൂറോളം നീണ്ടു.മേനോന്‍ വാച്ചില്‍ നോക്കി.പന്ത്രണ്ടേമുക്കാലാവുന്നു.വീട്ടില്‍ തിരിച്ചു ചെല്ലാറുള്ള സമയമാകുന്നു.ദൂരെ നിന്ന് പുഞ്ചിരിയോടെ വിശാലം അടുത്തേക്കു വന്നു.കയ്യിലിരുന്ന രണ്ടുമൂന്നു ബുക്ക് മേനോന്റെ നേരേ നീട്ടി.ഗീതാ പരിഭാഷ, പിന്നെ മറ്റു ചില ശ്രീകൃഷ്ണ കഥകളുടെ സമാഹാരങ്ങള്‍.


“മകന്‍......... ?“
ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ മേനോന്‍ ചോദിച്ചു.അല്പസമയം കഴിഞ്ഞാണവര്‍ മറുപടി പറഞ്ഞത്.

“ഭര്‍ത്താവ് മരിച്ചിട്ട് ഏഴു കൊല്ലമാകുന്നു.ഞങ്ങള്‍ക്ക് ഒറ്റ മകനാണ്,അവന് മേനോന്റെ മകന്റെ പ്രായമേ ഉണ്ടാവുകയുള്ളു.വിവാഹിതനായി എല്ലാം കൊണ്ടു സന്തോഷത്തോടെ കഴിയുകയായിരുന്നു.......”

അവരുടെ മുഖത്ത് വേദന ഉറഞ്ഞുകൂടുന്നത് മേനോന്‍ കണ്ടു.

“ആക്സിഡന്റായിരുന്നു….അവനേയും ഇളയ ആ‌‌ണ്‍കുട്ടിയേയും ഈശ്വരന്‍ ബാക്കി വച്ചു.മരുമകളും ചെറുമകളും അവിടെ വച്ചേ…..”

കുഴച്ച ചോറില്‍ കണ്ണീര്‍ വീഴുന്നതു കണ്ടിട്ട് എന്തു ചെയ്യണമെന്നറിയാതെ മേനോനിരുന്നു.ഒടുവില്‍ തന്റെ കൈത്തലം കൊണ്ട് അവരുടെ ഇടതു കൈ കവര്‍ന്നു.ഒരു മഴ പെയ്തു തീര്‍ന്നതുപോലെ അവരുടെ മുഖത്ത് ആശ്വാസം പതുക്കെ പരക്കുന്നത് മേനോന്‍ കണ്ടു.ആക്സിഡന്റില്‍ ഇടതുകാല്‍ നഷ്ടപ്പെട്ട മകന്‍ എല്ലാം കൊണ്ടും തൂണയായ ഒരമ്മയുടെ കഥ മുഴുവനും മേനോനവിടെയിരുന്നു കേട്ടു.അന്ന് നിസ്സാര പരിക്കുകളോടെ രക്ഷപെട്ട പത്തുവയസ്സുകാരന്‍ മകനാണ് അവന്റെ ഏറ്റവും വലിയ ആശ്വാസം.കിടക്കയിലായ സ്വന്തം മകനുവേണ്ടിയാണ് ഈ പുസ്തകങ്ങള്‍.തന്റെ കാലശേഷം മകനെ ആരുനോക്കുമെന്നോര്‍‌ത്തിട്ട് ജീവിതസായാഹ്നത്തില്‍ ആധി പിടിച്ച മനസ്സുമായി വിശാലം...........

റങ്ങി നടക്കുമ്പോള്‍ അവര്‍ രണ്ടുപേരും ഒന്നും സംസാരിച്ചില്ല.യാത്ര ചൊല്ലി പിരിയാനാരംഭിച്ച അവരെ മേനോന്‍ തടഞ്ഞു.എവിടെയെങ്കിലും ഒരല്‍പ്പനേരമിരുന്നിട്ട് പോകാമെന്നു പറഞ്ഞു. വിശാലം എതിര്‍ത്തില്ല.തന്റെ സാമീപ്യം അവര്‍ക്കെത്രമാത്രം ആശ്വാസമായിരിയ്ക്കും എന്നയാള്‍ക്കറിയാമായിരുന്നു.മറ്റുള്ളവരുടെ സാമീപ്യവും സ്വാന്ത്വനവും ഒരു മനുഷ്യന്‍ ഏറ്റവുമധികം ആഗ്രഹിയ്ക്കുന്നത് ജീവിത സായാഹ്നത്തിലാണെന്ന് മേനോന്‍ മനസ്സിലാക്കിയിരുന്നു.

മ്യൂസിയത്തിലെ മണ്ഡപത്തിലെ തടികൊണ്ടുള്ള ബഞ്ചിലിരിയ്ക്കവെ വിശാലത്തിന്റെ മുടിയിഴകള്‍ കാറ്റില്‍ അലസമായി പറക്കുന്നുണ്ടായിരുന്നു.മേനോന്‍ തന്റെ സങ്കോചം ഒഴിവാക്കി വിശാലത്തോട് കാര്യം പറയുവാന്‍ ശ്രദ്ധിച്ചു.ഇടയ്ക്കൊക്കെ നിശ്ശബ്ദതയും പ്രതീക്ഷിയ്ക്കാതെ അതിഥിയായി.വിശാലത്തിന്റെ പ്രസന്നമായ മുഖം കണ്ടപ്പോള്‍ തന്റെ പരിശ്രമങ്ങള്‍ പാഴായില്ലെന്ന് മേനോന്‍ തിരിച്ചറിഞ്ഞു.ഒടുവില്‍ വിശാലം യാത്ര പറയുമ്പോള്‍ ആര്‍ക്കോവേണ്ടി കരുതി വച്ചിരുന്ന ആ പുഞ്ചിരി നല്‍കാന്‍ മേനോന്‍ മറന്നില്ല.

പിന്നെ ഇരുളുവീഴും വരെ മ്യൂസിയത്തിലെ മരത്തണലില്‍ തന്നെത്തന്നെ മറന്നിരുന്നു. വീട്ടിലേക്കു നടക്കുമ്പോള്‍ പതിവില്ലാതെ മനസ്സ് അക്ഷമ കൊള്ളുന്നത് മേനോന്‍ കണ്ടു പിടിച്ചു.മോളിപ്പോള്‍ കാത്തിരുന്നു വിഷമിച്ചിട്ടുണ്ടാവും…. പിണങ്ങിപ്പോയ അച്ഛനെ നോക്കാന്‍ ചെറുമകനെ അവളിപ്പോ അയച്ചുകാണും.ബസ് സ്റ്റോപ്പില്‍ തന്നെ കാത്തു നില്‍ക്കാനാണ്‍ സാധ്യത.നടക്കാനുള്ള ദൂരമേയുള്ളുവെങ്കിലും ബസ് പിടിച്ചു പോവാമായിരുന്നു.....മരച്ചില്ലകള്‍ക്കും മേലേ ഇരുളിന്റെ കട്ടി കൂടി വന്നു…..ഇരുള്‍ പരക്കുന്നത് ഒരു കവിതയുടെ അകമ്പടിയോടെയാണെന്ന് അന്നാദ്യമായി മേനോന്‍ തിരിച്ചറിഞ്ഞു….ആ തിരിച്ചറിവില്‍ അയാള്‍ പുഞ്ചിരിച്ചു…..മേനോന്‍ നടപ്പിന്റെ വേഗത വീണ്ടും കൂട്ടി…….

* International Society for Krishna Consciousness(ISKCON)

Wednesday, September 27, 2006

ചെമ്പകമരം(ചെറുകഥ)മയം നാലരമണിയാവുന്നു.സുമലത വാച്ചിലേക്ക്‌ വീണ്ടും അക്ഷമയോടെ നോക്കി.ഇന്നെന്തോ തിരക്കു നന്നേ കുറവു,അല്ലെങ്കില്‍ നിന്നു തിരിയാന്‍ പറ്റാത്ത വിധം പണിയുണ്ടാവും.ഈശ്വരാ ഇന്നെങ്കിലും നേരത്തേ ഇറങ്ങാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍.പോയി രാഘവന്‍ സാറിനോടു ചോദിച്ചാലോ.വികലാംഗയായതുകോണ്ടാവം തന്നോടു അദ്ദേഹം പൊതുവേ സൌമ്യമായെ പെരുമാറാറുള്ളൂ.പാളയം മാര്‍ക്കറ്റില്‍ നിന്ന്‌ ചിലത്‌ വാങ്ങണമെന്നു കരുതിയിട്ട്‌ കുറേയായി.പണിയും തീരെക്കുറവ്‌, അദ്ദേഹം സമ്മതിയ്ക്കുമായിരിയ്ക്കും.

സെക്രട്ടറിയേറ്റ്‌ ബില്‍ടിങ്ങിന്റെ പടികളിറങ്ങി പോരുമ്പോള്‍ സുമ രാഘവന്‍ സാറിനെക്കുറിച്ചോര്‍ക്കുകയായിരുന്നു.വലിയ കൈക്കൂലിപ്രീയനെന്ന്‌ ഓഫീസില്‍ പലരും പറഞ്ഞിട്ടുള്ള ഗൌരവക്കാരനായ ആ മനുഷ്യന്‍ തന്നോടു മാത്രം വലിയ സ്നേത്തോടയേ പെരുമാറിയിരുന്നുള്ളു.വലിയ കണ്ണട ധരിച്ച ആ മെലിഞ്ഞമനുഷ്യനില്‍ അയാളുടെ ഗൌരവമൊഴിച്ച്‌ പറയത്തക്ക കുറ്റമൊന്നും സുമ കണ്ടില്ല.സെക്രട്ടറിയേറ്റിണ്റ്റെ തെക്കേ ഗേറ്റിനോടു ചേര്‍ന്നു നില്‍ക്കുന്ന ആല്‍മരത്തിന്റെ തൂങ്ങിക്കിടക്കുന്ന ഭീമന്‍ വേരുകള്‍ക്കിടയിലൂടെ അവള്‍ കുട നിവര്‍ത്തി നടന്നു.
വെയില്‍ താണിരിയ്ക്കുന്നു.വൈകുന്നേരമായതോടെ സെക്രട്ടറിയേറ്റും പരിസരവും ശബ്ദമുഖരിതമായിത്തുടങ്ങിയിരിയ്ക്കുന്നു.റോഡു ക്രോസ്സു ചെയ്യുമ്പോള്‍ ചിന്തകള്‍ സുമയെ മൂടിയിരുന്നു. ഈ വയ്യാത്ത വലതു കാലും വച്ച്‌ ഏന്തി വലിഞ്ഞ്‌ ബസില്‍ക്കയറുന്നതേ വലിയ പ്രയാസം.രണ്ടു നില ബസു കിട്ടിയില്ലെങ്കില്‍ ഓവര്‍ ബ്രിഡ്ജിന്റെയവിടെയിറങ്ങി വീണ്ടും റെയില്‍‌വേ സ്റ്റേഷന്‍ വരെ നടക്കണം.ബിന്ദുവും സ്മിതയും ഇപ്പോള്‍ സ്കൂളില്‍ നിന്ന്‌ വന്നിട്ടുണ്ടാവും,അവളോര്‍ത്തു.എല്ലാ അമ്മമാരെയും പോല്‍ പെണ്മക്കളുടെ ഓര്‍മ്മ അവളെ അസ്വസ്ഥയാക്കി.ബിന്ദു ഇപ്പോള്‍ പത്താം ക്ളാസ്സില്‍ പഠിയ്ക്കുന്നു,ഇളയവള്‍ എട്ടാം ക്ളാസ്സിലും.നഗരത്തിലെ വലിയ സ്കൂളുകളില്‍ വിട്ടു പഠിപ്പിയ്ക്കാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല.വാടകയും കുട്ടികളുടെ പഠിത്തവും കൂടി മോഹനേട്ടന്റേയും തന്റേയും വരുമാനത്തില്‍ ഒതുങ്ങില്ല.മാത്രവുമല്ല അദ്ദേഹത്തിണ്റ്റെ ശാന്തിയും നെയ്യാറ്റിന്‍കരയിലാണു.പിന്നെ തന്റെ മാത്രം അസൌകര്യം കണ്ടില്ലെന്നു നടിച്ചാല്‍ മതിയല്ലോ.സ്വദേശം കോട്ടയം ജില്ലയില്‍,ഭര്‍ത്താവിന്റെ വീട് പാലക്കാടും ഇന്നിപ്പോള്‍ തീര്‍ത്തും ഒരു തിരുവനന്തപുരത്തുകാരി.സത്യത്തില്‍ തനിയ്ക്ക്‌ എന്താണസൌകര്യം.വികലാംഗയായതിനാല്‍ ബസിലും പിന്നെ ട്രെയിന്റെ സീസണ്‍ റ്റിക്കറ്റെടുക്കുന്നതിലുമൊക്കെ തനിയ്ക്കു പരിഗണന ലഭിയ്ക്കുന്നു.എന്തിനേറെപ്പറയുന്നു..ഈ ജോലി പോലും ഈ വയ്യാത്ത കാലിണ്റ്റെ സമ്മാനമല്ലേ?,അതിലെ കറുത്ത ഭലിതമോര്‍ത്ത്‌ അവള്‍ ചിരിയ്ക്കാന്‍ ശ്രമിച്ചു.ആ ഞാന്‍ പരാതി പറയാന്‍ പാടില്ല അവള്‍ അറിയാതെ ചിരിച്ചുപോയി.

മ ഇന്നു വന്നിട്ടില്ല.അവളുണ്ടായിരുന്നുവെങ്കില്‍ ഒരു കൂട്ടായേനെ..പാളയം മാര്‍ക്കറ്റില്‍ പോകാനും മ്യൂസിയത്തിലെ ചാരു ബഞ്ചുകളിലിരിയ്ക്കാനും പിന്നെ പബ്ലിക് ലൈബ്രറി എന്നു വേണ്ട എല്ലായിടത്തും ആദ്യമായിട്ട് പോകുന്നത് അവള്‍ നിര്‍ബ്ബന്ധിച്ചിട്ടാണ്.അവളില്ലായിരുന്നുവെങ്കില്‍ ഈ നഗരം തനിയ്ക്ക് ഒരു പക്ഷേ ദുസ്സഹമായനുഭവപ്പെട്ടേനെ.ഈ നഗരത്തിന്റ്റെ സ്വാന്തനം ഒരു പക്ഷേ ഞാന്‍ കാണാണ്ടു പോവുമായിരുന്നു.ഈ കാലും വച്ച് ഏന്തി വലിഞ്ഞ് മാര്‍ക്കറ്റ് വരെ പോകാനും വയ്യ.വിഷമിച്ചു നില്‍ക്കുന്നതിലത്ഥമില്ല,ഇനി ഒരോട്ടോ വിളിയ്ക്കുക തന്നെ.

ട്ടോയിലിരിയ്ക്കുമ്പോള്‍ അവള്‍ വീണ്ടും ചിന്തകളുടെ പിടിയിലകപ്പെട്ടു.കുട്ടികള്‍ക്ക് പ്രായമായി വരുന്നു.അവര്‍ക്ക് തുണയായി വീട്ടില്‍ ആരുമുണ്ടാവില്ല.അവര്‍ സ്കൂളില്‍ നിന്ന് വരുമ്പോഴേയ്ക്ക് മോഹനേട്ടന്‍ അടുത്തുള്ള ക്ഷേത്രത്തിലേക്കു പോയിട്ടുണ്ടാവും,പിന്നെ എട്ടു മണിയായിട്ടേ വരികയുള്ളൂ.മോഹനേട്ടന്റെ അമ്മയോട് ഇവിടെ വന്നു നില്‍ക്കാന്‍ പല തവണ പറഞ്ഞു.എന്തോ അവര്‍ക്കതില്‍ വല്യ താത്പര്യമില്ല.ശുശ്രൂഷിയ്ക്കാനും ചോദിയ്ക്കുന്നതെന്തും സാധിപ്പിച്ച് കൊടുക്കാനുള്ള വാങ്ങ് ഞങ്ങള്‍ക്കില്ലാത്തതു കൊണ്ടായിരിയ്ക്കാം.ഒടുവില്‍ ഷുഗറും പ്രഷറും കാരണം വയ്യാതിരിയ്ക്കുന്ന സ്വന്തം അമ്മയെ ഇടയ്ക്കിടയ്ക്ക് വീട്ടില്‍ കൊണ്ട് നിര്‍ത്തും.പാവം അമ്മ.ആണ്ടിലെ മുന്നൂറ്ററുപത്തഞ്ചു ദിവസവും അമ്മ മോളുടെയടുത്താണെന്നു പറഞ്ഞ് നാത്തൂന്‍ കഴിഞ തവണ പരാതി പറഞ്ഞതോടെ അതു വേണ്ടെന്ന് മോഹനേട്ടന്‍ തന്നെയാണു പറഞ്ഞത്.ഓഫീസില്‍ പണിയധികമായപ്പോള്‍ വീട്ടില്‍ ചെല്ലുന്നത് വീണ്ടും താമസിയ്ക്കാന്‍ തുടങ്ങി.ഒടുവില്‍ വീണ്ടും അനിയന്റെ കാലുപിടിച്ച് അമ്മയെ വീട്ടില്‍ കൊണ്ടു നിര്‍ത്തിയിട്ടുണ്ട്.അടുത്തയാഴ്ച്ച അമ്മ പോയിക്കഴിഞ്ഞാല്‍ എന്തു ചെയ്യുമെന്നോര്‍ത്തപ്പോള്‍ സുമയ്ക്ക് തല കറങ്ങുന്നതു പോലെ തോന്നി.പത്രത്തിലും ടി.വി യിലുമൊക്കെ വായിക്കുന്നതു കേട്ടാല്‍ പുരുഷനായിപ്പിറന്നവനെ മുഴുവന്‍ ഒരമ്മ പേടിയ്ക്കേണ്ടിയിരിയ്ക്കുന്നു എന്നു തോന്നും.തന്റെ ആധി കാണുമ്പോള്‍ മറുപടി പറയാനില്ലാതെ അദ്ദേഹം എഴുന്നേറ്റു പോകും.കുട്ടികളെക്കുറിച്ച് വേവലാതി അധികമാകുമ്പോള്‍ അവള്‍ അറിയാതെ ശ്രീ പതമനാഭനെ വിളിയ്ക്കും.ആഴ്ച്ചയിലൊരിയ്ക്കലെങ്കിലും ശ്രീ പത്മനാഭ ക്ഷേത്രത്തിലും പഴവങ്ങാടിയിലും ആറ്റുകാലുമൊക്കെ പോകും.അവര്‍ക്കായി പൂജയും വഴിപാടുമൊക്കെ കഴിയ്ക്കും.ഒരമ്മയുടെ സ്ഥിരം പ്രാര്‍ത്ഥനകള്‍ തന്നെ.നന്നായിട്ട് വിദ്യാഭ്യാസം ചെയ്യിയ്ക്കാന്‍ കഴിയണേ...നല്ല വിവാഹബന്ധമുണ്ടാവണേ........അതങ്ങനെ പോകും.


നിയന്റെയൊപ്പമാണെങ്കില്‍ വയ്യാത്ത അമ്മയ്ക്ക് പണിയൊഴിഞ്ഞ നേരമുണ്ടാവില്ല.തന്റെയൊപ്പമാണെങ്കില്‍ ഞാന്‍ രാവിലെ വെപ്രാളപ്പെട്ട് പോരുന്നതിനു മുന്‍പ് തന്നെ സകലതും തീര്‍ത്തു വയ്ക്കും.മൂത്തവളും തന്നെ സഹായിക്കാനുണ്ടാവും.അമ്മ വെറുതേ വീട്ടിലിരുന്നാല്‍ മതി.ഇന്ന് അമ്മയുള്ളതു കൊണ്ടാണ് മാര്‍ക്കറ്റില്‍ പോയിട്ട് പോകാമെന്നു വിചാരിച്ചത്.അല്ലെങ്കില്‍ കിട്ടിയ സമയം കൊണ്ട് റെയില്‍‌വേ സ്റ്റേഷനിലേക്ക് പരക്കം പാഞ്ഞിട്ടുണ്ടാവും.ട്രെയിന്‍ ലേറ്റായാല്‍ വീട്ടിലെത്തുമ്പോള്‍ വീണ്ടും ഒരു പാടു ലേറ്റാവും.തന്റെ പ്രയാസങ്ങള്‍ ആരറിയാന്‍...അവളോര്‍ത്തു.ടെന്‍ഷന്‍ അധികമായപ്പോള്‍ രമയാണ് സഹായ ഹസ്തവുമായി വന്നത്.അവളാണ് ഈ തണല്‍ മരങ്ങളുടെ കീഴിലൂടെ നടക്കാന്‍ നിര്‍ബന്ധിച്ചത്.ഇവിടെ വരുന്ന എല്ലാവരേയും സംരക്ഷിയ്ക്കുന്ന അനന്തനില്‍ വിശ്വാസം അര്‍പ്പിച്ച് തന്നെത്തന്നെ കണ്ടെത്താന്‍ നിര്‍ബ്ബന്ധിച്ചത്.വിക്ടോറിയന്‍ തിരുവതാംകൂര്‍ ആര്‍ട്ടിടെക്ച്റുകളിലെ കവിത തിരയാന്‍ പഠിപ്പിച്ചത്.എത്ര തിരക്കിലും ഒരു നിമിഷം കണ്ണടച്ചാല്‍ പരക്കുന്ന ശാന്തതയെ അറിയാന്‍ പഠിപ്പിച്ചത്.....പതുക്കെ താനും നഗരത്തിലെ ഓരോ തെരുവീഥികളിലും ത‌ന്നെത്തന്നെ തിരയാനാരംഭിച്ചു.യാത്രയിലെ വിരസത അകറ്റാനും വഴി കാണിച്ചു തന്നത് അവളാണു.സ്റ്റേറ്റ് ലൈബ്രറിയില്‍ തന്നെക്കൊണ്ട് മെംബര്‍ഷിപ്പെടുപ്പിച്ചു.യാത്രയിലും അല്ലാതെയും പുസ്തകങ്ങളെ അവള്‍ തന്റെ പ്രീയപ്പെട്ട കൂട്ടുകാരിയാക്കി മാറ്റി.വേവലാതികളില്‍ തന്നെത്തന്നെ മറക്കാതെ ചുറ്റിനുമുള്ള കാഴ്ച്ചകളിലേക്ക് മുഖം തിരിയ്ക്കാന്‍ അവള്‍ ഉപദേശിച്ചു.സഹയാത്രക്കാരോട് കൂട്ടു കൂടാനും അവരുടെ പ്രശ്നങ്ങള്‍ക്ക് ചെവികൊടുക്കാനുമൊക്കെ തുടങ്ങിയതോടെ നഗരം കൂടുതല്‍ മനോഹരമായനുഭവപ്പെട്ടു.ട്രെയിന്‍ യാത്ര ആസ്വാദ്യകരമായനുഭവപ്പെട്ടു.സ്ഥിരം യാത്രക്കാരില്‍ ആണും പെണ്ണുമുള്‍പ്പടെ നല്ല കൂട്ടുകാര്‍ നിരവധി.

ട്ടോ മാര്‍ക്കറ്റിന്റെ സൈഡിലേയ്ക്ക് തിരിയാന്‍ തുടങ്ങുന്നു.അവള്‍ വാച്ചിലേക്കു നോക്കി.നാലരയാവുന്നതേയുള്ളു.ട്രെയിന്‍ വരാന്‍ ആറുമണിയെങ്കിലുമാവും.അമ്മയുള്ളതു കൊണ്ട് പതുക്കെ ട്രെയിനിനു തന്നെ പോകാം.ചില ദിവസങ്ങളില്‍ രാഘവന്‍ സാറിന്റെ കാരുണ്യം കൊണ്ട് നേരത്തേ പോകാനൊക്കുമ്പോള്‍ തമ്പാനൂര്‍ ചെന്നിട്ട് ബസിനാണു പോകാറ്.എന്തായാലും സമയമുണ്ട്,മ്യൂസിയം വരെ പോയാലോ.ആ വഴിയ്ക്കൊക്കെ പോയിട്ട് മാസമൊന്നാവുന്നു.രമയൂള്ളപ്പോള്‍ മൃഗശാലയ്ക്കൂള്ളിലെ മുളങ്കാടുകളാല്‍ സ‌മൃദ്ധമായ തടാകക്കരയില്‍ പോയിരിയ്ക്കും.പുറമേ ആഹ്ലാദ വതിയാണെങ്കിലും കുടിയാനായ ഭര്‍ത്താവിന്റെ പേരില്‍ ഒരായിരം പ്രശ്നങ്ങള്‍ രമയ്ക്കുണ്ട്.അവള്‍ തന്നോട് മാത്രം അതൊക്കെ പറയും.ഇന്നിനി മ്യൂസിയത്തിലെ ഏതെങ്കിലും തണല്‍ മരങ്ങളുടെ ചുവട്ടില്‍ കുറേനേരമിരിയ്ക്കാം.പിന്നെ ഒരഞ്ചരയോടെ അവിടുന്ന് ബസു കയറാം.പോണ വഴിയ്ക്ക് മാര്‍ക്കറ്റിലും കയറി പോകാം.അവള്‍ ഓട്ടോക്കാരനോട് മ്യൂസിയത്തില്‍ പോയാല്‍ മതിയെന്നു പറഞ്ഞു.

മ്യൂസിയത്തിലെ വൃത്താകൃതിയിലുള്ള റോഡിലൂടെ നടക്കുമ്പോള്‍ വൈകുന്നേരത്തെ തിരക്കേറി വരുന്നതവളറിഞ്ഞു.വഴിയിലെ ചെമ്പകമരത്തിന്റെ ചുവട്ടിലെത്തിയപ്പോള്‍ അവള്‍ നിന്നു.വെളുത്ത ചെമ്പകപ്പൂക്കള്‍ അവിടമാകെ ചിതറിക്കിടക്കുന്നു.അവിടെയിരിയ്ക്കുമ്പോള്‍ കയ്യിലെ വെളുത്ത ചെമ്പകപ്പൂവില്‍ അവള്‍ സാകൂതം നോക്കി.ഓര്‍മ്മകള്‍ അവളെ തൊടിയിലെ വലിയ ചെമ്പകച്ചോട്ടിലേക്കു കൂട്ടിക്കൊണ്ടു പോയി.കുട്ടിയായിരിയ്ക്കുമ്പോള്‍ മുതല്‍ ആ മരം വീട്ടു മുറ്റത്തുണ്ട്.മുറ്റത്തു തന്നെയുള്ള പശുത്തൊഴുത്തിന്റെ സൈഡില്‍ ആ വലിയ നാട്ടു മാവിനും അരികത്തായി കടും ചുവപ്പുള്ള പൂക്കള്‍ പൊഴിയ്ക്കുന്ന ചെമ്പകമരം.ആ പൂക്കളുടെ വശ്യ സുഗന്ധത്തോടൊപ്പം മനസ്സിലെ ഒളിപ്പിച്ചു വച്ച ചെമ്പകച്ചുവടുകള്‍ പൂ പൊഴിയ്ക്കുന്നതവളറിഞ്ഞു.കാലു വയ്യാത്ത തന്നെ ഒരുപാടിഷ്ടമാണെന്ന് പറഞ്ഞ അധകൃതനോട് താന്‍ മുഖം കൊടുക്കാതെ നടന്നു.തന്റെ ജന്മം തന്നെ അച്ഛനമ്മമാര്‍ക്ക് ഒരു വേദനയാണെന്നവള്‍ക്കറിയാമായിരുന്നു.വീണ്ടും ഒരു വേദന അവര്‍ക്ക് കൊടുക്കേണ്ടന്ന് മനസ്സു പറഞ്ഞപ്പോള്‍ അന്നു തനിയ്ക്കതിനു കഴിഞ്ഞു.എങ്കിലും തന്റെ മനസ്സിലെ ഋതുഭേദങ്ങളുടെ വേലിയേറ്റം മുറ്റത്തെ ചെമ്പകമരം മാത്രം കണ്ടു.ഇന്നിപ്പോള്‍ ആ ചെമ്പകമത്തിന്റെയരികിലുള്ള പത്തു സെന്റു ഭൂമിയില്‍ ഒരു വീടിനുള്ള ഫൌണ്ടേഷന്‍ കെട്ടിയിട്ടിട്ട് നാലു വര്‍ഷമാകുന്നു.അവിടെ ചെറുതെങ്കിലും ഒരു വീടു കെട്ടിയിരുന്നെങ്കില്‍ മോഹനേട്ടനേയും മക്കളേയും നാട്ടിലേക്കയയ്ക്കാമായിരുന്നു.മോഹനേട്ടന് നാട്ടിലെ ഏതെങ്കിലുമൊരമ്പലത്തില്‍ ശാന്തി ഏര്‍പ്പാടാക്കി കൊടുക്കാന്‍ അനിയനോടു പറയാം.

പ്പനപ്പൂപ്പന്‍മാരുടെ കാലത്തെ പ്രതാപമൊന്നും ഇപ്പോഴില്ല.ബാക്കിയായത് പണ്ടേ കൈവശമുണ്ടായിരുന്ന മുന്നാലേക്കര്‍ കാടു പിടിച്ച് ഭൂമി മാത്രമാണ്.അതിലെ റബ്ബറിന്റേയും മറ്റും ആനുകൂല്യമെടുത്ത് അനുജനും കുടുംബവും കഴിയുന്നു.ആ ഭൂമിയുടെ പേരില്‍ ജന്മിമാരെന്ന ആക്ഷേപം ധാരാളം കേട്ടിട്ടുണ്ട്.അച്ഛനോട് ചുറ്റുവട്ടത്തുള്ളവര്‍ക്കൊന്നും വലിയ പ്രതിപത്തിയുണ്ടായിരുന്നില്ല.മാമ്പഴക്കാലമായാല്‍ മാങ്ങ പെറുക്കാന്‍ വരുന്ന കുട്ടികളെ അച്ഛന്‍ വഴക്ക് പറഞ്ഞ് ഓടിയ്ക്കുമായിരുന്നു.പുരയിടത്തില്‍ റബ്ബറിന്‍ ചൂള്ളി പെറുക്കാന്‍ വരുന്നവര്‍ക്കും അച്ഛനെ ഭയമായിരുന്നു.എന്നാല്‍ അമ്മ അങ്ങനെയായിരുന്നില്ല.അമ്മയ്ക്ക് കൂട്ട് അയല്‍പ്പക്കത്തെ അധകൃതതരായ സ്തീകള്‍ തന്നെയായിരുന്നു.കാലം കണക്കു ചോദിയ്ക്കുന്നതാവാം,അയല്‍പ്പക്കത്തെ താണ ജാതിയില്‍പ്പെട്ട കുട്ടികള്‍ ഡോക്ടറും എഞ്ചിനീയറുമൊക്കെയായി.തങ്ങള്‍ പണ്ടത്തെ അധകൃതരേക്കാളും താണ നിലയിലായി.ഈ മുടന്തിന്റെ ആനുകൂല്യമില്ലായിരുന്നുവെങ്കില്‍ തനിയ്ക്കീ ജോലിയും ലഭിയ്ക്കില്ലായിരുന്നു.അതുകൊണ്ടാവം അമ്മയെപ്പോലെ ഭാഗ്യവതികളല്ല നിങ്ങളെന്നു ബിന്ദുവിനോടും സ്മിതയോടും കളിയായി പറയാറുണ്ട്‌.സ്വന്തം ഭാവിയെക്കരുതി നന്നായി പഠിയ്ക്കണമെന്ന ഒരമ്മയുടെ സ്ഥിരം പല്ലവിയും കൂടെയുണ്ടാവും.തന്റെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുന്ന ഒരു കുടുംബം ദൈവം തനിയ്ക്കു തന്നു.അവള്‍ നന്ദിയോടെ അതെന്നും സ്മരിയ്ക്കാറുണ്ട്‌.പെണ്‍കുട്ടികളാണു, കാര്യമായ കരുതി വയ്ക്കലിനൊന്നും സാധിച്ചിട്ടില്ല.മോഹനേട്ടന് പൈല്‍‌സിന്റെ ഓപ്പറേഷന്‍ നടത്താന്‍ ബാങ്കില്‍ നിന്ന്‌ നല്ലൊരു തുക പിന്‍ വലിച്ചു.അദ്ധേഹത്തിന്റേയും തന്റേയും പേരില്‍ നാട്ടില്‍ കിടക്കുന്ന കുറച്ചു വസ്തു വകകള്‍ മാത്രമാണ് ഇപ്പോഴത്തെ ആകെയുള്ള സമ്പാദ്യം .അവള്‍ കയ്യിലിരുന്ന ചെമ്പകപ്പൂവില്‍ ഒരിയ്ക്കല്‍ക്കൂടി തലോടി.നേര്‍ത്ത കാറ്റില്‍ അവളുടെ മേല്‍ ചെമ്പകം ഒരു പൂ കൂടി പൊഴിച്ചു.പക്ഷേ വഴിയേ നടന്നു പോയ ഒരു ചെറുപ്പക്കാരന്‍ അതിനെ നിര്‍ദ്ദയം ചവിട്ടിയെരിച്ച്‌ നടന്നു നീങ്ങി.അവള്‍ വ്യസനത്തോടെ ആ പൂവിനെ നോക്കി......സുമ പതിയെ കണ്ണുകളടച്ചു..തനിയ്ക്കു ചുറ്റുമുള്ള ശാന്തതയിലെ ഒരു ബിന്ദുവായ്ത്തീരാന്‍ അവള്‍ വീണ്ടും ശ്രമമാരംഭിച്ചു.

പ്പോഴോ ബാഗില്‍ കിടന്ന മൊബൈല്‍ ഒച്ചയുണ്ടാക്കാന്‍ തുടങ്ങി.മോഹനേട്ടനാണ്,എന്താണാവോ ഈ നേരത്ത്‌.അമ്പലത്തില്‍ പോയില്ലെന്നുണ്ടോ?.അവള്‍ പരിഭ്രമത്തോടെ ഫോണ്‍ അറ്റന്റു ചെയ്തു.പുള്ളി അമ്പലത്തിനടുത്തെവിടെ നിന്നോ ആണത്രേ വിളിയ്ക്കുന്നത്‌.അമ്മ ഉച്ചയോടെ വീട്ടില്‍ നിന്ന്‌ മടങ്ങിയത്രേ.നാത്തൂന്‍ ബാത്ത്‌റൂമില്‍ ഉരുണ്ടുവീണിട്ട്‌ അനുജന്‍ വന്നു കൂട്ടിക്കൊണ്ടു പോയതാണത്രേ.അവള്‍ക്കു തല പെരുത്തു...അപ്പോള്‍ കുട്ടികള്‍?.ഇളയ മകള്‍ വീട്ടിലുണ്ട്,അയാള്‍ പോരും വരേയും മൂത്തവള്‍ സ്കൂള്‍ വിട്ട്‌ വന്നിടില്ലത്രേ."നീ ഓഫീസില്‍ നിന്ന്‌ നേരത്തേ ഇറങ്ങാന്‍ നോക്ക്‌...ചിലപ്പോല്‍ സ്കൂള്‍ വിടാന്‍ താമസിച്ചിട്ടുണ്ടാവും.ഞാന്‍ അയലത്തു
വിളിച്ചിട്ട്‌ അവര്‍ എടുക്കുന്നില്ല.ഞാന്‍ ഇവിടുത്തെ പണികള്‍ ആരെയെങ്കിലും ഏല്‍പ്പിയ്ക്കുവാന്‍ പറ്റുവോന്നു നോക്കട്ടെ....".മോഹനേട്ടന്റെ ശബ്ദം അവളുടെ ബോധമണ്ഡലത്തിലെവിടെയോ ഒരു വെള്ളിടിയായി വെട്ടി.'ന്റെ..ആറ്റുകാലമ്മേ..എന്റെ മോള്‍' ഒരു ഗദ്ഗദം അവളുടെ തൊണ്ടയിലെത്തി മുറിഞ്ഞുപോയി."ഹലോ...ഹലോ...",ഫോണില്‍ നിന്നുയരുന്ന ശബ്ദം അവള്‍ കേട്ടില്ല.യാന്ത്രികമായി അവള്‍ മൊബൈല്‍ ഓഫാക്കി,ഇരുന്നിടത്തു നിന്നും പിടഞ്ഞെഴുന്നേറ്റു.'ചിലപ്പോള്‍ സ്കൂളു വിടാന്‍ താമസിച്ചതാവാം...എന്നാലും എണ്റ്റെ മോള്‍'അവള്‍ എത്ര ശ്രമിച്ചിട്ടും വിങ്ങിപ്പോയി.വേഗത്തില്‍ പിടഞ്ഞെഴുന്നേറ്റു പോകുമ്പോള്‍ ചെമ്പകപ്പൂക്കള്‍ അവളുടെ വയ്യാത്ത കാലിണ്റ്റെയടിയില്‍പ്പേട്ട്‌ ഞെരിഞ്ഞമര്‍ന്നു.ഏന്തി വലിഞ്ഞുള്ള അവളുടെ ഓട്ടത്തില്‍ മുടന്തന്‍ കാല്‍ പാറയില്‍ത്താട്ടി ചോരയൊഴുകിയതും അവളറിഞ്ഞില്ല.ചുണ്ടുകള്‍ വിറകൊണ്ട്‌ പിറു പിറുക്കുന്നതും അവളറിഞ്ഞില്ല...ബസ്‌ സ്റ്റോപ്പിനെ ലക്ഷ്യമാക്കി ഭ്രാന്തിയേപ്പോലെ അവള്‍ ഏന്തി വലിഞ്ഞോടി....

വള്‍ പോയ വഴിയിലേക്ക്‌ സംഭ്രമത്തോടെ കണ്ണു പായിച്ചു നിന്ന ചെമ്പകമരത്തിണ്റ്റെ ചുണ്ടില്‍ നിന്ന്‌ പ്രാര്‍ത്ഥനാ മന്ത്രമുയര്‍ന്നു...അവള്‍ കാഴ്ച്ചയില്‍ നിന്നു മറഞ്ഞിരുന്നു.

Friday, September 22, 2006

“ചിക്കനും മട്ടണുമൊക്കെ എന്റെ പൊക കണ്ടേ അടങ്ങുകയൊള്ളോ....?“സംഭവം നടക്കുന്നത്‌ 1998-ലാണു.ഞാനന്ന്‌ ആര്‍ട്സില്‍ പ്രീഡിഗ്രിയ്ക്കു പഠിയ്ക്കുന്നു.പാളയത്തെ യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ താമസം.ഒരു വൈകുന്നേരം പതിവുപോലെ നടക്കാനിറങ്ങി(ചില പരദൂഷണക്കാര്‍ ഇതിനെ വായിനോട്ടമെന്നു പറഞ്ഞുപരത്തുന്നതെന്തിനാണെന്നിപ്പോഴുമറിയില്ല! കൊശവന്‍മാര്‍!).ഹോസ്റ്റലില്‍ നിന്നിറങ്ങുമ്പോള്‍ ആകെ 30 രൂപയുണ്ടാവും കയ്യില്‍. മനോഹരമായ സായന്തനം,പാളയത്തെ തെരുവുകള്‍ മഞ്ഞയും ചുവപ്പും ഇടകലര്‍ന്ന പെയിന്റടിച്ചതുപോലെയായി.ആങ്ങനെ കാഴ്ച്ചകള്‍ കണ്ടു മാര്‍ക്കറ്റും യൂണിവേഴ്സിറ്റി്‌ കോളേജും കടന്നു സെക്രട്ടറിയേറ്റ്‌ നട വരെയെത്തി.ഇന്നത്തേക്കുള്ളതായില്ലേന്നു ആരോ പറഞ്ഞതുപോലെ തോന്നി.അതുകോണ്ട്‌ യാത്ര അവസാനിപ്പിച്ച്‌ തിരികെ നടക്കാന്‍ തുടങ്ങി.അപ്പോഴേയ്ക്കും ഇരുട്ടു വീണു തുടങ്ങിയിരുന്നു.തിരിച്ച്‌ ഞാന്‍ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിന്റെ എതിര്‍വശത്തുള്ള പാളയം സെന്റ് ജോസഫ്‌ പള്ളിയുടെ അടുത്തെത്തിക്കാണും.അതാ തൊട്ടപ്പുറത്തുള്ള പെട്രോള്‍ പമ്പിനോടു ചേര്‍ന്നോരു സൊയമ്പന്‍ ഹോട്ടല്‍.ശെടാ ! ഞാനിതിങ്ങോട്ടു പോരുമ്പോള്‍ കണ്ടില്ലല്ലോ എന്നായി ഞാന്‍.ഹോസ്റ്റലില്‍ പോയാല്‍ ഫുഡ്ഡുണ്ടാവും,എന്നാലും വല്ലപ്പോഴുമൊക്കെ പുറത്തു നിന്നു കഴിച്ചില്ലെങ്കില്‍ പിന്നെന്തോന്നു ജീവിതം എന്നാരൊ പറഞ്ഞതു പോലെ തോന്നി.യോദ്ധയില്‍ ഫിലിപ്സിന്റെ മിക്സി കണ്ടിട്ട്‌ ജഗതി "ഹായ്‌...ഫൈലിപ്സ്‌" എന്നു പറഞ്ഞതുപോലെ "ഹായ്‌ ഹോട്ടല്‍" എന്നു പറഞ്ഞു ഞാനുള്ളില്‍ക്കയറി.സെറ്റപ്പൊക്കെ ഓക്കെ,കുഴപ്പമില്ല.

ആരാമായിട്ട്‌ ഇരുന്നു.കുറച്ചു കഴിഞ്ഞപ്പോള്‍ വെയിറ്റര്‍ വന്നു.എന്തു വേണമെന്നായി,ആഹാ വിട്ടുകൊടുക്കാന്‍ പറ്റില്ലല്ലോ എന്തുണ്ടെന്നായി ഞാന്‍.ചപ്പാത്തി,പൊറോട്ട...ലിസ്റ്റിങ്ങനെ നീളുകയാണു.ഓക്കെ ചപ്പാത്തി ഉറപ്പിച്ചു,കറി?.അയാള്‍ എന്തൊക്കെയൊ പറഞ്ഞു,കൂട്ടത്തില്‍ "മട്ടന്‍" എന്നൊരു വാക്കു കേട്ടു.ങേ.. ഇതു നമ്മുടെ ആടല്ലേ സാധനം.അതിനു മുന്‍പ്‌ മട്ടന്‍ കഴിച്ചിട്ടില്ല,ഒരു കൈ നോക്കിയാലോ?.മാത്രവുമല്ല ഇതു നമ്മുടെ ചിക്കന്റെ സഹോദരനല്ലേ.ആലോചനയ്ക്കിടയില്‍ ഞാനെപ്പൊഴോ "മട്ടന്‍-കറി" എന്നു പറയുകയും അയാള്‍ ഇമ്പ്രസായിട്ട് ആയി സ്ഥലം വിടുകയും ചെയ്തു.ആലോചന തുടരുകയാണു.പെട്ടന്നൊരു ശങ്ക,ഈശ്വരാ കാശു കൂടുതലാകുമൊ?.വിയറ്റ്നാം കോളനിയില്‍ കെ.പി.എ.സി ലളിതയുടെ വീട്ടില്‍ വാടകയ്ക്കു താമസിയ്ക്കാന്‍ ചെന്ന മോഹന്‍ലാലിനേയും ഇന്നസെന്റിനേയും പെണ്ണുകാണാന്‍ വന്നവരാണെന്നു തെറ്റിദ്ധരിക്കുന്ന ഒരു സീനുണ്ട്‌.ഡൌട്ടടിച്ച മോഹന്‍ലാല്‍ ഇന്നസെണ്റ്റിനോട്‌ തന്റെ സംശയം പറയുമ്പോള്‍ ഇന്നസെന്റ് മോഹന്‍ലാലിനോട്‌ "ഏയ്‌ അതാവന്‍ വഴിയില്ല സ്വാമീ"-യെന്നു ഉറപ്പിച്ചു പറയുകയും പിന്നെ മോഹന്‍ലാലിനെ വീണ്ടും നോക്കിയിട്ട്‌ സംശയത്തോടെ "ഏയ്‌യ്‌യ്‌.............ഇനി അങ്ങനെ വല്ലതുമാണോ സ്വാമി?" എന്നു ചോദിയ്ക്കും പോലെ ഞാന്‍ എന്നോടു തന്നെ ഈ ചോദ്യം ചോദിച്ചു കൊണ്ടിരുന്നു.ഏയ്‌യ്‌...ഈ ചിക്കനും മട്ടണുമൊക്കെ ഒരേ എനത്തില്‍പ്പേട്ട ഐറ്റംസ്‌ അല്ലേ.ചിക്കന്‍ കറിയുടെ അത്രയൊക്കയേ ആവുകയുള്ളൂ..അല്ലേ?..ആണോ?. ശ്ശോ...ഒള്ള മനസ്സമാധാനം പോയിക്കിട്ടിയല്ലോ.

ആങ്ങനെയിരിയ്ക്കെ മട്ടനും ചപ്പാത്തിയും കൊണ്ടു വച്ചു.ടാര്‍ ചുവന്നകളറിലായാലെങ്ങനെയിരിയ്ക്കുമോ അതേ മാതിരി എന്തോ ഒന്നു പാത്രത്തില്‍ കൊണ്ടുവച്ചിരിയ്ക്കുന്നു.മുകള്‍പ്പരപ്പില്‍ രണ്ടു മൂന്നു എല്ലും മുട്ടവും കാണാം.പാവം..പട്ടിണി കിടന്നു ചത്ത ആടാണെന്നു തോന്നുന്നു.എണ്ണ കറിയുടെ മുകളിലൂടെ ഒഴുകി നടക്കുന്നു.അത്രയും എണ്ണ ഉണ്ടെങ്കില്‍ ഒരു മാസം തേച്ചു കുളിയ്ക്കാം.പക്ഷേ ഉള്ളില്‍ക്കിടന്നു ഒരു സന്ദേഹമിങ്ങനെ കളിയ്ക്കുന്നതു കാരണം അതിലേക്കു തുറിച്ചു നോക്കിയിരിയ്ക്കാനല്ലാതെ കഴിയ്ക്കാന്‍ കഴിഞ്ഞില്ല.ഇനിയിപ്പോള്‍ മട്ടണെത്രയാണെന്നു ചോദിയ്ക്കനൊരു മടി,അടി കിട്ടുമെന്നു പേടിച്ചിട്ടൊന്നുമല്ല(ഏയ്‌യ്‌...).നനഞ്ഞു ഇനി കൂളിച്ചു കയറുക തന്നെ.പതിയെ കഴിച്ചു തുടങ്ങി.ഓരോ ചപ്പാത്തിയെടുക്കുമ്പോഴും ഞാന്‍ വെയിറ്ററേയും കാശു വാങ്ങാനിരിയ്ക്കുന്ന ആളിനെയും ഒന്നു നോക്കും.അവരും എന്നെ നോക്കാന്‍ തുടങ്ങിയപ്പോല്‍ ഗത്യന്തരമില്ലാതെ ഞാന്‍ പ്രയാസപ്പെട്ട്‌ ഓരോ വളിച്ച ചിരി പാസാക്കാന്‍ തുടങ്ങി.കാശു കൂടുതലായാല്‍ അതു പ്രയോജനപ്പെട്ടാലോ.പക്ഷേ ഉള്ളിലെ ശുഭാപ്തി വിശ്വാസക്കാരന്‍ വിടാന്‍ ഭാവമില്ല,"ഏയ്‌യ്‌....ചിക്കനും മട്ടണുമൊക്കെ ഒരെ....".

അങ്ങനെ സംഭവം ക്ളൈമാക്സിനോടടുക്കുകയാണു.വെയിറ്റര്‍ ബില്‍ കൊണ്ടു വച്ചു.വിറയ്ക്കുന്ന കൈകളോടെ അതെടുത്തു.എന്നെയങ്ങു കോല്ലെന്റെ മാതാവെ!!!40 രൂപ.സൈഡിലെങ്ങാനും ജന്നലുണ്ടായിരുന്നെങ്കില്‍ ആ നിമിഷം ഞാനതു വഴി ചാടിയേനെ,അവിടെ അതുമില്ല.ഒരു വിധം ശക്തി സംഭരിച്ച്‌ മസിലൊക്കെ പിടിച്ച്‌ ഞാന്‍ കൈ കഴുകാന്‍ പോയി.പിന്നെ കൌണ്ടറില്‍ ചെന്നു പത്തുവയസ്സുകാരന്റെ നിഷ്കളങ്കതയോടെ ഉടുപ്പിന്റെ പോക്കറ്റില്‍ കയ്യിട്ടു 30 രൂപയെടുത്ത്‌ അവര്‍ കാണ്‍കെ എണ്ണി.ങേ...ബാക്കിയെവിടെപ്പോയി..?.പുരികം ചുളിച്ച്‌ ബാക്കി പത്തു രൂപയ്ക്ക്‌ വീണ്ടും പോക്കറ്റില്‍ കയ്യിട്ടു.എന്ത്‌..ഉടുപ്പിണ്റ്റെ പോക്കറ്റിലില്ലേ?ഓ...പാന്റിന്റെ പോക്കറ്റിലായിരിയ്ക്കും. എന്റെ ചേഷ്ടകള്‍ സശ്രദ്ധം വാച്ചു ചെയ്തുകൊണ്ടിരിയ്ക്കുന്ന റിസപ്ഷനിലെ പുള്ളി കാണ്‍കെ പാണ്റ്റിണ്റ്റെ വലത്തേ പോക്കറ്റില്‍ കയ്യിട്ടു,അതും ശൂന്യം.പൈസയെടുത്ത്‌ എവിടെയാ വച്ചതെന്ന്‌ ഒരു ബോധവുമില്ലല്ലോ എന്നു സ്വയം വഴക്കുപറഞ്ഞ്‌ ഞാന്‍ ഇടത്തേപ്പോക്കറ്റില്‍ കയ്യിട്ടു.അത്ഭുതം....അവിടെയുമില്ല....അസംഭവ്യം...ഓ പാന്റു മാറിയതാവും.ഞാന്‍ നാടകീയമായ്‌ അങ്ങോര്‍ക്കു നേരെ തിരിഞ്ഞു."അയ്യോ ചേട്ടാ,പാന്റു മാറിയെന്നാ തോന്നുന്നേ.പത്തു രൂപയുടെ കുറവുണ്ടല്ലോ..ന്ദാപ്പോ ചെയ്യുക?".അതിനിടയില്‍ നല്ല 'ആരോഗ്യമുള്ള' വെയിറ്റര്‍ ചേട്ടനും ‘ന്ദാപ്പോ ചെയ്യുകാന്ന് കാട്ടിത്തരാം’ എന്ന മട്ടില്‍ ‍അടുത്തു കൂടി.അടിയുടെ മണം കിട്ടിയപ്പോള്‍ ഞാന്‍ വീരം ഉപേക്ഷിച്ച്‌ വേഗം കരുണം എടുത്തണിഞ്ഞു.പോക്കറ്റില്‍ കിടന്ന ഹോസ്റ്റലിണ്റ്റെ I.D കാര്‍ഡ്‌ ഞാന്‍ പൂറത്തെടുത്തു(ഇതെടുക്കാന്‍ തോന്നിയ നിമിഷത്തെ ഞാന്‍ മനസ്സാ നമിച്ചു).മീശമാധവന്‍ സിനിമയില്‍ സലിം കുമാര്‍ ദിലീപിനോട്‌ "കണ്ടാല്‍ ഒരു ലുക്കില്ലന്നേയുള്ളു,ഞാനും ഒരു വക്കീലാണു"-എന്നു പറഞ്ഞതുപോലെ ഞാന്‍ ഒരു പരുങ്ങലോടെ എണ്റ്റെ I.D കാര്‍ഡെടുത്ത്‌ കാണിച്ചു.അബദ്ധം പറ്റിയതാണെന്നും കാശ്‌ പത്തു മിനിട്ടിനുള്ളില്‍ കൊണ്ടുത്തരാമെന്നും പറഞ്ഞപ്പോള്‍ ജീവിതത്തിലാദ്യമായി അനന്ത പദ്മനാഭനെ ഞാനവിടെ നേരില്‍ക്കണ്ടു.കാഷ്യര്‍ ഒന്നു പുഞ്ചിരിയ്ക്കുക മാത്രം ചെയ്തു. കാശു തന്നില്ലെങ്കിലും സാരമില്ലെന്നു അയാള്‍ പറഞ്ഞപ്പോള്‍ വിശ്വാസം വരാതെ, വെട്ടാന്‍ പോകുന്ന പോത്തിനോടുള്ള വേദമോതലല്ലേ ഇതെന്ന മട്ടില്‍ ഞാനയാളെ നോക്കി.ഒന്നും സംഭവിച്ചില്ല..നല്ല മനുഷ്യര്‍ എന്നു മനസ്സില്‍ പറഞ്ഞ്‌ ഞാനവിടെ നിന്നു മടങ്ങി.അന്നു രാത്രി തന്നെ ആ കാശ്‌ തിരികെക്കൊടുക്കുകയും ചെയ്തു.അന്നു രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഞാന്‍ എന്നോടു തന്നെ പറഞ്ഞു,ഒരബദ്ധമൊക്കെ ആര്‍ക്കും പറ്റും.ഇല്ലെങ്കില്‍ പിന്നെ ജീവിതത്തിലെന്താ ഒരു രസം അല്ലേ?.മാത്രവുമല്ല മട്ടന്‍‌കറിയുടെ വില അറിയാന്‍ വയ്യാത്തതു കൊണ്ടല്ലേ അങ്ങനെ സംഭവിച്ചത്,വളരെ സ്വാഭാവികം.ജനിച്ചു വീണാലുടനെയെല്ലാരും മട്ടന്‍ കറിയുടെ വിലയും പഠിച്ചോണ്ടാണോ വരുന്നത്....ഞാനെന്നെത്തന്നെ ആശ്വസിപ്പിയ്ക്കുകയാണു.എന്നാലും എവിടെയോ ആരോ ഇരുന്ന് ചിരിയ്ക്കുന്നത് പോലെ.‘പറ്റാനുള്ളതൊക്കെ പറ്റിയില്ലെ ഇനിക്കിടന്നുറങ്ങിക്കൂടെ?‘ ആരോ ചോദിച്ചപോലെ..എന്തായാലും ഉറങ്ങുക തന്നെ....കഥയവിടെ തീര്‍ന്നെന്നും ഇനിയൊരബദ്ധം അരവിന്ദിനു പറ്റില്ലെന്നും നിങ്ങളെപ്പോലെ തന്നെ ഞാനും കരുതി.പക്ഷേ എല്ലാം വെറുതയായിരുന്നു.രണ്ടുമൂന്നു മാസങ്ങള്‍ക്കു ശേഷം ആ രണ്ടാം ഭാഗം അരങ്ങേറുക തന്നെ ചെയ്തു.

അന്നു വെറുതേ നടക്കാനിറങ്ങിയതായിരുന്നില്ല.ഭക്ഷണം കഴിയ്ക്കാന്‍ തന്നെ ഇറങ്ങിയതായിരുന്നു.മുന്‍പത്തേക്കാള്‍ ഭേദം.കയ്യില്‍ 50 രൂപയുണ്ട്‌.ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിന്റെ തൊട്ടു പിറകില്‍ നീളന്‍ ബ്രിഡ്ജിന്റെ എതിര്‍വശത്തായി കേരളാ യൂണിവേഴ്സിറ്റി ക്യാമ്പസിനോടു ചേര്‍ന്നു നില്‍ക്കുന്ന M.L.A ഹോസ്റ്റലില്‍ വൈകിട്ടു നല്ല കഞ്ഞിയും പയറും കിട്ടും.വളരെ രുചികരമായ ഭക്ഷണമായതിനാല്‍ എമ്മല്ലെമാരെക്കൂടാതെ നിരവധി പേര്‍ പുറത്തു നിന്നും ഭക്ഷണം കഴിയ്ക്കാന്‍ വരാറുണ്ടായിരുന്നു.ഹോസ്റ്റലിലെ സ്ഥിരം ഫുഡ്ഡില്‍ നിന്നൊരു മാറ്റമായിക്കോട്ടെ എന്നു വിചാരിച്ചിട്ടാണു ഞാന്‍ ഇടയ്ക്കിടയ്ക്ക്‌ അവിടെ പോകുന്നത്‌.അകത്ത്‌ എമ്മല്ലേമാര്‍ക്കു വേണ്ടി ചുറ്റിനും തടി കൊണ്ട്‌ മറച്ച ക്യബിനുകളുണ്ട്‌.(ജനപ്രതിനിധികള്‍ തട്ടിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ലെന്നു മറ്റാരും അറിയാതിരിയ്ക്കാനാണോ ഈ സെറ്റപ്പ്‌?ആര്‍ക്കറിയാം).സാധാരണക്കാര്‍ക്ക്‌ ഒരു സാദാ റെസ്റ്റോറന്റിന്റെ സെറ്റപ്പും റെഡിയാക്കി വച്ചിട്ടുണ്ട്‌.സമയം അപ്പോള്‍ ഏഴരയായിട്ടുണ്ടാവും.ഞാന്‍ ഒഴിഞ്ഞൊരു ടേബിളിണ്റ്റെ മുന്‍പില്‍ സ്ഥാനം പിടിച്ചു.കുറച്ചു കഴിഞ്ഞപ്പോള്‍ കഥയിലെ പ്രധാന കഥാപാത്രം(വെയിറ്റര്‍) രംഗപ്രവേശം ചെയ്തു.മുന്‍പത്തെയത്ര വരികയില്ലെങ്കിലും ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇയ്യാളും മോശമല്ലെന്നു സൂചിപ്പിച്ചു കൊള്ളട്ടെ.പതിവുപോലെ കഞ്ഞിയും പയറും പറയാനൊരുങ്ങിയ നാവില്‍ അബദ്ധസരസ്വതി കടന്നു കൂടി."അല്ലാ...എന്തൊക്കെയുണ്ട്‌ കഴിയ്ക്കാന്‍?".പറഞ്ഞു കഴിഞ്ഞപ്പോഴാണ് അതു വേണ്ടിയിരുന്നില്ല എന്നു തോന്നിയത്‌.'ഓ..എന്നെക്കൊണ്ട്‌ സകല ഐറ്റത്തിന്റേയും പേരു പറയിച്ചിട്ട് ഒടുക്കം എന്നാ ശരി കഞ്ഞിയും പയറും പോരട്ടേ എന്നു പറയാനല്ലേ ചെക്കാ,ഞാനിതെത്ര കണ്ടതാ..' എന്ന മട്ടില്‍ വല്യ താത്പര്യം കാട്ടാതെ അയാള്‍ ഒന്നൊന്നായി പറയാന്‍ തുടങ്ങി.ചപ്പാത്തി,പൊറോട്ടാ,ചിക്കന്‍,മട്ടന്‍.....'ങ്‌ഹാ..മട്ടന്‍ അതവിടെ നില്‍ക്കട്ടെ...അതു കഴിച്ചാല്‍ അലര്‍ജിയുണ്ടാവും'(ഞാന്‍ മനസ്സില്‍പ്പറഞ്ഞു)."ചിക്കന്‍"..അതു കൊള്ളാല്ലോ.പഞ്ചാബീ ഹൌസില്‍ ഹരിശ്രീ അശോകന്‍ "സോണിയാ...പോരട്ടേ" എന്നു പറയുമ്പോലെ ഞാന്‍ ചപ്പാത്തിയും ചിക്കനും ഓര്‍ഡര്‍ ചെയ്തു.ചിക്കന്‍ കറിയുണ്ട്‌,ചിക്കന്‍ പൊരിച്ചതുണ്ട്‌ ഇതിലേതു വേണമെന്നായി.രണ്ടാമത്തേതാണു കേള്‍ക്കാന്‍ സുഖം,അതു പോരട്ടേന്നായി ഞാന്‍."വിചാരിച്ച പോലല്ലോ.യെവന്‍ പുലിയാണു കേട്ടൊ" എന്ന മട്ടില്‍ അയാള്‍ സന്തോഷത്തോടെ അടുക്കളയിലേക്കു പോയി.50 രൂപയുടെ ഇളക്കമാണു.ഞാന്‍ ഡെസ്കില്‍ താളം കൊട്ടി വെയിറ്ററെ കാത്തിരുന്നു.കഴിഞ്ഞ അനുഭവത്തില്‍ നിന്ന് ചിക്കനും മട്ടനും ഒരേ ഗ്രൂപ്പില്‍ പെട്ടവരല്ലെന്നും മട്ടന്‍ ചിക്കനേക്കാള്‍ കൂടിയതാണെന്നും ഞാനെന്നെത്തന്നെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു.മാത്രവുമല്ല മട്ടന്‍ കറിയ്ക്ക് ഇപ്പറയണ മാതിരി ടേസ്റ്റൊന്നുമില്ലെന്നും(തന്നെ...തന്നെ!) കൂടാതെ ശരീരാരോഗ്യത്തെക്കരുതി ജീവനോടുള്ള ആടിനെക്കണ്ടാലും ഒഴിഞ്ഞുപോയ്ക്കോണമെന്നും ഞാന്‍ എന്നെത്തന്നെ ധരിപ്പിച്ചിരുന്നു.കഴിഞ്ഞ തവണ മട്ടന്‍ കറി കഴിച്ചപ്പോള്‍ 40 രൂപയേ ആയുള്ളൂ.മട്ടണേക്കാള്‍ വിലകുറഞ്ഞ ചിക്കനല്ലേ ഒര്‍ഡര്‍ ചെയ്തത്‌,അതു കൊണ്ട്‌ പേടിയ്ക്കാനില്ല.

അതിനിടയില്‍ എനിയ്ക്കു പരിചയമുള്ള ഒരു രൂപം വാതില്‍ കടന്നു വന്നു.നല്ല നീളവും തടിയുമുള്ള കറുകറാന്നിരിയ്ക്കുന്ന ഒരു തൈക്കിളവന്‍.ഖദറും മുണ്ടും ധരിച്ച ആ കഷണ്ടിയെ ഞാനെവിടെയോ കണ്ടിട്ടൂണ്ട്‌.മാറ്‍ക്കറ്റിലെ ഈറച്ചിവെട്ടു കടയിലാണോ...?.ഏയ്‌യ്‌യ്‌യ്‌..അല്ല നാട്ടിലാണെന്നു തോന്നുന്നു.ആ... പിടികിട്ടി.നാട്ടിലെ(പന്തളം നിയോജക മണ്ടലം) ഇപ്പോഴത്തെ എം.എല്‍.എ.ഓ..ഇങ്ങോരിവിടെ പുട്ടടിച്ച്‌ സുഖമായിട്ടങ്ങു കൂടിയിരിയ്ക്കുകയാണല്ലെ.എന്നെ കാണണ്ട.പറഞ്ഞു വരുമ്പോള്‍ അകന്നൊരു ബന്ധവുമുണ്ട്‌.നാട്ടുകാരനാണെന്നറിഞ്ഞാല്‍ ചിലപ്പോ ഇറങ്ങി ഓടിക്കളയും,സൂക്ഷിയ്ക്കണം.സ്വന്തം നിയോജക മണ്ടലത്തിലുള്ളവരെ കാണാണ്ട്‌ ഒളിച്ചു താമസിയ്ക്കുന്നതിന്റെ ബദ്ധപ്പാട്‌ ആ പാവത്തിനേ അറിയൂ.ഞാന്‍ കാരണം ആ പാവത്തിണ്റ്റെ ചപ്പാത്തിയും ചിക്കനും മുട്ടേണ്ട.ഞാന്‍ കാണാത്ത ഭാവത്തില്‍ വിദൂരതയിലേക്കു നോക്കി നിര്‍വ്വികാരനായിരുന്നുകൊടുത്തു.അങ്ങേരെന്നെ കടന്നു ഏതോ ക്യാബിനില്‍ കയറിയൊളിച്ചു.

ഞാനെന്റെ ചപ്പാത്തിയും ചിക്കനും പ്രതീക്ഷിച്ചിരിയ്ക്കുകയാണു.ചപ്പാത്തിയും ചിക്കന്‍ ഫ്രൈയ്യും,നല്ല കോമ്പിനേഷന്‍.ചപ്പാത്തിയും ചിക്കന്‍....ങേ..ചിക്കന്‍ ഫ്രൈ എന്നല്ലല്ലോ അങ്ങോരു പറഞ്ഞത്‌,പൊരിച്ച ചിക്കന്‍ എന്നല്ലേ.ഹോ!...ഈ വെയിറ്റര്‍മാരുടെ ഒരു കാര്യം... പൊരിച്ച ചിക്കന്‍ എന്നു പറഞ്ഞ്‌ നിര്‍ത്തിപ്പൊരിച്ച കോഴിയെ മുന്‍പില്‍ കൊണ്ടു വയ്ക്കാതിരുന്നാല്‍ മതിയായിരുന്നു..അതിലെ കോമടിയോര്‍ത്തു ഞാന്‍ കുലുങ്ങിച്ചിരിച്ചു.ചിരി അധിക നേരം നിന്നില്ല.എവിടെയോ ഒരപായ മണി മുഴങ്ങിയതു പോലെ.തള്ളേ...ഇനി അങ്ങനെങ്ങാനും സംഭവിയ്ക്കുമോടേ!!.എനിയ്ക്ക്‌ ഇരുന്നിട്ട്‌ ഇരിപ്പുറയ്ക്കുന്നില്ല.ചൂടു വെള്ളത്തില്‍ വീണ പൂച്ചയാണു,പച്ചവെള്ളം കണ്ടാലും ബോധം കെടും.കിലുക്കത്തില്‍ ജഗതി പറയുമ്പോലെ വെപ്രാളത്തില്‍ ഞാനെന്നൊടു തന്നെ ചോദിയ്ച്ചു,'ഈ ചിക്കനും മട്ടണുമൊക്കെ എണ്റ്റെ പൊക കണ്ടേ അടങ്ങുകയുള്ളോ..?'.പതുക്കെ വലിഞ്ഞാലോ?വേണ്ട വാതില്‍ക്കല്‍ ഇരിയ്ക്കുന്ന കശ്മലന്‍ ഞാന്‍ ഓര്‍ഡര്‍ ചെയ്യുന്നതു കണ്ടു കഴിഞ്ഞു.ഈശ്വരാ ജനപ്രതിനിധികളും ജനങ്ങളും ചേര്‍ന്ന് ജനായത്ത വ്യവസ്ഥയില്‍ത്തന്നെ എന്നെയെടുത്തീട്ട്‌ പെരുമാറുമല്ലോ..ന്ദാപ്പോ ചെയ്യുക.ഒരു സെക്കന്റ് കഴിഞ്ഞു കാണും...എന്റെ മനസ്സിലെ പെരുമ്പറ മുഴക്കത്തിന്റെ ചുവടൊപ്പീച്ച്‌ അതാ വെയിറ്റര്‍ കടന്നു വരുന്നു.എന്റമ്മോ...എന്താ അയാളുടെ കയ്യില്‍!!!!!.വലിയൊരു താലത്തില്‍ നല്ല ചുവന്ന നിറത്തില്‍ തലയില്ലാത്തൊരു കോഴി അടയിരിയ്ക്കുന്ന പോസില്‍ എന്റെ നേരേ വരുന്നു.വട്ടത്തിലരിഞ്ഞ ഉള്ളിയും മറ്റു കുറ്റിച്ചെടികളുമൊക്കെ കുത്തി തിരുകി നല്ല മണവാട്ടിയേപ്പോലെയൊരുക്കിയിട്ടുണ്ട്‌.കറി വച്ചോണ്ടിരിയ്ക്കുമ്പോള്‍ ഇറങ്ങിയോടിയ കോഴി എന്നു കിലുക്കത്തില്‍ ജഗതി പറഞ്ഞു കേട്ടിടുണ്ട്‌.അതാണോ ഇത്‌...എന്റെ ശ്രീ പത്മനാഭാ..അതു മുഴുമിപ്പിച്ചില്ല..അപ്പോഴേയ്ക്കും വെയിറ്റര്‍ സാധനം കൊണ്ടു വച്ചു കഴിഞ്ഞു.എനിയ്ക്കൊരുകാര്യം ഉറപ്പായി,കുറഞ്ഞത്‌ 150 രൂപയ്ക്കുള്ള ഐറ്റമാണിത്‌.നിറം സിനിമയില്‍ കെളവന്‍ കേണല്‍ അവസാന ശുക്‌രിയ പറയുമ്പോള്‍ കണ്‍ട്രോള്‍ നഷ്ടപ്പെട്ട്‌ ചാടിയിറങ്ങിയ കോവൈ സരളയെപ്പോലെ ഞാന്‍ എന്റെ സീറ്റില്‍ നിന്നു ചാടി ഇറങ്ങി. ‘ആഹാ...തിരുവന്തോരത്തെ വെയിറ്റര്‍മാരെല്ലാം കൂടി കരുതിക്കൂട്ടിയെറങ്ങിയിരിയ്ക്കുകയാണല്ലേ?’,ഞാനെന്നോടു തന്നെ പറഞു.കേണലെപ്പോലെ അന്തം വിട്ട്‌ നില്‍ക്കുന്ന വെയിറ്ററോട്‌ ഞാന്‍ ഒരുവിധം പറഞ്ഞൊപ്പിച്ചു, "എനിയ്ക്കിതു...വേണ്ട,ഞാനിതല്ല ഉദ്ധേശിച്ചത്‌"."എന്ത്....????ഇതല്ല ഉദ്ദേശിച്ചതോ?ഓര്‍ഡറ്‍ ചെയ്ത പടി സാധനം കൊണ്ടു വന്നപ്പോള്‍ അതു വേണ്ടാന്നോ?ഇതിനിയാരു കഴിയ്ക്കാനാ.?".ഏറ്റവുമൊടുവില്‍, നന്ദനം സിനിമയില്‍ ജഗതിയുടെ വെപ്പുമുടി ഇന്നസെന്റ് ഊരി മാറ്റുമ്പോല്‍ "ഉപദ്രവിയ്ക്കരുത്‌...ഞാന്‍ പാലാരിവട്ടം ശശി.വയറ്റിപ്പിശപ്പാണു.." എന്നു പറഞ്ഞ്‌ ഭരതനാട്യത്തിലെ വന്ദനം സ്റ്റെപ്പിട്ട്‌ നിന്ന ജഗതിയെപ്പോലെ ഞാനും നിന്നു.ഒടുവില്‍ എന്നെ നോക്കി നില്‍ക്കെ അയാളുടെ ക്രോധം അടങ്ങി....തലയ്ക്കടിയേറ്റവനെപ്പോലെ നിര്‍വ്വികാരമായ മുഖത്തോടെ ഞാന്‍ പതിയെ തിരിച്ചു നടന്നു....

തിരിച്ചു നടക്കുമ്പോല്‍ നല്ല മഞ്ഞുണ്ടായിരുന്നു.ഇരുട്ടില്‍ ഞാനെന്നോടു തന്നെ പറഞ്ഞു.രണ്ടബദ്ധമൊക്കെ ആര്‍ക്കും പറ്റും...ചിക്കന്‍ പൊരിച്ചതെന്നു പറഞ്ഞപ്പോള്‍ വറുത്ത ഒന്നോ രണ്ടോ ചിക്കന്‍ കാലേ പ്രതീക്ഷിച്ചൂള്ളൂ.പിന്നാമ്പുറത്തൂടെപ്പോയ കോഴീനെ ഓടിച്ചിട്ട് പിടിച്ച് അതിനെ അടുപ്പിലിട്ട് ചുട്ട് എന്റെ മുന്‍പില്‍ കൊണ്ടു വയ്ക്കുമെന്ന് ആരെങ്കിലും കരുതിയോ?.വെയിറ്ററാണത്രേ വെയിറ്റര്‍...ഇങ്ങനേമുണ്ടോ കണ്ണീച്ചോരയില്ലാത്ത മനുഷേന്മാര്‍(അങ്ങോര്‍ക്ക് കണ്ണീച്ചോരയുള്ളയുള്ളതു കൊണ്ടാണു ഞാന്‍ എറങ്ങി നടക്കുന്നതെന്ന സത്യം ദേഷ്യപ്പെടുന്നതിനിടയില്‍ ഞാന്‍ മറന്നു).....സാരമില്ല ഇതൊക്കെ മനുഷ്യജീവിതത്തില്‍ സാധാരണയാണെന്നേ.....പിന്നില്‍ ശ്രീ പത്മനാഭന്‍ ആര്‍മ്മാദിച്ചൊന്നു ചിരിച്ചുവോ.....?ആര്‍ക്കറിയാം...

Sunday, September 17, 2006

ആര്‍ട്സ് കോളേജും തമ്പാനൂര്‍ ബസ് സ്റ്റാന്‍‌റും(ഓര്‍മ്മക്കൂറിപ്പ്-1)


ആര്‍ട്സ്‌ കോളേജിനേപ്പറ്റിയും തമ്പാനൂര്‍‍ ബസ്‌ സ്റ്റാണ്റ്റിനേയും കുറിച്ചുള്ള ഓര്‍മ്മകള്‍ പൊടിതട്ടി അവതരിപ്പിയ്ക്കാനുള്ളൊരെളിയ ശ്രമമാണിവിടെ.തമ്പാനൂര്‍ കെ.എസ്‌.ആര്‍.ടി.സി ബസ്‌ സ്റ്റാണ്റ്റിനു തൊട്ടു മുന്‍പ്‌ ചെങ്കല്‍ച്ചൂളക്ക്‌(തിരുവനന്തപുരത്തെ കുപ്രസിദ്ധമായ ഒരു ചേരി) അടുത്തുള്ള മോഡല്‍ സ്കൂള്‍ ജംക്ഷനില്‍ ഇറങ്ങി വേണം കോളേജിലേക്കു പോകുവാന്‍.പാളയത്തെ യൂണിവേഴ്സിറ്റി ഹോസ്റ്റലിണ്റ്റെ മുന്‍പില്‍ നിന്ന്‌ ഒന്നേകാല്‍ രൂപ കൊടുത്താല്‍ അന്ന്‌ കോളേജു പറ്റാം.ഏഴു കുന്നുകളുടെ നഗരമെന്നറിയപ്പെട്ടിരുന്ന തിരുവനന്തപുരത്തെ ഒരു പ്രധാനപ്പെട്ട കുന്നിലായിരുന്നു കോളേജും മറ്റും നിന്നിരുന്ന വഴുതക്കാട്‌ സ്ഥിതിചെയ്തിരുന്നത്‌.ഇണ്റ്റ്യയിലെ തന്നെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളിലൊന്നെന്ന ഖ്യാതി തിരുവനന്തപുരത്തിനു നേടിക്കൊടുക്കുന്നതില്‍ ഈ കുന്ന്‌ ആര്‍ക്കിടെക്ചര്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്‌.പൊതുവേ നഗരത്തെ വൃത്തിയായി സൂക്ഷിക്കുന്നതില്‍ നഗരവാസികള്‍ ശ്രദ്ധാലുക്കളായിരുന്നുവെങ്കിലും ഒരു ചെറു മഴകൊണ്ട്‌ നഗരത്തിണ്റ്റെ ആത്മാവും ശുദ്ധമാക്കപ്പെട്ടിരുന്നു.വീണ്ടും മോഡല്‍ സ്കൂള്‍ ജംകഷനിലേക്ക്‌.തിരുവനന്തപുരത്തെ അതിപ്രശസ്തമായ നാലു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ കുന്നിണ്റ്റെ മുകളില്‍ തോളോടു തോള്‍ ചേര്‍ന്നു നിന്നിരുന്നു.സ്വാതി തിരുനാള്‍ സാഗീത കോളേജും ആര്‍ട്സ്‌ കോളേജും മോഡല്‍ സ്കൂളും പരസ്പരം തൊട്ടു ചേര്‍ന്നു കിടന്നപ്പോള്‍ വിമന്‍സ്‌ കോളേജ്‌

ഒരു കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ നിലകൊണ്ടു.ബസിറങ്ങിയാല്‍ 'U' ഷേപ്പില്‍ കുത്തനെയുള്ള ഒരു റോഡ്‌ കാണാം.ആ റോഡിണ്റ്റെ ഒത്ത നടുക്കുള്ള ഒരു കിളിവാതില്‍ കടന്നാല്‍ മോഡല്‍ സ്കൂളിലേക്കുള്ള പടികള്‍ കയറാം(മോഹന്‍ലാലിനേയും ജഗതി ശ്രീകുമാറിനേയും പ്രീയദര്‍ശനേയും പോലുള്ള പ്രതിഭാധനന്‍മാരെ സൃഷ്ടിച്ച പാരമ്പര്യം ഈ സ്കൂളിനുണ്ട്‌).ആ റോഡിണ്റ്റെ വലത്തേക്കു തിരിഞ്ഞു പോയാല്‍ സംഗീതപ്പെരുമഴപെയ്യുന്ന സ്വാതി തിരുനാള്‍ സംഗീത കോളേജായി,ഇടത്തേക്കു തിരിഞ്ഞു നടന്നാല്‍ ആര്‍ട്സ്‌ കോളേജിണ്റ്റെ പിന്‍വാതില്‍ കാണാം.ഗേറ്റ്‌ കടന്നാല്‍ ഗേറ്റിനോടു ചേര്‍ന്നു തന്നെ ഒരു കാണ്റ്റീനുണ്ട്‌,ഒരു ടിപ്പിയ്ക്കല്‍ കോളേജ്‌ കാണ്റ്റീന്‍.അതിനോട്‌ ചേര്‍ന്ന്‌ മനോഹരമായ ആകൃതിയില്‍ നിര്‍മ്മിച്ച പടവുകള്‍ ഉണ്ട്‌.അതിണ്റ്റെ കൈവരികളില്‍ എപ്പോഴും ആളുണ്ടാവും.പൊട്ടിച്ചിരികളും സൌഹൃദവും ഏറെ കണ്ട ആ പടവുകള്‍ കയറിയാല്‍ കോളേജിണ്റ്റെ മുറ്റമായി.നീളന്‍ വരാന്തകളും ക്ളാസ്സ്‌ മുറികളുമാണു ആദ്യം കണ്ണില്‍പ്പെടുക.ഇടതുവശത്ത്‌ നാലഞ്ച്‌ ക്ളാസ്സ്മുറികള്‍ മാത്രമുള്ള ഒരു ചെറു കെട്ടിടം.നടുവിലൊരല്‍പമിടവിട്ട്‌ അതേ നീളത്തിലും വീതിയിലും കോളേജ്‌ സ്റ്റോര്‍ റൂം സമാന്തരമായി നില്‍പ്പുണ്ട്‌.രണ്ടിണ്റ്റേയും ഒത്ത നടുവിലായി ഒരു വലിയ മരം നില്‍പ്പുണ്ട്‌.അതിണ്റ്റെ തണല്‍ കാലങ്ങളോളം ഞങ്ങളുടെ കൌമാരം സംരക്ഷിച്ചു പോന്നു.കോളേജിണ്റ്റെ ഫ്രണ്ട്ഗേറ്റിണ്റ്റെ മതിലിനോടു ചേര്‍ന്നു ഒരു പഴഞ്ചന്‍ കാര്‍ഷെഡ്ഡ്‌ ഈ രണ്ടു കെട്ടിടങ്ങളേയും വിടാതെ കെട്ടിപ്പിടിച്ചുകൊണ്ടു നില്‍ക്കുന്നു.

അവിടം വിട്ട്‌ വീണ്ടും മുന്‍പോട്ടു നടന്നാല്‍ കോളേജിണ്റ്റെ മുന്‍വശമായി.രാജകീയ പ്രൌഢിയില്‍ തലയുയര്‍ത്തിനില്‍ക്കുന്ന ആ കെട്ടിടത്തിണ്റ്റെ പ്രധാനവാതില്‍ മലര്‍ക്കെത്തുറന്നിട്ടുണ്ടാവും.അവിടെ നിന്നാല്‍ ഇരുന്നൂറു മീറ്റര്‍ അകലെയായ്‌ കോളേജിണ്റ്റെ മെയിന്‍ ഗേറ്റ്‌ കാണാം.വഴിയ്ക്കിരുവശവും തണല്‍ സമൃദ്ധമായിട്ടുണ്ടാവും.വഴിയുടെ വലതുവശത്ത്‌ വിശാലമായിക്കിടക്കുന്ന കോളേജ്മൈതാനം കാണാം.കോളേജു മുഴുവനായി റെഡ്-ബ്രിക്ക് (ബ്രിട്ടീഷ്) ആര്‍ക്കി‌ടെക്ചറിലാണു നിര്‍മ്മിച്ചിരിയ്ക്കുന്നത്.
പ്രധാന വാതില്‍ കടന്നാല്‍ നാലു വശത്തേക്കും വാതിലുകള്‍ ഉള്ള ഒരു ഹാള്‍ കാണാം.ആകാശപ്പരപ്പില്‍ നിന്നോഴുകി വന്നതുപോലുള്ള ഭീമാകാരമായ ഒരു കോണിപ്പടി ഹാളിണ്റ്റെ നടുവില്‍ നമ്മളെ വരവേല്‍ക്കും.കോണിപടിയ്ക്കു ചുറ്റും നിശബ്ദതയും ഇരുട്ടും എപ്പോഴും തളം കെട്ടി നില്‍പുണ്ടാവും.പുറത്തു പെയ്യുന്ന വെയിലിണ്റ്റെ ജ്വാലയില്‍ ഹാളിനകം ചിമ്മിനി വിളക്കു പോലെ തെളിയുകയും മങ്ങുകയും ചെയ്യും.ഈ ബില്‍ടിങ്ങിണ്റ്റെ നിര്‍മ്മാണ ശൈലിയുടെ പ്രത്യോകതകൊണ്ടാവം നമ്മള്‍ പുറപ്പെടുവിയ്ക്കുന്ന ഏതു ശബ്ദവും പ്രതിധ്വനിയായി നമ്മളിലേക്കു തന്നെ തിരിച്ചു വരും,കര്‍മഫലം പോലെ.ഹാളിണ്റ്റെ നിശബ്ദതയില്‍ പലപ്പോഴും പ്രിയ സുഹ്രുത്തുക്കളുടെ മുഖം ഒരു പൂത്തിരി പോലെ തെളിഞ്ഞിരുന്നു.പിന്നെ എസ്‌.എഫ്‌.ഐ-യുടെ(അവിടെ എസ്‌.എഫ്‌.ഐ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നത്‌ ഒരു രസികന്‍ സത്യം) സമരകാഹളങ്ങള്‍ക്ക്‌ തുടക്കവും ഒടുക്കവും ഇവിടെയായിരുന്നു.അവിടെയെത്തിപ്പെടുന്ന എല്ലാവരും ഈ പ്രതിഷേധ സമരങ്ങളില്‍ പങ്കുചേരാന്‍ നിര്‍ബന്ധിതരായിരുന്നു.കുട്ടികളുടെ ആവേശം ഭിത്തിയും ജന്നലും മരച്ചില്ലകളും ആസ്വദിച്ചിരുന്നുവെങ്കിലും അതിലെ കഥയില്ലായ്മയെപ്പറ്റി പറഞ്ഞ്‌ അവര്‍ കുലുങ്ങിച്ചിരിച്ചിരുന്നു.മരം കൊണ്ടുണ്ടാക്കിയ ആ കോണിപ്പടി കയറുമ്പോള്‍ കയറുപായ വിരിച്ച പ്രതലങ്ങള്‍ക്കുള്ളില്‍ നിന്ന്‌ മനോഹരമായ സംഗീതം കേള്‍ക്കാം.തലങ്ങും വിലങ്ങും കിടക്കുന്ന ആ കോണിപ്പടികള്‍ ജീവിതം പോലെ സങ്കീര്‍ണ്ണമായിത്തന്നെകിടന്നു.ജീവിതത്തത്തിലെ ഓരോ പടവുകളും ഉറപ്പോടെ നടന്നു കയറിയ മുന്‍ഗാമികളുടെ നിശ്ച്ഛയദാര്‍ഢ്യം കാലുകള്‍ക്കൂര്‍ജ്ജമായി.ഒടുവില്‍ മൂന്നാമത്തെ നിലയിലെ വെള്ളിവെളിച്ചത്തിലേക്കാണെത്തിച്ചേരുക.പ്രകാശത്തിണ്റ്റെ താഴ്‌വരയില്‍ച്ചെന്നുപെട്ട ചിത്രശലഭത്തെപ്പോലെ മനസ്‌ പാറിത്തുടങ്ങിയിട്ടുണ്ടാവുമപ്പോള്‍.ബ്രിട്ടീഷ്‌ ഭരണ കാലത്തെ ഒരു കൊട്ടാരക്കെട്ടില്‍ പ്രവേശിച്ച അനുഭൂതിയുണ്ടായാല്‍ അതിശയിക്കാനില്ല.പ്രിന്‍സിപ്പാളിണ്റ്റെ മുറിക്കുപുറത്ത്‌ രണ്ടു കാവല്‍ക്കാര്‍ കൂടിയൂണ്ടെങ്കില്‍ ഒന്നാംതരം കൊട്ടാരമായി.ഓഫീസ്‌ റൂമുകള്‍ കൂടാതെ ഏറ്റവുമിടതുവശത്തായി ചെറുതെങ്കിലും മനോഹരമായൊരാഡിറ്റോറിയവും ഏറ്റവും വലത്തായി കോളേജ്‌ ലൈബ്രറിയും സ്ഥിതി ചെയ്യുന്നു.
വലിയ ഉരുളന്‍തൂണുകളും,വാതിലുകളുംകൊണ്ടു നിറഞ്ഞ നിര്‍മ്മിതി ഒരു കാല്‍പനികനു ഏറെ വളക്കൂറുള്ള ചുറ്റുപാടുകളായിരുന്നു.മുകള്‍ നിലയില്‍ നിന്ന്‌ മരച്ചില്ലകള്‍ക്കിടയിലൂടെ താഴത്തെ കാഴ്ച്ചകള്‍ കാണുന്നത്‌ ഏറ്റവും പ്രീയപ്പെട്ട വിനോദങ്ങളിലൊന്നായിരുന്നു.നഗരം കണ്‍മുന്‍പില്‍ കവിതയായൊഴുകിയ ഏതോ ഒരു സന്ധ്യയില്‍ മഴ ചെറുതായി ചാറുന്നുണ്ടായിരുന്നു.ദൂരെ കെട്ടിടണളെ മുഴുവന്‍ തണ്റ്റെ കൂടക്കീഴിലാക്കി നഗരത്തിണ്റ്റെ കുറ്റിക്കാടുകള്‍.സന്ധ്യയുടെ ചുവപ്പു വീണ്ടും കനത്തു.താളനിബദ്ധമായി പൊഴിയുന്ന മഴത്തുള്ളികള്‍ ദൂരെ മരച്ചില്ലകളില്‍ വീണു അപ്രത്യക്ഷമാകുന്നതു കാണാം.സ്വതവേ ചുവന്ന ഭിത്തികള്‍ അപ്പോള്‍ വീണ്ടും ചുവക്കാന്‍ തൂടങ്ങും.മഴത്തുള്ളികള്‍ ഇഷ്ടികയുടെ ചുണ്ടില്‍ വീണു പ്രണയം പോലെ ചുവന്ന്‌ നിര്‍വൃതിയോടെ ഒഴുകിപ്പോവും.കാലത്തെ തോല്‍പ്പിച്ച എത്രയോ പ്രതിഭാധനന്‍മാര്‍ ഈ തൂണുകളോട്‌ കൂട്ടുകൂടിയിട്ടുണ്ടാവാം.പ്രകൃതിയും നാഗരികതയും തീര്‍ത്ത സംശുദ്ധമായ കൂട്ടുകെട്ടിണ്റ്റെ സ്മാരകമായ ഈ വളപ്പില്‍ മുറ്റത്തെ രാജമല്ലിയില്‍ ചേക്കേറിയ കുയിലിനെപ്പോലെ വിദ്യാലക്ഷ്മിയും ഏതോ ഒരു സന്ധ്യക്ക്‌ ഈ ചുവരുകളില്‍ കുടിയേറിയിരിയ്ക്കാം.ഷിഫ്റ്റ്‌ വ്യവസ്ഥയിലായിരുന്നു ക്ളാസ്സുകള്‍ നടന്നിരുന്നത്‌,അതിനാല്‍ ഒന്നാം വര്‍ഷം ഉച്ചയോടെ കോളേജില്‍ നിന്നു പോന്നിരുന്നു.തിളച്ച വെയിലിലേക്ക്‌ ഇറങ്ങിനടക്കുമ്പോള്‍ തണല്‍ മരങ്ങള്‍ സ്വാന്തനമാവും.കോളേജു മുതല്‍ സ്വാതി തിരുനാള്‍ സംഗീത കോളേജുവരെ മരം വച്ചു പിടിപ്പിച്ച മഹാത്മാവിനെ മനസ്സാ നമിച്ചു പോകും.എത്ര വലിയ തിരക്കുകള്‍ക്കിടയിലും തങ്ങളുടേതായ ശാന്തമായൊരു ലോകത്തില്‍ മുഴുകിക്കഴിയുന്ന ഒരു ജനതയെ മറ്റൊരു നഗരത്തില്‍ കാണുക ബുദ്ധിമുട്ടാണു.കേരളത്തിണ്റ്റെ തെക്കു മുതല്‍ വടക്കുവരെയുള്ള എല്ലാത്തരം മലയാളികളുടേയും നല്ലൊരു മിശ്രണം തിരുവനതപുരത്തിണ്റ്റെ പ്രത്യോകതയാണു.ശരിക്കുള്ള തിരുവനതപുരത്തുകാര്‍ അന്‍പതു ശതമാനത്തോളമേ വരൂ.രാജഭരണകാലത്തെ നന്‍മകള്‍ വന്നു കയറിയവരും സ്വീകരിച്ചു.അവര്‍ നഗരത്തിണ്റ്റെ സംസ്കാരത്തേയും പരിപോഷിപ്പിയ്ക്കുകയും ചെയ്തു.ഇവിടെയെത്തിച്ചേരുന്നവര്‍ക്കെല്ലാം
ഈ നഗരം തണ്റ്റെ സ്വന്തമെന്നു തോന്നത്തക്ക എന്തോ ഒരു പ്രത്യോകത തിരുവനന്തപുരത്തിനുണ്ടായിരുന്നു.ജീവിയ്ക്കാന്‍ തന്നെ മറന്ന്‌ ഒരിടത്തും നില്‍പ്പുറയ്ക്കാതെ പാഞ്ഞുപോകുന്ന നഗരസന്തതികള്‍ മറ്റു നഗരങ്ങളെ അപേക്ഷിച്ച്‌ വളരെ കുറവ്‌,കണ്ണില്‍ തുളച്ചു കയറുന്ന വേഷവിധാനങ്ങളും പൊയ്മുഖങ്ങളും വളരെ വിരളം.ഇടത്തരക്കാരാണു കൂടുതലെന്നതും ഒരു പ്രത്യോകതയാണു.ജീവിതത്തിലെ ചെറുതെങ്കിലും മനോഹരമായ നിമിഷങ്ങളെ ആസ്വദിയ്ക്കുവാനും അതില്‍ സന്തോഷം കണ്ടെത്താനുമുള്ള ഒരു മനസ്സ്‌ ഓരോ നഗരവാസിയ്ക്കുമുണ്ടെന്നു തോന്നിയിട്ടുണ്ട്‌.സംഗീതക്കച്ചേരിയോ മറ്റു കലാ സാഹിത്യ പരിപാടികളോ നഗരത്തിണ്റ്റെ ഏതെങ്കിലും കോണില്‍ വച്ച്‌ എന്നും അരങ്ങേറാറുണ്ട്‌.എവിടേയും ആസ്വാദകര്‍ ധാരാളം.സായന്തനത്തിലെ ഇളവെയിലില്‍ തെരുവുകള്‍ സജീവം.രാപ്പകല്‍ ഭേദമില്ലാതെ മ്യൂസിയത്തിലെ ചാരുബഞ്ചുകളിലും മരച്ചുവട്ടിലും സ്വന്തം മനസ്സുമായി സംവദിയ്ക്കുന്ന മനുഷ്യരെ നിങ്ങള്‍ക്ക്‌ കാണാം.നിയമങ്ങള്‍ പാലിയ്ക്കാന്‍ വിമുഖത കാട്ടാത്ത നഗരവാസികളാണു ഈ നഗരത്തിണ്റ്റെ മുതല്‍ക്കൂട്ട്‌.ഈ തെരുവോരത്തെ തണലില്‍ തന്നെത്തന്നെ കണ്ടെത്താന്‍ ശ്രമിയ്ക്കുന്ന ഒരു യാത്രക്കാരനെ ആരും തുറിച്ചു നോക്കാറില്ല.അവണ്റ്റെ പുതുമയേറിയ ലോകം വലിയൊരു ലോകത്തിണ്റ്റെ ഭാഗമാണെന്ന തിരിച്ചറിവ്‌ ഓരോ നഗരവാസിയ്ക്കുമുണ്ട്‌.സ്വാതിതിരുനാള്‍ സംഗീതകോളേജിണ്റ്റെ മുന്‍പിലെത്തിയാല്‍ ആരാധനയോടെയല്ലാതെ ആ മുറ്റത്തേക്കു നോക്കുവാന്‍ കഴിയില്ല.മതിലുകള്‍ക്കപ്പുറത്തു നിന്ന്‌ ഒരേ താളത്തിലും ശ്രുതിയിലും ഉയരുന്ന ആലാപനം നഗരത്തിണ്റ്റെ ആത്മാവിനേയും തണുപ്പിച്ചിരുന്നു.നടന്ന്‌ ഒടുവില്‍ തമ്പാനൂരെത്തുമ്പോള്‍ ആദ്യം കണ്ണില്‍പ്പെടുക ഗവണ്‍മണ്റ്റ്‌ വക കൈരളി-ശ്രീ തീയേറ്റര്‍ കോമ്പ്ളക്സാണു.അവിടെ മുഴുവന്‍ ഭീമന്‍ കട്ടൌട്ടുകളാല്‍ സമ്പന്നം.ബസ്‌ സ്റ്റാണ്റ്റിണ്റ്റെ നേരെ എതിര്‍വശത്തായി സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍.ബസ്‌ സ്റ്റാണ്റ്റും പരിസരവും സദാ തിരക്കേറിയതായിരിയ്ക്കും.ഇപ്പോള്‍ ബസ്‌ സ്റ്റാണ്റ്റിനു അറ്റകുറ്റപ്പണികള്‍ നടത്തി മനോഹരമാക്കിയെന്നു കേട്ടു.ഞാനും എണ്റ്റെ വാമനപുരത്തുകാരന്‍ സുഹൃത്തും കിളിമാനൂറ്‍ ഓര്‍ഡിനറി ലിമിറ്റഡ്‌ സ്റ്റോപ്പ്‌ ബസ്സ്‌ പ്രതീക്ഷിച്ച്‌ അവിടെ നില്‍ക്കും.ബസ്‌ വരാന്‍ താമസിയ്ക്കുമ്പോള്‍ ഞങ്ങള്‍ ഉടനെയൊന്നും പുറപ്പെടാന്‍ സാദ്ധ്യതയില്ലാത്ത ഏതെങ്കിലും ബസില്‍ കയറിയിരിയ്ക്കും.ആ നേരത്ത്‌ സിനിമയും സാഹിത്യവും സംഗീതവുമൊക്കെ ചര്‍ച്ചാവിഷയമാകാറൂണ്ട്‌.ഓരോ ചെറിയ ആവശ്യങ്ങള്‍ക്കായി കൂടുംബത്തോടൊപ്പവും അല്ലാതെയും തിരുവനന്തപുരത്തു വന്നു മടങ്ങുന്ന തിരുവനന്തപുരം ജില്ലയ്ക്കു പുറത്തുള്ള ധാരാളം പേരെ അവിടെ കാണുവാന്‍ കഴിയുന്നു.അവരുടെ ഓരോ യാത്രയും ഓരോ കഥയാണു,അനുഭവമാണു.

സ്റ്റാണ്റ്റിനോടു ചേര്‍ന്ന്‌ പ്രസിദ്ധമായ ഇണ്റ്റ്യന്‍ കോഫീ ഹൌസ്‌.ദൂരെ നിന്നു നോക്കിയാല്‍ ഭീമാകാരമായ ഒരു പുകക്കുഴലിനെ അനുസ്മരിപ്പിയ്ക്കും.രണ്ടു വശവും ചെറുതായി വലിച്ചു പിടിച്ച ഒരു ഫിലിം റോളിണ്റ്റെ ആകൃതിയിലാണു ഉള്‍വശം നിര്‍മ്മിച്ചിരിയ്ക്കുന്നത്‌.നഗരത്തിണ്റ്റെ പല ഭാഗങ്ങളിലായുള്ള ഇണ്റ്റ്യന്‍ കോഫീഹൌസുകള്‍ .തിരുവനന്തപുരത്തുകാരുടെ പ്രീയപ്പെട്ട സങ്കേതങ്ങളില്‍ ഒന്നാണു.
ബസ്‌ വന്നു കഴിഞ്ഞാല്‍ പിന്നെ സീറ്റു പിടിയ്ക്കാനുള്ള നെട്ടോട്ടം.ബേക്കറി ജംക്ഷനും നന്ദന്‍കോടും കഴിഞ്ഞ്‌ പാളയത്തെ നിയമസഭാമന്ദിരത്തിനോടു ചേര്‍ന്നുള്ള വികാസ്ഭവന്‍ ജംക്ഷനായാല്‍ ഞാന്‍ കൂട്ടുകാരനോട്‌ യാത്ര പറഞ്ഞിറങ്ങും.ചുറ്റിനും കുറേ സ്ഥലം ഒഴിച്ചിട്ട്‌, ചെറുതെങ്കിലും മനോഹരമായ ഹനുമാന്‍ കോവില്‍ റോഡരുകില്‍ തന്നെ കാണാം.പൊരിവെയിലില്‍ അവിടേക്കു നടന്നാല്‍ തണലുമായി വലിയൊരു ചെമ്പകമരം കാത്തുനില്‍പ്പൂണ്ടാവും.സ്നേഹസൂചകമായി ഒരു പൂവെങ്കിലും അവന്‍ പൊഴിയ്ക്കാതിരിയ്ക്കില്ല.പിന്നെ റോഡ്‌ ക്രോസ്സ്‌ ചെയ്തിട്ട്‌ ഇന്‍‌ഡോര്‍ സ്റ്റേഡിയം ചുറ്റി വളഞ്ഞു പോകുന്ന തണല്‍മരങ്ങളാല്‍ സമ്പന്നമായ വഴിയിലൂടെ ഹോസ്റ്റലിനെ ലക്ഷ്യമാക്കി എന്നെത്തന്നെയും മറന്നു നടന്നു.വാഹന‌ങ്ങളുടെ ഇരമ്പലും ഹോണടി ശബ്ദവും ചുറ്റിനും സംഗീതമായൊഴുകി.ഇല്ല,ഞാന്‍ തനിച്ചല്ല.സ്നേഹത്തില്‍ പൊതിഞ്ഞൊരു സുരക്ഷിതത്വം ഞാനറിയുന്നുണ്ട്.വെയില്‍ താഴുമ്പോള്‍ ഇന്‍‌ഡോര്‍ സ്റ്റേഡിയത്തിനു മുകളിലൂടൂര്‍ന്നിറങ്ങുന്ന സൂര്യന്റെ പുഞ്ചിരിയാസ്വദിയ്ക്കാന്‍ വീണ്ടും വരണമെന്ന് ആരോ സ്വകാര്യം പറഞ്ഞു.തിരിഞ്ഞു നോക്കുമ്പോള്‍ അവന്‍ എവിടെയോ മറഞ്ഞിരുന്നു....

Tuesday, August 29, 2006

എന്റെ സ്നേഹ പ്രപഞ്ചം


എന്റെ സ്നേഹ പ്രപഞ്ചം

ഇടമുറിയാതെ പാടുന്നൊരാ ചുവരുകളും..
നിര നിരയായ്‌ പൊഴിയുന്നൊരാ പൂവുകളും..
മെല്ലവേ ചായുന്ന സ്നേഹമാം തണലും..
ശാന്തമായ്‌ പരക്കുന്ന സ്വഛതയും..

സരിഗമ പാടുന്ന ചുവരുകള്‍ കണ്ടനാള്‍
സ്വാതി തന്‍ കീര്‍ത്തനമായ് പെയ്തുഞാന്‍....

വിടചൊല്ലി വരുന്നേരം വഴിയിലെ മരമുത്തച്ഛന്‍
സ്വയം മറന്നൂ തന്റെ സാധക നിര്‍വൃതിയില്‍...

സ്നെഹത്തിന്‍ തണലേറ്റു നടന്നെത്തിയെന്‍
പ്രിയ കലാലയങ്കണത്തില്‍......

ചെങ്കല്ലിന്‍ ചുവപ്പിനാലെഴുതിയൊരു കാവ്യം പോല്‍
അറിവിന്റെ വിനീത ഗുരുനാഥന്‍.......

ഇടനാഴികകളില്‍,മരച്ചുവട്ടില്‍,പടവുകളില്‍ തിരഞ്ഞു ഞാനാ
സൗഹൃദ സല്ലാപങ്ങള്‍...പിന്നെയെന്നെയും..

പൂക്കള്‍ വീണ പരിചിതമാം വഴികള്‍....
ഇനി തിരിച്ചു പോക്കില്ലാത്ത ജീവിത വഴികള്‍....

മഞ്ഞിച്ച സായന്തന വെയിലില്‍ നാണിച്ചു നില്പൂ
പാളയത്തെ തെരുവുകള്‍....എന്‍‌റ്റെ സ്വപ്നവീധികള്‍.....

ഫൈനാര്‍ട്സ് വളപ്പിലെ കണിക്കൊന്ന ചിരിയാലെന്നെ വരവേറ്റു
നഷ്ടസൗഹ്രുദം പങ്കു വച്ചു.....

ലൈബ്രറിയിലെ തണുപ്പില്‍ ജാലകപ്പടിയില്‍ ഞനൊരക്ഷരമാകവേ
കാറ്റാടി മരമൊരു പഴയ കവിത ചൊല്ലി....

പിന്നെ ഞാനെത്തിയെന്‍ ഹോസ്റ്റല്‍ വളപ്പില്‍...
പഴമയുടെ,കവിതയുടെ സ്വര്‍ഗീയ വളപ്പില്‍....

പഴയ ബില്‍ടിങ്ങിലെ നീളന്‍ വരാന്തയില്‍ ഒരുമാത്ര
ഞാനൊരു കല്‍ പ്രതിമമാത്രമായ്.....

ടി.വി റൂമിലെ കനത്ത നിശബ്ദതയും.......
കൊന്ന മരത്തിന്റെ തണല്‍ വീണ പടവുകളും.....

ആരവങ്ങളൊടുങ്ങാത്ത ഹോസ്റ്റല്‍‍ മൈതാനവും....
ആ പടവുകളിലിരുന്നു...എപ്പൊഴോ മയങ്ങിപ്പോയി.

ഇടയ്ക്കു ഞാനൊരു സ്വപ്നമായ്‌ മാറി പോല്‍...
പ്രകൃതിയുടെ മടിയിലൊരു
തുഷാരമായി...വീണുടഞ്ഞു പോയി...

പിന്നെ ആദിയില്‍ ലയിച്ചുപോയ്‌ പോല്‍....

ഒടുവില്‍ ഞാനെന്റെ സാമ്രാജ്യമണഞ്ഞു
മുറിയിലെയിരുട്ടിലെനെന്നോര്‍മകള്‍ തിരഞ്ഞൂ.......

തുറന്നൂ ഞാനെന്‍ ജാലകം...കാഴ്ചകളുടെ കാവ്യജാലകം...
പിന്നെ കുശലം പറഞ്ഞു സതീര്‍ത്ഥ്യനാം മര മുത്തച്ഛ്ന്‍...

ഇരുളു പരക്കും മുന്‍പേ യാത്ര ചൊല്ലി...മ്യൂസിയം
വഴിയിലെന്‍ മിഴിനിറച്ചു...

ചെമ്പകച്ചോട്ടിലെ പുല്‍ക്കൊടി പുണര്‍ന്നെന്നെ...
പ്രണയം ചെമ്പക ഗന്ധമായ്‌...വിവശമായ്‌...

മുന്നിലെ വിളക്കുകള്‍ മിഴിചിമ്മി...
...മഞ്ഞും പൊഴിഞ്ഞെന്റെ മേലേ....

അനന്തന്‍‌റ്റെ പുരിയിലൊരു ബിന്ദുവായലിഞ്ഞുഞാന്‍
പിന്നില്‍ രാവും സാന്ദ്രമായി........