
സമയം നാലരമണിയാവുന്നു.സുമലത വാച്ചിലേക്ക് വീണ്ടും അക്ഷമയോടെ നോക്കി.ഇന്നെന്തോ തിരക്കു നന്നേ കുറവു,അല്ലെങ്കില്‍ നിന്നു തിരിയാന്‍ പറ്റാത്ത വിധം പണിയുണ്ടാവും.ഈശ്വരാ ഇന്നെങ്കിലും നേരത്തേ ഇറങ്ങാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍.പോയി രാഘവന് സാറിനോടു ചോദിച്ചാലോ.വികലാംഗയായതുകോണ്ടാവം തന്നോടു അദ്ദേഹം പൊതുവേ സൌമ്യമായെ പെരുമാറാറുള്ളൂ.പാളയം മാര്‍ക്കറ്റില്‍ നിന്ന് ചിലത് വാങ്ങണമെന്നു കരുതിയിട്ട് കുറേയായി.പണിയും തീരെക്കുറവ്, അദ്ദേഹം സമ്മതിയ്ക്കുമായിരിയ്ക്കും.
സെക്രട്ടറിയേറ്റ് ബില്ടിങ്ങിന്റെ പടികളിറങ്ങി പോരുമ്പോള്‍ സുമ രാഘവന് സാറിനെക്കുറിച്ചോര്‍ക്കുകയായിരുന്നു.വലിയ കൈക്കൂലിപ്രീയനെന്ന് ഓഫീസില്‍ പലരും പറഞ്ഞിട്ടുള്ള ഗൌരവക്കാരനായ ആ മനുഷ്യന് തന്നോടു മാത്രം വലിയ സ്നേത്തോടയേ പെരുമാറിയിരുന്നുള്ളു.വലിയ കണ്ണട ധരിച്ച ആ മെലിഞ്ഞമനുഷ്യനില്‍ അയാളുടെ ഗൌരവമൊഴിച്ച് പറയത്തക്ക കുറ്റമൊന്നും സുമ കണ്ടില്ല.സെക്രട്ടറിയേറ്റിണ്റ്റെ തെക്കേ ഗേറ്റിനോടു ചേര്‍ന്നു നില്ക്കുന്ന ആല്‍മരത്തിന്റെ തൂങ്ങിക്കിടക്കുന്ന ഭീമന് വേരുകള്‍ക്കിടയിലൂടെ അവള് കുട നിവര്‍ത്തി നടന്നു.

വെയില് താണിരിയ്ക്കുന്നു.വൈകുന്നേരമായതോടെ സെക്രട്ടറിയേറ്റും പരിസരവും ശബ്ദമുഖരിതമായിത്തുടങ്ങിയിരിയ്ക്കുന്നു.റോഡു ക്രോസ്സു ചെയ്യുമ്പോള്‍ ചിന്തകള്‍ സുമയെ മൂടിയിരുന്നു. ഈ വയ്യാത്ത വലതു കാലും വച്ച് ഏന്തി വലിഞ്ഞ് ബസില്‍ക്കയറുന്നതേ വലിയ പ്രയാസം.രണ്ടു നില ബസു കിട്ടിയില്ലെങ്കില്‍ ഓവര്‍ ബ്രിഡ്ജിന്റെയവിടെയിറങ്ങി വീണ്ടും റെയില്‍വേ സ്റ്റേഷന് വരെ നടക്കണം.ബിന്ദുവും സ്മിതയും ഇപ്പോള്‍ സ്കൂളില്‍ നിന്ന് വന്നിട്ടുണ്ടാവും,അവളോര്‍ത്തു.എല്ലാ അമ്മമാരെയും പോല്‍ പെണ്മക്കളുടെ ഓര്‍മ്മ അവളെ അസ്വസ്ഥയാക്കി.ബിന്ദു ഇപ്പോള്‍ പത്താം ക്ളാസ്സില്‍ പഠിയ്ക്കുന്നു,ഇളയവള്‍ എട്ടാം ക്ളാസ്സിലും.നഗരത്തിലെ വലിയ സ്കൂളുകളില്‍ വിട്ടു പഠിപ്പിയ്ക്കാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല.വാടകയും കുട്ടികളുടെ പഠിത്തവും കൂടി മോഹനേട്ടന്റേയും തന്റേയും വരുമാനത്തില്‍ ഒതുങ്ങില്ല.മാത്രവുമല്ല അദ്ദേഹത്തിണ്റ്റെ ശാന്തിയും നെയ്യാറ്റിന്‍കരയിലാണു.പിന്നെ തന്റെ മാത്രം അസൌകര്യം കണ്ടില്ലെന്നു നടിച്ചാല്‍ മതിയല്ലോ.സ്വദേശം കോട്ടയം ജില്ലയില്‍,ഭര്‍ത്താവിന്റെ വീട് പാലക്കാടും ഇന്നിപ്പോള്‍ തീര്‍ത്തും ഒരു തിരുവനന്തപുരത്തുകാരി.സത്യത്തില്‍ തനിയ്ക്ക് എന്താണസൌകര്യം.വികലാംഗയായതിനാല്‍ ബസിലും പിന്നെ ട്രെയിന്റെ സീസണ് റ്റിക്കറ്റെടുക്കുന്നതിലുമൊക്കെ തനിയ്ക്കു പരിഗണന ലഭിയ്ക്കുന്നു.എന്തിനേറെപ്പറയുന്നു..ഈ ജോലി പോലും ഈ വയ്യാത്ത കാലിണ്റ്റെ സമ്മാനമല്ലേ?,അതിലെ കറുത്ത ഭലിതമോര്‍ത്ത് അവള് ചിരിയ്ക്കാന്‍ ശ്രമിച്ചു.ആ ഞാന്‍ പരാതി പറയാന്‍ പാടില്ല അവള് അറിയാതെ ചിരിച്ചുപോയി.
രമ ഇന്നു വന്നിട്ടില്ല.അവളുണ്ടായിരുന്നുവെങ്കില്‍ ഒരു കൂട്ടായേനെ..പാളയം മാര്‍ക്കറ്റില്‍ പോകാനും മ്യൂസിയത്തിലെ ചാരു ബഞ്ചുകളിലിരിയ്ക്കാനും പിന്നെ പബ്ലിക് ലൈബ്രറി എന്നു വേണ്ട എല്ലായിടത്തും ആദ്യമായിട്ട് പോകുന്നത് അവള് നിര്‍ബ്ബന്ധിച്ചിട്ടാണ്.അവളില്ലായിരുന്നുവെങ്കില്‍ ഈ നഗരം തനിയ്ക്ക് ഒരു പക്ഷേ ദുസ്സഹമായനുഭവപ്പെട്ടേനെ.ഈ നഗരത്തിന്റ്റെ സ്വാന്തനം ഒരു പക്ഷേ ഞാന്‍ കാണാണ്ടു പോവുമായിരുന്നു.ഈ കാലും വച്ച് ഏന്തി വലിഞ്ഞ് മാര്‍ക്കറ്റ് വരെ പോകാനും വയ്യ.വിഷമിച്ചു നില്‍ക്കുന്നതിലത്ഥമില്ല,ഇനി ഒരോട്ടോ വിളിയ്ക്കുക തന്നെ.
ഓട്ടോയിലിരിയ്ക്കുമ്പോള് അവള് വീണ്ടും ചിന്തകളുടെ പിടിയിലകപ്പെട്ടു.കുട്ടികള്‍ക്ക് പ്രായമായി വരുന്നു.അവര്‍ക്ക് തുണയായി വീട്ടില്‍ ആരുമുണ്ടാവില്ല.അവര്‍ സ്കൂളില്‍ നിന്ന് വരുമ്പോഴേയ്ക്ക് മോഹനേട്ടന് അടുത്തുള്ള ക്ഷേത്രത്തിലേക്കു പോയിട്ടുണ്ടാവും,പിന്നെ എട്ടു മണിയായിട്ടേ വരികയുള്ളൂ.മോഹനേട്ടന്റെ അമ്മയോട് ഇവിടെ വന്നു നില്ക്കാന് പല തവണ പറഞ്ഞു.എന്തോ അവര്‍ക്കതില്‍ വല്യ താത്പര്യമില്ല.ശുശ്രൂഷിയ്ക്കാനും ചോദിയ്ക്കുന്നതെന്തും സാധിപ്പിച്ച് കൊടുക്കാനുള്ള വാങ്ങ് ഞങ്ങള്‍ക്കില്ലാത്തതു കൊണ്ടായിരിയ്ക്കാം.ഒടുവില്‍ ഷുഗറും പ്രഷറും കാരണം വയ്യാതിരിയ്ക്കുന്ന സ്വന്തം അമ്മയെ ഇടയ്ക്കിടയ്ക്ക് വീട്ടില്‍ കൊണ്ട് നിര്‍ത്തും.പാവം അമ്മ.ആണ്ടിലെ മുന്നൂറ്ററുപത്തഞ്ചു ദിവസവും അമ്മ മോളുടെയടുത്താണെന്നു പറഞ്ഞ് നാത്തൂന് കഴിഞ തവണ പരാതി പറഞ്ഞതോടെ അതു വേണ്ടെന്ന് മോഹനേട്ടന് തന്നെയാണു പറഞ്ഞത്.ഓഫീസില്‍ പണിയധികമായപ്പോള്‍ വീട്ടില്‍ ചെല്ലുന്നത് വീണ്ടും താമസിയ്ക്കാന്‍ തുടങ്ങി.ഒടുവില്‍ വീണ്ടും അനിയന്റെ കാലുപിടിച്ച് അമ്മയെ വീട്ടില്‍ കൊണ്ടു നിര്‍ത്തിയിട്ടുണ്ട്.അടുത്തയാഴ്ച്ച അമ്മ പോയിക്കഴിഞ്ഞാല്‍ എന്തു ചെയ്യുമെന്നോര്‍ത്തപ്പോള്‍ സുമയ്ക്ക് തല കറങ്ങുന്നതു പോലെ തോന്നി.പത്രത്തിലും ടി.വി യിലുമൊക്കെ വായിക്കുന്നതു കേട്ടാല്‍ പുരുഷനായിപ്പിറന്നവനെ മുഴുവന്‍ ഒരമ്മ പേടിയ്ക്കേണ്ടിയിരിയ്ക്കുന്നു എന്നു തോന്നും.തന്റെ ആധി കാണുമ്പോള്‍ മറുപടി പറയാനില്ലാതെ അദ്ദേഹം എഴുന്നേറ്റു പോകും.കുട്ടികളെക്കുറിച്ച് വേവലാതി അധികമാകുമ്പോള്‍ അവള് അറിയാതെ ശ്രീ പതമനാഭനെ വിളിയ്ക്കും.ആഴ്ച്ചയിലൊരിയ്ക്കലെങ്കിലും ശ്രീ പത്മനാഭ ക്ഷേത്രത്തിലും പഴവങ്ങാടിയിലും ആറ്റുകാലുമൊക്കെ പോകും.അവര്‍ക്കായി പൂജയും വഴിപാടുമൊക്കെ കഴിയ്ക്കും.ഒരമ്മയുടെ സ്ഥിരം പ്രാര്‍ത്ഥനകള്‍ തന്നെ.നന്നായിട്ട് വിദ്യാഭ്യാസം ചെയ്യിയ്ക്കാന്‍ കഴിയണേ...നല്ല വിവാഹബന്ധമുണ്ടാവണേ........അതങ്ങനെ പോകും.
അനിയന്റെയൊപ്പമാണെങ്കില് വയ്യാത്ത അമ്മയ്ക്ക് പണിയൊഴിഞ്ഞ നേരമുണ്ടാവില്ല.തന്റെയൊപ്പമാണെങ്കില്‍ ഞാന്‍ രാവിലെ വെപ്രാളപ്പെട്ട് പോരുന്നതിനു മുന്‍പ് തന്നെ സകലതും തീര്‍ത്തു വയ്ക്കും.മൂത്തവളും തന്നെ സഹായിക്കാനുണ്ടാവും.അമ്മ വെറുതേ വീട്ടിലിരുന്നാല്‍ മതി.ഇന്ന് അമ്മയുള്ളതു കൊണ്ടാണ് മാര്‍ക്കറ്റില്‍ പോയിട്ട് പോകാമെന്നു വിചാരിച്ചത്.അല്ലെങ്കില്‍ കിട്ടിയ സമയം കൊണ്ട് റെയില്‍വേ സ്റ്റേഷനിലേക്ക് പരക്കം പാഞ്ഞിട്ടുണ്ടാവും.ട്രെയിന്‍ ലേറ്റായാല്‍ വീട്ടിലെത്തുമ്പോള്‍ വീണ്ടും ഒരു പാടു ലേറ്റാവും.തന്റെ പ്രയാസങ്ങള്‍ ആരറിയാന്‍...അവളോര്‍ത്തു.ടെന്‍ഷന്‍ അധികമായപ്പോള്‍ രമയാണ് സഹായ ഹസ്തവുമായി വന്നത്.അവളാണ് ഈ തണല്‍ മരങ്ങളുടെ കീഴിലൂടെ നടക്കാന്‍ നിര്‍ബന്ധിച്ചത്.ഇവിടെ വരുന്ന എല്ലാവരേയും സംരക്ഷിയ്ക്കുന്ന അനന്തനില്‍ വിശ്വാസം അര്‍പ്പിച്ച് തന്നെത്തന്നെ കണ്ടെത്താന്‍ നിര്‍ബ്ബന്ധിച്ചത്.വിക്ടോറിയന്‍ തിരുവതാംകൂര്‍ ആര്‍ട്ടിടെക്ച്റുകളിലെ കവിത തിരയാന്‍ പഠിപ്പിച്ചത്.എത്ര തിരക്കിലും ഒരു നിമിഷം കണ്ണടച്ചാല്‍ പരക്കുന്ന ശാന്തതയെ അറിയാന്‍ പഠിപ്പിച്ചത്.....പതുക്കെ താനും നഗരത്തിലെ ഓരോ തെരുവീഥികളിലും തന്നെത്തന്നെ തിരയാനാരംഭിച്ചു.യാത്രയിലെ വിരസത അകറ്റാനും വഴി കാണിച്ചു തന്നത് അവളാണു.സ്റ്റേറ്റ് ലൈബ്രറിയില്‍ തന്നെക്കൊണ്ട് മെംബര്‍ഷിപ്പെടുപ്പിച്ചു.യാത്രയിലും അല്ലാതെയും പുസ്തകങ്ങളെ അവള് തന്റെ പ്രീയപ്പെട്ട കൂട്ടുകാരിയാക്കി മാറ്റി.വേവലാതികളില്‍ തന്നെത്തന്നെ മറക്കാതെ ചുറ്റിനുമുള്ള കാഴ്ച്ചകളിലേക്ക് മുഖം തിരിയ്ക്കാന്‍ അവള് ഉപദേശിച്ചു.സഹയാത്രക്കാരോട് കൂട്ടു കൂടാനും അവരുടെ പ്രശ്നങ്ങള്‍ക്ക് ചെവികൊടുക്കാനുമൊക്കെ തുടങ്ങിയതോടെ നഗരം കൂടുതല്‍ മനോഹരമായനുഭവപ്പെട്ടു.ട്രെയിന്‍ യാത്ര ആസ്വാദ്യകരമായനുഭവപ്പെട്ടു.സ്ഥിരം യാത്രക്കാരില്‍ ആണും പെണ്ണുമുള്‍പ്പടെ നല്ല കൂട്ടുകാര്‍ നിരവധി.
ഓട്ടോ മാര്‍ക്കറ്റിന്റെ സൈഡിലേയ്ക്ക് തിരിയാന്‍ തുടങ്ങുന്നു.അവള് വാച്ചിലേക്കു നോക്കി.നാലരയാവുന്നതേയുള്ളു.ട്രെയിന്‍ വരാന്‍ ആറുമണിയെങ്കിലുമാവും.അമ്മയുള്ളതു കൊണ്ട് പതുക്കെ ട്രെയിനിനു തന്നെ പോകാം.ചില ദിവസങ്ങളില്‍ രാഘവന് സാറിന്റെ കാരുണ്യം കൊണ്ട് നേരത്തേ പോകാനൊക്കുമ്പോള്‍ തമ്പാനൂര്‍ ചെന്നിട്ട് ബസിനാണു പോകാറ്.എന്തായാലും സമയമുണ്ട്,മ്യൂസിയം വരെ പോയാലോ.ആ വഴിയ്ക്കൊക്കെ പോയിട്ട് മാസമൊന്നാവുന്നു.രമയൂള്ളപ്പോള്‍ മൃഗശാലയ്ക്കൂള്ളിലെ മുളങ്കാടുകളാല്‍ സമൃദ്ധമായ തടാകക്കരയില്‍ പോയിരിയ്ക്കും.പുറമേ ആഹ്ലാദ വതിയാണെങ്കിലും കുടിയാനായ ഭര്‍ത്താവിന്റെ പേരില്‍ ഒരായിരം പ്രശ്നങ്ങള്‍ രമയ്ക്കുണ്ട്.അവള് തന്നോട് മാത്രം അതൊക്കെ പറയും.ഇന്നിനി മ്യൂസിയത്തിലെ ഏതെങ്കിലും തണല്‍ മരങ്ങളുടെ ചുവട്ടില്‍ കുറേനേരമിരിയ്ക്കാം.പിന്നെ ഒരഞ്ചരയോടെ അവിടുന്ന് ബസു കയറാം.പോണ വഴിയ്ക്ക് മാര്‍ക്കറ്റിലും കയറി പോകാം.അവള് ഓട്ടോക്കാരനോട് മ്യൂസിയത്തില്‍ പോയാല്‍ മതിയെന്നു പറഞ്ഞു.
മ്യൂസിയത്തിലെ വൃത്താകൃതിയിലുള്ള റോഡിലൂടെ നടക്കുമ്പോള്‍ വൈകുന്നേരത്തെ തിരക്കേറി വരുന്നതവളറിഞ്ഞു.വഴിയിലെ ചെമ്പകമരത്തിന്റെ ചുവട്ടിലെത്തിയപ്പോള്‍ അവള് നിന്നു.വെളുത്ത ചെമ്പകപ്പൂക്കള്‍ അവിടമാകെ ചിതറിക്കിടക്കുന്നു.അവിടെയിരിയ്ക്കുമ്പോള്‍ കയ്യിലെ വെളുത്ത ചെമ്പകപ്പൂവില്‍ അവള് സാകൂതം നോക്കി.ഓര്‍മ്മകള്‍ അവളെ തൊടിയിലെ വലിയ ചെമ്പകച്ചോട്ടിലേക്കു കൂട്ടിക്കൊണ്ടു പോയി.കുട്ടിയായിരിയ്ക്കുമ്പോള്‍ മുതല്‍ ആ മരം വീട്ടു മുറ്റത്തുണ്ട്.മുറ്റത്തു തന്നെയുള്ള പശുത്തൊഴുത്തിന്റെ സൈഡില്‍ ആ വലിയ നാട്ടു മാവിനും അരികത്തായി കടും ചുവപ്പുള്ള പൂക്കള്‍ പൊഴിയ്ക്കുന്ന ചെമ്പകമരം.ആ പൂക്കളുടെ വശ്യ സുഗന്ധത്തോടൊപ്പം മനസ്സിലെ ഒളിപ്പിച്ചു വച്ച ചെമ്പകച്ചുവടുകള്‍ പൂ പൊഴിയ്ക്കുന്നതവളറിഞ്ഞു.കാലു വയ്യാത്ത തന്നെ ഒരുപാടിഷ്ടമാണെന്ന് പറഞ്ഞ അധകൃതനോട് താന്‍ മുഖം കൊടുക്കാതെ നടന്നു.തന്റെ ജന്മം തന്നെ അച്ഛനമ്മമാര്‍ക്ക് ഒരു വേദനയാണെന്നവള്‍ക്കറിയാമായിരുന്നു.വീണ്ടും ഒരു വേദന അവര്‍ക്ക് കൊടുക്കേണ്ടന്ന് മനസ്സു പറഞ്ഞപ്പോള്‍ അന്നു തനിയ്ക്കതിനു കഴിഞ്ഞു.എങ്കിലും തന്റെ മനസ്സിലെ ഋതുഭേദങ്ങളുടെ വേലിയേറ്റം മുറ്റത്തെ ചെമ്പകമരം മാത്രം കണ്ടു.ഇന്നിപ്പോള്‍ ആ ചെമ്പകമത്തിന്റെയരികിലുള്ള പത്തു സെന്റു ഭൂമിയില്‍ ഒരു വീടിനുള്ള ഫൌണ്ടേഷന് കെട്ടിയിട്ടിട്ട് നാലു വര്‍ഷമാകുന്നു.അവിടെ ചെറുതെങ്കിലും ഒരു വീടു കെട്ടിയിരുന്നെങ്കില്‍ മോഹനേട്ടനേയും മക്കളേയും നാട്ടിലേക്കയയ്ക്കാമായിരുന്നു.മോഹനേട്ടന് നാട്ടിലെ ഏതെങ്കിലുമൊരമ്പലത്തില്‍ ശാന്തി ഏര്‍പ്പാടാക്കി കൊടുക്കാന്‍ അനിയനോടു പറയാം.
അപ്പനപ്പൂപ്പന്മാരുടെ കാലത്തെ പ്രതാപമൊന്നും ഇപ്പോഴില്ല.ബാക്കിയായത് പണ്ടേ കൈവശമുണ്ടായിരുന്ന മുന്നാലേക്കര്‍ കാടു പിടിച്ച് ഭൂമി മാത്രമാണ്.അതിലെ റബ്ബറിന്റേയും മറ്റും ആനുകൂല്യമെടുത്ത് അനുജനും കുടുംബവും കഴിയുന്നു.ആ ഭൂമിയുടെ പേരില്‍ ജന്മിമാരെന്ന ആക്ഷേപം ധാരാളം കേട്ടിട്ടുണ്ട്.അച്ഛനോട് ചുറ്റുവട്ടത്തുള്ളവര്‍ക്കൊന്നും വലിയ പ്രതിപത്തിയുണ്ടായിരുന്നില്ല.മാമ്പഴക്കാലമായാല്‍ മാങ്ങ പെറുക്കാന്‍ വരുന്ന കുട്ടികളെ അച്ഛന് വഴക്ക് പറഞ്ഞ് ഓടിയ്ക്കുമായിരുന്നു.പുരയിടത്തില്‍ റബ്ബറിന് ചൂള്ളി പെറുക്കാന്‍ വരുന്നവര്‍ക്കും അച്ഛനെ ഭയമായിരുന്നു.എന്നാല്‍ അമ്മ അങ്ങനെയായിരുന്നില്ല.അമ്മയ്ക്ക് കൂട്ട് അയല്‍പ്പക്കത്തെ അധകൃതതരായ സ്തീകള്‍ തന്നെയായിരുന്നു.കാലം കണക്കു ചോദിയ്ക്കുന്നതാവാം,അയല്‍പ്പക്കത്തെ താണ ജാതിയില്‍പ്പെട്ട കുട്ടികള്‍ ഡോക്ടറും എഞ്ചിനീയറുമൊക്കെയായി.തങ്ങള്‍ പണ്ടത്തെ അധകൃതരേക്കാളും താണ നിലയിലായി.ഈ മുടന്തിന്റെ ആനുകൂല്യമില്ലായിരുന്നുവെങ്കില്‍ തനിയ്ക്കീ ജോലിയും ലഭിയ്ക്കില്ലായിരുന്നു.അതുകൊണ്ടാവം അമ്മയെപ്പോലെ ഭാഗ്യവതികളല്ല നിങ്ങളെന്നു ബിന്ദുവിനോടും സ്മിതയോടും കളിയായി പറയാറുണ്ട്.സ്വന്തം ഭാവിയെക്കരുതി നന്നായി പഠിയ്ക്കണമെന്ന ഒരമ്മയുടെ സ്ഥിരം പല്ലവിയും കൂടെയുണ്ടാവും.തന്റെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുന്ന ഒരു കുടുംബം ദൈവം തനിയ്ക്കു തന്നു.അവള് നന്ദിയോടെ അതെന്നും സ്മരിയ്ക്കാറുണ്ട്.പെണ്‍കുട്ടികളാണു, കാര്യമായ കരുതി വയ്ക്കലിനൊന്നും സാധിച്ചിട്ടില്ല.മോഹനേട്ടന് പൈല്‍സിന്റെ ഓപ്പറേഷന് നടത്താന്‍ ബാങ്കില്‍ നിന്ന് നല്ലൊരു തുക പിന് വലിച്ചു.അദ്ധേഹത്തിന്റേയും തന്റേയും പേരില്‍ നാട്ടില്‍ കിടക്കുന്ന കുറച്ചു വസ്തു വകകള്‍ മാത്രമാണ് ഇപ്പോഴത്തെ ആകെയുള്ള സമ്പാദ്യം .അവള് കയ്യിലിരുന്ന ചെമ്പകപ്പൂവില്‍ ഒരിയ്ക്കല്‍ക്കൂടി തലോടി.നേര്‍ത്ത കാറ്റില്‍ അവളുടെ മേല്‍ ചെമ്പകം ഒരു പൂ കൂടി പൊഴിച്ചു.പക്ഷേ വഴിയേ നടന്നു പോയ ഒരു ചെറുപ്പക്കാരന് അതിനെ നിര്‍ദ്ദയം ചവിട്ടിയെരിച്ച് നടന്നു നീങ്ങി.അവള് വ്യസനത്തോടെ ആ പൂവിനെ നോക്കി......സുമ പതിയെ കണ്ണുകളടച്ചു..തനിയ്ക്കു ചുറ്റുമുള്ള ശാന്തതയിലെ ഒരു ബിന്ദുവായ്ത്തീരാന്‍ അവള് വീണ്ടും ശ്രമമാരംഭിച്ചു.
എപ്പോഴോ ബാഗില്‍ കിടന്ന മൊബൈല്‍ ഒച്ചയുണ്ടാക്കാന്‍ തുടങ്ങി.മോഹനേട്ടനാണ്,എന്താണാവോ ഈ നേരത്ത്.അമ്പലത്തില്‍ പോയില്ലെന്നുണ്ടോ?.അവള് പരിഭ്രമത്തോടെ ഫോണ്‍ അറ്റന്റു ചെയ്തു.പുള്ളി അമ്പലത്തിനടുത്തെവിടെ നിന്നോ ആണത്രേ വിളിയ്ക്കുന്നത്.അമ്മ ഉച്ചയോടെ വീട്ടില്‍ നിന്ന് മടങ്ങിയത്രേ.നാത്തൂന് ബാത്ത്റൂമില്‍ ഉരുണ്ടുവീണിട്ട് അനുജന് വന്നു കൂട്ടിക്കൊണ്ടു പോയതാണത്രേ.അവള്‍ക്കു തല പെരുത്തു...അപ്പോള്‍ കുട്ടികള്‍?.ഇളയ മകള്‍ വീട്ടിലുണ്ട്,അയാള്‍ പോരും വരേയും മൂത്തവള്‍ സ്കൂള്‍ വിട്ട് വന്നിടില്ലത്രേ."നീ ഓഫീസില്‍ നിന്ന് നേരത്തേ ഇറങ്ങാന്‍ നോക്ക്...ചിലപ്പോല്‍ സ്കൂള്‍ വിടാന്‍ താമസിച്ചിട്ടുണ്ടാവും.ഞാന്‍ അയലത്തു
വിളിച്ചിട്ട് അവര്‍ എടുക്കുന്നില്ല.ഞാന്‍ ഇവിടുത്തെ പണികള്‍ ആരെയെങ്കിലും ഏല്‍പ്പിയ്ക്കുവാന്‍ പറ്റുവോന്നു നോക്കട്ടെ....".മോഹനേട്ടന്റെ ശബ്ദം അവളുടെ ബോധമണ്ഡലത്തിലെവിടെയോ ഒരു വെള്ളിടിയായി വെട്ടി.'ന്റെ..ആറ്റുകാലമ്മേ..എന്റെ മോള്' ഒരു ഗദ്ഗദം അവളുടെ തൊണ്ടയിലെത്തി മുറിഞ്ഞുപോയി."ഹലോ...ഹലോ...",ഫോണില്‍ നിന്നുയരുന്ന ശബ്ദം അവള് കേട്ടില്ല.യാന്ത്രികമായി അവള് മൊബൈല്‍ ഓഫാക്കി,ഇരുന്നിടത്തു നിന്നും പിടഞ്ഞെഴുന്നേറ്റു.'ചിലപ്പോള്‍ സ്കൂളു വിടാന്‍ താമസിച്ചതാവാം...എന്നാലും എണ്റ്റെ മോള്'അവള് എത്ര ശ്രമിച്ചിട്ടും വിങ്ങിപ്പോയി.വേഗത്തില്‍ പിടഞ്ഞെഴുന്നേറ്റു പോകുമ്പോള്‍ ചെമ്പകപ്പൂക്കള്‍ അവളുടെ വയ്യാത്ത കാലിണ്റ്റെയടിയില്‍പ്പേട്ട് ഞെരിഞ്ഞമര്‍ന്നു.ഏന്തി വലിഞ്ഞുള്ള അവളുടെ ഓട്ടത്തില്‍ മുടന്തന്‍ കാല് പാറയില്‍ത്താട്ടി ചോരയൊഴുകിയതും അവളറിഞ്ഞില്ല.ചുണ്ടുകള്‍ വിറകൊണ്ട് പിറു പിറുക്കുന്നതും അവളറിഞ്ഞില്ല...ബസ് സ്റ്റോപ്പിനെ ലക്ഷ്യമാക്കി ഭ്രാന്തിയേപ്പോലെ അവള് ഏന്തി വലിഞ്ഞോടി....
അവള് പോയ വഴിയിലേക്ക് സംഭ്രമത്തോടെ കണ്ണു പായിച്ചു നിന്ന ചെമ്പകമരത്തിണ്റ്റെ ചുണ്ടില്‍ നിന്ന് പ്രാര്‍ത്ഥനാ മന്ത്രമുയര്‍ന്നു...അവള് കാഴ്ച്ചയില്‍ നിന്നു മറഞ്ഞിരുന്നു.