Thursday, October 12, 2006

ചന്ദനവളയിട്ട കൈകള്‍.......(ചെറുകഥ)
ന്ദന വളയിട്ട കൈകൊണ്ടു നീ
മണിച്ചെമ്പകപ്പൂക്കളമെഴുതുമ്പോള്‍.....
പിറകിലൂടന്നു ഞാന്‍ മിണ്ടാതെ വന്നെത്തി
മഷിയെഴുതാത്ത നിന്‍ മിഴികള്‍ പൊത്തി.......

ടീവിയില്‍ നല്ലൊരു ലളിതഗാനം ഉച്ചത്തില്‍പ്പാടുന്നു.ശബ്ദം കേട്ടിട്ടാണ് നന്ദന്‍ മേനോന്‍ സ്വീകരണ മുറിയിലേക്കു വന്നത്‌.ടീ. വി കണ്ടുകൊണ്ടിരുന്ന ചെറുമകനെക്കാണാനില്ല.'വിഷ്ണുവിന്റെ ചെലനേരത്തെ ശീലങ്ങള്‍ കണുമ്പോള്‍...'ദേഷ്യപ്പെട്ട്‌ ടീ. വി ഓഫ്‌ ചെയ്യാന്‍ ഭാവിയ്ക്കുകയായിരുന്നു മേനോന്‍.ഇത്‌ ആദ്യത്തെ തവണയല്ല.ടീ. വി വച്ചിട്ട്‌ ഗ്രൌണ്ടില്‍ ക്രിക്കറ്റ് കളിയ്ക്കാന്‍ പോകുന്നത്‌ ഒരു സ്ഥിരം ഏര്‍പ്പാടാക്കിയിട്ടുണ്ട്‌.വാരാന്ത്യമായതുകൊണ്ട്‌ വിഷ്ണുവിന്റെ സ്കൂളവധിയാണ്.മേനോന്‍ ആ പാട്ട്‌ വീണ്ടും ശ്രദ്ധിച്ചു. നല്ല സംഗീതവും വരികളും,റേഡിയോവില്‍ പണ്ടു വരുമായിരുന്ന എം.ജി രാധാകൃഷ്ണന്റ്റേയും പെരുമ്പാവൂരിന്റേയുമൊക്കെ ഗാനങ്ങളെ ഓര്‍മ്മിപ്പിച്ചു.ടി. വി ഓഫാക്കാതെ അയാള്‍ സോഫയിലിരുന്ന് പാട്ടു ശ്രദ്ധിച്ചു.ആയിരിപ്പില്‍ മോട്ടോര്‍ ഓഫാക്കുന്ന കാര്യം എന്നതേയും പോലെ മറന്നിരുന്നു.

രുമകളുടെ ശകാരം കേട്ടുകൊണ്ടാണ് അയാള്‍ ചിന്തയില്‍ നിന്ന് മുക്തനായത്‌. പാട്ട്‌ എപ്പോഴോ തീര്‍ന്നിരുന്നു."അച്ഛനോട്‌ ഞാനിതെത്രാമത്തെ തവണയാ മോട്ടോര്‍ ഓഫാക്കാന്‍ മറക്കല്ലേ എന്നു പറയുന്നത്‌.അച്ഛനിവിടൊന്നുമല്ലേ?". മേനോന്‍ നിന്നു പരുങ്ങി.നോട്ടത്തിന്റെ കാഠിന്യം ഒട്ടു കുറയ്ക്കാതെ തന്നെ രേവതി അച്ഛനെ നേരിട്ടു. ഒടുവില്‍ എന്തൊക്കെയോ പിറുപിറുത്തു കൊണ്ട്‌ അവള്‍ പിന്‍‌വാങ്ങി.ദേഷ്യപ്പെട്ട്‌ ടീ.വി ഓഫാക്കി അയാള്‍ സോഫയിലേക്ക്‌ തളര്‍ന്നിരുന്നു.ഭാര്യ അടുക്കളയിലെവിടെയോ ആണ്. അയാള്‍ക്ക്‌ മനസ്സിലെവിടെയോ ഒരു ചെറു നീറ്റലനുഭവപ്പെട്ടു.ഒറ്റ മകനേയുള്ളു,അവനിപ്പോള്‍ ഗള്‍ഫില്‍ ജോലി നോക്കുന്നു. രേവതിയെ മരുമകളായി ഈ വീട്ടില്‍ കൊണ്ടു വന്നിട്ട്‌ പതിമ്മൂന്നു വര്‍ഷമാകുന്നു.സ്നേഹക്കുറവൊന്നുമില്ല,തന്റേയും ഭാര്യയുടേയും സകല കാര്യങ്ങളും അവള്‍ നോക്കും. പക്ഷേ പലപ്പോഴും പരുഷമായി സംസാരിയ്ക്കുക എന്നത്‌ അവളുടെ ഒരു കുഴപ്പമാണ്.എളുപ്പം ദേഷ്യം വരുകയും ചെയ്യും. അവളുടെ കയ്യില്‍ നിന്ന് ശകാരം ഇതാദ്യവുമല്ല.എന്നാലും......പ്രായത്തിന്റെയാവും എവിടെയെങ്കിലുമിരുന്നാല്‍ അവിടെത്തന്നെയിരുന്നുപോകും. വയസ്സ്‌ അറുപത്തിനാലാകുന്നു,ഓര്‍മ്മപ്പിശക്‌ കുറേശ്ശെയൂണ്ട്‌.ശാസിയ്ക്കുമ്പോള്‍ ശത്രുവിനോടെന്ന മട്ടിലാണവള്‍ സംസാരിയ്ക്കുക.എയര്‍ ഫോഴ്സിലായിരുന്നു,വിരമിച്ചിട്ട്‌ അധികമായില്ല. ഇന്നേ വരെ മറ്റുള്ളവര്‍ ബഹുമാനത്തോടെയേ സാംസാരിച്ചിട്ടുള്ളൂ. ചിട്ടയോടെ വളര്‍ത്തിയിരുന്നതുകൊണ്ട് മകന്‍ എതിര്‍‌ത്തൊന്നും പറഞ്ഞിരുന്നില്ല.രേവതിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.ചെറുപ്പം മുതലേ അവളല്‍പ്പം മുന്‍ശുണ്ഠിയാണെന്ന് അവളുടെ അച്ഛനുമമ്മയും തമാശ മട്ടില്‍ പെണ്ണു കാണുമ്പോഴേ സൂചിപ്പിച്ചിരുന്നു.പരാതി പറയാനോ തിരിഞ്ഞു നിന്ന് വഴക്കു കൂടാനോ മേനോന് താത്പര്യമില്ല.എല്ലാറ്റിനുമുപരി മകളെപ്പോലെ എല്ലാക്കാര്യവും നോക്കുന്ന അവളോട് മറ്റൊന്നും പറയാനുമാവുമായിരുന്നില്ല.അച്ഛാ...എന്ന് സ്നേഹത്തോടെ വിളിയ്ക്കുന്ന രേവതി തന്നെയാണോ ചിലപ്പോള്‍ ചെറിയ കാര്യങ്ങള്‍ക്കു പോലും കുറ്റപ്പെടുത്തുകയും ദേഷ്യപ്പെടുകയും ചെയ്യുന്നതെന്ന് മേനോന്‍ അത്ഭുതത്തോടെയോര്‍ക്കാറുണ്ട്.അതുകൊണ്ട് പരമാവധി അവളെ ശുണ്ഠിപിടിപ്പിയ്ക്കാതെ നോക്കുകയേ നിവൃത്തിയുള്ളൂ.ചെറുമകനേയും കൂട്ടി മുറ്റത്തെ ചെറിയ പൂന്തോട്ടം ഒന്നു ശരിയാക്കണമെന്നൊക്കെ വിചാരിച്ചതാണ്.ഇന്നിനി ഒന്നിനും കഴിയുമെന്നു തോന്നുന്നില്ല.മനസ്സു കെട്ടു പോയിരിയ്ക്കുന്നു.


മുറിയിലെത്തി പാന്റ്സും ഷര്‍ട്ടുമെടുത്തിടുമ്പോള്‍ റൂമിലേക്കാരും വരുന്നില്ലെന്ന് മേനോന്‍ ഉറപ്പു വരുത്തി.ലക്ഷ്മിയോടും രേവതിയോടും പറയാതെ രാവിലെ പലപ്പോഴും താന്‍ പുറത്തുപോകാറുള്ളതുകൊണ്ട് അവര്‍ പരിഭ്രമിയ്ക്കില്ലെന്ന് ഗേറ്റു കടക്കുമ്പോള്‍ മേനോന്‍ കണക്കു കൂട്ടി.പതിനൊന്നുമണിയായിട്ടുണ്ടാവും.രണ്ടുവശവും കോണ്‍ക്രീറ്റ് സൌധങ്ങള്‍ നിറഞ്ഞ ചെറിയ ഇടവഴിയിലൂടെ മേനോന്‍ വേഗത്തില്‍ നടന്നു.ക്ലബ്ബിലോ ലൈബ്രറിയിലോ മ്യൂസിയത്തിലോ ഒക്കെയായിട്ടുള്ള തന്റെ വാര്‍ദ്ധക്യത്തിന്റെ ആഘോഷത്തിന് അവര്‍ എതിരല്ല.എവിടെപ്പോയാലും ഉച്ചയ്ക്കുണ്ണാനെത്തുമെന്നവര്‍ക്കറിയാം.എന്നിട്ടൊരുച്ചയുറക്കം പതിവാണ്.പിന്നെ നല്ല പുസ്തകങ്ങളൊന്നും വീട്ടിലില്ലെങ്കില്‍ അച്ഛന്‍ വീണ്ടുമിറങ്ങുമെന്ന് മരുമകള്‍ക്കറിയാം.അതുകൊണ്ടാവാം ഇടയ്ക്കൊക്കെ പുസ്തകങ്ങള്‍ അവള്‍ കാശുകൊടുത്ത് വാങ്ങിക്കൊണ്ടു വരും.എന്തായാലും കൂടിപ്പോയാല്‍ ഒന്‍പതുമണി,അതില്‍ക്കൂടുതല്‍ ദേശാടനം പതിവില്ല.

വെള്ളയമ്പലത്തെ റോഡുകള്‍ ആറുവരിപ്പാതയാക്കിയതോടെ ഗതാകത സൌകര്യങ്ങള്‍ മെച്ചപ്പെട്ടു.എങ്കിലും തനിയ്ക്കു പ്രീയപ്പെട്ട ചില മരങ്ങള്‍ അവിടെ നിന്ന് അപ്രത്യക്ഷമായി.ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോള്‍ മേനോന്‍ അവയുടെ പഴയ സ്ഥാനം കണ്ടു പിടിയ്ക്കാനൊരു ശ്രമം നടത്തി.

ങ്ങോട്ടാണു പോവുക?.ബസ് സ്റ്റോപ്പില്‍ ആലോചനയോടെ നിന്നു.മ്യൂസിയം വരെ നടക്കാം.പിന്നെയെന്താണെന്നു വച്ചാല്‍ തീരുമാനിയ്ക്കാം.അയാള്‍ തണല്‍ മരങ്ങളുടെ ഇടയില്‍ക്കൂടി നടന്നു.കവടിയാറായപ്പോള്‍ മേനോന്‍ നിന്നു.നിശാഗന്ധിയില്‍ എന്തെങ്കിലും പരിപാടിയ്ക്കായി വന്നിട്ട് കുറച്ചു നാളായി.തന്റെ ആത്മസുഹ്രൂത്തായ ഗോപിയോടു ചോദിച്ചാല്‍ പരിപാടി വല്ലതുമുണ്ടോയെന്ന വിവരമറിയാം.ചലച്ചിത്രമേളയ്ക്കായിരുന്നു ഒടുവിലിവിടെ വന്നത്.പേരുപോലെ സന്ധ്യയ്ക്ക് മാത്രം വിരിയുന്ന ഒരു ഓപ്പണ്‍ ആഡിറ്റോറിയം.

രാവിലെ രണ്ടിഡ്ഡലി മാത്രം കഴിച്ചതാണ്.ചെറുതായി വിശക്കുന്നു.മ്യൂസിയത്തില്‍ കയറാതെ തൊട്ടപ്പുറത്തുള്ള നഗരസഭാ മന്ദിര വളപ്പിലേക്കു നടന്നു.അതിനുള്ളിലെ ഇന്റ്യന്‍ കോഫീ ഹൌസ് ആയിരുന്നു മേനോന്റെ ലക്ഷ്യം.കൈകഴുകിയിട്ടിരിയ്ക്കുമ്പോള്‍ തന്നെ കടന്നു പോയ സ്ത്രീയെ മേനോന്‍ ശ്രദ്ധിയ്ക്കാതിരുന്നില്ല.തിരിച്ചു വരുമ്പോഴാണ് മുഖം വ്യക്തമായത്.പരിചയം തോന്നിയത് വെറുതേയല്ല.മേനോനെ കണ്ടതോടെ വിശാലം ആഹ്ലാദത്തോടെ അടുത്തുള്ള സീറ്റില്‍ വന്നിരുന്നു.മേനോന്‍ ചെറിയൊരസസ്വസ്ഥതയോടെ കസേരയില്‍ ഒന്നിളകിയിരുന്നു.

“ഈ സമയത്ത് മേനോനെ ഞാനിവിടെ പ്രതീക്ഷിച്ചില്ല്യ.....ഞാനും കൂടിക്കോട്ടെ?”

“അതിനെന്താ....” മേനോന്‍ പ്രസന്നമായ ഭാവത്തോടെ പുഞ്ചിരിച്ചു.

“ഓര്‍ഡര്‍ ചെയ്തുവോ.....”ഇല്ലെന്നറിഞ്ഞപ്പോള്‍ അവര്‍ തന്നെ മുന്‍‌കയ്യെടുത്ത് രണ്ടു മസാല ദോശ ഓര്‍ഡര്‍ ചെയ്തു.മേനോന്‍ പ്രതിഷേധിച്ചില്ല.മസാല ദോശയോടു മുന്‍പുണ്ടായിരുന്ന പ്രീയം ഇപ്പോഴുമുണ്ടാവുമെന്നു വിശാലത്തിനു തോന്നിയിട്ടുണ്ടാവാം.കയ്യിലെ കറുത്ത ബാഗില്‍ നിന്ന് കാര്യമായെന്തോ തിരയുകയായിരുന്ന വിശാലത്തിനെ മേനോന്‍ അവരറിയാതെ വീണ്ടും നോക്കി.പഴയ പരിചയക്കാരിയെ രണ്ടാഴ്ച്ച മുന്‍പ് മ്യൂസിയത്തിലെ ഒരു തണുത്ത പ്രഭാതത്തില്‍ നിനച്ചിരിയ്ക്കാതെ കണ്ടുമുട്ടുകയായിരുന്നു.അതും നാല്‍പ്പത്തഞ്ചോളം വര്‍ഷങ്ങള്‍ക്കു ശേഷം.ആദ്യം തിരിച്ചറിഞ്ഞതും വിശാലമായിരുന്നു.പ്രഭാതത്തിലെ നേര്‍ത്ത മഞ്ഞിനുമൊളിപ്പിയ്ക്കാന്‍ കഴിയാത്തതെന്തോ ഒരല്പ നേരത്തിനു ശേഷം താനും കണ്ടു പിടിച്ചു.വെള്ളി രേഖ വീണ നീളം കുറഞ്ഞ ആ മുടികളും ആ വണ്ണവും ഒരല്‍പ്പം ബുദ്ധിമുട്ടിച്ചുവെങ്കിലും...ചിരിച്ചപ്പോള്‍ വളരെക്കാലമായി അടച്ചു പൂട്ടിയിരുന്ന മുറി തുറന്നതുപോലെ ഓര്‍മ്മകളും മലര്‍ക്കെത്തുറന്നു.കണ്ണുകളിലെ പ്രകാശം ഇരുള്‍വീണ മുറിയിലേക്ക് പ്രകാശമെന്നതുപോലെ പരന്നൊഴുകിയതും മറന്നിട്ടില്ല.അന്നും ഏറെ നേരം കാര്യം പറഞ്ഞത് വിശാലമായിരുന്നു.എന്തു ചെയ്യണമെന്നറിയാതെ താന്‍ വെറുതേ പുഞ്ചിരിച്ചു കൊണ്ടു നിന്നു.എങ്ങനെ തന്നെ തിരിച്ചറിഞ്ഞുവെന്ന് ചോദിയ്ക്കണമെന്നുണ്ടായിരുന്നു,പക്ഷേ ചോദിച്ചില്ല.അന്നത്തെ കൂടിക്കാഴ്ച്ചയ്ക്കു ശേഷം ഒരാഴ്ച്ചയോളം രാവിലത്തെ നടത്തം എന്തുകൊണ്ടോ ഒഴിവാക്കി.ലക്ഷ്മി അതില്‍ വലിയ കഥയൊന്നും കണ്ടില്ല.പക്ഷേ രേവതി അച്ഛനെന്തോ പറ്റിയെന്ന് ലക്ഷ്മിയോടു പറയുന്നതു കേട്ടു.നടത്തം വീണ്ടും പുനരാരംഭിച്ചപ്പോള്‍ വീണ്ടും രണ്ടു തവണ കണ്ടു,.ആ കൂടിക്കാഴ്ച്ചകള്‍ പക്ഷേ ചെറിയ കുശലം പറച്ചിലുകളിലൊതുങ്ങി.

വിശാലം ബാഗില്‍ നിന്ന് പേനയും ചെറിയൊരു നോട്ടുബുക്കുമെടുത്തപ്പോള്‍ നോട്ടം പിന്‍ വലിച്ച് മേനോന്‍ വെയിറ്ററെ തിരഞ്ഞു.അവര്‍ നോട്ടുബുക്കു വിടര്‍ത്തി എന്തോ ഗൌരവത്തോടെ നോക്കി.പിന്നെയത് മേനോന്റെ നേര്‍ക്കു നീട്ടി.അതില്‍ ഇന്‍‌ഗ്ലീഷിലെഴുതിയിരിയ്ക്കുന്ന അഡ്രസ്സ് മേനോന്‍ ശ്രദ്ധയോടെ വായിച്ചു. തൈയ്ക്കാട്ടുള്ള ഇസ്കോണിന്റെ* അഡ്രസ്സ്‌.

അയാള്‍ ചോദ്യ ഭാവത്തില്‍ അവരെ നോക്കി.

"എനിയ്ക്കവിടെ വരെ പോയിട്ടൊരു കാര്യമുണ്ടായിരുന്നു.മകന്‍ കുറച്ച്‌ ബുക്കുകള്‍ വാങ്ങാന്‍ പറഞ്ഞെല്‍പ്പിച്ചിരുന്നു. ഇതെവിടെയാണെന്നു മേനോനറിയുമോ?"

"അറിയും...ശ്രീമതി പറഞ്ഞിട്ട്‌ ഭഗവത്‌ ഗീതയുടെ മലയാള വിവര്‍ത്തനത്തിനം വാങ്ങാന്‍ ഒരിയ്ക്കല്‍ പ്പോയിട്ടുണ്ട്‌. "

തലപ്പാവ്‌ വച്ച വെയിറ്റര്‍ മസാല ദോശ കൊണ്ടു വച്ചു.

"ആശ്വാസമായി....ഞാനവിടെ ഇതിനു മുന്‍പ് പോയിട്ടില്ല.എന്റെയൊപ്പം അവിടെ വരെ വരാമോ?".വിശാലം പ്രതീക്ഷയോടെ മേനോനെ നോക്കി.

എന്തു മറുപടി പറയണമെന്നറിയാതെ മേനോന്‍ ഒരു നിമിഷം പരുങ്ങി.

"അതിനെന്താ....സന്തോഷമേയുള്ളൂ..."മേനോന്‍ തണ്റ്റെ പരിഭ്രമം ഒരു പുഞ്ചിരികൊണ്ടു മറച്ചു.

ക്ഷണം കഴിയ്ക്കുമ്പോള്‍ മേനോന്‍ വെറുതേ അസ്വസ്ഥമാകുന്ന മനസ്സിനെ നിയന്ത്രിയ്ക്കാനൊരു പാഴ്‌ശ്രമം നടത്തി.യൂണിവേഴ്സിറ്റി കോളെജില്‍ വിശാലം ഡിഗ്രിയ്ക്ക്‌ തന്റെയൊപ്പമായിരുന്നു.സ്ത്രീ പുരുഷ സൌഹൃദങ്ങള്‍ ഫാഷനല്ലായിരുന്ന ആ കാലത്‌ തനിയ്ക്കു പക്ഷേ പെണ്‍സൌഹൃദങ്ങള്‍ ധാരാളമുണ്ടായിരുന്നു.അതിലൊരാളായിരുന്നു വിശാലവും.പലപ്പോഴും അത്യാവശ്യത്തിനു പണം കടം തരുമായിരുന്നു ,നഗരത്തിലെ പ്രശസ്തനായ വക്കീലിന്റെ ഒരേയൊരു മകള്‍.ഒടുവില്‍ ക്ളാസ്സുകള്‍ അവസാനിയ്ക്കാറായപ്പോള്‍ അവളുടെ ആട്ടോഗ്രഫില്‍ താനൊരു കവിത കുറിച്ചിട്ടു.കൂട്ടുകാരെല്ലാം കൂടി അതു പിന്നെ ഒരു പ്രണയ കഥയായി കൊട്ടിഘോഷിച്ചു.പിന്നെ പഠനം പൂര്‍ത്തിയാക്കി പോകുന്നതു വരെ വിശാലം തന്നോടു മിണ്ടിയിട്ടില്ല.ഇടയ്ക്കെപ്പോഴോ തന്റെയുള്ളില്‍ ചില മോഹങ്ങളുദിച്ചുവെങ്കിലും വിശാലം പിന്നെ തന്നെ കാണാതെ ഒഴിഞ്ഞുമാറുമായിരുന്നു.പോരും വരേയും അവള്‍ തനിയ്ക്കു പിടി തന്നിട്ടില്ല.ഗോപിയ്ക്കുമാത്രമറിയാമിതൊക്കെ. രാവിലെ ടീ.വീയില്‍ ആ പാട്ടുകേട്ടപ്പോള്‍ താന്‍ അന്നത്തെ ആ കവിത ഓര്‍ത്തെടുക്കാന്‍ ശ്രമിയ്ക്കുകയായിരുന്നു.എത്ര ശ്രമിച്ചിട്ടും നാലു വരിയേ ഓര്‍മ്മ വന്നുള്ളൂ…അതു കാരണം മരുമോളുടെ ശകാരം രാവിലെ കണക്കിനു കിട്ടുകയും ചെയ്തു.മേനോനു ചിരിയ്ക്കാതിരിയ്ക്കാന്‍ കഴിഞ്ഞില്ല.കാലമേറെക്കടന്നു പോയിരിയ്ക്കുന്നു.ഗോപിയുടെ ഭാഷയില്‍ പറഞ്ഞാല്‍ കരമനയാറ്റില്‍ ധാരളം വെള്ളം പിന്നെയും ഒഴുപ്പോയിരിയ്ക്കുന്നു.


പാളയത്ത് യൂണിവേഴ്സിറ്റി ഹോസ്റ്റലിന്റെ മുന്‍പില്‍ നിന്ന് അവര്‍ തമ്പാനൂരേക്കുള്ള ഓര്‍ഡിനറി ബസില്‍ കയറി.മുന്നില്‍ സീറ്റുകള്‍ ധാരാളം കിടന്നിട്ടും രണ്ടുപേരും വെവ്വേറെ സീറ്റുകളിലിരുന്നു.ടിക്കറ്റിന് കാശു കൊടുത്തപ്പോള്‍ പിറകില്‍ നിന്നെടുത്തിട്ടുണ്ടെന്ന് കണ്ടക്ടര്‍ പറഞ്ഞു.മേനോന്‍ തന്റെ പ്രതിഷേധം ഒരു നോട്ടത്തിലൂടെ അറിയിച്ചു.വിശാലം പക്ഷേ അതു കണ്ട ഭാവം നടിച്ചില്ല.തമ്പാനൂരില്‍ നിന്ന് മേനോന്‍ തന്നെയാണ് ഒരു ഓട്ടോ വിളിച്ചത്.സംസാരിയ്ക്കാന്‍ ഒരു വിഷയമില്ലാത്തതുപോലെ അവര്‍ രണ്ടുപേരും ഇന്നു വരെ കാണാത്ത മട്ടില്‍ പുറത്തെ കാഴ്ച്ചകളിലേക്കു കണ്ണുനട്ടു.വിശാലത്തെപറ്റി ചോദിയ്ക്കാനൊരുങ്ങിയതാണ്.അപ്പോഴേക്കും ഓട്ടോ ഇസ്കോണിന്റെ മുറ്റത്തെത്തിയിരുന്നു.

വര്‍ പുസ്തകം വാങ്ങിയിട്ടു വരുന്നതു വരെ മേനോന്‍ പുറത്തു കാത്തു നിന്നു.ആ നില്‍പ്പ് മുക്കാല്‍മണിക്കൂറോളം നീണ്ടു.മേനോന്‍ വാച്ചില്‍ നോക്കി.പന്ത്രണ്ടേമുക്കാലാവുന്നു.വീട്ടില്‍ തിരിച്ചു ചെല്ലാറുള്ള സമയമാകുന്നു.ദൂരെ നിന്ന് പുഞ്ചിരിയോടെ വിശാലം അടുത്തേക്കു വന്നു.കയ്യിലിരുന്ന രണ്ടുമൂന്നു ബുക്ക് മേനോന്റെ നേരേ നീട്ടി.ഗീതാ പരിഭാഷ, പിന്നെ മറ്റു ചില ശ്രീകൃഷ്ണ കഥകളുടെ സമാഹാരങ്ങള്‍.


“മകന്‍......... ?“
ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ മേനോന്‍ ചോദിച്ചു.അല്പസമയം കഴിഞ്ഞാണവര്‍ മറുപടി പറഞ്ഞത്.

“ഭര്‍ത്താവ് മരിച്ചിട്ട് ഏഴു കൊല്ലമാകുന്നു.ഞങ്ങള്‍ക്ക് ഒറ്റ മകനാണ്,അവന് മേനോന്റെ മകന്റെ പ്രായമേ ഉണ്ടാവുകയുള്ളു.വിവാഹിതനായി എല്ലാം കൊണ്ടു സന്തോഷത്തോടെ കഴിയുകയായിരുന്നു.......”

അവരുടെ മുഖത്ത് വേദന ഉറഞ്ഞുകൂടുന്നത് മേനോന്‍ കണ്ടു.

“ആക്സിഡന്റായിരുന്നു….അവനേയും ഇളയ ആ‌‌ണ്‍കുട്ടിയേയും ഈശ്വരന്‍ ബാക്കി വച്ചു.മരുമകളും ചെറുമകളും അവിടെ വച്ചേ…..”

കുഴച്ച ചോറില്‍ കണ്ണീര്‍ വീഴുന്നതു കണ്ടിട്ട് എന്തു ചെയ്യണമെന്നറിയാതെ മേനോനിരുന്നു.ഒടുവില്‍ തന്റെ കൈത്തലം കൊണ്ട് അവരുടെ ഇടതു കൈ കവര്‍ന്നു.ഒരു മഴ പെയ്തു തീര്‍ന്നതുപോലെ അവരുടെ മുഖത്ത് ആശ്വാസം പതുക്കെ പരക്കുന്നത് മേനോന്‍ കണ്ടു.ആക്സിഡന്റില്‍ ഇടതുകാല്‍ നഷ്ടപ്പെട്ട മകന്‍ എല്ലാം കൊണ്ടും തൂണയായ ഒരമ്മയുടെ കഥ മുഴുവനും മേനോനവിടെയിരുന്നു കേട്ടു.അന്ന് നിസ്സാര പരിക്കുകളോടെ രക്ഷപെട്ട പത്തുവയസ്സുകാരന്‍ മകനാണ് അവന്റെ ഏറ്റവും വലിയ ആശ്വാസം.കിടക്കയിലായ സ്വന്തം മകനുവേണ്ടിയാണ് ഈ പുസ്തകങ്ങള്‍.തന്റെ കാലശേഷം മകനെ ആരുനോക്കുമെന്നോര്‍‌ത്തിട്ട് ജീവിതസായാഹ്നത്തില്‍ ആധി പിടിച്ച മനസ്സുമായി വിശാലം...........

റങ്ങി നടക്കുമ്പോള്‍ അവര്‍ രണ്ടുപേരും ഒന്നും സംസാരിച്ചില്ല.യാത്ര ചൊല്ലി പിരിയാനാരംഭിച്ച അവരെ മേനോന്‍ തടഞ്ഞു.എവിടെയെങ്കിലും ഒരല്‍പ്പനേരമിരുന്നിട്ട് പോകാമെന്നു പറഞ്ഞു. വിശാലം എതിര്‍ത്തില്ല.തന്റെ സാമീപ്യം അവര്‍ക്കെത്രമാത്രം ആശ്വാസമായിരിയ്ക്കും എന്നയാള്‍ക്കറിയാമായിരുന്നു.മറ്റുള്ളവരുടെ സാമീപ്യവും സ്വാന്ത്വനവും ഒരു മനുഷ്യന്‍ ഏറ്റവുമധികം ആഗ്രഹിയ്ക്കുന്നത് ജീവിത സായാഹ്നത്തിലാണെന്ന് മേനോന്‍ മനസ്സിലാക്കിയിരുന്നു.

മ്യൂസിയത്തിലെ മണ്ഡപത്തിലെ തടികൊണ്ടുള്ള ബഞ്ചിലിരിയ്ക്കവെ വിശാലത്തിന്റെ മുടിയിഴകള്‍ കാറ്റില്‍ അലസമായി പറക്കുന്നുണ്ടായിരുന്നു.മേനോന്‍ തന്റെ സങ്കോചം ഒഴിവാക്കി വിശാലത്തോട് കാര്യം പറയുവാന്‍ ശ്രദ്ധിച്ചു.ഇടയ്ക്കൊക്കെ നിശ്ശബ്ദതയും പ്രതീക്ഷിയ്ക്കാതെ അതിഥിയായി.വിശാലത്തിന്റെ പ്രസന്നമായ മുഖം കണ്ടപ്പോള്‍ തന്റെ പരിശ്രമങ്ങള്‍ പാഴായില്ലെന്ന് മേനോന്‍ തിരിച്ചറിഞ്ഞു.ഒടുവില്‍ വിശാലം യാത്ര പറയുമ്പോള്‍ ആര്‍ക്കോവേണ്ടി കരുതി വച്ചിരുന്ന ആ പുഞ്ചിരി നല്‍കാന്‍ മേനോന്‍ മറന്നില്ല.

പിന്നെ ഇരുളുവീഴും വരെ മ്യൂസിയത്തിലെ മരത്തണലില്‍ തന്നെത്തന്നെ മറന്നിരുന്നു. വീട്ടിലേക്കു നടക്കുമ്പോള്‍ പതിവില്ലാതെ മനസ്സ് അക്ഷമ കൊള്ളുന്നത് മേനോന്‍ കണ്ടു പിടിച്ചു.മോളിപ്പോള്‍ കാത്തിരുന്നു വിഷമിച്ചിട്ടുണ്ടാവും…. പിണങ്ങിപ്പോയ അച്ഛനെ നോക്കാന്‍ ചെറുമകനെ അവളിപ്പോ അയച്ചുകാണും.ബസ് സ്റ്റോപ്പില്‍ തന്നെ കാത്തു നില്‍ക്കാനാണ്‍ സാധ്യത.നടക്കാനുള്ള ദൂരമേയുള്ളുവെങ്കിലും ബസ് പിടിച്ചു പോവാമായിരുന്നു.....മരച്ചില്ലകള്‍ക്കും മേലേ ഇരുളിന്റെ കട്ടി കൂടി വന്നു…..ഇരുള്‍ പരക്കുന്നത് ഒരു കവിതയുടെ അകമ്പടിയോടെയാണെന്ന് അന്നാദ്യമായി മേനോന്‍ തിരിച്ചറിഞ്ഞു….ആ തിരിച്ചറിവില്‍ അയാള്‍ പുഞ്ചിരിച്ചു…..മേനോന്‍ നടപ്പിന്റെ വേഗത വീണ്ടും കൂട്ടി…….

* International Society for Krishna Consciousness(ISKCON)