Tuesday, April 24, 2007

സത്രം..

“അച്ച്ഛാ… ഇതു ഞാനാ .. ബാലന്‍”…റിസീവറിന്റെ അങ്ങേത്തലയ്ക്കല്‍നിന്നുള്ള ശബ്ദം ആരുടേതെന്ന് തിരിച്ചറിയാനാവാതെ മേനോന്‍ കുഴങ്ങി…

“ബാലനോ….?ആരാണെന്നങ്ങോട്ടു പിടി കിട്ടുന്നില്ലല്ലോ?” മേനോന്‍ തന്റെ ഓര്‍മ്മപ്പിശകിനെ വീണ്ടും ശപിച്ചു.

“സത്രത്തിനു കണ്ടത് അച്ഛന്‍ മറന്നോ?”,മേനോന്റെ മുഖത്ത് പതുക്കെ ഒരു പുഞ്ചിരി പടര്‍ന്നു.

“നീയിവിടെയെത്തിയോ…?എവിടെയാണെന്ന് പറയ് ഞാന്‍ വരാം”, പിന്നില്‍ ചായയുമായി വന്ന ഭാര്യ മേനോന്റെ മുഖത്തേക്കാകാംക്ഷയോടെ നോക്കി.റിസീവര്‍ വച്ചിട്ട് മേനോന്‍ ആഹ്ലാദത്തോടെ ബാലന്റെ വരവറിയിച്ചു.

“അതേയോ…..?” അവരുടെ മുഖത്തും സന്തോഷം പടര്‍ന്നു. സ്വീകരണ മുറിയിലെ ബഹളത്തിന്റെ കാരണമറിയാന്‍ അടുക്കളയില്‍ നിന്ന് രേവതിയും കൂടി.മേനോന്‍ യാത്ര പറഞ്ഞിറങ്ങിയതിനു ശേഷം ലക്ഷ്മി മരുമോളോട് ബാലനെക്കുറിച്ച് വിശദീകരിച്ചു.

സുനാമിത്തിരകള്‍ മനുഷ്യജീവനെ പുല്ലുവില പോലും കല്‍പ്പിയ്ക്കാതെ അമ്മാനമാടിയ ദിവസം, 2004 ഡിസംബര്‍ 26.താനും ഭര്‍ത്താവും അന്നു ഹരിപ്പാട്ട് വച്ചു നടക്കുന്ന ഭാഗവത സത്രത്തിനു പങ്കെടുക്കാന്‍ തിരുവനന്തപുരത്തു നിന്നു പുറപ്പെട്ടു. ട്രെയിനില്‍ തിരുവനന്തപുരത്ത് നിന്ന് ഹരിപ്പാടു വരെയുള്ള യാത്ര ആയുസിലൊരിയ്ക്കലും മറക്കാന്‍ പറ്റാത്തവണ്ണം ഭീകരമായിരുന്നു.ദുരന്തത്തിന്റെ ഭീതിയും ദുരന്തവാര്‍ത്തകളുടെ ഭീകരതയും പേറിയുള്ള യാത്ര.അന്ന് ഹരിപ്പാട്ടു ചെന്നിറങ്ങുമ്പോള്‍ തിരിച്ചു പോന്നാല്‍ മതിയെന്നായിരുന്നു തനിയ്ക്ക്.തങ്ങള്‍ക്കറേഞ്ചു ചെയ്ത റൂമില്‍ ബാലനെക്കൂടാതെ മൂന്നാലുപേര്‍ വേറെയുമൂണ്ടായിരുന്നു.പക്ഷേ ബാലനോടടുത്തത്രയും ആരോടും അടുത്തില്ല.അഞ്ചരയടി പൊക്കവും മടക്കിക്കുത്തിയ കാവി മുണ്ടും കടും നീല ഷര്‍ട്ടുമാണ് ആദ്യം മനസ്സിലേക്കോടി വരുന്നത്. ഇല്ലാതിരുന്നതു കൊണ്ടാവാം അവന്‍ ചെരിപ്പുപയോഗിച്ച് താന്‍ കണ്ടിട്ടില്ല. പിറകില്‍ കൈകെട്ടി ആവേശത്തോടെ കാര്യം പറയുമ്പോള്‍ ഒരു തനി നാട്ടിന്‍പുറത്തുകാരന്റെ ചേഷ്ടകളെല്ലാം പുറത്തു വരും.തന്റെയറിവില്‍ അവന് മുപ്പത്തഞ്ചിനു മുകളില്‍ പ്രായമുണ്ടാവും.തൃശൂര്‍ ഭാഗത്തെവിടെയോ ആണ് വീട്.വിവാഹിതനാണെന്നും ഭാര്യയും കുട്ടികളുമായി പിണങ്ങിക്കഴിയുകയാണെന്നും ചേട്ടന്‍ പറഞ്ഞാണറിഞ്ഞത്.എന്തായാലും പോരും വരേയും അച്ഛനെന്നും അമ്മയെന്നും വിളിച്ച് തങ്ങളുടെ എല്ലാ കാര്യവും നോക്കാന്‍ അവനുണ്ടായിരുന്നു.സത്രത്തിലെ പ്രഭാഷണത്തിനും,സദ്യയ്ക്കുമെല്ലാം അവന്‍ പോയി സീറ്റു പിടിയ്ക്കും, എന്നുവേണ്ട ബാത്ത്‌റൂമില്‍ ചൂടു വെള്ളം തരപ്പെടുത്തി തരുന്നതില്‍ വരെ അവന്റെ ഉത്സാഹമുണ്ടായിരുന്നു.പത്തു ദിവസങ്ങള്‍ക്കു ശേഷം അവിടുന്ന് തിരിച്ചു പോരുമ്പോള്‍ അവനെ ഒരു മകനെപ്പോലെ താനും ഭര്‍ത്താവും സ്നേഹിച്ചു തുടങ്ങിയിരുന്നു.അനാഥനെപ്പോലെ അലഞ്ഞു തിരിഞ്ഞ് നടക്കാതെ തങ്ങളുടെയൊപ്പം പോരാന്‍ തങ്ങളാവതും നിര്‍ബ്ബന്ധിച്ചതാണ്.ആരെയോ കാണാനുണ്ടെന്നു പറഞവന്‍ ഒഴിഞ്ഞുമാറി.ഇന്നിപ്പോള്‍ രണ്ടു വര്‍ഷങ്ങള്‍‍ക്കു ശേഷമാണ് അവനെക്കുറിച്ചെന്തെങ്കിലും കേള്‍‍ക്കുന്നത്.

“അച്ഛനീപ്രായത്തിലീ വയ്യാ വേലിയൊക്കെ ചുമക്കേണ്ട വല്ല കാര്യവുമുണ്ടോ?ആരേയും വിശ്വസിയ്ക്കാന്‍ വയ്യാത്ത കാലമാ….ഏട്ടനിന്നാളും പത്രത്തിലെന്തോ വായിച്ചിട്ട് ഫോണ്‍ ചെയ്തായിരുന്നു…ഞാന്‍ പറഞ്ഞാല്‍ എല്ലാവരും പിണങ്ങും” പ്രതീക്ഷിച്ചപോലൊരു മറുപടിയും പറഞ്ഞ് രേവെതി അടുക്കളയിലേക്ക് പോയി.

മേനോനും ബാലനും ഉച്ചയൂണിന്റെ സമയത്തോടെയെത്തി..അവന്‍ നന്നേ മെലിഞ്ഞിരിയ്ക്കുന്നു.ആകെയൊരു ക്ഷീണം മുഖത്ത്, ലക്ഷ്മി വിലയിരുത്തി.അവന്‍ പഴയപോലെ തന്നെ അമ്മേയെന്ന് വിളിച്ച് അരികിലോടി വന്ന് വിശേഷങ്ങള്‍ ചോദിച്ചു. രേവതി വന്നപടിയേ ബാലനെ അടിമുടിയൊന്നു നോക്കി, അവളുടെ മുഖത്ത് തൃപ്തി കണ്ടില്ല.എങ്കിലും അതിഥിയോടുള്ള ആദരവുപോലെ അവള്‍ അവനെ നോക്കി ഒന്നു പുഞ്ചിരിച്ചു, പിന്നെ വേഗം രംഗത്തുനിന്നൊഴിഞ്ഞു.

തനിച്ചായപ്പോള്‍ മേനോന്‍ ബാലനോടു അവന്റെ കുടുംബത്തെക്കുറിച്ച് ചോദിച്ചു.. അവന്‍ മുഖം കുനിച്ചിരുന്നതേയുള്ളൂ.

“അവള്‍ ശരിയല്ലച്ചോ….അവള്‍ വേറൊരുരുത്തന്റെയൊപ്പം……ഒറ്റയടിയ്ക്ക് കൊല്ലാനൊരുങ്ങിയതാണച്ചോ…പിള്ളേരെയോര്‍ത്താ…” രണ്ടുകൊല്ലം മുന്‍പ് തന്റെ മുന്പിലിരുന്ന് അവന്‍ വികാരവിക്ഷോഭിതനായി പറഞ്ഞത് മേനോന്‍ മറന്നിട്ടില്ല. അപ്പോള്‍ താനൂഹിച്ചപോലെ അവന്റെ കുടുംബജീവിതത്തിലെ പ്രശ്നങ്ങള്‍ പൂര്‍ണ്ണമായൊഴിഞ്ഞിട്ടില്ല.കാര്യങ്ങളുടെ നിജസ്ഥിതിയെന്താണെന്ന് തനിയ്ക്കറിയില്ല,അവന്‍ പറഞ്ഞുള്ള അറിവേയുള്ളൂ.വേണ്ട, ഇനിയും ചോദിച്ച് അവനെ വിഷമിപ്പിയ്ക്കാന്‍ പോകേണ്ട.മേനോന്‍ പിന്നെയവനോട് അതേപ്പറ്റി ഒന്നും ചോദിച്ചില്ല. ഒന്നും ചോദിയ്ക്കരുതെന്ന് ലക്ഷ്മിയോടും പറഞ്ഞു.

ബാലനെ എവിടെ താമസിപ്പിയ്ക്കും? അവനെന്ത് പണി ശരിയാക്കിക്കൊടുക്കും?....മേനോന്‍ ആത്മസുഹൃത്തായ ഗോപിയെ വിളിച്ചാരാഞ്ഞു..ഗോപി അവന് ശാസ്തമംഗലത്തെ ചെറിയൊരു ഹോട്ടലില്‍ വെയിറ്ററുടെ പണി തരപ്പെടുത്തി കൊടുത്തു.അതിനോടു തന്നെ ചേര്‍ന്നൊരു മുറി താമസിയ്ക്കാനും ഏര്‍പ്പാടാക്കി.ഗോപി പറഞ്ഞതുകാരണം ആഴ്ച്ചയിലഞ്ചു ദിവസം മാത്രം പണിയെടുത്താല്‍ മതി.കുഴപ്പമില്ലാത്ത ശമ്പളവും.

ശനിയും ഞായറും പകല്‍ മുഴുവനും അവന്‍ വീട്ടില്‍ തന്നെയുണ്ടാവും.അല്ലാത്ത ദിവസങ്ങളില്‍ പണി നേരത്തേ കഴിഞ്ഞാല്‍ അവന്‍ വരും.പിന്നെ തന്റെ കൂടെ നടക്കാന്‍ കൂട്ടു വരും.വീട്ടില്‍ വന്നാലും അവന്‍ വെറുതേയിരിയ്ക്കില്ല, എന്തെങ്കിലുമൊക്കെ പണി ചെയ്ത് ലക്ഷ്മിയുടേയും രേവതിയുടേയും അധ്വാന ഭാരം കുറയ്ക്കും.രേവതി ആദ്യമൊന്നും അവനോട് കൂടുതലടുപ്പം കാട്ടിയില്ല.പതുക്കെപ്പതുക്കെ അവള്‍ അവനോടുള്ള പെരുമാറ്റത്തില്‍ അയവ് വരുത്തിത്തുടങ്ങി….

“മുഖം കണ്ടാലേ അറിയാം ആളത്ര ശരിയല്ലെന്ന്….എന്റെയൊരു തോന്നല്‍ വച്ച് ഒരു ക്രിമിനല്‍ ലുക്കാണയാള്‍ക്ക്….” രേവതി തന്നെയാണ്‍ ഒരിയ്ക്കലങ്ങനെ പറഞ്ഞതെന്ന് മേനോനോര്‍ത്തു…

ചെറുമകന്‍ വിഷ്ണുവിനും അവനോടലോഹ്യമൊന്നുമില്ല. അവന്‍ പതുക്കെ കുടുംബത്തിന്റെ ഒരു ഭാഗമായി തീരുന്നാത് മേനോനറിയുന്നുണ്ടായിരുന്നു.അയാളതില്‍ ഉള്ളുകൊണ്ട് സന്തോഷിച്ചു…ഒരു പക്ഷേ തന്നേക്കാളേറെ അവന്റെ സാമീപ്യം ഇഷ്ടപ്പെടുന്നത് ലക്ഷിയാണെന്നു തോന്നിയിട്ടുണ്ട്….ഇങ്ങനൊക്കെയാണെങ്കിലും ഗള്‍‌ഫിലുള്ള മകന്‍ ഇതില്‍ വലിയ തൃപ്തി കാട്ടിയില്ല.ബാലനെ എത്രയും പെട്ടെന്ന് പറഞ്ഞു വിടണമെന്നാണവന്റെ പക്ഷം…എന്തു വിശ്വസിച്ചാണ് ഒരു പരിചയവുമില്ലാത്തൊരാളെ വിളിച്ച് വീട്ടില്‍ കയറ്റുന്നതെന്നാണവന്റെ ചോദ്യം…മകന്റെ അനിഷ്ടം മേനോനെ അലട്ടുന്നുണ്ടായിരുന്നുവെങ്കിലും അയാള്‍ അതു സാരമാക്കിയില്ല.

മകന്റെ അനിഷ്ടത്തെക്കുറിച്ച് അയാള്‍ ഗോപിയോടും സൂചിപ്പിച്ചു.ഗോപിയുടെ മറുപടി പക്ഷേ അയാളെ വല്ലാതെ അസ്വസ്ഥനാക്കുകയാണുണ്ടായത്.

“അവനേതു തരക്കാരനോ ആകട്ടെ…പക്ഷേ അവനിപ്പോഴും ചെറുപ്പമാ…നിന്റെ മരുമകള്‍ക്കും…മകനെ കുറ്റം പറയാന്‍ പറ്റുമോ?”

അന്നു മുഴുവന്‍ അയാള്‍ ആലോചനയിലാണ്ടു….തന്റെ ഗൌരവം കണ്ടിട്ട് ലക്ഷ്മി കാര്യമെന്തെന്ന് ചോദിയ്ക്കുകയും ചെയ്തു.അയാള്‍ ഒന്നും പറഞ്ഞില്ല്.

ബാലനെപ്പറ്റി മുന്‍പ് താന്‍ കേള്‍ക്കാനിടയായ ചില കഥകള്‍ അയാളുടെ അസ്വസ്ഥതയുടെ ആഴം കൂട്ടി.സ്ത്രീവിഷയത്തില്‍ ആളൊരു വിരുതനാണെന്ന് തമാശമട്ടില്‍ അന്ന് റൂമിലിണ്ടായിരുന്ന ഓച്ചിറക്കാരനൊരു സ്വാമി പറഞ്ഞതോര്‍ക്കുന്നു.സത്രത്തിന്‍ വന്ന സ്ത്രീകളെക്കുറിച്ച് അവനെന്തോ കമന്റ് പറഞ്ഞതാണു കാര്യം.ബാലനെന്തൊക്കെയോ ചുറ്റിക്കളിയുണ്ടെന്ന് അയാള്‍ തമാശമട്ടില്‍ അവനെ കളിയാക്കിയിരുന്നു. താനന്നത് വെറുമൊരു തമാശയായി തള്ളി….ഇന്നിപ്പോള്‍ അതുകൂടിയോര്‍ത്തപ്പോള്‍ മനസ്സാകെ കലങ്ങി മറിഞ്ഞിരിയ്ക്കുന്നു.

“അച്ഛാ…അച്ഛനുറങ്ങുകയാണോ?” ബാലന്റെ സ്വരം അയാളെ ഓര്‍മ്മയില്‍ നിന്നുണര്‍ത്തി…

“ഊം….”അയാള്‍ വെറുതേ മൂളി….

“അമ്മയെവിടെ….?” അവന്‍ പതിവുപോലെ അടുക്കളയിലേക്കു പോയി…..മേനോന്‍ അസ്വസ്ഥതയോടെ കസേരയുടെ കൈവരിയില്‍ തെരുപ്പിടിച്ചു.

അവന്‍ വന്നാല്‍ അടുക്കളയില്‍ ലക്ഷ്മിയേയും രേവതിയേയും സഹായിയ്ക്കാന്‍ കൂടാറാണ് പതിവ്…പിന്നെ അകത്തു നിന്ന് പൊട്ടിച്ചിരിയും ഉച്ചത്തിലുള്ള സംസാരവും പതിവാണ്…ലക്ഷ്മി എപ്പോഴും ആ മുറിയിലുണ്ടാവണമെന്നില്ല…

ഭ്രാന്തു പിടിയ്ക്കുന്നതുപോലെ….മേനോന്‍ കസാരയില്‍ നിന്നെഴുന്നേറ്റു…മുറിയില്‍ പോയി ഡ്രെസ്സ് മാറി വെയിലത്തേക്കിറങ്ങി നടന്നു….ഒരു പക്ഷേ അവന് സഹോദരീ തുല്യമായ മനോഭാവമാവാം രേവതിയോട്.മ്യൂസിയത്തിലെ ചാരു ബഞ്ചിലിരിയ്ക്കുമ്പോള്‍ ഗോപിയോട് കടുത്ത ദേഷ്യം തോന്നി.ഇടയ്ക്ക് അവന്‍ പറഞ്ഞതാണു ശരിയെന്നും തോന്നി…..ഇനിയിതിങ്ങനെ വിട്ടാല്‍ പറ്റില്ല…അയാളുറച്ചു.

“ശനിയും ഞായറുമൊന്നും നീ വെറുതേ അവിടുന്നിവടെ വരെ ചാടി വരേണ്ട” എന്ന് സ്നേഹത്തോടെ അവനോടു പറഞ്ഞു നോക്കി….

“സാരമില്ലച്ഛാ…ഞാന്‍ വെറുതേയിരിയ്ക്കുകയല്ലേ..”ആ മറുപടിയില്‍ ആ മാര്‍ഗ്ഗവുമടഞ്ഞു.

“അടുക്കളയില്‍ നീയിനി പെണ്ണുങ്ങളെ സഹായിയ്ക്കാന്‍ പോകേണ്ട്…പുറം പണിയെന്തെങ്കിലും ചെയ്താല്‍ മതി…”സ്നേഹപൂര്‍വ്വമുള്ള ശാസനയും ഭലിച്ചില്ല.

തന്റെ നിയന്ത്രണം തനിയ്ക്കു നഷ്ടപ്പെട്ടേക്കുമോയെന്നയാള്‍ ഭയന്നു…..

വൈകീട്ട് മകന്റെ ഫോണുണ്ടായിരുന്നു. “അവനെ ഞാന്‍ പറഞ്ഞു വിടാം…”എന്ന അച്ഛന്റെ ശാന്തമായ മറുപടി അയാളെ തെല്ലൊന്നമ്പരപ്പിച്ചു….തനിയ്ക്കെങ്ങനെ അങ്ങനെ പറയാന്‍ കഴിഞ്ഞുവെന്ന് പിന്നീട് മേനോന്‍ വ്യസനത്തോടെയോര്‍ത്തു….

ശനിയാഴ്ച്ചത്തെ ഉച്ച മയക്കം കഴിഞ്ഞെഴുന്നേറ്റപ്പോള്‍ ലക്ഷ്മി ചായയുമായി വന്നു. രേവതിയെവിടെയെന്ന് മേനോനന്വോഷിയ്ക്കാതിരുന്നില്ല. അവള്‍ മാര്‍ക്കറ്റില്‍ പോയെന്ന മറുപടിയാണ് ലഭിച്ചത്.

ഇരുളു വീണു തുടങ്ങിയപ്പോഴാണ് മേനോന്‍ രേവതിയെക്കുറിച്ച് വീണ്ടുമാരാഞ്ഞത്…

“നിങ്ങള്‍ പേടിയ്ക്കാതിരി….ബാലനുമുണ്ട് കൂടെ….”

മേനോന്റെ തുറിച്ചു നോട്ടത്തിന്റെ അര്‍ത്ഥം മനസ്സിലാവാതെ അവര്‍ പരിഭ്രമിച്ചു.

“എന്താ നിങ്ങളിങ്ങനെ നോക്കുന്നെ….” ഭാര്യയുടെ കൈ തട്ടിമാറ്റി കയ്യിലിരുന്ന പത്രം വലിച്ചെറിഞ്ഞിട്ട് അയാള്‍ മുറ്റത്തേക്കിറങ്ങി…..

തന്റെ മുഖം വലിഞ്ഞു മുറുകുന്നതും ചുണ്ടുകള്‍ വിറയ്ക്കുന്നതും മേനോനറിയുന്നുണ്ടായിരുന്നു.ഇരുളിന്റെ കട്ടി കൂടി വരുന്നു….

പരിഭ്രമത്തോടെ അകന്നു മാറി നില്‍ക്കുന്ന ഭാര്യയെ തീര്‍ത്തും അവഗണിച്ച് അയാള്‍ റൂമില്‍പ്പോയി പാന്റും ഷര്‍ട്ടുമിട്ടു വന്നു. ഗേറ്റിന്റെ മുന്‍പിലെത്തിയതും വെളിയിലൊരോട്ടോ വന്നു നിന്നു. ആദ്യം ബാലന്‍ വലിയൊരു കവറുമായി ഫ്രണ്ട് സീറ്റില്‍ നിന്നിറങ്ങി…പിന്നില്‍ നിന്ന് രേവതിയും…അവള്‍ തന്നെ ഓട്ടോക്കാരനു കാശുകൊടുത്തു…ഓട്ടോക്കാരനോട് എന്തോ പറഞ്ഞ് മൂന്നു പേരും ചിരിയ്ക്കുന്നുമുണ്ടായിരുന്നു. മേനോന്‍ നിന്നിടത്തു നിന്നനങ്ങിയില്ല.

“അച്ഛനീ രാത്രിയിലിതെങ്ങോട്ടാ….?” അടുത്തു വന്നപ്പോള്‍ രേവതി സ്നേഹത്തോടെ ചോദിച്ചു…..

“അമ്മേ ബാലേട്ടന്റെ കയ്യില്‍ നിന്ന് ഈ സാധനമൊക്കെ ഒന്നു വാങ്ങി വയ്ക്ക്…” തനിയ്ക്കു ചുറ്റിനും നടക്കുന്നതിലൊന്നും അയാളുടെ ശ്രദ്ധ പതിഞ്ഞില്ല. അയാള്‍ പതിയെ തിരിച്ചു നടന്ന് വരാന്തയില്‍ കസേരയില്‍ തളര്‍ച്ചയോടെയിരുന്നു….

എത്ര നേരം ഇരുളിലേക്ക് നോക്കിയിരുന്നുവെന്നറിയില്ല.

“അച്ഛാ…അച്ഛന്റെ മുഖത്തെന്താ ഒരു ക്ഷീണം പോലെ…..” മേനോന്‍ ഞെട്ടലോടെ തല നിവര്‍ത്തി നോക്കി. മുന്നില്‍ ബാലന്‍….അവന്‍ പതിവുള്ള പോലെ കൈകളില്‍ സ്നേഹപൂര്‍വ്വം ചെറുതായി തലോടി….

മേനോന്‍ അവനെത്തന്നെ നോക്കി ഭാവഭേദമില്ലാതെ കുറേ നേരമിരുന്നു.

പിന്നെ ചുണ്ടുകളനക്കി.
“നീയിനിയിവിടെ വരരുത്……” ഉറച്ച ശബ്ദത്തിലങ്ങനെ പറയുമ്പോള്‍ മേനോന്റെ മുഖം തീര്‍ത്തും ശാന്തമായിരുന്നു.

അവന്‍ കുറേ നേരം മേനോന്റെ മുഖത്തെക്ക് അമ്പരപ്പോടെ നോക്കി….

“അച്ഛാ ഞാന്‍……..” അതു പറയുമ്പോള്‍ അവന്റെ വാക്കുകളിടറി…. പിന്നെ പിന്‍ തിരിഞ്ഞു നോക്കാതെ ഇരുളിലേക്കിറങ്ങി നടന്നു.

അവനുണ്ടാക്കിയ ശൂന്യതയിലേക്ക് മിഴിയൂന്നിയിരിയ്ക്കെ മേനോന്റെ മനസ്സില്‍ നിറഞ്ഞ വാത്സല്യമായിരുന്നു…അയാള്‍ നിറ കണ്ണുകള്‍ അമര്‍ത്തി തുടച്ചു…

“ബാലന്‍ പോയോ….?” അവനു ചായയുമായി വന്ന ഭാര്യയുടെ ചോദ്യം കേട്ടില്ലെന്നു നടിച്ച് അയാള്‍ തന്റെ മുറിയിലേക്കു നടന്നു. ക്ഷീണവും തളര്‍ച്ചയും കാരണം താന്‍ വീണേക്കുമോയെന്ന് അയാള്‍ ഭയന്നു……

ലക്ഷ്മി ചായക്കപ്പുമായി അവനെ വീണ്ടും വിളിയ്ക്കുന്നത് അയാള്‍ കേള്‍ക്കുന്നുണ്ടായിരുന്നു …അയാള്‍ തന്റെ റൂമിനെ ലക്‍ഷ്യമാക്കി വീണ്ടും നടന്നു……