Tuesday, November 07, 2006

‘സാച്ചുറേഷന്‍ പോയിന്റ്‘ (ചെറുകഥ)

‘നിലാവൊഴുകി വീണതുപോലുള്ളൊരു പ്രഭാതം....
മഞ്ഞ നിറമുള്ള പൂക്കള്‍ വഴിനീളെ പൊഴിഞ്ഞിരിയ്ക്കുന്നു...
തിരക്കുകുറഞ്ഞ റോഡിലൂടെ വാഹനങ്ങള്‍ മേഘ ശകലങ്ങള്‍ പോലെ ഒഴുകി നടക്കുന്നു...
നേര്‍ത്തൊരു നിശ്ശബ്ദത തന്റെ ഇന്ത്രിയങ്ങളിലും തണുപ്പു പടര്‍ത്തുന്നു...
എവിടെയോ കണ്ടു മറന്ന മണല്‍‌ത്തരികള്‍ നിഗൂഠമായൊരു ചിരിയാല്‍ തന്നെ നോക്കുന്നു...
വസന്തം പോലെ എവിടെയും സ്നേഹം..നിറവ്...
.സായാഹ്നസൂര്യനെ പിന്നിലൊളിപ്പിച്ച കറുത്ത മേഘത്തിന് മുന്‍പ് കണ്ടിട്ടില്ലാത്തൊരാത്മീയ തേജസ്...‘

വേണു കണ്ണുകള്‍ വലിച്ചു തുറന്നു...ബസ്‌ കിളിമാനൂരെത്തിയതേയുള്ളു... പലതവണ പാതിവഴിയില്‍ മുറിഞ്ഞുപോയ സ്വപ്നം....

തിരുവനന്തപുരത്തെത്താന്‍ ഇനിയുമുണ്ട്‌ ഒരു മണിയ്ക്കൂര്‍..കയറ്റവും ഇറക്കവും നിറഞ്ഞ റോഡ്‌ ....വണ്ടിയുടെ കുലുക്കം കാരണം ഇനിയുറങ്ങാനാവുമെന്നു തോന്നുന്നില്ല..

ഈ യാത്ര ഒഴിവാക്കാന്‍ പരമാവധി ശ്രമിച്ചതാണ്.ആധാരം രെജിസ്റ്റര്‍ ചെയ്യാന്‍ താന്‍ വന്നേ പറ്റൂന്ന് ചേച്ചി നിര്‍ബ്ബന്ധിച്ചപ്പോള്‍...അമ്മ പ്രത്യോകിച്ചൊന്നും പറഞ്ഞില്ല...പക്ഷേ എത്ര ശ്രമിച്ചാലും അമ്മയുടെ കണ്ണുകളില്‍ ആ നൊമ്പരം തെളിയും..അതു കാണാന്‍ വയ്യ...അയാള്‍ അസ്വസ്ഥതയോടെ പാതയോരത്തെ കാഴ്ച്ചകളിലേക്ക് കണ്ണു പതിയ്പ്പിയ്ക്കാന് ശ്രമിച്ചു...

ചിന്തകള്‍ ചെറുകഥാ ക്യാമ്പിന്റെ തിരക്കുകളിലേക്ക്‌ ലയിപ്പിയ്ക്കാനൊരു ശ്രമം നടത്തി.. പതിനൊന്നു മണിയ്ക്കേ തുടങ്ങുകയുള്ളൂവെന്നാണ് ശശി പറഞ്ഞത്‌.റൂമിലെത്തി പുസ്തകങ്ങളും പേപ്പറുമെടുക്കുക. പിന്നെ നന്ദന്‍ കോട്ടു നിന്ന് യൂണിവേഴ്സിറ്റി കോളേജിലേക്കൊരോട്ടോ വിളിയ്ക്കാം...ബസ്‌ സമയത്തിനെത്തിയാല്‍ മതിയായിരുന്നു..

തിരുവനന്തപുരത്തെത്തിയതും വേണു തന്റെ തിരക്കിട്ട ജീവിതത്തിലേക്കുളിയിട്ടു.... വീട്ടില്‍ പോകാന്‍ നേരത്തുപേക്ഷിച്ച മൊബൈല്‍,പിന്നെ പുസ്തകങ്ങള്‍. നന്ദന്‍‌കോട്ടെ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ഇവ മറക്കാതെടുത്തു.

വേണു ക്യാമ്പിന്റെ സജ്ജീകരണങ്ങളൊക്കെ നടന്നു കണ്ടു.ശശി എല്ലാം അറേഞ്ച്‌ ചെയ്തിരിയ്ക്കുന്നു... പതിവുപോലെ ചില വിശിഷ്ടാതിഥികള്‍ വരാന്‍ വൈകും..കുറേനേരം ശശിയുമായ് സംസാരിച്ചിരുന്നു. മരച്ചോട്ടിലെ കസേരക്കൂട്ടത്തില്‍ നിന്ന് പിന്നെ പോയത്‌ ഫിസിക്സ്‌ ഡിപ്പാര്‍ട്ടുമെന്റിലേക്ക്‌...പ്രതീക്ഷിച്ചതുപോലെ വിനു റെക്കോര്‍ഡു ബുക്കുകളുടെ നടുവില്‍.ആത്മ സുഹൃത്തിന്റെ സ്നേഹം നിറഞ്ഞ അന്വോഷണങ്ങള്‍,കുത്തലുകള്‍...

"സംസാരിച്ചു നില്‍ക്കാന്‍ നേരമില്ല... നമുക്കൊരു ചായ കുടിച്ചിട്ട്‌ വരാം"

"എന്തിനാടാ തിരക്കിട്ട്‌ നാട്ടില്‍‌പ്പോയത്‌.... കിളവനെ പിടിച്ച്‌ കെട്ടിയ്ക്കാന്‍ പ്ളാനുണ്ടോ?"

നടക്കുമ്പോള്‍ വിനു ചോദിച്ചു.

“........ഞാന്‍ പറഞ്ഞിരുന്നില്ലേ ചേച്ചി ആധാരമെഴുതാന്‍ നിര്‍ബന്ധിയ്ക്കുന്ന കാര്യം... എനിയ്ക്കു താത്പര്യമില്ലെന്ന് നിനക്കറിയാമല്ലോ..... "

"നാടുമായിട്ടുള്ള സകല ബന്ധവും ഉപേക്ഷിയ്ക്കുകയാണെന്ന് ഇപ്പോള്‍ തന്നെ അവര്‍‌ക്കൊരു തോന്നലുണ്ട്‌... അതുകൊണ്ട് ഞാന്‍ കൂടുതലെതിര്‍ക്കാന്‍ പോയില്ല.. "

വിനു ഗൌരവം വിടാതെ കേട്ടു.പിന്നെ പ്രതിവചിച്ചൂ.

"മുന്‍പ്‌ പറഞ്ഞതു തന്നയേ ഇപ്പോഴും പറയാനുള്ളു...ജനിച്ചു വളര്‍ന്നിടത്ത്‌ ഒരു തുണ്ടു ഭൂമി.. അതു വേണ്ടെന്നു വയ്ക്കേണ്ട.. "

വിവാഹം കഴിയ്ക്കാന്‍ താത്പര്യമില്ലെന്ന് താനന്നമ്മയോടു പറയുമ്പോള്‍ അമ്മയതത്ര കാര്യമാക്കിയിരുന്നില്ല... ചേച്ചിയുടെ പെണ്ണുകാണലിന് ചെറുക്കന്‍ വീട്ടില്‍ തന്നെ നില്‍ക്കണമെന്ന് താനൊരു നിബന്ധന വച്ചപ്പോള്‍ അതിന്റെ ഗൌരവമുള്‍ക്കൊള്ളാന്‍ അവര്‍ നിര്‍ബ്ബന്ധിതരാകുകയായിരുന്നു.....ആ ഭൂമിയിലേക്ക്‌ വീണ്ടും.... ഈ വീഥികളും അതിലിഴുകിച്ചേര്‍ന്ന തന്റെ ആത്മാവുമുപേക്ഷിച്ച് തിരസ്കരിച്ചൊഴിഞ്ഞ ഗതകാലത്തിലേക്ക്‌...വേണ്ട മറ്റാര്‍ക്കും അതു മനസ്സിലാവണമെന്നില്ല..

ക്യാന്റീനിലിരിയ്ക്കുമ്പോള്‍ സിദ്ധാര്‍ത്ഥന്‍ മുഖത്തൊട്ടിച്ചൊരു ചിരിയോടെ അഭിവാദ്യം ചെയ്തു കടന്നു പോയി.

"നിങ്ങള്‍ തമ്മില്‍ അത്ര രസത്തിലല്ലെന്നു കേട്ടു"

ആ ചോദ്യം അബദ്ധമായെന്നു തോന്നിപ്പിയ്ക്കും വിധം നിരൂപകരെക്കുറിച്ചൊരു പ്രസംഗം തന്നെ അവിടെയിരുന്നു കേള്‍‌ക്കേണ്ടി വന്നു.‘ ആസ്വദനത്തിനും ചട്ടക്കൂടുകള്‍ സൂക്ഷിയ്ക്കുന്നവര്‍... നല്ലതിനും ചീത്തയ്ക്കും വ്യക്തമായ നിര്‍വ്വചനങ്ങള്‍ ഉള്ളവര്‍‘...വിനോദിന് കാര്യമായൊന്നും മനസ്സിലായില്ല.

"മണ്ണാങ്കട്ട...എനിയ്ക്ക്‌ പണിയുണ്ട്‌.ഞാന്‍ പോകുന്നു" വിനു കസേരയില്‍ നിന്നെഴുന്നേറ്റു..

വേണു കുറ്റിത്താടിയില്‍ തലോടി ഒരു കുസൃതിച്ചിരിയോടെ അവിടെത്തന്നെയിരുന്നു..വിനോദ് ഷേവുചെയ്യാത്ത അവന്റെ മുഖത്തേക്ക് വീണ്ടും നോക്കി.കണ്ണുകളില്‍ ആ കുട്ടിത്തം ഇനിയും മാഞ്ഞിട്ടില്ല...ഇതേ കോളെജില്‍ ഒരേ ബഞ്ചിലിരുന്നു പഠിച്ചപ്പോള്‍ തുടങ്ങിയ സൌഹൃദം...തന്നെപ്പോലെ അവനും മുപ്പത്തേഴു തികയാന്‍ പോകുന്നു.കാഴ്ച്ചയില്‍ സുമുഖന്‍... കാന്തികാകര്‍ഷണമുള്ള കണ്ണുകളെന്ന് അവനെപ്പറ്റി ചില പെണ്‍കുട്ടികള്‍ പറഞ്ഞു കേട്ടിട്ടുണ്ട്‌. അടുത്ത കൂട്ടുകാരനായിട്ടും അവന്റെ മനസ്സ്‌ പലപ്പോഴും പിടികിട്ടുന്നില്ല. കോളേജു ജീവിതത്തിനുശേഷം ആറേഴു കൊല്ലം കഴിഞ്ഞാണ് അവനെ വീണ്ടും കണ്ടത്‌. വടക്കേയിന്റ്യയിലൊക്കെ ചില ജോലികളൊക്കെ നോക്കിയിട്ട്‌ അവനു പ്രീയപ്പെട്ട നഗരത്തിലേക്ക്‌ അവന്‍ തിരിച്ചു വന്നു. ആ വരവ് താന്‍ മുന്‍പ്‌ കാണാത്തൊരു ഭാവത്തിലായിരുന്നുവെന്നു മാത്രം.ആനുകാലികങ്ങളിലൊക്കെയെഴുതി അറിയപ്പെടുന്നൊരെഴുത്തുകാരനായെന്ന് അവന്‍ തന്നെ പറഞ്ഞുതരേണ്ടി വന്നു... അന്നുമുതലിന്നോളം സുഖവും ദുഖവും പരസ്പരമറിയുന്നു. എന്തുകൊണ്ടു വിവാഹം കഴിച്ചില്ല എന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ അവനിന്നേ വരെ താത്പര്യം കാട്ടിയിട്ടില്ല.അതിന്റെ പ്രസക്തി വളരെമുന്‍പേ നഷ്ടപ്പെട്ടുവെന്നു പറഞ്ഞവനൊഴിഞ്ഞുമാറും.ഒപ്പം കുസൃതി നിറഞ്ഞൊരു ചിരിയും.ആവശ്യത്തില്‍ കവിഞ്ഞുള്ള സ്നേഹവും കരുതലുമൊക്കെ അവനെ അലോസരപ്പെടുത്തുകയേയുള്ളുവെന്ന് പതുക്കെയാണ് താന്‍ മനസ്സിലാക്കിയത്. മറ്റുള്ളവരുടെ സ്നേഹം കൊച്ചുകുട്ടിയെപ്പോലെ കൊതിയ്ക്കുമ്പോഴും അവന്‍ പരാതിപറയാറുണ്ട്‌ "സ്നേഹിയ്ക്കാന്‍ നിങ്ങളൊക്കെയുള്ളതാണ് എന്റെ ഏറ്റവും വലിയ ദുഖം... നിങ്ങളുടെ സ്നേഹത്താല്‍ ഞാന്‍ ബന്ധിതനാണ്..". ഒക്കെ അറിഞ്ഞിരുന്നുകൊണ്ട്‌ താനൊരിയ്ക്കലും അവന്റെ ഉള്ളു ചികയാന്‍ ശ്രമിച്ചിട്ടില്ല.തമാശയും വഴക്കുപറച്ചിലും പിണക്കവുമായി എല്ലാ ദിവസവും കടന്നു പോകും.തന്റെ ഇളയ മകനു അവനെ വലിയ കാര്യമാണ്..വേണുവിന് തിരിച്ചും.. പിതൃവാത്സല്യം അതിന്റെ സകല ചാരുതയോടും കൂടി വിരിയിയ്ക്കാന്‍ തന്റെ മകന്റെ സാമീപ്യം തന്നെ ധാരാളം... വിനു നോട്ടം പിന്‍‌വലിച്ച്‌ ഇറങ്ങി നടന്നു. തന്റെ ചിന്തകള്‍ മുഴുവന്‍ അവനിപ്പോള്‍ വള്ളിപുള്ളിവിടാതെ പിടിച്ചെടുത്തു കാണും..നടക്കുമ്പോള്‍ വിനോദോര്‍ത്തു..

ചെറുകഥാ ക്യാമ്പ്‌ പ്രതീക്ഷിച്ചപോലെ ചെറിയ ചില കോലാഹലങ്ങള്‍ക്കൊടുവില്‍ കെട്ടടങ്ങി.വേണു ആകെ ക്ഷീണിതനായിരുന്നു... യാത്രാക്ഷീണം,പിന്നെ അമ്മയോടൊപ്പമിരുന്നു നേരം വെളുപ്പിച്ചതിന്റെ ഉറക്കക്ഷീണവും.അമ്മ നിര്‍ബ്ബന്ധിച്ചാണിന്നലെ തന്നെ വീടിനടുത്തുതന്നെയുള്ള ആറന്മുള ക്ഷേത്രത്തില്‍ കൊണ്ടുപോയത്.

"ജാതകം അമ്മ തന്നെയല്ലേ എന്നെ വായിച്ചു കേള്‍പ്പിച്ചത്‌... " വീട്ടിലേക്കുള്ള ഇടവഴി തിരിഞ്ഞപ്പോള്‍ വേണു വെറുതേ ചോദിച്ചു. അമ്മ പെട്ടന്ന് തിരിഞ്ഞു നിന്നു... "പിന്നെയുമെന്തിനാ അമ്മ വെറുതേ വിഷമിയ്ക്കുന്നത്‌.. "

തന്റെ നെഞ്ചില്‍ പടര്‍ന്ന കണ്ണീര്‍ അയാളെ അകം പുറം പൊള്ളിക്കുന്നതുപോലെ തോന്നി...

ഗ്ളാസ്സിലേക്ക്‌ മദ്യം പകരുകയായിരുന്ന പോളേട്ടന്‍ വേണു ചിന്തകളില്‍ അമര്‍ന്നു പോവുന്നത്‌ കാണുന്നുണ്ടായിരുന്നു. മാസത്തില്‍ ഒന്നോ രണ്ടോ തവണയേ ഈ ആഘോഷമുള്ളൂ,വിനു അരമണിയ്ക്കൂറിനുള്ളില്‍ എത്താമെന്നേറ്റിട്ടുണ്ട്‌.പിന്നെയും മൂന്നാലുപേര്‍,എല്ലാവരും അടുത്ത കൂട്ടുകാര്‍...എല്ലാവരുമുള്ളതു കൊണ്ട്‌ വേണുവും ഒപ്പം കൂടും,അല്ലെങ്കില്‍ അവന്‍ കഴിയ്ക്കില്ല. പതിവില്ലാത്ത ഈ മൌഢ്യം അവസാനിപ്പിച്ചേ മതിയാവൂ...

"നിന്നെ ആ തൂപ്പുകാരിപ്പെണ്ണ് വീണ്ടും തിരക്കി... "

തന്നെക്കണ്ടാല്‍ പരിഭ്രമത്തോടെ ഒഴിഞ്ഞു മാറുന്ന പാവം.
പോളേട്ടന്‍ വെറുതേ കോര്‍ക്കുകയാണ്.തന്റെ ആരാധികമാരുടെ ലിസ്റ്റുണ്ടാക്കി വിളമ്പുകയാണ് പുള്ളിയുടെ ഏറ്റവും വലിയ വിനോദം.വേണു ചിരിയോടെ മദ്യ ഗ്ളാസ്സ്‌ വാങ്ങി.

"പോളേട്ടാ... "

പോളേട്ടണ്റ്റെ മുഖത്തു ഗൌരവം നിറഞ്ഞു.ആ വിളി കേട്ടാലറിയാം,അവനെന്തോ കാര്യമായി പറയാനുണ്ട്‌.

"സാച്ചുറേഷന്‍ പോയിന്റിനെപ്പറ്റി ഞാന്‍ പറയാറില്ലെ.....അതിനെ ശരിവയ്ക്കും പോലെ ആ സ്വപ്നം ഞാനിന്നും കണ്ടു...ഏകദേശം മുഴുവനായി.. "

"എന്നിട്ട്‌... "പെരുകി വന്ന അസ്വസ്ഥത പോളേട്ടന്‍ ഒളിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്നുണ്ടായിരുന്നു.

"എന്നിട്ടെന്താ...അതിങ്ങടുത്തില്ലേ എന്നൊരു സംശയം... "

അയാള്‍ കയ്യോങ്ങി.ആ സ്വപ്നം അവന്റെ മരണത്തിണ്റ്റെ ഛായാ ചിത്രമാണെന്നവനുറച്ചു വിശ്വസിയ്ക്കുന്നു...വിനോദും തന്നോടീക്കാര്യം പറഞ്ഞിരുന്നു.താനെന്താണിപ്പോള്‍ ചെയ്യുക...വിനോദിനോട്‌ വരാന്‍ പറയാം..

“പ്രകൃതിയുടെ ഭാഗമാണെന്ന സത്യം തിരിച്ചറിയുന്നവന് പ്രകൃതി നല്‍കുന്ന സൂചന...”

ഫോണ്‍ ചെയ്യാനൊരുങ്ങുകയായിരുന്ന പോളേട്ടന്‍ തിരിച്ചു വന്നു.

“ജനനം ആഘോഷമാണെങ്കില് മരണവുമൊരാഘോഷമാണെന്നു ഞാന്‍ വിശ്വസിയ്ക്കുന്നു...മാറ്റം അനിവാര്യമായ ഈ പ്രപഞ്ചത്തില് ഒരവസ്ഥയില്‍ നിന്ന് മറ്റൊന്നിലേക്കുള്ളൊരു മാറ്റം...അത്രേയുള്ളൂ നിങ്ങള് ഭയക്കുന്ന ഈ മരണം..അതില്‍ കാല്‍‌പനികമായൊരു സൌന്ദര്യം കാണാന് കഴിയുന്നത് ഒരനുഗ്രഹമാണെന്നാണെനിയ്ക്കു തോന്നുന്നത്...”

അവനോടു തര്‍ക്കിച്ചുനില്‍ക്കാന്‍ തനിയ്ക്കാവുമെന്നു തോന്നുന്നില്ല...അവന്‍ പറയട്ടെ...പോളേട്ടന്‍ നിസ്സഹായതയോടെ നിന്നു.

“ഒരു പുരുഷായുസ്സ് മുഴുവന്‍ ഒന്നിനുവേണ്ടിയും കോമ്പ്രമൈസ് ചെയ്യാതെ എന്റേതായ രീതിയില്‍ ജീവിച്ചു...എന്റെയാത്മാവ് ശാന്തമാണിപ്പോള്‍...തീര്‍ത്തും ശാന്തം...അറിയാന്‍ പാടില്ലാത്തതെന്തോ അറിഞ്ഞതുപോലെ...”

അവന്‍ കുറേ നേരത്തേക്ക് നിശ്ശബ്ദനായി...

“മനുഷ്യനറിയുന്നതിലും കൂടുതല് സ്നേഹമറിയുക പ്രകൃതിയാണ്...അവര്‍ തരുന്നൊരു യാത്രയയപ്പോ കൂട്ടിക്കൊണ്ടുപോകലോ ആവണം ആ സ്വപ്നം...ഇനിയുള്ള ഓരോ നിമിഷവും ജീര്‍ണ്ണനത്തിന്റേതാവണം ...അങ്ങനെയൊരവസ്ഥയിലേക്കെന്നെ തള്ളിവിടാന്‍ എന്നെ ഏറെ സ്നേഹിയ്ക്കുന്ന ഈ നഗരവും ആഗ്രഹിയ്ക്കുന്നില്ലായിരിയ്ക്കാം ...”

“പരിചയമുള്ളൊരു മനശാസ്ത്രജ്ഞ്ഞനുണ്ട്...നിന്നെ അയാളെക്കാണിക്കാം..” പോളേട്ടന് പിണങ്ങി മുറിയില്‍ നിന്നിറങ്ങിപ്പോയി...

കുറേ കഴിഞ്ഞ് വിനോദുള്‍പ്പടെ അതിഥികളെല്ലാമെത്തി...വിനു എന്തെങ്കിലും ചോദിയ്ക്കുമെന്നു പ്രതീക്ഷിച്ചു.അവനൊന്നും ചോദിച്ചില്ല..പോളേട്ടനെപ്പോലെ അവനും തന്നില്‍ നിന്നൊരകലം സൂക്ഷിയ്ക്കുന്നെണ്ടെന്നവനു തോന്നി...ഉറങ്ങുമ്പോള്‍ രാവേറെയായിരുന്നു.

*****************************************************

രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ പതിവിലുമധികം ദാഹമനുഭവപ്പെട്ടു.സമയം ആറു മണി.പതിവുള്ളതല്ല,എങ്കിലും അയാള്‍ ഡ്രസ്സ്‌ മാറി ഒരു ചായ കുടിയ്ക്കാനിറങ്ങി. നല്ല തെളിവുള്ള പ്രഭാതം.ചെറുതായി മഞ്ഞുമുണ്ട്‌.ചായക്കടയില്‍ നിന്ന്‌ വാരാന്ത്യപ്പതിപ്പ്‌ ഓടിച്ചൊന്നു നോക്കി. വീട്ടില്‍ പത്രം വന്നു കാണുകയില്ല.പത്രം വായിച്ച്‌ കുറേ നേരമിരുന്നുവെന്ന്‌ പിന്നീടാണു മനസ്സിലായത്‌...

പിന്നെ വീട്ടിലേക്ക്‌ തിരിച്ചു നടന്നു.ഗേറ്റു തുറന്നപ്പോള്‍ അയലത്തെ സുലോചന ചേച്ചി ഓടി വന്നു.

"വേണു ഇവിടെത്തന്നെയുണ്ടായിരുന്നൊ?ശ്ശോ ഞാനവരെ പറഞ്ഞയയ്ക്കുകയും ചെയ്തല്ലോ.ദേ ഇപ്പോ ആ ജംക്ഷനിലെത്തിക്കാണും"

ഒന്നും മനസ്സിലാകാതെ നിന്ന വേണുവിനോട്‌ അവര്‍ പറഞ്ഞു.

"വേണുവിനെ അന്വേഷിച്ച്‌ ഒരു സ്ത്രീ വന്നിരുന്നു... വീടു പൂട്ടിയിട്ടിരിയ്ക്കുന്നത്‌ കണ്ടപ്പോള്‍ ഞാനാണവരോട്‌ വേണു എവിടെയോ പോയീന്ന്‌ പറഞ്ഞത്‌..എന്നിട്ടും അവര്‍ പത്തു പതിനഞ്ചു മിനിറ്റ്‌ കാത്തു നിന്നു.. "

അത്ഭുതത്തേക്കാള്‍ ഒരു തരം അസസ്വതയാണ് വേണുവിന് തോന്നിയത്‌..

മുപ്പത്തു വയസിനുമേല്‍ പ്രായമുണ്ടാവും..വെളുത്ത്‌ സാമാന്യം വണ്ണമുള്ള ഒരു സാരിക്കാരി... എവിടെ നിന്നാണെന്ന ചോദ്യത്തിന് അവരാദ്യം ഉത്തരം പറഞ്ഞില്ല..വീണ്ടും ചോദിച്ചപ്പോള്‍ പട്ടത്തു നിന്നെന്ന്‌ പറഞ്ഞ്‌ അവര്‍ വേഗം സ്ഥലം വിട്ടു.. സുലോചനച്ചേച്ചിയില്‍ നിന്ന്‌ വന്നയാളെക്കുറിച്ച്‌ അത്രയും വിവരം ലഭിച്ചു... ധൃതിയില്‍ ഡ്രെസ്സ്‌ചെയ്തിറങ്ങുമ്പോള്‍ അവര്‍ കൂട്ടിച്ചേര്‍ത്തു...ഉടുത്തിരുന്ന സാരിയുടെ നിറം കടും ചുവപ്പായിരുന്നു.

ഭൂതകാലത്തില്‍ നിന്നാരെങ്കിലും തന്നെ തേടി വന്നതാണോ.. താനാരെയും പ്രതീക്ഷിച്ചിട്ടില്ല..എങ്കിലും ആരെങ്കിലും വരാനുള്ള സാധ്യതയും തള്ളിക്കളയാവില്ല.. പടര്‍ന്നു കയറുന്ന അസ്വസ്ഥത അയാളെ ഈര്‍ഷ്യ പിടിപ്പിച്ചൂ. പോലീസ്‌ ക്യാമ്പും കടന്ന്‌ കുറേ ദൂരം നടന്നു നോക്കി.ആരെയും കാണാനില്ല.പട്ടത്തു നിന്നാണെന്നല്ലേ പറഞ്ഞത്‌..അവര്‍ തിരികെപ്പോയിട്ടുണ്ടാവും..

വഴിനീളെ പൂക്കള്‍ പൊഴിഞ്ഞു കിടക്കുന്നു.അയാള്‍ അതില്‍ ചവിട്ടാതെ നടന്നു. ഞായറാഴ്ച്ചയായതു കൊണ്ടാവാം നിരത്തുകള്‍ ഏറെക്കുറേ ശൂന്യം.വാഹനങ്ങളും നന്നേ കുറവ്‌...ഉള്ളവയാകട്ടെ ഒഴുകി നീങ്ങുന്നതു പോലെ..

എന്തോ ഓര്‍മ്മവന്നതുപോലെ അയാള്‍ പെട്ടന്നു നിന്നു...സിരകളിലരിച്ചു കയറുന്ന തണുപ്പില്‍ നിന്ന് വേണുവിന് രക്ഷപെടാനാവുമായിരുന്നില്ല.... പിന്നിട്ട വഴിയിലേക്ക്‌ അയാള്‍ ഒന്നു കൂടി നോക്കി.വഴിയിലുടനീളം മഞ്ഞ നിറമുള്ള പൂവുകള്‍.. നേര്‍ത്ത കാറ്റ്‌ മരച്ചില്ലകളീലുണ്ടാക്കുന്ന ശബ്ദം കാതുകള്‍ക്കു വ്യക്തമായി കേള്‍ക്കാം.

ഇനിയെന്തു ചെയ്യണമെന്നറിയാതെ അയാള്‍ ഒരുമാത്ര നിന്നു.രംഗ ബോധമില്ലാത്ത കോമാളിയെന്നു പറയുന്നതെത്ര ശരി.തന്നെ തേടി വന്നതാരാണെന്നറിയണം.. തൊട്ടടുത്തെത്തിയ മരണത്തിന്റെ കാല്‍പനികതയും കവിതയും തനിയ്ക്കാസ്വദിയ്ക്കാനാവുമെന്ന്‌ താനഹങ്കരിച്ചിരുന്നു.... ഉള്‍ക്കടല്‍ പോലെ ശാന്തമായിരുന്ന തന്റെ ആത്മാവിപ്പോള്‍ കടല്‍‌ക്ഷോഭത്തിലെ തിരകളെപ്പോലെയായിരിയ്ക്കുന്നു.

അയാള്‍ ഒരോട്ടോയ്ക്കു കൈ കാണിച്ചു.പട്ടത്ത്‌ ഓട്ടോയില്‍ ചെന്നിറങ്ങുമ്പോഴും ക്ഷണിപ്പെടാത്തൊരു സ്വപ്നത്തിലെത്തിപ്പെട്ടവനെപ്പോലെ അയാള്‍ പ്രതിഷേധിയ്ക്കുന്നുണ്ടായിരുന്നു.

എവിടെപ്പോയന്വോഷിയ്ക്കും....നിരത്തുകളില്‍ കുറെനേരമലഞ്ഞു. ഉള്‍‌റോഡുകളില്‍ ലക്ഷ്യമില്ലാതെ നടന്നു.....സമയം ഇഴഞ്ഞു നീങ്ങുന്നു.അതാരാണെന്നാറിയാന്‍ തനിയ്ക്ക്‌ കഴിയില്ലെന്നു വരുമോ.?..അയാള്‍ വെയിറ്റിങ്ങ്‌ ഷെഡ്ഡില്‍ തളര്‍ന്നിരുന്നു... ഇടയ്ക്ക്‌ വിഭ്രാന്തിയിലകപ്പെട്ടതുപോലെ ഞെട്ടിയെഴുന്നെറ്റ്‌ തന്റെ കൈത്തണ്ടയില്‍ നുള്ളി..ഉവ്വ്‌..വേദനിയ്ക്കുന്നുണ്ട്‌...

ആയിരിപ്പില്‍ മനസ്സു പതുക്കെ ശാന്തമാകുന്നത്‌ വേണുവറിഞ്ഞു... തന്നെ തേടി വന്ന ആര്‍‌ക്കോവേണ്ടി ഈ ദിവസത്തിന്റെ മനോഹാരിത നശിപ്പിയ്ക്കാന്‍ വയ്യ.

വിനോദിനും പോളേട്ടനുമൊപ്പം ഉച്ചഭക്ഷണം.പിന്നെ ഫോണില്‍ക്കൂടി അമ്മയുടെ സ്വരം....എല്ലാം അതിന്റെ ഓര്‍ഡറില്‍ നടക്കുന്നതില്‍ അയാള്‍ക്കു സന്തോഷം തോന്നി.

പിന്നെ രണ്ടുനില ബസിന് ഓവര്‍‌ബ്രിഡ്ജിന്റെയവിടെയിറങ്ങി കിഴക്കെക്കോട്ട ലക്‍ഷ്യമാക്കി നടന്നു..സമയം നാലുമണിയാവുന്നു.....ശ്രീപത്മനാഭന്റെ മുന്‍പില്‍ ഒരുവേള നിന്നു,രാജവീധികളില്‍ക്കൂടി വീണ്ടും നടന്നു.കാഴ്ച്ചയുടെ പരിധിയിലെങ്ങും സ്നേഹം മാത്രം... നിറവാര്‍ന്ന സ്നേഹം.സൂര്യപ്രകാശമേറ്റു തിളങ്ങുന്ന ഗാന്ധി പാര്‍ക്കിലെ മണല്‍ത്തരികളിലും കണ്ടു..തന്നില്‍ തന്നെ ലയിയ്ക്കുന്നൊരുത്സാഹം...ഉണര്‍വ്വ്...പിന്നെ കലവറയില്ലാത്ത സ്നേഹം...

സൌന്ദര്യമാസ്വദിച്ചുള്ള ഈ അലഞ്ഞു തിരിയല്‍ അവസാനിപ്പിയ്ക്കാം.... അയാള്‍ ബസില്‍ക്കയറി നഗരക്കാഴ്ച്ചകളിലേക്ക്‌ കണ്ണുടക്കി വീണ്ടുമിരുന്നു....... സായാഹ്നസൂര്യനെ പിന്നിലൊളിപ്പിച്ച്‌ ഒരാത്മീയാചാര്യന്റെ വിശുദ്ധിയും ശാന്തതയും സ്ഫുരിയ്ക്കുന്ന പുഞ്ചിരി... ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിന്റെ പിന്നില്‍ തന്നെക്കാത്തെന്ന പോലെ ആ കറുത്ത മേഘം...അയാള്‍ പുഞ്ചിരിയ്ക്കാന്‍ മറന്നില്ല.

....പൂര്‍ണ നിശബ്ദത...അയാള്‍ ചുറ്റിനും നോക്കി.തനിയ്ക്കിറങ്ങാനുള്ള സ്റ്റോപ്പ്‌ ആയിരിയ്ക്കുന്നു. ആകെച്ചുവന്ന നിരത്തിലൂടെ നടക്കുമ്പോള്‍ പലതവണ അയാള്‍ കയ്യില്‍ നുള്ളുവാനാഞ്ഞു.ആരോ അതു തടസ്സപ്പെടുത്തുന്നു.... ചെറിയൊരു മഴ പെയ്തു തോര്‍ന്നതിന്റെ അടയാളം ആ നടപ്പാതയിലുണ്ടെന്നയാള്‍ക്കു തോന്നി.....തനിയ്ക്കെവിടെയോ പിഴച്ചുവോ?..ചിന്തകളില്‍ വഴിതെറ്റി കനത്ത മുഖത്തോടെ അയാള്‍ വീണ്ടും നടന്നു...എവിടെയൊക്കെയോ പതുങ്ങിയിരുന്ന കുസൃതിയുടെ അടയാളങ്ങള്‍ അയാളുടെ ബോധമണ്ഡലത്തില്‍ സ്ഥാനം കിട്ടാതെ മടങ്ങി... മാറ്റം അനിവാര്യമായ ഈ പ്രപഞ്ചത്തില്‍ ഒരവസ്ഥയില്‍ നിന്ന് മറ്റൊന്നിലേക്കുള്ളൊരു മാറ്റം...അത്രേയുള്ളൂ നിങ്ങള് ഭയക്കുന്ന ഈ മരണം...തന്റെ ഊഴം പ്രതീക്ഷിച്ച് കാറ്റിനൊപ്പം ആ വാചകങ്ങളും അവിടൊക്കെ ഒഴുകി നടന്നു...

**********************************************

കുട്ടികള്‍ തനിച്ചേയുള്ളൂവെന്നു പറഞ്ഞ് സുലോചനച്ചേച്ചി യാത്രപറഞ്ഞിറങ്ങിയ വഴിയിലേക്ക് നോക്കി നില്‍ക്കെ അവളുടെ അസ്വസ്ഥത വര്‍ദ്ധിച്ചതേയുള്ളൂ.താന്‍ വന്നതിനു ശേഷം വെളിയില്‍ മഴ ചാറിയിരുന്നുവോ...നനവാര്‍ന്ന വരാന്തയില്‍ നോക്കി അവള്‍ അത്ഭുതം കൂറി...എത്ര ശ്രമിച്ചിട്ടും ഒരു മഴയുടെ ഓര്‍മ്മ അവള്‍ക്കു കണ്ടെത്താനായില്ല...

പുറത്തു സന്ധ്യയുടെ ചുവപ്പേറി വരുന്നു...കുറച്ചു കഴിയുമ്പോള്‍ ഇരുട്ടാവും...ദു:സ്സഹമായ ഈ കാത്തിരുപ്പ് തന്നെ വിഴുങ്ങുന്നതിനും മുന്‍പ് തനിയ്ക്കായിരുട്ടില്‍ ലയിയ്ക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് അവള്‍ വെറുതേയാശിച്ചു...

വരാന്തയിലെ തൂണില്‍ വീണ്ടും തല ചേര്‍ത്ത് പഴയൊരു പാട്ട് വീണ്ടും മൂളാന്‍ ശ്രമിക്കവേ പുറത്തെ നിറപ്പകര്‍ച്ചയേറി വന്നു....

****************************************************

19 comments:

അരവിശിവ. said...

തിരുവനന്തപുരം കഥാ ശ്രേണിയിലെ മൂന്നാമത്തെ ചെറുകഥ പോസ്റ്റുന്നു...വേണുവെന്ന കഥാപാത്രത്തെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തുന്നു...

സ്നേഹപൂര്‍വ്വം..

Sul | സുല്‍ said...

അരവി,
നന്നായിരിക്കുന്നു.

-സുല്‍

സൂര്യോദയം said...

കൊള്ളാം... അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കൂ... :

അരവിശിവ. said...

സുല്‍ :-) അഭിപ്രായങ്ങള്‍ക്കു നന്ദി....

സൂര്യോദയം :-) നന്ദി....ഇപ്പോള്‍ ഓഫീസിലെ തിരക്കുകളിലാണ്‍...വൈകിട്ട് ഒരോട്ട പ്രദക്ഷിണം നടത്തി എല്ലാം തിരുത്താം..

ഏറനാടന്‍ said...

അരവിശിവ നല്ലയൊഴുക്കുണ്ട്‌. മേഘക്കാര്‍ പൊലെ ഒഴുകി വായിച്ചപ്പോള്‍ ഇടയ്‌ക്കിടെ അക്ഷരപിശാച്‌ തടസ്സപ്പെടുത്തുന്നുവോ എന്നൊരു തോന്നല്‍, ശ്രദ്ധിക്കുമല്ലോ

ശിശു said...

അരവി നല്ല കഥ,
(ഓ.ടൊ.) ശിശുവിന്‌ "കരുണ ചെയ്‌വാനെന്തേ താമസം"
എന്ന കീര്‍ത്തനം കേള്‍ക്കാന്‍ കഴിയുന്നില്ല,windows media player ല്‍ play ചെയ്യില്ലേ?

വേണു venu said...

അരവി, വേണുവിന്‍റെ വിഹ്വലതകള്‍ ചിത്രീകരിക്കുന്നതില്‍ വിജയിച്ചിട്ടുണ്ടു്. കഥയുടെ പര്യവസാനത്തില്‍ പറഞ്ഞു തീര്‍ക്കനായൊരു ധൃതി കൂടിയോന്നൊരു സംശയം.നന്നായെഴുതി.‍

സു | Su said...

വേണുവിന്റെ കഥ ഇഷ്ടമായി. തിരുത്തലുകള്‍ നടത്തൂ.

അരവിശിവ. said...

ഏറനാടന് ചേട്ടാ :-) അഭിപ്രായങ്ങള്ക്കു നന്ദി...അക്ഷരപ്പിശാച് ഇന്നുതന്നെ തിരുത്താം.

ശിശൂ :-) കഥയിഷ്ടപ്പെട്ടതില് വളരെ സന്തോഷം....കരുണ ചെയ്വാനെന്തു താമസം ഇവിടെക്കൊടുത്തിരിയ്ക്കുന്ന ലിങ്കില് നിന്ന് ഡൌണ്ലോഡു ചെയ്യുകയോ കേള്ക്കുകയോ ആവാം....
http://esnips.com/doc/e6de74ee-b2fa-41ec-b140-38204b56bbfb/karunaCheyvanActual.mp3

വേണുവേട്ടാ :-) അഭിപ്രായങ്ങള്ക്കൊത്തിരി നന്ദി....ഒടുവില് ധൃതി കാണിച്ചോയെന്നു തോന്നിയോ?... സമയം കണ്ട് ഒരഴിച്ചു പണീ വീണ്ടും നടത്താം.....

സൂ :-) നന്ദി....

സ്നേഹപൂര്വ്വം

s.kumar said...

കഥ നന്നായി. "അക്ഷരപിച്ചാച്ച്‌" എന്റെ ബ്ലോഗ്ഗിലെ പോലെ താങ്കളേയും പിടികൂടിയിരിക്കുന്നു.

പിന്നെ ഈ പുറം മൈതാനത്തിന്റെ നീല നിറം ഒന്ന് മറ്റിയിടുമോ? കണ്ണു ബള്‍ബാകുന്നു.

അരവിശിവ. said...

കുമാറേട്ടാ :-)വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി...

അക്ഷരപ്പിശാചിന്റെ വിളയാട്ടം അവസാനിപ്പിച്ചിട്ടുണ്ട്..വേഡില്‍ ടൈപ്പ് ചെയ്തിട്ട് അതേപടിയെടുത്ത് പോസ്റ്റിയതുകൊണ്ടാണങ്ങനെ വന്നത്...

പിന്നെ പുറം മൈതാനത്തിന് ലൈറ്റു കളറൊരെണ്ണം കൊടുത്തു..

വീണ said...

അരവിശിവ,
കദനകഥ വായിച്ചു.കീറി മുറിച്ച് അഭിപ്രായം പറയാന്‍ ഞാന്‍ വളര്‍ന്നില്ല. കൊള്ളാം..ഇനിയും എഴുതണം..

“ശ്രീപത്മനാഭന്റെ മുന്‍പില്‍ ഒരുവേള നിന്നു,രാജവീധികളില്‍ക്കൂടി വീണ്ടും നടന്നു.കാഴ്ച്ചയുടെ പരിധിയിലെങ്ങും സ്നേഹം മാത്രം... നിറവാര്‍ന്ന സ്നേഹം.സൂര്യപ്രകാശമേറ്റു തിളങ്ങുന്ന ഗാന്ധി പാര്‍ക്കിലെ മണല്‍ത്തരികളിലും കണ്ടു..തന്നില്‍ തന്നെ ലയിയ്ക്കുന്നൊരുത്സാഹം...ഉണര്‍വ്വ്...പിന്നെ കലവറയില്ലാത്ത സ്നേഹം...“

അതാ‍ണ് തിര്രോന്തരത്തെ പച്ചയായ മനുഷ്യര്‍ . പാവങ്ങള്‍. സ്നേഹിക്കാനെ അറിയൂ. ആലപ്പുഴ ക്കാരനു ഇങനെ തോ‍ന്നിയതു ഞങടെ ഭാഗ്ഗ്യം!!!.
-വീണ.

അരവിശിവ. said...

വീണേ :-) നന്ദി..

Manu said...

തിര്‍വന്തോരം എന്നു കേള്‍ക്കുമ്പം ഞാനോറ്‍ക്കുന്നതു പഴയ സ്കൂള്‍ ട്രിപ്‌ ആണു.. അന്നെനിക്കു ഒരുപാടു ഫീല്‍ ചെയ്തു...പാവം മേത്തന്‍.. രണ്റ്റു കുതിരകല്‍ അപ്പുറോം ഇപ്പുറൊം നിന്നു അങ്ങു അടിക്കുകയല്ലേ..എത്ര അടി കൊണ്ടിട്ടുണ്ടാവും.. ഇതിനകം

അരവിശിവ. said...

മനു :-)വന്നതിനും വായിച്ചതിനും നന്ദി...മേത്തന്‍ മണിയുടെ കഥ പലയിടത്തുനിന്നു വായിച്ചിട്ടുണ്ട്..സത്യം പറഞ്ഞാല്‍ പോയി കണ്ടിട്ടില്ല..ഒരിയ്ക്കല്‍ക്കൂടി നന്ദി..

അരവിശിവ

നന്ദു said...

മനു,
അയ്യോ അതു കുതിരകളല്ല. രണ്ട് മുട്ടനാടുകളാണ്. ഞാന്‍ ഇതിനെ കുറിച്ച് ചിത്രങ്ങള്‍ ഉള്‍പ്പെടെ ഒരു പോസ്റ്റ് മുന്‍പു ഇട്ടിരുന്നു. അതു ആരും ശ്രദ്ധിക്കാത്തതു കൊണ്ടും ആ പോസ്റ്റിന്‍റെ റ്റൈറ്റില്‍ (മേതന്‍ മണി) തെറ്റിധാരണ ഉണ്ടാക്കുമെന്നു തോന്നിയതിനാലും ഞാന്‍ അതു ഡിലിറ്റു ചെയ്തു.

നന്ദു said...

അരവിശിവ, മനു,
മേത്തന്‍ മണിയുടെ വിശദവിവരങ്ങള്‍ വീണയുടെ ഈ പോസ്റ്റിലും ഉണ്ട് .

ikkaas|ഇക്കാസ് said...

അരവിശിവ,
കഥയ്ക്കു നന്ദി.
വേണുവിന്റെ ചില പ്രവൃത്തികളിലും ചിന്തകളിലും ഞാന്‍ എന്നെത്തന്നെ കാണുന്നു.

അരവിശിവ. said...

നന്ദു :-)നന്ദി...മേത്തന്‍‌മണിയെക്കുറിച്ചുള്ള ലിങ്കിനും നന്ദി..

ഇക്കാസേ :-)നന്ദി..മറ്റൊരാള്‍ വേണുവില്‍ തന്നെത്തന്നെ തിരയാന്‍ സാധ്യത തീരെയില്ലെന്നാണ് ഞാന്‍ കരുതിയിരുന്നത്..കാരണം ആ കഥാപാത്രം ഒരു പരിധിവരെ എന്നോടു ചേര്‍ന്നു നില്‍ക്കുന്നുവെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു..മാത്രവുമല്ല ചിന്തകളിലും പ്രവൃത്തികളിലും മറ്റാരേക്കാളും വ്യത്യസ്തനാണ് വേണു..വേണുവില്‍ തന്നെത്തന്നെ തിരഞ്ഞതിന് ഒത്തിരി നന്ദി...

കാല്‍പനികത കലര്‍ന്ന ശൈലി പൊതുവേ സ്വീകരിയ്ക്കപ്പെടില്ല എന്നെനിയ്ക്കു തോന്നിയിരുന്നു.പൊതുവേ റിയലിസ്റ്റിക് സബ്ജ‌ക്ടു‌കളാണ് നിരൂപകര്‍ അംഗീകരിയ്ക്കാറ്...പത്മരാജന്റെ സിനിമകളിലൊക്കെ കാണാറുള്ള ഒരു ശൈലി ഒന്നു പരീക്ഷിയ്ക്കുകയായിരുന്നു ഇവിടെ...സ്വീകരിയ്ക്കപ്പെട്ടില്ലെങ്കിലും സാരമില്ല എന്നു കരുതിത്തന്നെയാണ് പോസ്റ്റിയത്.എങ്ങനെയവസാനിപ്പിയ്ക്കും എന്നത് വലിയൊരു തലവേദനയായിരുന്നു.അതുകൊണ്ട് തന്നെ കഥയുടെ അവസാനത്തെ സംബന്ധിച്ച് എനിയ്ക്കിപ്പോഴും രണ്ടഭിപ്രായമുണ്ട്..എന്തോ ഒരു തൃപ്തികേട്!.

വന്നതിനും വായിച്ചതിനും ഒരിയ്ക്കല്‍ക്കൂടി നന്ദി..