Wednesday, September 27, 2006

ചെമ്പകമരം(ചെറുകഥ)



മയം നാലരമണിയാവുന്നു.സുമലത വാച്ചിലേക്ക്‌ വീണ്ടും അക്ഷമയോടെ നോക്കി.ഇന്നെന്തോ തിരക്കു നന്നേ കുറവു,അല്ലെങ്കില്‍ നിന്നു തിരിയാന്‍ പറ്റാത്ത വിധം പണിയുണ്ടാവും.ഈശ്വരാ ഇന്നെങ്കിലും നേരത്തേ ഇറങ്ങാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍.പോയി രാഘവന്‍ സാറിനോടു ചോദിച്ചാലോ.വികലാംഗയായതുകോണ്ടാവം തന്നോടു അദ്ദേഹം പൊതുവേ സൌമ്യമായെ പെരുമാറാറുള്ളൂ.പാളയം മാര്‍ക്കറ്റില്‍ നിന്ന്‌ ചിലത്‌ വാങ്ങണമെന്നു കരുതിയിട്ട്‌ കുറേയായി.പണിയും തീരെക്കുറവ്‌, അദ്ദേഹം സമ്മതിയ്ക്കുമായിരിയ്ക്കും.

സെക്രട്ടറിയേറ്റ്‌ ബില്‍ടിങ്ങിന്റെ പടികളിറങ്ങി പോരുമ്പോള്‍ സുമ രാഘവന്‍ സാറിനെക്കുറിച്ചോര്‍ക്കുകയായിരുന്നു.വലിയ കൈക്കൂലിപ്രീയനെന്ന്‌ ഓഫീസില്‍ പലരും പറഞ്ഞിട്ടുള്ള ഗൌരവക്കാരനായ ആ മനുഷ്യന്‍ തന്നോടു മാത്രം വലിയ സ്നേത്തോടയേ പെരുമാറിയിരുന്നുള്ളു.വലിയ കണ്ണട ധരിച്ച ആ മെലിഞ്ഞമനുഷ്യനില്‍ അയാളുടെ ഗൌരവമൊഴിച്ച്‌ പറയത്തക്ക കുറ്റമൊന്നും സുമ കണ്ടില്ല.സെക്രട്ടറിയേറ്റിണ്റ്റെ തെക്കേ ഗേറ്റിനോടു ചേര്‍ന്നു നില്‍ക്കുന്ന ആല്‍മരത്തിന്റെ തൂങ്ങിക്കിടക്കുന്ന ഭീമന്‍ വേരുകള്‍ക്കിടയിലൂടെ അവള്‍ കുട നിവര്‍ത്തി നടന്നു.




വെയില്‍ താണിരിയ്ക്കുന്നു.വൈകുന്നേരമായതോടെ സെക്രട്ടറിയേറ്റും പരിസരവും ശബ്ദമുഖരിതമായിത്തുടങ്ങിയിരിയ്ക്കുന്നു.റോഡു ക്രോസ്സു ചെയ്യുമ്പോള്‍ ചിന്തകള്‍ സുമയെ മൂടിയിരുന്നു. ഈ വയ്യാത്ത വലതു കാലും വച്ച്‌ ഏന്തി വലിഞ്ഞ്‌ ബസില്‍ക്കയറുന്നതേ വലിയ പ്രയാസം.രണ്ടു നില ബസു കിട്ടിയില്ലെങ്കില്‍ ഓവര്‍ ബ്രിഡ്ജിന്റെയവിടെയിറങ്ങി വീണ്ടും റെയില്‍‌വേ സ്റ്റേഷന്‍ വരെ നടക്കണം.ബിന്ദുവും സ്മിതയും ഇപ്പോള്‍ സ്കൂളില്‍ നിന്ന്‌ വന്നിട്ടുണ്ടാവും,അവളോര്‍ത്തു.എല്ലാ അമ്മമാരെയും പോല്‍ പെണ്മക്കളുടെ ഓര്‍മ്മ അവളെ അസ്വസ്ഥയാക്കി.ബിന്ദു ഇപ്പോള്‍ പത്താം ക്ളാസ്സില്‍ പഠിയ്ക്കുന്നു,ഇളയവള്‍ എട്ടാം ക്ളാസ്സിലും.നഗരത്തിലെ വലിയ സ്കൂളുകളില്‍ വിട്ടു പഠിപ്പിയ്ക്കാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല.വാടകയും കുട്ടികളുടെ പഠിത്തവും കൂടി മോഹനേട്ടന്റേയും തന്റേയും വരുമാനത്തില്‍ ഒതുങ്ങില്ല.മാത്രവുമല്ല അദ്ദേഹത്തിണ്റ്റെ ശാന്തിയും നെയ്യാറ്റിന്‍കരയിലാണു.പിന്നെ തന്റെ മാത്രം അസൌകര്യം കണ്ടില്ലെന്നു നടിച്ചാല്‍ മതിയല്ലോ.സ്വദേശം കോട്ടയം ജില്ലയില്‍,ഭര്‍ത്താവിന്റെ വീട് പാലക്കാടും ഇന്നിപ്പോള്‍ തീര്‍ത്തും ഒരു തിരുവനന്തപുരത്തുകാരി.സത്യത്തില്‍ തനിയ്ക്ക്‌ എന്താണസൌകര്യം.വികലാംഗയായതിനാല്‍ ബസിലും പിന്നെ ട്രെയിന്റെ സീസണ്‍ റ്റിക്കറ്റെടുക്കുന്നതിലുമൊക്കെ തനിയ്ക്കു പരിഗണന ലഭിയ്ക്കുന്നു.എന്തിനേറെപ്പറയുന്നു..ഈ ജോലി പോലും ഈ വയ്യാത്ത കാലിണ്റ്റെ സമ്മാനമല്ലേ?,അതിലെ കറുത്ത ഭലിതമോര്‍ത്ത്‌ അവള്‍ ചിരിയ്ക്കാന്‍ ശ്രമിച്ചു.ആ ഞാന്‍ പരാതി പറയാന്‍ പാടില്ല അവള്‍ അറിയാതെ ചിരിച്ചുപോയി.

മ ഇന്നു വന്നിട്ടില്ല.അവളുണ്ടായിരുന്നുവെങ്കില്‍ ഒരു കൂട്ടായേനെ..പാളയം മാര്‍ക്കറ്റില്‍ പോകാനും മ്യൂസിയത്തിലെ ചാരു ബഞ്ചുകളിലിരിയ്ക്കാനും പിന്നെ പബ്ലിക് ലൈബ്രറി എന്നു വേണ്ട എല്ലായിടത്തും ആദ്യമായിട്ട് പോകുന്നത് അവള്‍ നിര്‍ബ്ബന്ധിച്ചിട്ടാണ്.അവളില്ലായിരുന്നുവെങ്കില്‍ ഈ നഗരം തനിയ്ക്ക് ഒരു പക്ഷേ ദുസ്സഹമായനുഭവപ്പെട്ടേനെ.ഈ നഗരത്തിന്റ്റെ സ്വാന്തനം ഒരു പക്ഷേ ഞാന്‍ കാണാണ്ടു പോവുമായിരുന്നു.ഈ കാലും വച്ച് ഏന്തി വലിഞ്ഞ് മാര്‍ക്കറ്റ് വരെ പോകാനും വയ്യ.വിഷമിച്ചു നില്‍ക്കുന്നതിലത്ഥമില്ല,ഇനി ഒരോട്ടോ വിളിയ്ക്കുക തന്നെ.

ട്ടോയിലിരിയ്ക്കുമ്പോള്‍ അവള്‍ വീണ്ടും ചിന്തകളുടെ പിടിയിലകപ്പെട്ടു.കുട്ടികള്‍ക്ക് പ്രായമായി വരുന്നു.അവര്‍ക്ക് തുണയായി വീട്ടില്‍ ആരുമുണ്ടാവില്ല.അവര്‍ സ്കൂളില്‍ നിന്ന് വരുമ്പോഴേയ്ക്ക് മോഹനേട്ടന്‍ അടുത്തുള്ള ക്ഷേത്രത്തിലേക്കു പോയിട്ടുണ്ടാവും,പിന്നെ എട്ടു മണിയായിട്ടേ വരികയുള്ളൂ.മോഹനേട്ടന്റെ അമ്മയോട് ഇവിടെ വന്നു നില്‍ക്കാന്‍ പല തവണ പറഞ്ഞു.എന്തോ അവര്‍ക്കതില്‍ വല്യ താത്പര്യമില്ല.ശുശ്രൂഷിയ്ക്കാനും ചോദിയ്ക്കുന്നതെന്തും സാധിപ്പിച്ച് കൊടുക്കാനുള്ള വാങ്ങ് ഞങ്ങള്‍ക്കില്ലാത്തതു കൊണ്ടായിരിയ്ക്കാം.ഒടുവില്‍ ഷുഗറും പ്രഷറും കാരണം വയ്യാതിരിയ്ക്കുന്ന സ്വന്തം അമ്മയെ ഇടയ്ക്കിടയ്ക്ക് വീട്ടില്‍ കൊണ്ട് നിര്‍ത്തും.പാവം അമ്മ.ആണ്ടിലെ മുന്നൂറ്ററുപത്തഞ്ചു ദിവസവും അമ്മ മോളുടെയടുത്താണെന്നു പറഞ്ഞ് നാത്തൂന്‍ കഴിഞ തവണ പരാതി പറഞ്ഞതോടെ അതു വേണ്ടെന്ന് മോഹനേട്ടന്‍ തന്നെയാണു പറഞ്ഞത്.ഓഫീസില്‍ പണിയധികമായപ്പോള്‍ വീട്ടില്‍ ചെല്ലുന്നത് വീണ്ടും താമസിയ്ക്കാന്‍ തുടങ്ങി.ഒടുവില്‍ വീണ്ടും അനിയന്റെ കാലുപിടിച്ച് അമ്മയെ വീട്ടില്‍ കൊണ്ടു നിര്‍ത്തിയിട്ടുണ്ട്.അടുത്തയാഴ്ച്ച അമ്മ പോയിക്കഴിഞ്ഞാല്‍ എന്തു ചെയ്യുമെന്നോര്‍ത്തപ്പോള്‍ സുമയ്ക്ക് തല കറങ്ങുന്നതു പോലെ തോന്നി.പത്രത്തിലും ടി.വി യിലുമൊക്കെ വായിക്കുന്നതു കേട്ടാല്‍ പുരുഷനായിപ്പിറന്നവനെ മുഴുവന്‍ ഒരമ്മ പേടിയ്ക്കേണ്ടിയിരിയ്ക്കുന്നു എന്നു തോന്നും.തന്റെ ആധി കാണുമ്പോള്‍ മറുപടി പറയാനില്ലാതെ അദ്ദേഹം എഴുന്നേറ്റു പോകും.കുട്ടികളെക്കുറിച്ച് വേവലാതി അധികമാകുമ്പോള്‍ അവള്‍ അറിയാതെ ശ്രീ പതമനാഭനെ വിളിയ്ക്കും.ആഴ്ച്ചയിലൊരിയ്ക്കലെങ്കിലും ശ്രീ പത്മനാഭ ക്ഷേത്രത്തിലും പഴവങ്ങാടിയിലും ആറ്റുകാലുമൊക്കെ പോകും.അവര്‍ക്കായി പൂജയും വഴിപാടുമൊക്കെ കഴിയ്ക്കും.ഒരമ്മയുടെ സ്ഥിരം പ്രാര്‍ത്ഥനകള്‍ തന്നെ.നന്നായിട്ട് വിദ്യാഭ്യാസം ചെയ്യിയ്ക്കാന്‍ കഴിയണേ...നല്ല വിവാഹബന്ധമുണ്ടാവണേ........അതങ്ങനെ പോകും.


നിയന്റെയൊപ്പമാണെങ്കില്‍ വയ്യാത്ത അമ്മയ്ക്ക് പണിയൊഴിഞ്ഞ നേരമുണ്ടാവില്ല.തന്റെയൊപ്പമാണെങ്കില്‍ ഞാന്‍ രാവിലെ വെപ്രാളപ്പെട്ട് പോരുന്നതിനു മുന്‍പ് തന്നെ സകലതും തീര്‍ത്തു വയ്ക്കും.മൂത്തവളും തന്നെ സഹായിക്കാനുണ്ടാവും.അമ്മ വെറുതേ വീട്ടിലിരുന്നാല്‍ മതി.ഇന്ന് അമ്മയുള്ളതു കൊണ്ടാണ് മാര്‍ക്കറ്റില്‍ പോയിട്ട് പോകാമെന്നു വിചാരിച്ചത്.അല്ലെങ്കില്‍ കിട്ടിയ സമയം കൊണ്ട് റെയില്‍‌വേ സ്റ്റേഷനിലേക്ക് പരക്കം പാഞ്ഞിട്ടുണ്ടാവും.ട്രെയിന്‍ ലേറ്റായാല്‍ വീട്ടിലെത്തുമ്പോള്‍ വീണ്ടും ഒരു പാടു ലേറ്റാവും.തന്റെ പ്രയാസങ്ങള്‍ ആരറിയാന്‍...അവളോര്‍ത്തു.ടെന്‍ഷന്‍ അധികമായപ്പോള്‍ രമയാണ് സഹായ ഹസ്തവുമായി വന്നത്.അവളാണ് ഈ തണല്‍ മരങ്ങളുടെ കീഴിലൂടെ നടക്കാന്‍ നിര്‍ബന്ധിച്ചത്.ഇവിടെ വരുന്ന എല്ലാവരേയും സംരക്ഷിയ്ക്കുന്ന അനന്തനില്‍ വിശ്വാസം അര്‍പ്പിച്ച് തന്നെത്തന്നെ കണ്ടെത്താന്‍ നിര്‍ബ്ബന്ധിച്ചത്.വിക്ടോറിയന്‍ തിരുവതാംകൂര്‍ ആര്‍ട്ടിടെക്ച്റുകളിലെ കവിത തിരയാന്‍ പഠിപ്പിച്ചത്.എത്ര തിരക്കിലും ഒരു നിമിഷം കണ്ണടച്ചാല്‍ പരക്കുന്ന ശാന്തതയെ അറിയാന്‍ പഠിപ്പിച്ചത്.....പതുക്കെ താനും നഗരത്തിലെ ഓരോ തെരുവീഥികളിലും ത‌ന്നെത്തന്നെ തിരയാനാരംഭിച്ചു.യാത്രയിലെ വിരസത അകറ്റാനും വഴി കാണിച്ചു തന്നത് അവളാണു.സ്റ്റേറ്റ് ലൈബ്രറിയില്‍ തന്നെക്കൊണ്ട് മെംബര്‍ഷിപ്പെടുപ്പിച്ചു.യാത്രയിലും അല്ലാതെയും പുസ്തകങ്ങളെ അവള്‍ തന്റെ പ്രീയപ്പെട്ട കൂട്ടുകാരിയാക്കി മാറ്റി.വേവലാതികളില്‍ തന്നെത്തന്നെ മറക്കാതെ ചുറ്റിനുമുള്ള കാഴ്ച്ചകളിലേക്ക് മുഖം തിരിയ്ക്കാന്‍ അവള്‍ ഉപദേശിച്ചു.സഹയാത്രക്കാരോട് കൂട്ടു കൂടാനും അവരുടെ പ്രശ്നങ്ങള്‍ക്ക് ചെവികൊടുക്കാനുമൊക്കെ തുടങ്ങിയതോടെ നഗരം കൂടുതല്‍ മനോഹരമായനുഭവപ്പെട്ടു.ട്രെയിന്‍ യാത്ര ആസ്വാദ്യകരമായനുഭവപ്പെട്ടു.സ്ഥിരം യാത്രക്കാരില്‍ ആണും പെണ്ണുമുള്‍പ്പടെ നല്ല കൂട്ടുകാര്‍ നിരവധി.

ട്ടോ മാര്‍ക്കറ്റിന്റെ സൈഡിലേയ്ക്ക് തിരിയാന്‍ തുടങ്ങുന്നു.അവള്‍ വാച്ചിലേക്കു നോക്കി.നാലരയാവുന്നതേയുള്ളു.ട്രെയിന്‍ വരാന്‍ ആറുമണിയെങ്കിലുമാവും.അമ്മയുള്ളതു കൊണ്ട് പതുക്കെ ട്രെയിനിനു തന്നെ പോകാം.ചില ദിവസങ്ങളില്‍ രാഘവന്‍ സാറിന്റെ കാരുണ്യം കൊണ്ട് നേരത്തേ പോകാനൊക്കുമ്പോള്‍ തമ്പാനൂര്‍ ചെന്നിട്ട് ബസിനാണു പോകാറ്.എന്തായാലും സമയമുണ്ട്,മ്യൂസിയം വരെ പോയാലോ.ആ വഴിയ്ക്കൊക്കെ പോയിട്ട് മാസമൊന്നാവുന്നു.രമയൂള്ളപ്പോള്‍ മൃഗശാലയ്ക്കൂള്ളിലെ മുളങ്കാടുകളാല്‍ സ‌മൃദ്ധമായ തടാകക്കരയില്‍ പോയിരിയ്ക്കും.പുറമേ ആഹ്ലാദ വതിയാണെങ്കിലും കുടിയാനായ ഭര്‍ത്താവിന്റെ പേരില്‍ ഒരായിരം പ്രശ്നങ്ങള്‍ രമയ്ക്കുണ്ട്.അവള്‍ തന്നോട് മാത്രം അതൊക്കെ പറയും.ഇന്നിനി മ്യൂസിയത്തിലെ ഏതെങ്കിലും തണല്‍ മരങ്ങളുടെ ചുവട്ടില്‍ കുറേനേരമിരിയ്ക്കാം.പിന്നെ ഒരഞ്ചരയോടെ അവിടുന്ന് ബസു കയറാം.പോണ വഴിയ്ക്ക് മാര്‍ക്കറ്റിലും കയറി പോകാം.അവള്‍ ഓട്ടോക്കാരനോട് മ്യൂസിയത്തില്‍ പോയാല്‍ മതിയെന്നു പറഞ്ഞു.

മ്യൂസിയത്തിലെ വൃത്താകൃതിയിലുള്ള റോഡിലൂടെ നടക്കുമ്പോള്‍ വൈകുന്നേരത്തെ തിരക്കേറി വരുന്നതവളറിഞ്ഞു.വഴിയിലെ ചെമ്പകമരത്തിന്റെ ചുവട്ടിലെത്തിയപ്പോള്‍ അവള്‍ നിന്നു.വെളുത്ത ചെമ്പകപ്പൂക്കള്‍ അവിടമാകെ ചിതറിക്കിടക്കുന്നു.അവിടെയിരിയ്ക്കുമ്പോള്‍ കയ്യിലെ വെളുത്ത ചെമ്പകപ്പൂവില്‍ അവള്‍ സാകൂതം നോക്കി.ഓര്‍മ്മകള്‍ അവളെ തൊടിയിലെ വലിയ ചെമ്പകച്ചോട്ടിലേക്കു കൂട്ടിക്കൊണ്ടു പോയി.കുട്ടിയായിരിയ്ക്കുമ്പോള്‍ മുതല്‍ ആ മരം വീട്ടു മുറ്റത്തുണ്ട്.മുറ്റത്തു തന്നെയുള്ള പശുത്തൊഴുത്തിന്റെ സൈഡില്‍ ആ വലിയ നാട്ടു മാവിനും അരികത്തായി കടും ചുവപ്പുള്ള പൂക്കള്‍ പൊഴിയ്ക്കുന്ന ചെമ്പകമരം.ആ പൂക്കളുടെ വശ്യ സുഗന്ധത്തോടൊപ്പം മനസ്സിലെ ഒളിപ്പിച്ചു വച്ച ചെമ്പകച്ചുവടുകള്‍ പൂ പൊഴിയ്ക്കുന്നതവളറിഞ്ഞു.കാലു വയ്യാത്ത തന്നെ ഒരുപാടിഷ്ടമാണെന്ന് പറഞ്ഞ അധകൃതനോട് താന്‍ മുഖം കൊടുക്കാതെ നടന്നു.തന്റെ ജന്മം തന്നെ അച്ഛനമ്മമാര്‍ക്ക് ഒരു വേദനയാണെന്നവള്‍ക്കറിയാമായിരുന്നു.വീണ്ടും ഒരു വേദന അവര്‍ക്ക് കൊടുക്കേണ്ടന്ന് മനസ്സു പറഞ്ഞപ്പോള്‍ അന്നു തനിയ്ക്കതിനു കഴിഞ്ഞു.എങ്കിലും തന്റെ മനസ്സിലെ ഋതുഭേദങ്ങളുടെ വേലിയേറ്റം മുറ്റത്തെ ചെമ്പകമരം മാത്രം കണ്ടു.ഇന്നിപ്പോള്‍ ആ ചെമ്പകമത്തിന്റെയരികിലുള്ള പത്തു സെന്റു ഭൂമിയില്‍ ഒരു വീടിനുള്ള ഫൌണ്ടേഷന്‍ കെട്ടിയിട്ടിട്ട് നാലു വര്‍ഷമാകുന്നു.അവിടെ ചെറുതെങ്കിലും ഒരു വീടു കെട്ടിയിരുന്നെങ്കില്‍ മോഹനേട്ടനേയും മക്കളേയും നാട്ടിലേക്കയയ്ക്കാമായിരുന്നു.മോഹനേട്ടന് നാട്ടിലെ ഏതെങ്കിലുമൊരമ്പലത്തില്‍ ശാന്തി ഏര്‍പ്പാടാക്കി കൊടുക്കാന്‍ അനിയനോടു പറയാം.

പ്പനപ്പൂപ്പന്‍മാരുടെ കാലത്തെ പ്രതാപമൊന്നും ഇപ്പോഴില്ല.ബാക്കിയായത് പണ്ടേ കൈവശമുണ്ടായിരുന്ന മുന്നാലേക്കര്‍ കാടു പിടിച്ച് ഭൂമി മാത്രമാണ്.അതിലെ റബ്ബറിന്റേയും മറ്റും ആനുകൂല്യമെടുത്ത് അനുജനും കുടുംബവും കഴിയുന്നു.ആ ഭൂമിയുടെ പേരില്‍ ജന്മിമാരെന്ന ആക്ഷേപം ധാരാളം കേട്ടിട്ടുണ്ട്.അച്ഛനോട് ചുറ്റുവട്ടത്തുള്ളവര്‍ക്കൊന്നും വലിയ പ്രതിപത്തിയുണ്ടായിരുന്നില്ല.മാമ്പഴക്കാലമായാല്‍ മാങ്ങ പെറുക്കാന്‍ വരുന്ന കുട്ടികളെ അച്ഛന്‍ വഴക്ക് പറഞ്ഞ് ഓടിയ്ക്കുമായിരുന്നു.പുരയിടത്തില്‍ റബ്ബറിന്‍ ചൂള്ളി പെറുക്കാന്‍ വരുന്നവര്‍ക്കും അച്ഛനെ ഭയമായിരുന്നു.എന്നാല്‍ അമ്മ അങ്ങനെയായിരുന്നില്ല.അമ്മയ്ക്ക് കൂട്ട് അയല്‍പ്പക്കത്തെ അധകൃതതരായ സ്തീകള്‍ തന്നെയായിരുന്നു.കാലം കണക്കു ചോദിയ്ക്കുന്നതാവാം,അയല്‍പ്പക്കത്തെ താണ ജാതിയില്‍പ്പെട്ട കുട്ടികള്‍ ഡോക്ടറും എഞ്ചിനീയറുമൊക്കെയായി.തങ്ങള്‍ പണ്ടത്തെ അധകൃതരേക്കാളും താണ നിലയിലായി.ഈ മുടന്തിന്റെ ആനുകൂല്യമില്ലായിരുന്നുവെങ്കില്‍ തനിയ്ക്കീ ജോലിയും ലഭിയ്ക്കില്ലായിരുന്നു.അതുകൊണ്ടാവം അമ്മയെപ്പോലെ ഭാഗ്യവതികളല്ല നിങ്ങളെന്നു ബിന്ദുവിനോടും സ്മിതയോടും കളിയായി പറയാറുണ്ട്‌.സ്വന്തം ഭാവിയെക്കരുതി നന്നായി പഠിയ്ക്കണമെന്ന ഒരമ്മയുടെ സ്ഥിരം പല്ലവിയും കൂടെയുണ്ടാവും.തന്റെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുന്ന ഒരു കുടുംബം ദൈവം തനിയ്ക്കു തന്നു.അവള്‍ നന്ദിയോടെ അതെന്നും സ്മരിയ്ക്കാറുണ്ട്‌.പെണ്‍കുട്ടികളാണു, കാര്യമായ കരുതി വയ്ക്കലിനൊന്നും സാധിച്ചിട്ടില്ല.മോഹനേട്ടന് പൈല്‍‌സിന്റെ ഓപ്പറേഷന്‍ നടത്താന്‍ ബാങ്കില്‍ നിന്ന്‌ നല്ലൊരു തുക പിന്‍ വലിച്ചു.അദ്ധേഹത്തിന്റേയും തന്റേയും പേരില്‍ നാട്ടില്‍ കിടക്കുന്ന കുറച്ചു വസ്തു വകകള്‍ മാത്രമാണ് ഇപ്പോഴത്തെ ആകെയുള്ള സമ്പാദ്യം .അവള്‍ കയ്യിലിരുന്ന ചെമ്പകപ്പൂവില്‍ ഒരിയ്ക്കല്‍ക്കൂടി തലോടി.നേര്‍ത്ത കാറ്റില്‍ അവളുടെ മേല്‍ ചെമ്പകം ഒരു പൂ കൂടി പൊഴിച്ചു.പക്ഷേ വഴിയേ നടന്നു പോയ ഒരു ചെറുപ്പക്കാരന്‍ അതിനെ നിര്‍ദ്ദയം ചവിട്ടിയെരിച്ച്‌ നടന്നു നീങ്ങി.അവള്‍ വ്യസനത്തോടെ ആ പൂവിനെ നോക്കി......സുമ പതിയെ കണ്ണുകളടച്ചു..തനിയ്ക്കു ചുറ്റുമുള്ള ശാന്തതയിലെ ഒരു ബിന്ദുവായ്ത്തീരാന്‍ അവള്‍ വീണ്ടും ശ്രമമാരംഭിച്ചു.

പ്പോഴോ ബാഗില്‍ കിടന്ന മൊബൈല്‍ ഒച്ചയുണ്ടാക്കാന്‍ തുടങ്ങി.മോഹനേട്ടനാണ്,എന്താണാവോ ഈ നേരത്ത്‌.അമ്പലത്തില്‍ പോയില്ലെന്നുണ്ടോ?.അവള്‍ പരിഭ്രമത്തോടെ ഫോണ്‍ അറ്റന്റു ചെയ്തു.പുള്ളി അമ്പലത്തിനടുത്തെവിടെ നിന്നോ ആണത്രേ വിളിയ്ക്കുന്നത്‌.അമ്മ ഉച്ചയോടെ വീട്ടില്‍ നിന്ന്‌ മടങ്ങിയത്രേ.നാത്തൂന്‍ ബാത്ത്‌റൂമില്‍ ഉരുണ്ടുവീണിട്ട്‌ അനുജന്‍ വന്നു കൂട്ടിക്കൊണ്ടു പോയതാണത്രേ.അവള്‍ക്കു തല പെരുത്തു...അപ്പോള്‍ കുട്ടികള്‍?.ഇളയ മകള്‍ വീട്ടിലുണ്ട്,അയാള്‍ പോരും വരേയും മൂത്തവള്‍ സ്കൂള്‍ വിട്ട്‌ വന്നിടില്ലത്രേ."നീ ഓഫീസില്‍ നിന്ന്‌ നേരത്തേ ഇറങ്ങാന്‍ നോക്ക്‌...ചിലപ്പോല്‍ സ്കൂള്‍ വിടാന്‍ താമസിച്ചിട്ടുണ്ടാവും.ഞാന്‍ അയലത്തു
വിളിച്ചിട്ട്‌ അവര്‍ എടുക്കുന്നില്ല.ഞാന്‍ ഇവിടുത്തെ പണികള്‍ ആരെയെങ്കിലും ഏല്‍പ്പിയ്ക്കുവാന്‍ പറ്റുവോന്നു നോക്കട്ടെ....".മോഹനേട്ടന്റെ ശബ്ദം അവളുടെ ബോധമണ്ഡലത്തിലെവിടെയോ ഒരു വെള്ളിടിയായി വെട്ടി.'ന്റെ..ആറ്റുകാലമ്മേ..എന്റെ മോള്‍' ഒരു ഗദ്ഗദം അവളുടെ തൊണ്ടയിലെത്തി മുറിഞ്ഞുപോയി."ഹലോ...ഹലോ...",ഫോണില്‍ നിന്നുയരുന്ന ശബ്ദം അവള്‍ കേട്ടില്ല.യാന്ത്രികമായി അവള്‍ മൊബൈല്‍ ഓഫാക്കി,ഇരുന്നിടത്തു നിന്നും പിടഞ്ഞെഴുന്നേറ്റു.'ചിലപ്പോള്‍ സ്കൂളു വിടാന്‍ താമസിച്ചതാവാം...എന്നാലും എണ്റ്റെ മോള്‍'അവള്‍ എത്ര ശ്രമിച്ചിട്ടും വിങ്ങിപ്പോയി.വേഗത്തില്‍ പിടഞ്ഞെഴുന്നേറ്റു പോകുമ്പോള്‍ ചെമ്പകപ്പൂക്കള്‍ അവളുടെ വയ്യാത്ത കാലിണ്റ്റെയടിയില്‍പ്പേട്ട്‌ ഞെരിഞ്ഞമര്‍ന്നു.ഏന്തി വലിഞ്ഞുള്ള അവളുടെ ഓട്ടത്തില്‍ മുടന്തന്‍ കാല്‍ പാറയില്‍ത്താട്ടി ചോരയൊഴുകിയതും അവളറിഞ്ഞില്ല.ചുണ്ടുകള്‍ വിറകൊണ്ട്‌ പിറു പിറുക്കുന്നതും അവളറിഞ്ഞില്ല...ബസ്‌ സ്റ്റോപ്പിനെ ലക്ഷ്യമാക്കി ഭ്രാന്തിയേപ്പോലെ അവള്‍ ഏന്തി വലിഞ്ഞോടി....

വള്‍ പോയ വഴിയിലേക്ക്‌ സംഭ്രമത്തോടെ കണ്ണു പായിച്ചു നിന്ന ചെമ്പകമരത്തിണ്റ്റെ ചുണ്ടില്‍ നിന്ന്‌ പ്രാര്‍ത്ഥനാ മന്ത്രമുയര്‍ന്നു...അവള്‍ കാഴ്ച്ചയില്‍ നിന്നു മറഞ്ഞിരുന്നു.

Friday, September 22, 2006

“ചിക്കനും മട്ടണുമൊക്കെ എന്റെ പൊക കണ്ടേ അടങ്ങുകയൊള്ളോ....?“



സംഭവം നടക്കുന്നത്‌ 1998-ലാണു.ഞാനന്ന്‌ ആര്‍ട്സില്‍ പ്രീഡിഗ്രിയ്ക്കു പഠിയ്ക്കുന്നു.പാളയത്തെ യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ താമസം.ഒരു വൈകുന്നേരം പതിവുപോലെ നടക്കാനിറങ്ങി(ചില പരദൂഷണക്കാര്‍ ഇതിനെ വായിനോട്ടമെന്നു പറഞ്ഞുപരത്തുന്നതെന്തിനാണെന്നിപ്പോഴുമറിയില്ല! കൊശവന്‍മാര്‍!).ഹോസ്റ്റലില്‍ നിന്നിറങ്ങുമ്പോള്‍ ആകെ 30 രൂപയുണ്ടാവും കയ്യില്‍. മനോഹരമായ സായന്തനം,പാളയത്തെ തെരുവുകള്‍ മഞ്ഞയും ചുവപ്പും ഇടകലര്‍ന്ന പെയിന്റടിച്ചതുപോലെയായി.ആങ്ങനെ കാഴ്ച്ചകള്‍ കണ്ടു മാര്‍ക്കറ്റും യൂണിവേഴ്സിറ്റി്‌ കോളേജും കടന്നു സെക്രട്ടറിയേറ്റ്‌ നട വരെയെത്തി.ഇന്നത്തേക്കുള്ളതായില്ലേന്നു ആരോ പറഞ്ഞതുപോലെ തോന്നി.അതുകോണ്ട്‌ യാത്ര അവസാനിപ്പിച്ച്‌ തിരികെ നടക്കാന്‍ തുടങ്ങി.അപ്പോഴേയ്ക്കും ഇരുട്ടു വീണു തുടങ്ങിയിരുന്നു.തിരിച്ച്‌ ഞാന്‍ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിന്റെ എതിര്‍വശത്തുള്ള പാളയം സെന്റ് ജോസഫ്‌ പള്ളിയുടെ അടുത്തെത്തിക്കാണും.അതാ തൊട്ടപ്പുറത്തുള്ള പെട്രോള്‍ പമ്പിനോടു ചേര്‍ന്നോരു സൊയമ്പന്‍ ഹോട്ടല്‍.ശെടാ ! ഞാനിതിങ്ങോട്ടു പോരുമ്പോള്‍ കണ്ടില്ലല്ലോ എന്നായി ഞാന്‍.ഹോസ്റ്റലില്‍ പോയാല്‍ ഫുഡ്ഡുണ്ടാവും,എന്നാലും വല്ലപ്പോഴുമൊക്കെ പുറത്തു നിന്നു കഴിച്ചില്ലെങ്കില്‍ പിന്നെന്തോന്നു ജീവിതം എന്നാരൊ പറഞ്ഞതു പോലെ തോന്നി.യോദ്ധയില്‍ ഫിലിപ്സിന്റെ മിക്സി കണ്ടിട്ട്‌ ജഗതി "ഹായ്‌...ഫൈലിപ്സ്‌" എന്നു പറഞ്ഞതുപോലെ "ഹായ്‌ ഹോട്ടല്‍" എന്നു പറഞ്ഞു ഞാനുള്ളില്‍ക്കയറി.സെറ്റപ്പൊക്കെ ഓക്കെ,കുഴപ്പമില്ല.

ആരാമായിട്ട്‌ ഇരുന്നു.കുറച്ചു കഴിഞ്ഞപ്പോള്‍ വെയിറ്റര്‍ വന്നു.എന്തു വേണമെന്നായി,ആഹാ വിട്ടുകൊടുക്കാന്‍ പറ്റില്ലല്ലോ എന്തുണ്ടെന്നായി ഞാന്‍.ചപ്പാത്തി,പൊറോട്ട...ലിസ്റ്റിങ്ങനെ നീളുകയാണു.ഓക്കെ ചപ്പാത്തി ഉറപ്പിച്ചു,കറി?.അയാള്‍ എന്തൊക്കെയൊ പറഞ്ഞു,കൂട്ടത്തില്‍ "മട്ടന്‍" എന്നൊരു വാക്കു കേട്ടു.ങേ.. ഇതു നമ്മുടെ ആടല്ലേ സാധനം.അതിനു മുന്‍പ്‌ മട്ടന്‍ കഴിച്ചിട്ടില്ല,ഒരു കൈ നോക്കിയാലോ?.മാത്രവുമല്ല ഇതു നമ്മുടെ ചിക്കന്റെ സഹോദരനല്ലേ.ആലോചനയ്ക്കിടയില്‍ ഞാനെപ്പൊഴോ "മട്ടന്‍-കറി" എന്നു പറയുകയും അയാള്‍ ഇമ്പ്രസായിട്ട് ആയി സ്ഥലം വിടുകയും ചെയ്തു.ആലോചന തുടരുകയാണു.പെട്ടന്നൊരു ശങ്ക,ഈശ്വരാ കാശു കൂടുതലാകുമൊ?.വിയറ്റ്നാം കോളനിയില്‍ കെ.പി.എ.സി ലളിതയുടെ വീട്ടില്‍ വാടകയ്ക്കു താമസിയ്ക്കാന്‍ ചെന്ന മോഹന്‍ലാലിനേയും ഇന്നസെന്റിനേയും പെണ്ണുകാണാന്‍ വന്നവരാണെന്നു തെറ്റിദ്ധരിക്കുന്ന ഒരു സീനുണ്ട്‌.ഡൌട്ടടിച്ച മോഹന്‍ലാല്‍ ഇന്നസെണ്റ്റിനോട്‌ തന്റെ സംശയം പറയുമ്പോള്‍ ഇന്നസെന്റ് മോഹന്‍ലാലിനോട്‌ "ഏയ്‌ അതാവന്‍ വഴിയില്ല സ്വാമീ"-യെന്നു ഉറപ്പിച്ചു പറയുകയും പിന്നെ മോഹന്‍ലാലിനെ വീണ്ടും നോക്കിയിട്ട്‌ സംശയത്തോടെ "ഏയ്‌യ്‌യ്‌.............ഇനി അങ്ങനെ വല്ലതുമാണോ സ്വാമി?" എന്നു ചോദിയ്ക്കും പോലെ ഞാന്‍ എന്നോടു തന്നെ ഈ ചോദ്യം ചോദിച്ചു കൊണ്ടിരുന്നു.ഏയ്‌യ്‌...ഈ ചിക്കനും മട്ടണുമൊക്കെ ഒരേ എനത്തില്‍പ്പേട്ട ഐറ്റംസ്‌ അല്ലേ.ചിക്കന്‍ കറിയുടെ അത്രയൊക്കയേ ആവുകയുള്ളൂ..അല്ലേ?..ആണോ?. ശ്ശോ...ഒള്ള മനസ്സമാധാനം പോയിക്കിട്ടിയല്ലോ.

ആങ്ങനെയിരിയ്ക്കെ മട്ടനും ചപ്പാത്തിയും കൊണ്ടു വച്ചു.ടാര്‍ ചുവന്നകളറിലായാലെങ്ങനെയിരിയ്ക്കുമോ അതേ മാതിരി എന്തോ ഒന്നു പാത്രത്തില്‍ കൊണ്ടുവച്ചിരിയ്ക്കുന്നു.മുകള്‍പ്പരപ്പില്‍ രണ്ടു മൂന്നു എല്ലും മുട്ടവും കാണാം.പാവം..പട്ടിണി കിടന്നു ചത്ത ആടാണെന്നു തോന്നുന്നു.എണ്ണ കറിയുടെ മുകളിലൂടെ ഒഴുകി നടക്കുന്നു.അത്രയും എണ്ണ ഉണ്ടെങ്കില്‍ ഒരു മാസം തേച്ചു കുളിയ്ക്കാം.പക്ഷേ ഉള്ളില്‍ക്കിടന്നു ഒരു സന്ദേഹമിങ്ങനെ കളിയ്ക്കുന്നതു കാരണം അതിലേക്കു തുറിച്ചു നോക്കിയിരിയ്ക്കാനല്ലാതെ കഴിയ്ക്കാന്‍ കഴിഞ്ഞില്ല.ഇനിയിപ്പോള്‍ മട്ടണെത്രയാണെന്നു ചോദിയ്ക്കനൊരു മടി,അടി കിട്ടുമെന്നു പേടിച്ചിട്ടൊന്നുമല്ല(ഏയ്‌യ്‌...).നനഞ്ഞു ഇനി കൂളിച്ചു കയറുക തന്നെ.പതിയെ കഴിച്ചു തുടങ്ങി.ഓരോ ചപ്പാത്തിയെടുക്കുമ്പോഴും ഞാന്‍ വെയിറ്ററേയും കാശു വാങ്ങാനിരിയ്ക്കുന്ന ആളിനെയും ഒന്നു നോക്കും.അവരും എന്നെ നോക്കാന്‍ തുടങ്ങിയപ്പോല്‍ ഗത്യന്തരമില്ലാതെ ഞാന്‍ പ്രയാസപ്പെട്ട്‌ ഓരോ വളിച്ച ചിരി പാസാക്കാന്‍ തുടങ്ങി.കാശു കൂടുതലായാല്‍ അതു പ്രയോജനപ്പെട്ടാലോ.പക്ഷേ ഉള്ളിലെ ശുഭാപ്തി വിശ്വാസക്കാരന്‍ വിടാന്‍ ഭാവമില്ല,"ഏയ്‌യ്‌....ചിക്കനും മട്ടണുമൊക്കെ ഒരെ....".

അങ്ങനെ സംഭവം ക്ളൈമാക്സിനോടടുക്കുകയാണു.വെയിറ്റര്‍ ബില്‍ കൊണ്ടു വച്ചു.വിറയ്ക്കുന്ന കൈകളോടെ അതെടുത്തു.എന്നെയങ്ങു കോല്ലെന്റെ മാതാവെ!!!40 രൂപ.സൈഡിലെങ്ങാനും ജന്നലുണ്ടായിരുന്നെങ്കില്‍ ആ നിമിഷം ഞാനതു വഴി ചാടിയേനെ,അവിടെ അതുമില്ല.ഒരു വിധം ശക്തി സംഭരിച്ച്‌ മസിലൊക്കെ പിടിച്ച്‌ ഞാന്‍ കൈ കഴുകാന്‍ പോയി.പിന്നെ കൌണ്ടറില്‍ ചെന്നു പത്തുവയസ്സുകാരന്റെ നിഷ്കളങ്കതയോടെ ഉടുപ്പിന്റെ പോക്കറ്റില്‍ കയ്യിട്ടു 30 രൂപയെടുത്ത്‌ അവര്‍ കാണ്‍കെ എണ്ണി.ങേ...ബാക്കിയെവിടെപ്പോയി..?.പുരികം ചുളിച്ച്‌ ബാക്കി പത്തു രൂപയ്ക്ക്‌ വീണ്ടും പോക്കറ്റില്‍ കയ്യിട്ടു.എന്ത്‌..ഉടുപ്പിണ്റ്റെ പോക്കറ്റിലില്ലേ?ഓ...പാന്റിന്റെ പോക്കറ്റിലായിരിയ്ക്കും. എന്റെ ചേഷ്ടകള്‍ സശ്രദ്ധം വാച്ചു ചെയ്തുകൊണ്ടിരിയ്ക്കുന്ന റിസപ്ഷനിലെ പുള്ളി കാണ്‍കെ പാണ്റ്റിണ്റ്റെ വലത്തേ പോക്കറ്റില്‍ കയ്യിട്ടു,അതും ശൂന്യം.പൈസയെടുത്ത്‌ എവിടെയാ വച്ചതെന്ന്‌ ഒരു ബോധവുമില്ലല്ലോ എന്നു സ്വയം വഴക്കുപറഞ്ഞ്‌ ഞാന്‍ ഇടത്തേപ്പോക്കറ്റില്‍ കയ്യിട്ടു.അത്ഭുതം....അവിടെയുമില്ല....അസംഭവ്യം...ഓ പാന്റു മാറിയതാവും.ഞാന്‍ നാടകീയമായ്‌ അങ്ങോര്‍ക്കു നേരെ തിരിഞ്ഞു."അയ്യോ ചേട്ടാ,പാന്റു മാറിയെന്നാ തോന്നുന്നേ.പത്തു രൂപയുടെ കുറവുണ്ടല്ലോ..ന്ദാപ്പോ ചെയ്യുക?".അതിനിടയില്‍ നല്ല 'ആരോഗ്യമുള്ള' വെയിറ്റര്‍ ചേട്ടനും ‘ന്ദാപ്പോ ചെയ്യുകാന്ന് കാട്ടിത്തരാം’ എന്ന മട്ടില്‍ ‍അടുത്തു കൂടി.അടിയുടെ മണം കിട്ടിയപ്പോള്‍ ഞാന്‍ വീരം ഉപേക്ഷിച്ച്‌ വേഗം കരുണം എടുത്തണിഞ്ഞു.പോക്കറ്റില്‍ കിടന്ന ഹോസ്റ്റലിണ്റ്റെ I.D കാര്‍ഡ്‌ ഞാന്‍ പൂറത്തെടുത്തു(ഇതെടുക്കാന്‍ തോന്നിയ നിമിഷത്തെ ഞാന്‍ മനസ്സാ നമിച്ചു).മീശമാധവന്‍ സിനിമയില്‍ സലിം കുമാര്‍ ദിലീപിനോട്‌ "കണ്ടാല്‍ ഒരു ലുക്കില്ലന്നേയുള്ളു,ഞാനും ഒരു വക്കീലാണു"-എന്നു പറഞ്ഞതുപോലെ ഞാന്‍ ഒരു പരുങ്ങലോടെ എണ്റ്റെ I.D കാര്‍ഡെടുത്ത്‌ കാണിച്ചു.അബദ്ധം പറ്റിയതാണെന്നും കാശ്‌ പത്തു മിനിട്ടിനുള്ളില്‍ കൊണ്ടുത്തരാമെന്നും പറഞ്ഞപ്പോള്‍ ജീവിതത്തിലാദ്യമായി അനന്ത പദ്മനാഭനെ ഞാനവിടെ നേരില്‍ക്കണ്ടു.കാഷ്യര്‍ ഒന്നു പുഞ്ചിരിയ്ക്കുക മാത്രം ചെയ്തു. കാശു തന്നില്ലെങ്കിലും സാരമില്ലെന്നു അയാള്‍ പറഞ്ഞപ്പോള്‍ വിശ്വാസം വരാതെ, വെട്ടാന്‍ പോകുന്ന പോത്തിനോടുള്ള വേദമോതലല്ലേ ഇതെന്ന മട്ടില്‍ ഞാനയാളെ നോക്കി.ഒന്നും സംഭവിച്ചില്ല..നല്ല മനുഷ്യര്‍ എന്നു മനസ്സില്‍ പറഞ്ഞ്‌ ഞാനവിടെ നിന്നു മടങ്ങി.അന്നു രാത്രി തന്നെ ആ കാശ്‌ തിരികെക്കൊടുക്കുകയും ചെയ്തു.അന്നു രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഞാന്‍ എന്നോടു തന്നെ പറഞ്ഞു,ഒരബദ്ധമൊക്കെ ആര്‍ക്കും പറ്റും.ഇല്ലെങ്കില്‍ പിന്നെ ജീവിതത്തിലെന്താ ഒരു രസം അല്ലേ?.മാത്രവുമല്ല മട്ടന്‍‌കറിയുടെ വില അറിയാന്‍ വയ്യാത്തതു കൊണ്ടല്ലേ അങ്ങനെ സംഭവിച്ചത്,വളരെ സ്വാഭാവികം.ജനിച്ചു വീണാലുടനെയെല്ലാരും മട്ടന്‍ കറിയുടെ വിലയും പഠിച്ചോണ്ടാണോ വരുന്നത്....ഞാനെന്നെത്തന്നെ ആശ്വസിപ്പിയ്ക്കുകയാണു.എന്നാലും എവിടെയോ ആരോ ഇരുന്ന് ചിരിയ്ക്കുന്നത് പോലെ.‘പറ്റാനുള്ളതൊക്കെ പറ്റിയില്ലെ ഇനിക്കിടന്നുറങ്ങിക്കൂടെ?‘ ആരോ ചോദിച്ചപോലെ..എന്തായാലും ഉറങ്ങുക തന്നെ....കഥയവിടെ തീര്‍ന്നെന്നും ഇനിയൊരബദ്ധം അരവിന്ദിനു പറ്റില്ലെന്നും നിങ്ങളെപ്പോലെ തന്നെ ഞാനും കരുതി.പക്ഷേ എല്ലാം വെറുതയായിരുന്നു.രണ്ടുമൂന്നു മാസങ്ങള്‍ക്കു ശേഷം ആ രണ്ടാം ഭാഗം അരങ്ങേറുക തന്നെ ചെയ്തു.

അന്നു വെറുതേ നടക്കാനിറങ്ങിയതായിരുന്നില്ല.ഭക്ഷണം കഴിയ്ക്കാന്‍ തന്നെ ഇറങ്ങിയതായിരുന്നു.മുന്‍പത്തേക്കാള്‍ ഭേദം.കയ്യില്‍ 50 രൂപയുണ്ട്‌.ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിന്റെ തൊട്ടു പിറകില്‍ നീളന്‍ ബ്രിഡ്ജിന്റെ എതിര്‍വശത്തായി കേരളാ യൂണിവേഴ്സിറ്റി ക്യാമ്പസിനോടു ചേര്‍ന്നു നില്‍ക്കുന്ന M.L.A ഹോസ്റ്റലില്‍ വൈകിട്ടു നല്ല കഞ്ഞിയും പയറും കിട്ടും.വളരെ രുചികരമായ ഭക്ഷണമായതിനാല്‍ എമ്മല്ലെമാരെക്കൂടാതെ നിരവധി പേര്‍ പുറത്തു നിന്നും ഭക്ഷണം കഴിയ്ക്കാന്‍ വരാറുണ്ടായിരുന്നു.ഹോസ്റ്റലിലെ സ്ഥിരം ഫുഡ്ഡില്‍ നിന്നൊരു മാറ്റമായിക്കോട്ടെ എന്നു വിചാരിച്ചിട്ടാണു ഞാന്‍ ഇടയ്ക്കിടയ്ക്ക്‌ അവിടെ പോകുന്നത്‌.അകത്ത്‌ എമ്മല്ലേമാര്‍ക്കു വേണ്ടി ചുറ്റിനും തടി കൊണ്ട്‌ മറച്ച ക്യബിനുകളുണ്ട്‌.(ജനപ്രതിനിധികള്‍ തട്ടിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ലെന്നു മറ്റാരും അറിയാതിരിയ്ക്കാനാണോ ഈ സെറ്റപ്പ്‌?ആര്‍ക്കറിയാം).സാധാരണക്കാര്‍ക്ക്‌ ഒരു സാദാ റെസ്റ്റോറന്റിന്റെ സെറ്റപ്പും റെഡിയാക്കി വച്ചിട്ടുണ്ട്‌.സമയം അപ്പോള്‍ ഏഴരയായിട്ടുണ്ടാവും.ഞാന്‍ ഒഴിഞ്ഞൊരു ടേബിളിണ്റ്റെ മുന്‍പില്‍ സ്ഥാനം പിടിച്ചു.കുറച്ചു കഴിഞ്ഞപ്പോള്‍ കഥയിലെ പ്രധാന കഥാപാത്രം(വെയിറ്റര്‍) രംഗപ്രവേശം ചെയ്തു.മുന്‍പത്തെയത്ര വരികയില്ലെങ്കിലും ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇയ്യാളും മോശമല്ലെന്നു സൂചിപ്പിച്ചു കൊള്ളട്ടെ.പതിവുപോലെ കഞ്ഞിയും പയറും പറയാനൊരുങ്ങിയ നാവില്‍ അബദ്ധസരസ്വതി കടന്നു കൂടി."അല്ലാ...എന്തൊക്കെയുണ്ട്‌ കഴിയ്ക്കാന്‍?".പറഞ്ഞു കഴിഞ്ഞപ്പോഴാണ് അതു വേണ്ടിയിരുന്നില്ല എന്നു തോന്നിയത്‌.'ഓ..എന്നെക്കൊണ്ട്‌ സകല ഐറ്റത്തിന്റേയും പേരു പറയിച്ചിട്ട് ഒടുക്കം എന്നാ ശരി കഞ്ഞിയും പയറും പോരട്ടേ എന്നു പറയാനല്ലേ ചെക്കാ,ഞാനിതെത്ര കണ്ടതാ..' എന്ന മട്ടില്‍ വല്യ താത്പര്യം കാട്ടാതെ അയാള്‍ ഒന്നൊന്നായി പറയാന്‍ തുടങ്ങി.ചപ്പാത്തി,പൊറോട്ടാ,ചിക്കന്‍,മട്ടന്‍.....'ങ്‌ഹാ..മട്ടന്‍ അതവിടെ നില്‍ക്കട്ടെ...അതു കഴിച്ചാല്‍ അലര്‍ജിയുണ്ടാവും'(ഞാന്‍ മനസ്സില്‍പ്പറഞ്ഞു)."ചിക്കന്‍"..അതു കൊള്ളാല്ലോ.പഞ്ചാബീ ഹൌസില്‍ ഹരിശ്രീ അശോകന്‍ "സോണിയാ...പോരട്ടേ" എന്നു പറയുമ്പോലെ ഞാന്‍ ചപ്പാത്തിയും ചിക്കനും ഓര്‍ഡര്‍ ചെയ്തു.ചിക്കന്‍ കറിയുണ്ട്‌,ചിക്കന്‍ പൊരിച്ചതുണ്ട്‌ ഇതിലേതു വേണമെന്നായി.രണ്ടാമത്തേതാണു കേള്‍ക്കാന്‍ സുഖം,അതു പോരട്ടേന്നായി ഞാന്‍."വിചാരിച്ച പോലല്ലോ.യെവന്‍ പുലിയാണു കേട്ടൊ" എന്ന മട്ടില്‍ അയാള്‍ സന്തോഷത്തോടെ അടുക്കളയിലേക്കു പോയി.50 രൂപയുടെ ഇളക്കമാണു.ഞാന്‍ ഡെസ്കില്‍ താളം കൊട്ടി വെയിറ്ററെ കാത്തിരുന്നു.കഴിഞ്ഞ അനുഭവത്തില്‍ നിന്ന് ചിക്കനും മട്ടനും ഒരേ ഗ്രൂപ്പില്‍ പെട്ടവരല്ലെന്നും മട്ടന്‍ ചിക്കനേക്കാള്‍ കൂടിയതാണെന്നും ഞാനെന്നെത്തന്നെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു.മാത്രവുമല്ല മട്ടന്‍ കറിയ്ക്ക് ഇപ്പറയണ മാതിരി ടേസ്റ്റൊന്നുമില്ലെന്നും(തന്നെ...തന്നെ!) കൂടാതെ ശരീരാരോഗ്യത്തെക്കരുതി ജീവനോടുള്ള ആടിനെക്കണ്ടാലും ഒഴിഞ്ഞുപോയ്ക്കോണമെന്നും ഞാന്‍ എന്നെത്തന്നെ ധരിപ്പിച്ചിരുന്നു.കഴിഞ്ഞ തവണ മട്ടന്‍ കറി കഴിച്ചപ്പോള്‍ 40 രൂപയേ ആയുള്ളൂ.മട്ടണേക്കാള്‍ വിലകുറഞ്ഞ ചിക്കനല്ലേ ഒര്‍ഡര്‍ ചെയ്തത്‌,അതു കൊണ്ട്‌ പേടിയ്ക്കാനില്ല.

അതിനിടയില്‍ എനിയ്ക്കു പരിചയമുള്ള ഒരു രൂപം വാതില്‍ കടന്നു വന്നു.നല്ല നീളവും തടിയുമുള്ള കറുകറാന്നിരിയ്ക്കുന്ന ഒരു തൈക്കിളവന്‍.ഖദറും മുണ്ടും ധരിച്ച ആ കഷണ്ടിയെ ഞാനെവിടെയോ കണ്ടിട്ടൂണ്ട്‌.മാറ്‍ക്കറ്റിലെ ഈറച്ചിവെട്ടു കടയിലാണോ...?.ഏയ്‌യ്‌യ്‌യ്‌..അല്ല നാട്ടിലാണെന്നു തോന്നുന്നു.ആ... പിടികിട്ടി.നാട്ടിലെ(പന്തളം നിയോജക മണ്ടലം) ഇപ്പോഴത്തെ എം.എല്‍.എ.ഓ..ഇങ്ങോരിവിടെ പുട്ടടിച്ച്‌ സുഖമായിട്ടങ്ങു കൂടിയിരിയ്ക്കുകയാണല്ലെ.എന്നെ കാണണ്ട.പറഞ്ഞു വരുമ്പോള്‍ അകന്നൊരു ബന്ധവുമുണ്ട്‌.നാട്ടുകാരനാണെന്നറിഞ്ഞാല്‍ ചിലപ്പോ ഇറങ്ങി ഓടിക്കളയും,സൂക്ഷിയ്ക്കണം.സ്വന്തം നിയോജക മണ്ടലത്തിലുള്ളവരെ കാണാണ്ട്‌ ഒളിച്ചു താമസിയ്ക്കുന്നതിന്റെ ബദ്ധപ്പാട്‌ ആ പാവത്തിനേ അറിയൂ.ഞാന്‍ കാരണം ആ പാവത്തിണ്റ്റെ ചപ്പാത്തിയും ചിക്കനും മുട്ടേണ്ട.ഞാന്‍ കാണാത്ത ഭാവത്തില്‍ വിദൂരതയിലേക്കു നോക്കി നിര്‍വ്വികാരനായിരുന്നുകൊടുത്തു.അങ്ങേരെന്നെ കടന്നു ഏതോ ക്യാബിനില്‍ കയറിയൊളിച്ചു.

ഞാനെന്റെ ചപ്പാത്തിയും ചിക്കനും പ്രതീക്ഷിച്ചിരിയ്ക്കുകയാണു.ചപ്പാത്തിയും ചിക്കന്‍ ഫ്രൈയ്യും,നല്ല കോമ്പിനേഷന്‍.ചപ്പാത്തിയും ചിക്കന്‍....ങേ..ചിക്കന്‍ ഫ്രൈ എന്നല്ലല്ലോ അങ്ങോരു പറഞ്ഞത്‌,പൊരിച്ച ചിക്കന്‍ എന്നല്ലേ.ഹോ!...ഈ വെയിറ്റര്‍മാരുടെ ഒരു കാര്യം... പൊരിച്ച ചിക്കന്‍ എന്നു പറഞ്ഞ്‌ നിര്‍ത്തിപ്പൊരിച്ച കോഴിയെ മുന്‍പില്‍ കൊണ്ടു വയ്ക്കാതിരുന്നാല്‍ മതിയായിരുന്നു..അതിലെ കോമടിയോര്‍ത്തു ഞാന്‍ കുലുങ്ങിച്ചിരിച്ചു.ചിരി അധിക നേരം നിന്നില്ല.എവിടെയോ ഒരപായ മണി മുഴങ്ങിയതു പോലെ.തള്ളേ...ഇനി അങ്ങനെങ്ങാനും സംഭവിയ്ക്കുമോടേ!!.എനിയ്ക്ക്‌ ഇരുന്നിട്ട്‌ ഇരിപ്പുറയ്ക്കുന്നില്ല.ചൂടു വെള്ളത്തില്‍ വീണ പൂച്ചയാണു,പച്ചവെള്ളം കണ്ടാലും ബോധം കെടും.കിലുക്കത്തില്‍ ജഗതി പറയുമ്പോലെ വെപ്രാളത്തില്‍ ഞാനെന്നൊടു തന്നെ ചോദിയ്ച്ചു,'ഈ ചിക്കനും മട്ടണുമൊക്കെ എണ്റ്റെ പൊക കണ്ടേ അടങ്ങുകയുള്ളോ..?'.പതുക്കെ വലിഞ്ഞാലോ?വേണ്ട വാതില്‍ക്കല്‍ ഇരിയ്ക്കുന്ന കശ്മലന്‍ ഞാന്‍ ഓര്‍ഡര്‍ ചെയ്യുന്നതു കണ്ടു കഴിഞ്ഞു.ഈശ്വരാ ജനപ്രതിനിധികളും ജനങ്ങളും ചേര്‍ന്ന് ജനായത്ത വ്യവസ്ഥയില്‍ത്തന്നെ എന്നെയെടുത്തീട്ട്‌ പെരുമാറുമല്ലോ..ന്ദാപ്പോ ചെയ്യുക.ഒരു സെക്കന്റ് കഴിഞ്ഞു കാണും...എന്റെ മനസ്സിലെ പെരുമ്പറ മുഴക്കത്തിന്റെ ചുവടൊപ്പീച്ച്‌ അതാ വെയിറ്റര്‍ കടന്നു വരുന്നു.എന്റമ്മോ...എന്താ അയാളുടെ കയ്യില്‍!!!!!.വലിയൊരു താലത്തില്‍ നല്ല ചുവന്ന നിറത്തില്‍ തലയില്ലാത്തൊരു കോഴി അടയിരിയ്ക്കുന്ന പോസില്‍ എന്റെ നേരേ വരുന്നു.വട്ടത്തിലരിഞ്ഞ ഉള്ളിയും മറ്റു കുറ്റിച്ചെടികളുമൊക്കെ കുത്തി തിരുകി നല്ല മണവാട്ടിയേപ്പോലെയൊരുക്കിയിട്ടുണ്ട്‌.കറി വച്ചോണ്ടിരിയ്ക്കുമ്പോള്‍ ഇറങ്ങിയോടിയ കോഴി എന്നു കിലുക്കത്തില്‍ ജഗതി പറഞ്ഞു കേട്ടിടുണ്ട്‌.അതാണോ ഇത്‌...എന്റെ ശ്രീ പത്മനാഭാ..അതു മുഴുമിപ്പിച്ചില്ല..അപ്പോഴേയ്ക്കും വെയിറ്റര്‍ സാധനം കൊണ്ടു വച്ചു കഴിഞ്ഞു.എനിയ്ക്കൊരുകാര്യം ഉറപ്പായി,കുറഞ്ഞത്‌ 150 രൂപയ്ക്കുള്ള ഐറ്റമാണിത്‌.നിറം സിനിമയില്‍ കെളവന്‍ കേണല്‍ അവസാന ശുക്‌രിയ പറയുമ്പോള്‍ കണ്‍ട്രോള്‍ നഷ്ടപ്പെട്ട്‌ ചാടിയിറങ്ങിയ കോവൈ സരളയെപ്പോലെ ഞാന്‍ എന്റെ സീറ്റില്‍ നിന്നു ചാടി ഇറങ്ങി. ‘ആഹാ...തിരുവന്തോരത്തെ വെയിറ്റര്‍മാരെല്ലാം കൂടി കരുതിക്കൂട്ടിയെറങ്ങിയിരിയ്ക്കുകയാണല്ലേ?’,ഞാനെന്നോടു തന്നെ പറഞു.കേണലെപ്പോലെ അന്തം വിട്ട്‌ നില്‍ക്കുന്ന വെയിറ്ററോട്‌ ഞാന്‍ ഒരുവിധം പറഞ്ഞൊപ്പിച്ചു, "എനിയ്ക്കിതു...വേണ്ട,ഞാനിതല്ല ഉദ്ധേശിച്ചത്‌"."എന്ത്....????ഇതല്ല ഉദ്ദേശിച്ചതോ?ഓര്‍ഡറ്‍ ചെയ്ത പടി സാധനം കൊണ്ടു വന്നപ്പോള്‍ അതു വേണ്ടാന്നോ?ഇതിനിയാരു കഴിയ്ക്കാനാ.?".ഏറ്റവുമൊടുവില്‍, നന്ദനം സിനിമയില്‍ ജഗതിയുടെ വെപ്പുമുടി ഇന്നസെന്റ് ഊരി മാറ്റുമ്പോല്‍ "ഉപദ്രവിയ്ക്കരുത്‌...ഞാന്‍ പാലാരിവട്ടം ശശി.വയറ്റിപ്പിശപ്പാണു.." എന്നു പറഞ്ഞ്‌ ഭരതനാട്യത്തിലെ വന്ദനം സ്റ്റെപ്പിട്ട്‌ നിന്ന ജഗതിയെപ്പോലെ ഞാനും നിന്നു.ഒടുവില്‍ എന്നെ നോക്കി നില്‍ക്കെ അയാളുടെ ക്രോധം അടങ്ങി....തലയ്ക്കടിയേറ്റവനെപ്പോലെ നിര്‍വ്വികാരമായ മുഖത്തോടെ ഞാന്‍ പതിയെ തിരിച്ചു നടന്നു....

തിരിച്ചു നടക്കുമ്പോല്‍ നല്ല മഞ്ഞുണ്ടായിരുന്നു.ഇരുട്ടില്‍ ഞാനെന്നോടു തന്നെ പറഞ്ഞു.രണ്ടബദ്ധമൊക്കെ ആര്‍ക്കും പറ്റും...ചിക്കന്‍ പൊരിച്ചതെന്നു പറഞ്ഞപ്പോള്‍ വറുത്ത ഒന്നോ രണ്ടോ ചിക്കന്‍ കാലേ പ്രതീക്ഷിച്ചൂള്ളൂ.പിന്നാമ്പുറത്തൂടെപ്പോയ കോഴീനെ ഓടിച്ചിട്ട് പിടിച്ച് അതിനെ അടുപ്പിലിട്ട് ചുട്ട് എന്റെ മുന്‍പില്‍ കൊണ്ടു വയ്ക്കുമെന്ന് ആരെങ്കിലും കരുതിയോ?.വെയിറ്ററാണത്രേ വെയിറ്റര്‍...ഇങ്ങനേമുണ്ടോ കണ്ണീച്ചോരയില്ലാത്ത മനുഷേന്മാര്‍(അങ്ങോര്‍ക്ക് കണ്ണീച്ചോരയുള്ളയുള്ളതു കൊണ്ടാണു ഞാന്‍ എറങ്ങി നടക്കുന്നതെന്ന സത്യം ദേഷ്യപ്പെടുന്നതിനിടയില്‍ ഞാന്‍ മറന്നു).....സാരമില്ല ഇതൊക്കെ മനുഷ്യജീവിതത്തില്‍ സാധാരണയാണെന്നേ.....പിന്നില്‍ ശ്രീ പത്മനാഭന്‍ ആര്‍മ്മാദിച്ചൊന്നു ചിരിച്ചുവോ.....?ആര്‍ക്കറിയാം...

Sunday, September 17, 2006

ആര്‍ട്സ് കോളേജും തമ്പാനൂര്‍ ബസ് സ്റ്റാന്‍‌റും(ഓര്‍മ്മക്കൂറിപ്പ്-1)


ആര്‍ട്സ്‌ കോളേജിനേപ്പറ്റിയും തമ്പാനൂര്‍‍ ബസ്‌ സ്റ്റാണ്റ്റിനേയും കുറിച്ചുള്ള ഓര്‍മ്മകള്‍ പൊടിതട്ടി അവതരിപ്പിയ്ക്കാനുള്ളൊരെളിയ ശ്രമമാണിവിടെ.തമ്പാനൂര്‍ കെ.എസ്‌.ആര്‍.ടി.സി ബസ്‌ സ്റ്റാണ്റ്റിനു തൊട്ടു മുന്‍പ്‌ ചെങ്കല്‍ച്ചൂളക്ക്‌(തിരുവനന്തപുരത്തെ കുപ്രസിദ്ധമായ ഒരു ചേരി) അടുത്തുള്ള മോഡല്‍ സ്കൂള്‍ ജംക്ഷനില്‍ ഇറങ്ങി വേണം കോളേജിലേക്കു പോകുവാന്‍.പാളയത്തെ യൂണിവേഴ്സിറ്റി ഹോസ്റ്റലിണ്റ്റെ മുന്‍പില്‍ നിന്ന്‌ ഒന്നേകാല്‍ രൂപ കൊടുത്താല്‍ അന്ന്‌ കോളേജു പറ്റാം.ഏഴു കുന്നുകളുടെ നഗരമെന്നറിയപ്പെട്ടിരുന്ന തിരുവനന്തപുരത്തെ ഒരു പ്രധാനപ്പെട്ട കുന്നിലായിരുന്നു കോളേജും മറ്റും നിന്നിരുന്ന വഴുതക്കാട്‌ സ്ഥിതിചെയ്തിരുന്നത്‌.ഇണ്റ്റ്യയിലെ തന്നെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളിലൊന്നെന്ന ഖ്യാതി തിരുവനന്തപുരത്തിനു നേടിക്കൊടുക്കുന്നതില്‍ ഈ കുന്ന്‌ ആര്‍ക്കിടെക്ചര്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്‌.പൊതുവേ നഗരത്തെ വൃത്തിയായി സൂക്ഷിക്കുന്നതില്‍ നഗരവാസികള്‍ ശ്രദ്ധാലുക്കളായിരുന്നുവെങ്കിലും ഒരു ചെറു മഴകൊണ്ട്‌ നഗരത്തിണ്റ്റെ ആത്മാവും ശുദ്ധമാക്കപ്പെട്ടിരുന്നു.വീണ്ടും മോഡല്‍ സ്കൂള്‍ ജംകഷനിലേക്ക്‌.തിരുവനന്തപുരത്തെ അതിപ്രശസ്തമായ നാലു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ കുന്നിണ്റ്റെ മുകളില്‍ തോളോടു തോള്‍ ചേര്‍ന്നു നിന്നിരുന്നു.സ്വാതി തിരുനാള്‍ സാഗീത കോളേജും ആര്‍ട്സ്‌ കോളേജും മോഡല്‍ സ്കൂളും പരസ്പരം തൊട്ടു ചേര്‍ന്നു കിടന്നപ്പോള്‍ വിമന്‍സ്‌ കോളേജ്‌

ഒരു കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ നിലകൊണ്ടു.ബസിറങ്ങിയാല്‍ 'U' ഷേപ്പില്‍ കുത്തനെയുള്ള ഒരു റോഡ്‌ കാണാം.ആ റോഡിണ്റ്റെ ഒത്ത നടുക്കുള്ള ഒരു കിളിവാതില്‍ കടന്നാല്‍ മോഡല്‍ സ്കൂളിലേക്കുള്ള പടികള്‍ കയറാം(മോഹന്‍ലാലിനേയും ജഗതി ശ്രീകുമാറിനേയും പ്രീയദര്‍ശനേയും പോലുള്ള പ്രതിഭാധനന്‍മാരെ സൃഷ്ടിച്ച പാരമ്പര്യം ഈ സ്കൂളിനുണ്ട്‌).ആ റോഡിണ്റ്റെ വലത്തേക്കു തിരിഞ്ഞു പോയാല്‍ സംഗീതപ്പെരുമഴപെയ്യുന്ന സ്വാതി തിരുനാള്‍ സംഗീത കോളേജായി,ഇടത്തേക്കു തിരിഞ്ഞു നടന്നാല്‍ ആര്‍ട്സ്‌ കോളേജിണ്റ്റെ പിന്‍വാതില്‍ കാണാം.ഗേറ്റ്‌ കടന്നാല്‍ ഗേറ്റിനോടു ചേര്‍ന്നു തന്നെ ഒരു കാണ്റ്റീനുണ്ട്‌,ഒരു ടിപ്പിയ്ക്കല്‍ കോളേജ്‌ കാണ്റ്റീന്‍.അതിനോട്‌ ചേര്‍ന്ന്‌ മനോഹരമായ ആകൃതിയില്‍ നിര്‍മ്മിച്ച പടവുകള്‍ ഉണ്ട്‌.അതിണ്റ്റെ കൈവരികളില്‍ എപ്പോഴും ആളുണ്ടാവും.പൊട്ടിച്ചിരികളും സൌഹൃദവും ഏറെ കണ്ട ആ പടവുകള്‍ കയറിയാല്‍ കോളേജിണ്റ്റെ മുറ്റമായി.നീളന്‍ വരാന്തകളും ക്ളാസ്സ്‌ മുറികളുമാണു ആദ്യം കണ്ണില്‍പ്പെടുക.ഇടതുവശത്ത്‌ നാലഞ്ച്‌ ക്ളാസ്സ്മുറികള്‍ മാത്രമുള്ള ഒരു ചെറു കെട്ടിടം.നടുവിലൊരല്‍പമിടവിട്ട്‌ അതേ നീളത്തിലും വീതിയിലും കോളേജ്‌ സ്റ്റോര്‍ റൂം സമാന്തരമായി നില്‍പ്പുണ്ട്‌.രണ്ടിണ്റ്റേയും ഒത്ത നടുവിലായി ഒരു വലിയ മരം നില്‍പ്പുണ്ട്‌.അതിണ്റ്റെ തണല്‍ കാലങ്ങളോളം ഞങ്ങളുടെ കൌമാരം സംരക്ഷിച്ചു പോന്നു.കോളേജിണ്റ്റെ ഫ്രണ്ട്ഗേറ്റിണ്റ്റെ മതിലിനോടു ചേര്‍ന്നു ഒരു പഴഞ്ചന്‍ കാര്‍ഷെഡ്ഡ്‌ ഈ രണ്ടു കെട്ടിടങ്ങളേയും വിടാതെ കെട്ടിപ്പിടിച്ചുകൊണ്ടു നില്‍ക്കുന്നു.





അവിടം വിട്ട്‌ വീണ്ടും മുന്‍പോട്ടു നടന്നാല്‍ കോളേജിണ്റ്റെ മുന്‍വശമായി.രാജകീയ പ്രൌഢിയില്‍ തലയുയര്‍ത്തിനില്‍ക്കുന്ന ആ കെട്ടിടത്തിണ്റ്റെ പ്രധാനവാതില്‍ മലര്‍ക്കെത്തുറന്നിട്ടുണ്ടാവും.അവിടെ നിന്നാല്‍ ഇരുന്നൂറു മീറ്റര്‍ അകലെയായ്‌ കോളേജിണ്റ്റെ മെയിന്‍ ഗേറ്റ്‌ കാണാം.വഴിയ്ക്കിരുവശവും തണല്‍ സമൃദ്ധമായിട്ടുണ്ടാവും.വഴിയുടെ വലതുവശത്ത്‌ വിശാലമായിക്കിടക്കുന്ന കോളേജ്മൈതാനം കാണാം.കോളേജു മുഴുവനായി റെഡ്-ബ്രിക്ക് (ബ്രിട്ടീഷ്) ആര്‍ക്കി‌ടെക്ചറിലാണു നിര്‍മ്മിച്ചിരിയ്ക്കുന്നത്.








പ്രധാന വാതില്‍ കടന്നാല്‍ നാലു വശത്തേക്കും വാതിലുകള്‍ ഉള്ള ഒരു ഹാള്‍ കാണാം.ആകാശപ്പരപ്പില്‍ നിന്നോഴുകി വന്നതുപോലുള്ള ഭീമാകാരമായ ഒരു കോണിപ്പടി ഹാളിണ്റ്റെ നടുവില്‍ നമ്മളെ വരവേല്‍ക്കും.കോണിപടിയ്ക്കു ചുറ്റും നിശബ്ദതയും ഇരുട്ടും എപ്പോഴും തളം കെട്ടി നില്‍പുണ്ടാവും.പുറത്തു പെയ്യുന്ന വെയിലിണ്റ്റെ ജ്വാലയില്‍ ഹാളിനകം ചിമ്മിനി വിളക്കു പോലെ തെളിയുകയും മങ്ങുകയും ചെയ്യും.ഈ ബില്‍ടിങ്ങിണ്റ്റെ നിര്‍മ്മാണ ശൈലിയുടെ പ്രത്യോകതകൊണ്ടാവം നമ്മള്‍ പുറപ്പെടുവിയ്ക്കുന്ന ഏതു ശബ്ദവും പ്രതിധ്വനിയായി നമ്മളിലേക്കു തന്നെ തിരിച്ചു വരും,കര്‍മഫലം പോലെ.ഹാളിണ്റ്റെ നിശബ്ദതയില്‍ പലപ്പോഴും പ്രിയ സുഹ്രുത്തുക്കളുടെ മുഖം ഒരു പൂത്തിരി പോലെ തെളിഞ്ഞിരുന്നു.പിന്നെ എസ്‌.എഫ്‌.ഐ-യുടെ(അവിടെ എസ്‌.എഫ്‌.ഐ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നത്‌ ഒരു രസികന്‍ സത്യം) സമരകാഹളങ്ങള്‍ക്ക്‌ തുടക്കവും ഒടുക്കവും ഇവിടെയായിരുന്നു.അവിടെയെത്തിപ്പെടുന്ന എല്ലാവരും ഈ പ്രതിഷേധ സമരങ്ങളില്‍ പങ്കുചേരാന്‍ നിര്‍ബന്ധിതരായിരുന്നു.കുട്ടികളുടെ ആവേശം ഭിത്തിയും ജന്നലും മരച്ചില്ലകളും ആസ്വദിച്ചിരുന്നുവെങ്കിലും അതിലെ കഥയില്ലായ്മയെപ്പറ്റി പറഞ്ഞ്‌ അവര്‍ കുലുങ്ങിച്ചിരിച്ചിരുന്നു.



മരം കൊണ്ടുണ്ടാക്കിയ ആ കോണിപ്പടി കയറുമ്പോള്‍ കയറുപായ വിരിച്ച പ്രതലങ്ങള്‍ക്കുള്ളില്‍ നിന്ന്‌ മനോഹരമായ സംഗീതം കേള്‍ക്കാം.തലങ്ങും വിലങ്ങും കിടക്കുന്ന ആ കോണിപ്പടികള്‍ ജീവിതം പോലെ സങ്കീര്‍ണ്ണമായിത്തന്നെകിടന്നു.ജീവിതത്തത്തിലെ ഓരോ പടവുകളും ഉറപ്പോടെ നടന്നു കയറിയ മുന്‍ഗാമികളുടെ നിശ്ച്ഛയദാര്‍ഢ്യം കാലുകള്‍ക്കൂര്‍ജ്ജമായി.ഒടുവില്‍ മൂന്നാമത്തെ നിലയിലെ വെള്ളിവെളിച്ചത്തിലേക്കാണെത്തിച്ചേരുക.പ്രകാശത്തിണ്റ്റെ താഴ്‌വരയില്‍ച്ചെന്നുപെട്ട ചിത്രശലഭത്തെപ്പോലെ മനസ്‌ പാറിത്തുടങ്ങിയിട്ടുണ്ടാവുമപ്പോള്‍.ബ്രിട്ടീഷ്‌ ഭരണ കാലത്തെ ഒരു കൊട്ടാരക്കെട്ടില്‍ പ്രവേശിച്ച അനുഭൂതിയുണ്ടായാല്‍ അതിശയിക്കാനില്ല.പ്രിന്‍സിപ്പാളിണ്റ്റെ മുറിക്കുപുറത്ത്‌ രണ്ടു കാവല്‍ക്കാര്‍ കൂടിയൂണ്ടെങ്കില്‍ ഒന്നാംതരം കൊട്ടാരമായി.ഓഫീസ്‌ റൂമുകള്‍ കൂടാതെ ഏറ്റവുമിടതുവശത്തായി ചെറുതെങ്കിലും മനോഹരമായൊരാഡിറ്റോറിയവും ഏറ്റവും വലത്തായി കോളേജ്‌ ലൈബ്രറിയും സ്ഥിതി ചെയ്യുന്നു.




വലിയ ഉരുളന്‍തൂണുകളും,വാതിലുകളുംകൊണ്ടു നിറഞ്ഞ നിര്‍മ്മിതി ഒരു കാല്‍പനികനു ഏറെ വളക്കൂറുള്ള ചുറ്റുപാടുകളായിരുന്നു.മുകള്‍ നിലയില്‍ നിന്ന്‌ മരച്ചില്ലകള്‍ക്കിടയിലൂടെ താഴത്തെ കാഴ്ച്ചകള്‍ കാണുന്നത്‌ ഏറ്റവും പ്രീയപ്പെട്ട വിനോദങ്ങളിലൊന്നായിരുന്നു.നഗരം കണ്‍മുന്‍പില്‍ കവിതയായൊഴുകിയ ഏതോ ഒരു സന്ധ്യയില്‍ മഴ ചെറുതായി ചാറുന്നുണ്ടായിരുന്നു.ദൂരെ കെട്ടിടണളെ മുഴുവന്‍ തണ്റ്റെ കൂടക്കീഴിലാക്കി നഗരത്തിണ്റ്റെ കുറ്റിക്കാടുകള്‍.സന്ധ്യയുടെ ചുവപ്പു വീണ്ടും കനത്തു.താളനിബദ്ധമായി പൊഴിയുന്ന മഴത്തുള്ളികള്‍ ദൂരെ മരച്ചില്ലകളില്‍ വീണു അപ്രത്യക്ഷമാകുന്നതു കാണാം.സ്വതവേ ചുവന്ന ഭിത്തികള്‍ അപ്പോള്‍ വീണ്ടും ചുവക്കാന്‍ തൂടങ്ങും.മഴത്തുള്ളികള്‍ ഇഷ്ടികയുടെ ചുണ്ടില്‍ വീണു പ്രണയം പോലെ ചുവന്ന്‌ നിര്‍വൃതിയോടെ ഒഴുകിപ്പോവും.കാലത്തെ തോല്‍പ്പിച്ച എത്രയോ പ്രതിഭാധനന്‍മാര്‍ ഈ തൂണുകളോട്‌ കൂട്ടുകൂടിയിട്ടുണ്ടാവാം.പ്രകൃതിയും നാഗരികതയും തീര്‍ത്ത സംശുദ്ധമായ കൂട്ടുകെട്ടിണ്റ്റെ സ്മാരകമായ ഈ വളപ്പില്‍ മുറ്റത്തെ രാജമല്ലിയില്‍ ചേക്കേറിയ കുയിലിനെപ്പോലെ വിദ്യാലക്ഷ്മിയും ഏതോ ഒരു സന്ധ്യക്ക്‌ ഈ ചുവരുകളില്‍ കുടിയേറിയിരിയ്ക്കാം.



ഷിഫ്റ്റ്‌ വ്യവസ്ഥയിലായിരുന്നു ക്ളാസ്സുകള്‍ നടന്നിരുന്നത്‌,അതിനാല്‍ ഒന്നാം വര്‍ഷം ഉച്ചയോടെ കോളേജില്‍ നിന്നു പോന്നിരുന്നു.തിളച്ച വെയിലിലേക്ക്‌ ഇറങ്ങിനടക്കുമ്പോള്‍ തണല്‍ മരങ്ങള്‍ സ്വാന്തനമാവും.കോളേജു മുതല്‍ സ്വാതി തിരുനാള്‍ സംഗീത കോളേജുവരെ മരം വച്ചു പിടിപ്പിച്ച മഹാത്മാവിനെ മനസ്സാ നമിച്ചു പോകും.എത്ര വലിയ തിരക്കുകള്‍ക്കിടയിലും തങ്ങളുടേതായ ശാന്തമായൊരു ലോകത്തില്‍ മുഴുകിക്കഴിയുന്ന ഒരു ജനതയെ മറ്റൊരു നഗരത്തില്‍ കാണുക ബുദ്ധിമുട്ടാണു.കേരളത്തിണ്റ്റെ തെക്കു മുതല്‍ വടക്കുവരെയുള്ള എല്ലാത്തരം മലയാളികളുടേയും നല്ലൊരു മിശ്രണം തിരുവനതപുരത്തിണ്റ്റെ പ്രത്യോകതയാണു.ശരിക്കുള്ള തിരുവനതപുരത്തുകാര്‍ അന്‍പതു ശതമാനത്തോളമേ വരൂ.രാജഭരണകാലത്തെ നന്‍മകള്‍ വന്നു കയറിയവരും സ്വീകരിച്ചു.അവര്‍ നഗരത്തിണ്റ്റെ സംസ്കാരത്തേയും പരിപോഷിപ്പിയ്ക്കുകയും ചെയ്തു.ഇവിടെയെത്തിച്ചേരുന്നവര്‍ക്കെല്ലാം
ഈ നഗരം തണ്റ്റെ സ്വന്തമെന്നു തോന്നത്തക്ക എന്തോ ഒരു പ്രത്യോകത തിരുവനന്തപുരത്തിനുണ്ടായിരുന്നു.ജീവിയ്ക്കാന്‍ തന്നെ മറന്ന്‌ ഒരിടത്തും നില്‍പ്പുറയ്ക്കാതെ പാഞ്ഞുപോകുന്ന നഗരസന്തതികള്‍ മറ്റു നഗരങ്ങളെ അപേക്ഷിച്ച്‌ വളരെ കുറവ്‌,കണ്ണില്‍ തുളച്ചു കയറുന്ന വേഷവിധാനങ്ങളും പൊയ്മുഖങ്ങളും വളരെ വിരളം.ഇടത്തരക്കാരാണു കൂടുതലെന്നതും ഒരു പ്രത്യോകതയാണു.ജീവിതത്തിലെ ചെറുതെങ്കിലും മനോഹരമായ നിമിഷങ്ങളെ ആസ്വദിയ്ക്കുവാനും അതില്‍ സന്തോഷം കണ്ടെത്താനുമുള്ള ഒരു മനസ്സ്‌ ഓരോ നഗരവാസിയ്ക്കുമുണ്ടെന്നു തോന്നിയിട്ടുണ്ട്‌.സംഗീതക്കച്ചേരിയോ മറ്റു കലാ സാഹിത്യ പരിപാടികളോ നഗരത്തിണ്റ്റെ ഏതെങ്കിലും കോണില്‍ വച്ച്‌ എന്നും അരങ്ങേറാറുണ്ട്‌.എവിടേയും ആസ്വാദകര്‍ ധാരാളം.സായന്തനത്തിലെ ഇളവെയിലില്‍ തെരുവുകള്‍ സജീവം.രാപ്പകല്‍ ഭേദമില്ലാതെ മ്യൂസിയത്തിലെ ചാരുബഞ്ചുകളിലും മരച്ചുവട്ടിലും സ്വന്തം മനസ്സുമായി സംവദിയ്ക്കുന്ന മനുഷ്യരെ നിങ്ങള്‍ക്ക്‌ കാണാം.നിയമങ്ങള്‍ പാലിയ്ക്കാന്‍ വിമുഖത കാട്ടാത്ത നഗരവാസികളാണു ഈ നഗരത്തിണ്റ്റെ മുതല്‍ക്കൂട്ട്‌.ഈ തെരുവോരത്തെ തണലില്‍ തന്നെത്തന്നെ കണ്ടെത്താന്‍ ശ്രമിയ്ക്കുന്ന ഒരു യാത്രക്കാരനെ ആരും തുറിച്ചു നോക്കാറില്ല.അവണ്റ്റെ പുതുമയേറിയ ലോകം വലിയൊരു ലോകത്തിണ്റ്റെ ഭാഗമാണെന്ന തിരിച്ചറിവ്‌ ഓരോ നഗരവാസിയ്ക്കുമുണ്ട്‌.



സ്വാതിതിരുനാള്‍ സംഗീതകോളേജിണ്റ്റെ മുന്‍പിലെത്തിയാല്‍ ആരാധനയോടെയല്ലാതെ ആ മുറ്റത്തേക്കു നോക്കുവാന്‍ കഴിയില്ല.മതിലുകള്‍ക്കപ്പുറത്തു നിന്ന്‌ ഒരേ താളത്തിലും ശ്രുതിയിലും ഉയരുന്ന ആലാപനം നഗരത്തിണ്റ്റെ ആത്മാവിനേയും തണുപ്പിച്ചിരുന്നു.നടന്ന്‌ ഒടുവില്‍ തമ്പാനൂരെത്തുമ്പോള്‍ ആദ്യം കണ്ണില്‍പ്പെടുക ഗവണ്‍മണ്റ്റ്‌ വക കൈരളി-ശ്രീ തീയേറ്റര്‍ കോമ്പ്ളക്സാണു.അവിടെ മുഴുവന്‍ ഭീമന്‍ കട്ടൌട്ടുകളാല്‍ സമ്പന്നം.ബസ്‌ സ്റ്റാണ്റ്റിണ്റ്റെ നേരെ എതിര്‍വശത്തായി സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍.ബസ്‌ സ്റ്റാണ്റ്റും പരിസരവും സദാ തിരക്കേറിയതായിരിയ്ക്കും.ഇപ്പോള്‍ ബസ്‌ സ്റ്റാണ്റ്റിനു അറ്റകുറ്റപ്പണികള്‍ നടത്തി മനോഹരമാക്കിയെന്നു കേട്ടു.ഞാനും എണ്റ്റെ വാമനപുരത്തുകാരന്‍ സുഹൃത്തും കിളിമാനൂറ്‍ ഓര്‍ഡിനറി ലിമിറ്റഡ്‌ സ്റ്റോപ്പ്‌ ബസ്സ്‌ പ്രതീക്ഷിച്ച്‌ അവിടെ നില്‍ക്കും.ബസ്‌ വരാന്‍ താമസിയ്ക്കുമ്പോള്‍ ഞങ്ങള്‍ ഉടനെയൊന്നും പുറപ്പെടാന്‍ സാദ്ധ്യതയില്ലാത്ത ഏതെങ്കിലും ബസില്‍ കയറിയിരിയ്ക്കും.ആ നേരത്ത്‌ സിനിമയും സാഹിത്യവും സംഗീതവുമൊക്കെ ചര്‍ച്ചാവിഷയമാകാറൂണ്ട്‌.ഓരോ ചെറിയ ആവശ്യങ്ങള്‍ക്കായി കൂടുംബത്തോടൊപ്പവും അല്ലാതെയും തിരുവനന്തപുരത്തു വന്നു മടങ്ങുന്ന തിരുവനന്തപുരം ജില്ലയ്ക്കു പുറത്തുള്ള ധാരാളം പേരെ അവിടെ കാണുവാന്‍ കഴിയുന്നു.അവരുടെ ഓരോ യാത്രയും ഓരോ കഥയാണു,അനുഭവമാണു.









സ്റ്റാണ്റ്റിനോടു ചേര്‍ന്ന്‌ പ്രസിദ്ധമായ ഇണ്റ്റ്യന്‍ കോഫീ ഹൌസ്‌.ദൂരെ നിന്നു നോക്കിയാല്‍ ഭീമാകാരമായ ഒരു പുകക്കുഴലിനെ അനുസ്മരിപ്പിയ്ക്കും.രണ്ടു വശവും ചെറുതായി വലിച്ചു പിടിച്ച ഒരു ഫിലിം റോളിണ്റ്റെ ആകൃതിയിലാണു ഉള്‍വശം നിര്‍മ്മിച്ചിരിയ്ക്കുന്നത്‌.നഗരത്തിണ്റ്റെ പല ഭാഗങ്ങളിലായുള്ള ഇണ്റ്റ്യന്‍ കോഫീഹൌസുകള്‍ .തിരുവനന്തപുരത്തുകാരുടെ പ്രീയപ്പെട്ട സങ്കേതങ്ങളില്‍ ഒന്നാണു.




ബസ്‌ വന്നു കഴിഞ്ഞാല്‍ പിന്നെ സീറ്റു പിടിയ്ക്കാനുള്ള നെട്ടോട്ടം.ബേക്കറി ജംക്ഷനും നന്ദന്‍കോടും കഴിഞ്ഞ്‌ പാളയത്തെ നിയമസഭാമന്ദിരത്തിനോടു ചേര്‍ന്നുള്ള വികാസ്ഭവന്‍ ജംക്ഷനായാല്‍ ഞാന്‍ കൂട്ടുകാരനോട്‌ യാത്ര പറഞ്ഞിറങ്ങും.ചുറ്റിനും കുറേ സ്ഥലം ഒഴിച്ചിട്ട്‌, ചെറുതെങ്കിലും മനോഹരമായ ഹനുമാന്‍ കോവില്‍ റോഡരുകില്‍ തന്നെ കാണാം.പൊരിവെയിലില്‍ അവിടേക്കു നടന്നാല്‍ തണലുമായി വലിയൊരു ചെമ്പകമരം കാത്തുനില്‍പ്പൂണ്ടാവും.സ്നേഹസൂചകമായി ഒരു പൂവെങ്കിലും അവന്‍ പൊഴിയ്ക്കാതിരിയ്ക്കില്ല.



പിന്നെ റോഡ്‌ ക്രോസ്സ്‌ ചെയ്തിട്ട്‌ ഇന്‍‌ഡോര്‍ സ്റ്റേഡിയം ചുറ്റി വളഞ്ഞു പോകുന്ന തണല്‍മരങ്ങളാല്‍ സമ്പന്നമായ വഴിയിലൂടെ ഹോസ്റ്റലിനെ ലക്ഷ്യമാക്കി എന്നെത്തന്നെയും മറന്നു നടന്നു.വാഹന‌ങ്ങളുടെ ഇരമ്പലും ഹോണടി ശബ്ദവും ചുറ്റിനും സംഗീതമായൊഴുകി.ഇല്ല,ഞാന്‍ തനിച്ചല്ല.സ്നേഹത്തില്‍ പൊതിഞ്ഞൊരു സുരക്ഷിതത്വം ഞാനറിയുന്നുണ്ട്.വെയില്‍ താഴുമ്പോള്‍ ഇന്‍‌ഡോര്‍ സ്റ്റേഡിയത്തിനു മുകളിലൂടൂര്‍ന്നിറങ്ങുന്ന സൂര്യന്റെ പുഞ്ചിരിയാസ്വദിയ്ക്കാന്‍ വീണ്ടും വരണമെന്ന് ആരോ സ്വകാര്യം പറഞ്ഞു.തിരിഞ്ഞു നോക്കുമ്പോള്‍ അവന്‍ എവിടെയോ മറഞ്ഞിരുന്നു....