ആര്‍ട്സ് കോളേജിനേപ്പറ്റിയും തമ്പാനൂര്‍ ബസ് സ്റ്റാണ്റ്റിനേയും കുറിച്ചുള്ള ഓര്‍മ്മകള്‍ പൊടിതട്ടി അവതരിപ്പിയ്ക്കാനുള്ളൊരെളിയ ശ്രമമാണിവിടെ.തമ്പാനൂര്‍ കെ.എസ്.ആര്.ടി.സി ബസ് സ്റ്റാണ്റ്റിനു തൊട്ടു മുന്‍പ് ചെങ്കല്‍ച്ചൂളക്ക്(തിരുവനന്തപുരത്തെ കുപ്രസിദ്ധമായ ഒരു ചേരി) അടുത്തുള്ള മോഡല്‍ സ്കൂള്‍ ജംക്ഷനില്‍ ഇറങ്ങി വേണം കോളേജിലേക്കു പോകുവാന്‍.പാളയത്തെ യൂണിവേഴ്സിറ്റി ഹോസ്റ്റലിണ്റ്റെ മുന്പില് നിന്ന് ഒന്നേകാല്‍ രൂപ കൊടുത്താല്‍ അന്ന് കോളേജു പറ്റാം.ഏഴു കുന്നുകളുടെ നഗരമെന്നറിയപ്പെട്ടിരുന്ന തിരുവനന്തപുരത്തെ ഒരു പ്രധാനപ്പെട്ട കുന്നിലായിരുന്നു കോളേജും മറ്റും നിന്നിരുന്ന വഴുതക്കാട് സ്ഥിതിചെയ്തിരുന്നത്.ഇണ്റ്റ്യയിലെ തന്നെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളിലൊന്നെന്ന ഖ്യാതി തിരുവനന്തപുരത്തിനു നേടിക്കൊടുക്കുന്നതില്‍ ഈ കുന്ന് ആര്‍ക്കിടെക്ചര്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്.പൊതുവേ നഗരത്തെ വൃത്തിയായി സൂക്ഷിക്കുന്നതില്‍ നഗരവാസികള്‍ ശ്രദ്ധാലുക്കളായിരുന്നുവെങ്കിലും ഒരു ചെറു മഴകൊണ്ട് നഗരത്തിണ്റ്റെ ആത്മാവും ശുദ്ധമാക്കപ്പെട്ടിരുന്നു.വീണ്ടും മോഡല്‍ സ്കൂള്‍ ജംകഷനിലേക്ക്.തിരുവനന്തപുരത്തെ അതിപ്രശസ്തമായ നാലു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ കുന്നിണ്റ്റെ മുകളില്‍ തോളോടു തോള് ചേര്‍ന്നു നിന്നിരുന്നു.സ്വാതി തിരുനാള്‍ സാഗീത കോളേജും ആര്‍ട്സ് കോളേജും മോഡല്‍ സ്കൂളും പരസ്പരം തൊട്ടു ചേര്‍ന്നു കിടന്നപ്പോള്‍ വിമന്‍സ് കോളേജ്
ഒരു കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ നിലകൊണ്ടു.ബസിറങ്ങിയാല്‍ 'U' ഷേപ്പില്‍ കുത്തനെയുള്ള ഒരു റോഡ് കാണാം.ആ റോഡിണ്റ്റെ ഒത്ത നടുക്കുള്ള ഒരു കിളിവാതില്‍ കടന്നാല്‍ മോഡല്‍ സ്കൂളിലേക്കുള്ള പടികള്‍ കയറാം(മോഹന്‍ലാലിനേയും ജഗതി ശ്രീകുമാറിനേയും പ്രീയദര്‍ശനേയും പോലുള്ള പ്രതിഭാധനന്മാരെ സൃഷ്ടിച്ച പാരമ്പര്യം ഈ സ്കൂളിനുണ്ട്).ആ റോഡിണ്റ്റെ വലത്തേക്കു തിരിഞ്ഞു പോയാല്‍ സംഗീതപ്പെരുമഴപെയ്യുന്ന സ്വാതി തിരുനാള്‍ സംഗീത കോളേജായി,ഇടത്തേക്കു തിരിഞ്ഞു നടന്നാല്‍ ആര്‍ട്സ് കോളേജിണ്റ്റെ പിന്‍വാതില്‍ കാണാം.ഗേറ്റ് കടന്നാല്‍ ഗേറ്റിനോടു ചേര്‍ന്നു തന്നെ ഒരു കാണ്റ്റീനുണ്ട്,ഒരു ടിപ്പിയ്ക്കല്‍ കോളേജ് കാണ്റ്റീന്.അതിനോട് ചേര്‍ന്ന് മനോഹരമായ ആകൃതിയില്‍ നിര്‍മ്മിച്ച പടവുകള്‍ ഉണ്ട്.അതിണ്റ്റെ കൈവരികളില്‍ എപ്പോഴും ആളുണ്ടാവും.പൊട്ടിച്ചിരികളും സൌഹൃദവും ഏറെ കണ്ട ആ പടവുകള്‍ കയറിയാല്‍ കോളേജിണ്റ്റെ മുറ്റമായി.നീളന്‍ വരാന്തകളും ക്ളാസ്സ് മുറികളുമാണു ആദ്യം കണ്ണില്‍പ്പെടുക.ഇടതുവശത്ത് നാലഞ്ച് ക്ളാസ്സ്മുറികള് മാത്രമുള്ള ഒരു ചെറു കെട്ടിടം.നടുവിലൊരല്‍പമിടവിട്ട് അതേ നീളത്തിലും വീതിയിലും കോളേജ് സ്റ്റോര്‍ റൂം സമാന്തരമായി നില്‍പ്പുണ്ട്.രണ്ടിണ്റ്റേയും ഒത്ത നടുവിലായി ഒരു വലിയ മരം നില്‍പ്പുണ്ട്.അതിണ്റ്റെ തണല്‍ കാലങ്ങളോളം ഞങ്ങളുടെ കൌമാരം സംരക്ഷിച്ചു പോന്നു.കോളേജിണ്റ്റെ ഫ്രണ്ട്ഗേറ്റിണ്റ്റെ മതിലിനോടു ചേര്‍ന്നു ഒരു പഴഞ്ചന്‍ കാര്‍ഷെഡ്ഡ് ഈ രണ്ടു കെട്ടിടങ്ങളേയും വിടാതെ കെട്ടിപ്പിടിച്ചുകൊണ്ടു നില്ക്കുന്നു.
അവിടം വിട്ട് വീണ്ടും മുന്‍പോട്ടു നടന്നാല്‍ കോളേജിണ്റ്റെ മുന്‍വശമായി.രാജകീയ പ്രൌഢിയില്‍ തലയുയര്ത്തിനില്ക്കുന്ന ആ കെട്ടിടത്തിണ്റ്റെ പ്രധാനവാതില്‍ മലര്‍ക്കെത്തുറന്നിട്ടുണ്ടാവും.അവിടെ നിന്നാല്‍ ഇരുന്നൂറു മീറ്റര്‍ അകലെയായ് കോളേജിണ്റ്റെ മെയിന്‍ ഗേറ്റ് കാണാം.വഴിയ്ക്കിരുവശവും തണല്‍ സമൃദ്ധമായിട്ടുണ്ടാവും.വഴിയുടെ വലതുവശത്ത് വിശാലമായിക്കിടക്കുന്ന കോളേജ്മൈതാനം കാണാം.കോളേജു മുഴുവനായി റെഡ്-ബ്രിക്ക് (ബ്രിട്ടീഷ്) ആര്‍ക്കിടെക്ചറിലാണു നിര്‍മ്മിച്ചിരിയ്ക്കുന്നത്.


പ്രധാന വാതില്‍ കടന്നാല്‍ നാലു വശത്തേക്കും വാതിലുകള്‍ ഉള്ള ഒരു ഹാള്‍ കാണാം.ആകാശപ്പരപ്പില്‍ നിന്നോഴുകി വന്നതുപോലുള്ള ഭീമാകാരമായ ഒരു കോണിപ്പടി ഹാളിണ്റ്റെ നടുവില്‍ നമ്മളെ വരവേല്‍ക്കും.കോണിപടിയ്ക്കു ചുറ്റും നിശബ്ദതയും ഇരുട്ടും എപ്പോഴും തളം കെട്ടി നില്പുണ്ടാവും.പുറത്തു പെയ്യുന്ന വെയിലിണ്റ്റെ ജ്വാലയില്‍ ഹാളിനകം ചിമ്മിനി വിളക്കു പോലെ തെളിയുകയും മങ്ങുകയും ചെയ്യും.ഈ ബില്‍ടിങ്ങിണ്റ്റെ നിര്‍മ്മാണ ശൈലിയുടെ പ്രത്യോകതകൊണ്ടാവം നമ്മള് പുറപ്പെടുവിയ്ക്കുന്ന ഏതു ശബ്ദവും പ്രതിധ്വനിയായി നമ്മളിലേക്കു തന്നെ തിരിച്ചു വരും,കര്‍മഫലം പോലെ.ഹാളിണ്റ്റെ നിശബ്ദതയില്‍ പലപ്പോഴും പ്രിയ സുഹ്രുത്തുക്കളുടെ മുഖം ഒരു പൂത്തിരി പോലെ തെളിഞ്ഞിരുന്നു.പിന്നെ എസ്.എഫ്.ഐ-യുടെ(അവിടെ എസ്.എഫ്.ഐ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നത് ഒരു രസികന്‍ സത്യം) സമരകാഹളങ്ങള്‍ക്ക് തുടക്കവും ഒടുക്കവും ഇവിടെയായിരുന്നു.അവിടെയെത്തിപ്പെടുന്ന എല്ലാവരും ഈ പ്രതിഷേധ സമരങ്ങളില്‍ പങ്കുചേരാന്‍ നിര്‍ബന്ധിതരായിരുന്നു.കുട്ടികളുടെ ആവേശം ഭിത്തിയും ജന്നലും മരച്ചില്ലകളും ആസ്വദിച്ചിരുന്നുവെങ്കിലും അതിലെ കഥയില്ലായ്മയെപ്പറ്റി പറഞ്ഞ് അവര്‍ കുലുങ്ങിച്ചിരിച്ചിരുന്നു.

മരം കൊണ്ടുണ്ടാക്കിയ ആ കോണിപ്പടി കയറുമ്പോള്‍ കയറുപായ വിരിച്ച പ്രതലങ്ങള്‍ക്കുള്ളില്‍ നിന്ന് മനോഹരമായ സംഗീതം കേള്‍ക്കാം.തലങ്ങും വിലങ്ങും കിടക്കുന്ന ആ കോണിപ്പടികള്‍ ജീവിതം പോലെ സങ്കീര്‍ണ്ണമായിത്തന്നെകിടന്നു.ജീവിതത്തത്തിലെ ഓരോ പടവുകളും ഉറപ്പോടെ നടന്നു കയറിയ മുന്‍ഗാമികളുടെ നിശ്ച്ഛയദാര്‍ഢ്യം കാലുകള്‍ക്കൂര്‍ജ്ജമായി.ഒടുവില്‍ മൂന്നാമത്തെ നിലയിലെ വെള്ളിവെളിച്ചത്തിലേക്കാണെത്തിച്ചേരുക.പ്രകാശത്തിണ്റ്റെ താഴ്വരയില്‍ച്ചെന്നുപെട്ട ചിത്രശലഭത്തെപ്പോലെ മനസ് പാറിത്തുടങ്ങിയിട്ടുണ്ടാവുമപ്പോള്‍.ബ്രിട്ടീഷ് ഭരണ കാലത്തെ ഒരു കൊട്ടാരക്കെട്ടില്‍ പ്രവേശിച്ച അനുഭൂതിയുണ്ടായാല്‍ അതിശയിക്കാനില്ല.പ്രിന്‍സിപ്പാളിണ്റ്റെ മുറിക്കുപുറത്ത് രണ്ടു കാവല്ക്കാര് കൂടിയൂണ്ടെങ്കില്‍ ഒന്നാംതരം കൊട്ടാരമായി.ഓഫീസ് റൂമുകള്‍ കൂടാതെ ഏറ്റവുമിടതുവശത്തായി ചെറുതെങ്കിലും മനോഹരമായൊരാഡിറ്റോറിയവും ഏറ്റവും വലത്തായി കോളേജ് ലൈബ്രറിയും സ്ഥിതി ചെയ്യുന്നു.


വലിയ ഉരുളന്‍തൂണുകളും,വാതിലുകളുംകൊണ്ടു നിറഞ്ഞ നിര്‍മ്മിതി ഒരു കാല്പനികനു ഏറെ വളക്കൂറുള്ള ചുറ്റുപാടുകളായിരുന്നു.മുകള്‍ നിലയില്‍ നിന്ന് മരച്ചില്ലകള്ക്കിടയിലൂടെ താഴത്തെ കാഴ്ച്ചകള്‍ കാണുന്നത് ഏറ്റവും പ്രീയപ്പെട്ട വിനോദങ്ങളിലൊന്നായിരുന്നു.നഗരം കണ്മുന്പില് കവിതയായൊഴുകിയ ഏതോ ഒരു സന്ധ്യയില്‍ മഴ ചെറുതായി ചാറുന്നുണ്ടായിരുന്നു.ദൂരെ കെട്ടിടണളെ മുഴുവന്‍ തണ്റ്റെ കൂടക്കീഴിലാക്കി നഗരത്തിണ്റ്റെ കുറ്റിക്കാടുകള്‍.സന്ധ്യയുടെ ചുവപ്പു വീണ്ടും കനത്തു.താളനിബദ്ധമായി പൊഴിയുന്ന മഴത്തുള്ളികള്‍ ദൂരെ മരച്ചില്ലകളില്‍ വീണു അപ്രത്യക്ഷമാകുന്നതു കാണാം.സ്വതവേ ചുവന്ന ഭിത്തികള്‍ അപ്പോള്‍ വീണ്ടും ചുവക്കാന്‍ തൂടങ്ങും.മഴത്തുള്ളികള്‍ ഇഷ്ടികയുടെ ചുണ്ടില്‍ വീണു പ്രണയം പോലെ ചുവന്ന് നിര്‍വൃതിയോടെ ഒഴുകിപ്പോവും.കാലത്തെ തോല്‍പ്പിച്ച എത്രയോ പ്രതിഭാധനന്മാര് ഈ തൂണുകളോട് കൂട്ടുകൂടിയിട്ടുണ്ടാവാം.പ്രകൃതിയും നാഗരികതയും തീര്‍ത്ത സംശുദ്ധമായ കൂട്ടുകെട്ടിണ്റ്റെ സ്മാരകമായ ഈ വളപ്പില്‍ മുറ്റത്തെ രാജമല്ലിയില്‍ ചേക്കേറിയ കുയിലിനെപ്പോലെ വിദ്യാലക്ഷ്മിയും ഏതോ ഒരു സന്ധ്യക്ക് ഈ ചുവരുകളില്‍ കുടിയേറിയിരിയ്ക്കാം.

ഷിഫ്റ്റ് വ്യവസ്ഥയിലായിരുന്നു ക്ളാസ്സുകള്‍ നടന്നിരുന്നത്,അതിനാല്‍ ഒന്നാം വര്‍ഷം ഉച്ചയോടെ കോളേജില്‍ നിന്നു പോന്നിരുന്നു.തിളച്ച വെയിലിലേക്ക് ഇറങ്ങിനടക്കുമ്പോള്‍ തണല്‍ മരങ്ങള്‍ സ്വാന്തനമാവും.കോളേജു മുതല്‍ സ്വാതി തിരുനാള്‍ സംഗീത കോളേജുവരെ മരം വച്ചു പിടിപ്പിച്ച മഹാത്മാവിനെ മനസ്സാ നമിച്ചു പോകും.എത്ര വലിയ തിരക്കുകള്‍ക്കിടയിലും തങ്ങളുടേതായ ശാന്തമായൊരു ലോകത്തില്‍ മുഴുകിക്കഴിയുന്ന ഒരു ജനതയെ മറ്റൊരു നഗരത്തില്‍ കാണുക ബുദ്ധിമുട്ടാണു.കേരളത്തിണ്റ്റെ തെക്കു മുതല്‍ വടക്കുവരെയുള്ള എല്ലാത്തരം മലയാളികളുടേയും നല്ലൊരു മിശ്രണം തിരുവനതപുരത്തിണ്റ്റെ പ്രത്യോകതയാണു.ശരിക്കുള്ള തിരുവനതപുരത്തുകാര്‍ അന്‍പതു ശതമാനത്തോളമേ വരൂ.രാജഭരണകാലത്തെ നന്മകള് വന്നു കയറിയവരും സ്വീകരിച്ചു.അവര്‍ നഗരത്തിണ്റ്റെ സംസ്കാരത്തേയും പരിപോഷിപ്പിയ്ക്കുകയും ചെയ്തു.ഇവിടെയെത്തിച്ചേരുന്നവര്‍ക്കെല്ലാം ഈ നഗരം തണ്റ്റെ സ്വന്തമെന്നു തോന്നത്തക്ക എന്തോ ഒരു പ്രത്യോകത തിരുവനന്തപുരത്തിനുണ്ടായിരുന്നു.ജീവിയ്ക്കാന്‍ തന്നെ മറന്ന് ഒരിടത്തും നില്‍പ്പുറയ്ക്കാതെ പാഞ്ഞുപോകുന്ന നഗരസന്തതികള്‍ മറ്റു നഗരങ്ങളെ അപേക്ഷിച്ച് വളരെ കുറവ്,കണ്ണില്‍ തുളച്ചു കയറുന്ന വേഷവിധാനങ്ങളും പൊയ്മുഖങ്ങളും വളരെ വിരളം.ഇടത്തരക്കാരാണു കൂടുതലെന്നതും ഒരു പ്രത്യോകതയാണു.ജീവിതത്തിലെ ചെറുതെങ്കിലും മനോഹരമായ നിമിഷങ്ങളെ ആസ്വദിയ്ക്കുവാനും അതില്‍ സന്തോഷം കണ്ടെത്താനുമുള്ള ഒരു മനസ്സ് ഓരോ നഗരവാസിയ്ക്കുമുണ്ടെന്നു തോന്നിയിട്ടുണ്ട്.സംഗീതക്കച്ചേരിയോ മറ്റു കലാ സാഹിത്യ പരിപാടികളോ നഗരത്തിണ്റ്റെ ഏതെങ്കിലും കോണില്‍ വച്ച് എന്നും അരങ്ങേറാറുണ്ട്.എവിടേയും ആസ്വാദകര്‍ ധാരാളം.സായന്തനത്തിലെ ഇളവെയിലില്‍ തെരുവുകള്‍ സജീവം.രാപ്പകല്‍ ഭേദമില്ലാതെ മ്യൂസിയത്തിലെ ചാരുബഞ്ചുകളിലും മരച്ചുവട്ടിലും സ്വന്തം മനസ്സുമായി സംവദിയ്ക്കുന്ന മനുഷ്യരെ നിങ്ങള്‍ക്ക് കാണാം.നിയമങ്ങള്‍ പാലിയ്ക്കാന്‍ വിമുഖത കാട്ടാത്ത നഗരവാസികളാണു ഈ നഗരത്തിണ്റ്റെ മുതല്‍ക്കൂട്ട്.ഈ തെരുവോരത്തെ തണലില്‍ തന്നെത്തന്നെ കണ്ടെത്താന്‍ ശ്രമിയ്ക്കുന്ന ഒരു യാത്രക്കാരനെ ആരും തുറിച്ചു നോക്കാറില്ല.അവണ്റ്റെ പുതുമയേറിയ ലോകം വലിയൊരു ലോകത്തിണ്റ്റെ ഭാഗമാണെന്ന തിരിച്ചറിവ് ഓരോ നഗരവാസിയ്ക്കുമുണ്ട്.

സ്വാതിതിരുനാള്‍ സംഗീതകോളേജിണ്റ്റെ മുന്പിലെത്തിയാല് ആരാധനയോടെയല്ലാതെ ആ മുറ്റത്തേക്കു നോക്കുവാന്‍ കഴിയില്ല.മതിലുകള്‍ക്കപ്പുറത്തു നിന്ന് ഒരേ താളത്തിലും ശ്രുതിയിലും ഉയരുന്ന ആലാപനം നഗരത്തിണ്റ്റെ ആത്മാവിനേയും തണുപ്പിച്ചിരുന്നു.നടന്ന് ഒടുവില്‍ തമ്പാനൂരെത്തുമ്പോള്‍ ആദ്യം കണ്ണില്‍പ്പെടുക ഗവണ്‍മണ്റ്റ് വക കൈരളി-ശ്രീ തീയേറ്റര്‍ കോമ്പ്ളക്സാണു.അവിടെ മുഴുവന്‍ ഭീമന് കട്ടൌട്ടുകളാല്‍ സമ്പന്നം.ബസ് സ്റ്റാണ്റ്റിണ്റ്റെ നേരെ എതിര്‍വശത്തായി സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്.ബസ് സ്റ്റാണ്റ്റും പരിസരവും സദാ തിരക്കേറിയതായിരിയ്ക്കും.ഇപ്പോള്‍ ബസ് സ്റ്റാണ്റ്റിനു അറ്റകുറ്റപ്പണികള്‍ നടത്തി മനോഹരമാക്കിയെന്നു കേട്ടു.ഞാനും എണ്റ്റെ വാമനപുരത്തുകാരന്‍ സുഹൃത്തും കിളിമാനൂറ് ഓര്‍ഡിനറി ലിമിറ്റഡ് സ്റ്റോപ്പ് ബസ്സ് പ്രതീക്ഷിച്ച് അവിടെ നില്ക്കും.ബസ് വരാന്‍ താമസിയ്ക്കുമ്പോള്‍ ഞങ്ങള്‍ ഉടനെയൊന്നും പുറപ്പെടാന്‍ സാദ്ധ്യതയില്ലാത്ത ഏതെങ്കിലും ബസില്‍ കയറിയിരിയ്ക്കും.ആ നേരത്ത് സിനിമയും സാഹിത്യവും സംഗീതവുമൊക്കെ ചര്‍ച്ചാവിഷയമാകാറൂണ്ട്.ഓരോ ചെറിയ ആവശ്യങ്ങള്‍ക്കായി കൂടുംബത്തോടൊപ്പവും അല്ലാതെയും തിരുവനന്തപുരത്തു വന്നു മടങ്ങുന്ന തിരുവനന്തപുരം ജില്ലയ്ക്കു പുറത്തുള്ള ധാരാളം പേരെ അവിടെ കാണുവാന്‍ കഴിയുന്നു.അവരുടെ ഓരോ യാത്രയും ഓരോ കഥയാണു,അനുഭവമാണു.

സ്റ്റാണ്റ്റിനോടു ചേര്‍ന്ന് പ്രസിദ്ധമായ ഇണ്റ്റ്യന്‍ കോഫീ ഹൌസ്.ദൂരെ നിന്നു നോക്കിയാല്‍ ഭീമാകാരമായ ഒരു പുകക്കുഴലിനെ അനുസ്മരിപ്പിയ്ക്കും.രണ്ടു വശവും ചെറുതായി വലിച്ചു പിടിച്ച ഒരു ഫിലിം റോളിണ്റ്റെ ആകൃതിയിലാണു ഉള്‍വശം നിര്‍മ്മിച്ചിരിയ്ക്കുന്നത്.നഗരത്തിണ്റ്റെ പല ഭാഗങ്ങളിലായുള്ള ഇണ്റ്റ്യന്‍ കോഫീഹൌസുകള്‍ .തിരുവനന്തപുരത്തുകാരുടെ പ്രീയപ്പെട്ട സങ്കേതങ്ങളില്‍ ഒന്നാണു.

ബസ് വന്നു കഴിഞ്ഞാല്‍ പിന്നെ സീറ്റു പിടിയ്ക്കാനുള്ള നെട്ടോട്ടം.ബേക്കറി ജംക്ഷനും നന്ദന്‍കോടും കഴിഞ്ഞ് പാളയത്തെ നിയമസഭാമന്ദിരത്തിനോടു ചേര്‍ന്നുള്ള വികാസ്ഭവന്‍ ജംക്ഷനായാല്‍ ഞാന്‍ കൂട്ടുകാരനോട് യാത്ര പറഞ്ഞിറങ്ങും.ചുറ്റിനും കുറേ സ്ഥലം ഒഴിച്ചിട്ട്, ചെറുതെങ്കിലും മനോഹരമായ ഹനുമാന് കോവില്‍ റോഡരുകില്‍ തന്നെ കാണാം.പൊരിവെയിലില്‍ അവിടേക്കു നടന്നാല്‍ തണലുമായി വലിയൊരു ചെമ്പകമരം കാത്തുനില്‍പ്പൂണ്ടാവും.സ്നേഹസൂചകമായി ഒരു പൂവെങ്കിലും അവന് പൊഴിയ്ക്കാതിരിയ്ക്കില്ല.

പിന്നെ റോഡ് ക്രോസ്സ് ചെയ്തിട്ട് ഇന്‍ഡോര്‍ സ്റ്റേഡിയം ചുറ്റി വളഞ്ഞു പോകുന്ന തണല്‍മരങ്ങളാല്‍ സമ്പന്നമായ വഴിയിലൂടെ ഹോസ്റ്റലിനെ ലക്ഷ്യമാക്കി എന്നെത്തന്നെയും മറന്നു നടന്നു.വാഹനങ്ങളുടെ ഇരമ്പലും ഹോണടി ശബ്ദവും ചുറ്റിനും സംഗീതമായൊഴുകി.ഇല്ല,ഞാന്‍ തനിച്ചല്ല.സ്നേഹത്തില്‍ പൊതിഞ്ഞൊരു സുരക്ഷിതത്വം ഞാനറിയുന്നുണ്ട്.വെയില് താഴുമ്പോള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിനു മുകളിലൂടൂര്‍ന്നിറങ്ങുന്ന സൂര്യന്റെ പുഞ്ചിരിയാസ്വദിയ്ക്കാന്‍ വീണ്ടും വരണമെന്ന് ആരോ സ്വകാര്യം പറഞ്ഞു.തിരിഞ്ഞു നോക്കുമ്പോള്‍ അവന് എവിടെയോ മറഞ്ഞിരുന്നു....
19 comments:
പ്രീയപ്പെട്ട ബൂലോഗരേ...ഞാന്‍ ഒരു തിരുവനന്തപുരം ഓര്‍മ്മക്കുറിപ്പ് പൊസ്റ്റു ചെയ്തിട്ടുണ്ട്.വായിച്ചിട്ട് അഭിപ്രായം അറിയിയ്ക്കുമെന്നു കരുതുന്നു...സ്നേഹപൂര്‍വ്വം അരവി
ഒന്നോ രണ്ടോ വട്ടം വിനോദയാത്ര വന്നപ്പോള്‍ കണ്ട തിരുവനന്ദപുരമേ എനിക്കറിയൂ..ഇത് ഒത്തിരി നന്നായിരിക്കുന്നു..
-പാര്‍വതി.
നന്നായിട്ടുണ്ട്. ഫോട്ടോകളും കേമം.
:-)
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ ഞാനെന്റെ ഹ്രിദയത്തോടു ചേര്‍ത്തുപിടിയ്ക്കുന്നു.അരവിന്ദേട്ടനും പാര്വതിയുമൊക്കെയാണു ഒരു ബ്ലോഗറാകാന്‍ എന്നെ പ്രേരിപ്പിച്ച ഘടകങ്ങള്‍.പ്രോത്സാഹനങ്ങള്‍ക്ക് നന്ദി.സൌന്ദര്യം അതു കണുന്നവന്റെ കണ്ണീലാണെന്നു കേട്ടിട്ടില്ലേ.മറ്റൊരാളുടെ കണ്ണില്‍ തിരുവനന്തപുരം കൂടുതല്‍ മനോഹരമായേക്കാം,അല്ലെങ്കില്‍ കൂടുതല്‍ വൃത്തീകേടായിരിയ്ക്കാം.ഞാന്‍ കണ്ടത് പങ്കു വയ്ക്കുക മാത്രമാണിവിടെ..ഒരിയ്ക്കല്‍ കൂടി നന്ദി പറയുന്നു...സ്നേഹപൂര്‍വം അരവി....
ജീവിതത്തിലെ ഏറ്റവും മനോഹരമായ 4 വര്‍ഷങ്ങള്‍ ഞാന്‍ ചിലവിട്ട സ്ഥലം. അരവീ നന്ദി. മുഴുവന്‍ വായിച്ചില്ല, ഒരു വരവു കൂടി വരേണ്ടി വരും. :)
ആദിത്യേട്ടാ :-) ഞാന്‍ വെറും രണ്ടു കൊല്ലമേ തിരുവനന്തപുരത്തുണ്ടായിരുന്നുള്ളൂ.നാലുകൊല്ലം അവിടെയുണ്ടായിരുന്ന ആള്‍ക്ക് എന്നേക്കാളേറെ പറയാനുണ്ടാവും.മനോഹരമായ എന്തെങ്കിലുമോര്മ്മകള് പങ്കുവയ്ക്കുമെന്നു കരുതട്ടെ.ഞാന്‍ കണ്ട കാഴ്ചകളേക്കാള്‍ വിഭിന്നമായ കാഴ്ചകള്‍ ആരെങ്കിലും പങ്കുവച്ചാല്‍ കൂടുതല്‍ തിരുവന്തപുരത്തിന്റെ ഭംഗി ഇനിയും കൂടിയെക്കാം.
പോസ്റ്റ് മാറി കമന്റിട്ടതാകാമെന്ന അനുമാനത്തില്‍ ഞാന്‍ ഇവിടെ മറുപടി കുറിയ്ക്കുകയാണു...
കലേഷേട്ടാ :-)ഓര്‍മ്മകള്‍ പങ്കു വയ്ക്കുമെന്നു കരുതട്ടെ.
ഏറനാടന്‍ :-)തീവ്രമായ ഓര്‍മ്മകള്‍ ഒറ്റ വരിയില്‍ കുറിച്ചിട്ടതിനു നന്ദി.വീണ്ടും ഓര്‍മ്മകള്‍ പങ്കു വയ്ക്കുമെന്നു കരുതട്ടെ..
കുട്ടന് ചേട്ടന് :-)കൊതുകടി അപാരമായിരുന്നോ?.കൊതുകും തിരുവനന്തപുരത്തിന്റെ സ്വന്തം പ്രജകള്‍ തന്നെ.
ഇതൊരൊന്നൊര പോസ്റ്റിങ്ങാണ് മോനേ..
ശ്ലാഘനീയം.(അങ്ങിനെയൊക്കെത്തന്നല്ലേ ഉമേഷ് ജി?)
തിരുവനന്തോരത്തിന് മൂന്ന് തവണ വന്നിട്ടുണ്ടെങ്കിലും ഇപ്പറഞ്ഞതൊന്നും കാണാനൊത്തിട്ടില്ല. എയര്‍പോട്ടില്‍ വന്നതായിരുന്നേയ്.
ഒരിക്കല്‍ അവിടെ വന്നിറങ്ങിയപ്പോള്‍ ‘ദിര്‍ഹം മാറ്റാനുണ്ടോ ചേട്ടാ?’ എന്ന് ചോദിച്ച് പിറകേ കൂടിയ ഒരുത്തന്, ഞാന്‍ പെട്ടിവക്കാന് നേരം എന്റെ പേഴ്സടിച്ച് മാറ്റാന്‍ ശ്രമിച്ചതുമുതല്‍ ഞാന്‍ അതുവഴി പിന്നെ വന്നില്ല.
ദേ ഇപ്പോള്‍ ഈ പടങ്ങള്‍ കണ്ടപ്പോള്‍ അവിടെ വരാനും അരവിയോട് കത്തി വച്ച്, കമ്പനിയായി ഇവിടെയൊക്കെ കാണാനും തോന്നുന്നു.
അപ്പോള്‍ പോസ്റ്റ് ഗംഭീരായിട്ടുണ്ട് ട്ടാ അരവി..
ബൂലോഗത്തേക്ക് സ്വാഗതം.
അരവീ, പോസ്റ്റും പടങ്ങളും ഒരുവട്ടം കൂടി എന്നെ അവിടെ കൊണ്ടുപോയി.
ആര്‍ട്ട്സ് കോളേജ് - ജീവിതത്തിലെ 3 വര്‍ഷങ്ങള്‍ ചിലവിട്ടയിടം. ഒരുപാട് ഓര്‍മ്മകളുണ്ട് - നല്ലതും ചീത്തയും!
എസ്.എഫ്.ഐക്കാര്‍ വേറെ ആരേയും അവിടെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല - മൃഗീയമായിട്ട് അടിച്ചമര്‍ത്തും - എത്രയോ തവണ ഞാനത് കണ്ടേക്കുന്നു! രാഷ്ടീയം കളിക്കാന്‍ വേണ്ടി മാത്രം വരുന്നവരുണ്ടവിടെ. സംവരണമെന്ന് പറയാം - കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ക്വോട്ടയില്‍ അഡ്മിഷന് കിട്ടുന്നവര്‍.
അതൊക്കെ അവിടെ നിക്കട്ടെ.
2 കാര്യങ്ങള്‍ വിട്ടുപോയില്ലേ? മൊടസ്കൂള് മുറിച്ചുണ്ടാക്കിയ ടീച്ചേഴ്സ് ട്രെയിനിംഗ് കോളെജ്. പിന്നെ ആര്‍ട്സ് കോളേജിന്റെ “കോളേജ് ബസ്സ്“ എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന കേരളാപോലീസിന്റെ ഇടിവണ്ടി? (അത് ഇപ്പഴുണ്ടാകില്ല. അതാവും വിട്ട് പോയത്!)
നന്നായിട്ടുണ്ട് പോസ്റ്റ്!
ഇത്രയും നാളത്തെയെന്റെ ജീവിതത്തില്‍
ഒരിക്കലും മറക്കുവാന്‍ കഴിയാത്ത
എന്നെ ഞാനാക്കിയ തലസ്ഥാനനഗരമേ നിനക്ക് നന്ദി.
നിന് വഴികളിലൂടെ സഞ്ചരിച്ചപ്പോള്‍ നേടി ചിലതെല്ലാം
പക്ഷെ എന്നാലും എന്നെന്നേക്കുമായി
ചിലതെല്ലാം എവിടെയോ നഷ്ടമായി.
എന്നിട്ടുമോര്ക്കുന്നു ഞാന്‍
എന്റെ പ്രിയനഗരമേ നിന്നേയും
എന്റെ പ്രിയഗുരു ശ്രീ.ശിവന്സാറിനേയും
ഛായാഗ്രഹണകലയോതിതന്ന അവരുടെ പ്രസിദ്ധമക്കളേയും.
ടാന്‍ഡം കോളേജിലെ അധ്യപകരും എന്നുമോര്മ്മിക്കുന്നയെന്റെ
അന്നത്തെ ചുരുക്കം ചില സുഹൃത്തുക്കളേയും
പിന്നെയും മനസ്സില്‍ മായാതെകിടക്കുന്ന
വിസ്മരിക്കപെടാതെയുള്ള കഥയിലെയവളും...
ഇതുവരെ തിരുവനന്തപുരം നേരിട്ട് കണ്ടില്ല. ചിത്രങ്ങളും, വിവരണങ്ങളും ഒക്കെ കാണുമ്പോള്‍ പോകണം എന്ന് കരുതാറുണ്ട്. ഇതൊക്കെ കണ്ടപ്പോള്‍ എത്രയും വേഗം ഒന്ന് പോയിക്കാണാന്‍ കൊതി തോന്നുന്നു. തിരുവനന്തപുരം മുഴുവന്‍.
നന്ദി.
ഏതണ്ട് 8 വര്‍ഷത്തിലും അധികം പഠിച്ചും ജോലിചെയ്തും കഴിഞ്ഞ തലസ്ഥാനനഗരി . പച്ചപ്പ് നിറഞ്ഞ രാജവീഥികള്‍... ഒരുപട് ഓര്‍മ്മകള്‍ പുതുക്കി... ഒരിക്കലും മറക്കാനാകില്ല...
ആഴ്സ് കാളേജ്, തമ്പാനൂര്‍, റെസിഡന്‍സി (തയ്ക്കാട് ഗസ്റ്റ് ഹൌസ്).....
നെടുമങ്ങാടുനിന്ന് ‘സ്പെന്‍സര്‍’ എന്ന പേരുള്ള സ്റ്റുഡന്‍സ് ഒണ്‍ളി ബസ് മാത്രം ആര്‍ട്സ് കോളേജിനു മുന്നില്‍ വരും. അതു കിട്ടാതെ വന്നാല്‍ ഒന്നുകില്‍ കണ്ട്രാക്കിന്റെ ഔദാര്യത്തില്‍ മോഡല്‍ സ്കൂള്‍ ജങ്കില്‍ ഇറങ്ങാം അല്ലെങ്കില്‍ തമ്പാനൂരിന്നോ അരിസ്റ്റോയിന്നോ ജാസ് ഹോട്ടലിന്റെ മുന്നിലെ ത്യേരി കേറി ഓടി സംഗീത കോളേജ് വഴി പറന്ന് കോളേജിലെത്താം. താറാക്കൂട്ടം പോലെ മോഡല്‍ സ്കൂളിലെയും തൊട്ടപ്പുറത്തെ അപ്പര്‍ പ്രൈമറിയിലെയും പിള്ളാരുടെ ഇടയിലൂടെ ഓടി പാഞ്ഞു വന്നെത്തുന്നത് മിക്കവാറും ‘വിദ്യാര്ത്തി അയിക്കം’ കേള്‍ക്കാനായിരിക്കും.
ഞങ്ങള്‍ പഠിക്കുമ്പോള്‍ അവിടെ കെയെസ്യു ഉണ്ടെങ്കിലും ക്ലച്ച് പിടിത്തം അത്ര പോര. ശിവന് കുട്ടി സഖാവൊക്കെ ഉണ്ടായിരുന്നു.
ഇന്ദ്രന് (ഇപ്പോ ജീവിച്ചിരിപ്പില്ല), ഏ.സമ്പത്ത് അങ്ങനെ ഒരുപാട് നല്ല നേതാക്കള്‍ അക്കാലത്ത് അവിടെ വളരുന്നുണ്ടായിരുന്നു.
[ജാതി-വികലാംഗ സംവരണങ്ങളല്ലാതെ രാഷ്ട്രീയ സംവരണം ഒരു ഗവണ്മെന്റ് കോളേജില്‍ അക്കാലത്ത് നടക്കുമായിരുന്നോ എന്നറിയില്ല കലേഷേ. അപ്പോ കെയെസ്യു ആയിരുന്നല്ലേ? ;)]
‘ആരാണവിടെ ചെടിയുടെ മറവില്‍’
‘അയ്യോ ഞാനാ ചെറിയാനാ’ (ചെറിയ-ഫിലിപ്പേ!) മുദ്രാവാക്യങ്ങള്‍.
കോളേജ് ഡേയ്ക്ക് എല്ലാ മരക്കൊമ്പുകളിലും ഭംഗിയാര്‍ന്ന സീരിയല്‍ സെറ്റുകള്‍, ചിത്ചോറിലെ ഗാനങ്ങള്‍ ‘മോഹന്റെ‘ ജിമിട്ടന്‍ സ്കീക്കറുകളില്...
പ്രിന്‍സിപ്പലിന്റെ പടിവാതില്‍, കയറ്റുപായ് കാര്‍പ്പെറ്റിട്ട ചവിട്ടുപടി, തറയോടു പാകിയ ഇടനാഴികള്‍, അതിവിശാലമായ മുന്‍വശത്തെ ഹാള്‍...
ഒന്നും മറക്കാനാവില്ല.
നന്ദി അരവീ.
... ഒരിക്കലും മറക്കാന്‍ പാടില്ലാതിരുന്ന കാര്യം; നല്ല നല്ല അദ്ധ്യാപകര്‍.
പ്രൊഫ.നളിനകുമാരി, പ്രൊഫ.നരേന്ദ്രപ്രസാദ്, പ്രൊഫ.അലിയാര്...
പോസ്റ്റില്‍ കമന്റിട്ട എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി പ്രകാശിപ്പിച്ചു കൊള്ളുന്നു.ഞാന്‍ പ്രതീക്ക്ഷിച്ചതിലും മനോഹരമായ പ്രതികരണങ്ങള്‍ അറിയിച്ചപ്പോള്‍ സത്യമായും മനം നിറഞ്ഞു.ഞാന്‍ കണ്ടതിലും സുന്ദരമാണാ രാജവീധികളും അനന്തന്റെ മനസ്സുമെന്ന് എന്നെ ഓര്മ്മിപ്പിച്ചവര്ക്കും ഇനിയും അവിടെ കാര്യമായി പോയിട്ടില്ലാത്ത എന്നാല്‍ കേട്ടതില്‍ നിന്ന് ആ നഗരത്തെ സ്നേഹിയ്ക്കാനും അവിടെ പോകാനുമാഗ്രഹിയ്ക്കുന്ന എല്ലാവരോടും ഞാനെറ്റെ ഹൃദയം നീറഞ്ഞ സന്തോഷവും നന്ന്ദിയും രേഖപ്പെടുത്തിക്കൊള്ളുന്നു.
വിശാലമനസ്കാ :-)എനിയ്ക്ക് എന്റെ ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ അഭിനന്ദനത്തിനു ആദ്യമേ നന്ദി അറിയിക്കട്ടെ.തിരുവനന്തപുരത്ത് ഫ്രോടുകള്‍ ധാരാളം ഉണ്ടെന്നു പറയാന്‍ വിട്ടതില്‍ ഖേദിയ്ക്കുന്നു.അതിലെ നല്ലൊരു പങ്കും പാളയത്തെ M.L.A ഹോസ്റ്റലിലാണെന്നും ഓര്മ്മിപ്പീയ്ക്കട്ടെ.കഴിഞ്ഞാല്‍ നമുക്കൊരു ദിവസം ഒരുമിച്ച് അവിടെല്ലാം പോയിക്കാണാമെന്നേ...
കലേഷേട്ടാ :-)ഞാന്‍ വിട്ടു പോയ പലതും ഓര്‍മ്മിപ്പിച്ചതിനു നന്ദി.പോസ്റ്റിന്റെ ദൈര്‍ഘ്യം ഓര്‍ത്താണു പലതും വിഴുങ്ങിയത്.രാഷ്ട്രീയത്തിന്റെ കടന്നു കയറ്റത്തെക്കുറിച്ച് ഒരു തിരുവനന്തപുരത്തെ അറിയാവുന്നൊരാള്‍ക്ക് ഏറെ പറയാനുണ്ടാവും.തലസ്ഥാനത്തെ ഒരു കോളേജിലോ ഹോസ്റ്റല്ലിലോ ഉണ്ടായിരുന്നു എന്ന ഒറ്റക്കാരണം കൊണ്ട് അനാവശ്യ സമരങ്ങള്‍ക്ക് ആളു തികയ്ക്കാന്‍ പോകേണ്ടി വന്നിട്ടുണ്ട്.അതിലും മനോഹരമായ നിരവധി ഓര്‍മ്മകള്‍ തന്നതൂകൊണ്ടാണു ഞാന്‍ രാഷ്ട്രീയമൊഴിവാക്കിയത്...
ഏറനാടന്‍ :-) പോസ്റ്റില്‍ എന്റെ അദ്ധ്യാപകരെ ഒഴിവാക്കിയതില്‍ മാപ്പ്.ഏറനാടനൊപ്പം ഞാനെല്ലാവരേയും നമിയ്ക്കുകയാണു.ഈ പോസ്സ്റ്റിലെ അക്ഷരങ്ങള്‍ പോലും അവരില്ലായിരുന്നുവെങ്കീല് ഉണ്ടാകുകയില്ലായ്യിരുന്നു.ഓര്‍മ്മകളെ ഒരുവട്ടമെങ്കിലും തൊട്ടുണര്‍ത്താന്‍ കഴിഞതീല് ഞാന്‍ കൃതാര്‍ഥനായി...
സൂ :-)സൂ എന്നെങ്കിലും അവിടെ പോകുമെന്നു കരുതുന്നു.സൂവിനുവേണ്ടിയും ഒരു പൂ ചെമ്പകം പൊഴിയ്ക്കാതിരിയ്ക്കില്ല.സ്നേഹം ആ നഗരത്തിന്റെ മണ്‍തരികളില്‍ പോലുമുണ്ടെന്നണെനിയ്ക്കു തോന്നിയിട്ടൂള്ളത്..
കല :-)എട്ടു വര്‍ഷം അവിടെ കഴിയാന്‍ ഭാഗ്യം സിദ്ധിച്ച കലയോട് അസൂയ തോന്നൂന്നു..ഓര്‍മ്മകള്‍ നിറഞ്ഞൊഴുകട്ടെ.....
അനില്‍ :-)അനീലേട്ടനു ഏറെപ്പറയാനുണ്ടെന്നു മനസ്സിലായി.മറ്റൊരാള്‍ എന്റെ പ്രീയപ്പെട്ട നഗരത്തെക്കുറിച്ച് പറയുമ്പോള്‍ എത്രമാത്രം സന്തോഷം തോന്നുന്നുവെന്നറിയാമോ?.പറയൂ ഞാന്‍ കേള്‍ക്കാം.
തിരുവന്തപുരത്തെക്കുറിച്ച് നിരവധിപേര്‍ക്ക് പലതും പറയാനുള്ള സ്ഥിതിയ്ക്ക് പുതിയ മെംബെര്‍സിനെ കൂട്ടുന്ന കാര്യം പരിഗണനയില്‍...
കഥകളിലൂടെയും കവിതകളിലൂടെയും ഓര്മ്മക്കുറിപ്പുകളിലൂടെയും ആ നഗരത്തെ വീണ്ടും സ്നേഹിയ്ക്കാന്‍ അനന്തന്ന്റ്റെ അനുഗ്രഹം തുണയാവട്ടെ...
പ്രിയപ്പെട്ട ബൂലോകരേ...പേരുകള്‍ ചിലര്‍ക്കു കണ്ഫ്യൂഷനാകുന്നതിനാല് അരവി..-യെന്ന പഴയ പേരു മാറ്റി അരവിശിവ എന്ന പുതിയ പേരിലായിരിയ്ക്കും പോസ്റ്റിങ്ങും കമന്ററടിയുമെന്ന് എല്ലാവരേയും അറിയിച്ചു കൊള്ളുന്നു.എല്ലാവരുടേയും സഹകരണം പ്രതീക്ഷിച്ചു കൊണ്ട്....
ഉണ്ണിയേട്ടാ...ഓവര്‍ഡോസ് നൊവാല്ജിയനടിച്ചു എന്നറിഞതില്‍ ഏറെ സന്തോഷം....ഒരായിരം ഓര്മ്മക്കുറിപ്പുകളിലുമൊതുങ്ങാത്ത ആ നിറസൌന്ദര്യത്തിന് ഒരിയ്ക്കല്‍ക്കൂടി പ്രണാമം...
Hi Aravi,
enjoyed your post. took me back to trivandrum. i love the place too. not a native, but close. spent all my holidays there, did my PG at the University there and finally married someone from there. you could call me a half trivandrumite. and by the way, please do read my blog too.
alakananda.
Thank you for the comment. i hope you read my post about the dilemma of a kanyakumari mallu. thank you for the welcome you extended me , to the world of malayalam blogging. malayalathil ezhuthaan aagraham illanjittalla. i have never gotten used to using the keyboard to write malayalam. this is so much easier and i can type as i think without having to grope around for the letters. maybe its just because i am not used to it.
(now no wise cracks please. and do not call me a madamma or something. i shall take umbrage oif you do.)
അളകനന്ദേ :-)നന്ദി...കന്യാകുമാരി ആര്‍ട്ടിക്കിള്‍ മലയാളത്തിലാക്കി പ്രസിദ്ധീകരിയ്ക്കുമെന്നു കരുതുന്നു.
Post a Comment